

തിരുവനന്തപുരം കനകക്കുന്നിൽ നടന്ന മാതൃഭൂമി അക്ഷരോൽസവം - ഏഴാം എഡിഷന് അരങ്ങുണർന്ന ദിനം തന്നെ പകെടുക്കാനായത് സന്തോഷകരമായ അനുഭവമായിരുന്നു. പ്രമുഖ എഴുത്തുകാരി എസ്. ശാരദക്കുട്ടിയും 'എം.ടി.വാസുദേവൻ നായർ ' എന്ന എം.ടി യുടെ ജീവചരിത്ര രചയിതാവ് ഡോ. കെ.ശ്രീകുമാറും തമ്മിലുള്ള ആശയ സംവാദത്തിന്, ഫോറം വേദിയിലെ മുൻ നിരയിൽ തന്നെ ഇരിപ്പിടം കിട്ടിയതിൽ ആസ്വദിച്ചിരുന്ന് പങ്കുകൊള്ളാൻ കഴിഞ്ഞു.
ഇതിഹാസങ്ങളിലെ മൗനങ്ങളെ പൂരിപ്പിച്ച എഴുത്തുകാരനാണ് എം.ടി. വാസുദേവൻ നായർ. അമിതമായ മിതഭാഷിയെന്നാണ് സുകുമാർ അഴീക്കോട് അദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. ഒന്നിലും ഇടപെടാതെ ചിരിക്കാതെ മൗനമായിട്ടിരിക്കുന്ന എം.ടിയെ ആണ് ആസ്വാദകർ കണ്ടിട്ടുള്ളത്. ഇത്രയും , ചിരിക്കാത്ത, ചിരിക്കാൻ മടിക്കുന്ന ഒരെഴുത്തുകാരനെ വേറെ കണ്ടിട്ടില്ലയെന്ന് ശാരദക്കുട്ടി ആദ്യം തന്നെ പറഞ്ഞു. അങ്ങനെയുള്ള ഒരാളുടെ ജീവചരിത്രമെഴുതുമ്പോൾ രചിയിതാവിന് നേരിടേണ്ടി വരുന്ന സങ്കീർണ്ണതകൾ വലുതാണ്. പ്രതിസന്ധികളും.
ഈ ജീവചരിത്ര രചനയുടെ സമയത്ത് അത്തരം എന്തൊക്കെ പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് ശാരദക്കുട്ടി ആ മുഖമായി ശ്രീകുമാറിനോട് ചോദിച്ചു.
ജീവചരിത്രങ്ങളെല്ലാം ഒരു ഒളിഞ്ഞുനോട്ട പ്രോൽസാഹനമെന്നു കരുതാം. നമുക്കറിയാൻ കഴിഞ്ഞിട്ടില്ലാത്ത എന്തെങ്കിലും ഉണ്ടോ എന്ന ചികയലാണ് അതിന്റെ വായനയെന്നും പറയാം.
ഫാക്ട്സ് മാത്രം കാലാനുസൃതമായി രേഖപ്പെടുത്തലായിരുന്നോ , ഫിക്ഷനും ഫ്യൂഷനും ചേർന്ന രചനാ രീതിയായിരുന്നോ മലയാളിയുടെ മനസ്സിലെ ഏറ്റം പ്രധാന എഴുത്തുകാരനായ എം ടി യുടെ ജീവിതം അടയാളപ്പെടുത്താൻ അവലംബിച്ചത്.?
ജനപ്രിയതയ്ക്ക് വേണ്ടി എന്തെങ്കിലും 'ട്രിക്സ് ' പ്രയോഗിച്ചിട്ടുണ്ടോ എന്നും ശാരദക്കുട്ടി ചോദിച്ചു.

യാദൃച്ഛികമായി വന്നു ചേർന്നൊരു ദൗത്യമാണ് എം ടി.യുടെ ജീവചരിത്രമെഴുത്തെന്നും അദ്ദേഹത്തോടൊപ്പം പത്രാധിപസമിതിയിലും തുടർന്ന് തിരൂർ തുഞ്ചൻപറമ്പിലും പ്രവർത്തിക്കാൻ കഴിഞ്ഞ 13 വർഷങ്ങളോളം നീണ്ട കാലയളവാണ് ഈ ദൗത്യപൂർത്തിക്ക് സഹായിച്ചതെന്നും ശ്രീകുമാർ പറഞ്ഞു. എവിടെയോ തന്റെ നേർക്ക് എം ടി ക്കുണ്ടായിരുന്ന കരുതലുമായിരിക്കണം രചനയെ സഹായിച്ചത്. എം.ടിയുടെ അനേകം നിസ്സംഗതാ സന്ദർഭങ്ങൾ ഓർത്തെടുത്ത് ശ്രീകുമാർ പറഞ്ഞു. അതിനെല്ലാമൊപ്പം താനും യാത്ര ചെയ്തു.
ഇടയ്ക്കെല്ലാം ഈ പുസ്തകരചന സാധ്യമേയാവില്ലെന്ന് കരുതി.പിന്നെ സാവധാനം സാവധാനം അദ്ദേഹം അടുക്കില്ലാതെ ഓർമ്മകൾ പങ്കുവെച്ചു.
89,90,91 വയസ്സിന്റെ ക്ഷീണിതമായ അവസ്ഥയിലായിരുന്നു എം.ടി എന്നും ശ്രീകുമാർ അനുസ്മരിച്ചു.
താനും ഒരു കടുത്ത എം.ടി. ആരാധകനായിരുന്നുവെന്നും എന്നാൽ പുസ്തക രചനാവേളയിൽ അത്തരം ഒരു വിധേയ മനസ്ഥിതിയും പുലർത്തിയിരുന്നില്ലെന്നും ശ്രീകുമാർ പറഞ്ഞു.
എഴുത്തിൽ നിന്നകന്ന എം.ടി യുടെ വ്യക്തിത്വം പരിശോധിക്കുമ്പോഴും ആരാധനയുടെ കുപ്പായം അഴിച്ചു വച്ച സമീപനമാണ് താൻ പുലർത്തിയത്.
സമകാലീനമായി നടക്കുന്ന എം.ടി വിമർശനങ്ങൾ കണക്കിലെടുത്താണ് ശ്രീകുമാർ ഇത് പറഞ്ഞത്. ശ്ലഥ കുടുംബത്തിന്റെ കഥകൾ പരതി പ്പോകുന്ന കണ്ണുകളെയും അദ്ദേഹം തള്ളിക്കളയുന്നു.
മറുപടി പറയാൻ എം.ടി യില്ലാത്ത സമയം നോക്കി ഉയരുന്ന വിവാദങ്ങൾ അനീതിയാണെന്നാണ് ശ്രീകുമാർ പറയുന്നത്.
ആദ്യഭാര്യ പ്രമീള നായരോടും മകൾ സിതാരയോടും ബന്ധപ്പെട്ട ചോദ്യങ്ങൾക്കും എം.ടി മറുപടി നൽകിയിരുന്നു. അടുത്തതും അകന്നതുമായ കാര്യങ്ങൾ ഉൾപ്പെട്ട തുറന്നു പറച്ചിൽ.
എം.ടി യുടെ
'മിതമായ അമിത ഭാഷണങ്ങൾ' എന്നാണ് ശാരദക്കുട്ടി ഇതിനെ വിശേഷിപ്പിച്ചത്.
പ്രമീള നായർ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത കൃതികളിലൂടെയാണ് എം.ടി പ്രശസ്തിയിലേക്കുയർന്നതെന്നും മറ്റും ഉയർത്തുന്ന യുക്തിരഹിതമായ അഭിപ്രായങ്ങളെ ശ്രീകുമാർ തള്ളിക്കളഞ്ഞു. ശരാശരിയോ അതിൽ താഴെയോ നിലവാരം മാത്രം പുലർത്തിയവയാണ് പ്രമീളയുടെ നോവലടക്കമുള്ള പുസ്തകങ്ങളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ സ്ത്രീയെന്ന നിലയിലുള്ള സഹനം അതിലൊക്കെയുണ്ടായിരുന്നു.
ഒന്നിച്ചുണ്ടായിരുന്ന കാലത്തെ ഊഷ്മള ജീവിതത്തിൽ പുലർത്തിയിരുന്ന സ്നേഹം കൊണ്ടാവാം അവർ വിവർത്തനങ്ങളുംളും മറ്റും എഴുതിയത്. എം.ടി യുടെ പ്രോൽസാഹനങ്ങളും പിന്നിലുണ്ടാവാം. എന്നാൽ അകൽച്ച വന്നപ്പോൾ തിരസ്കാരങ്ങൾക്കും മൂർച്ച കൂടിയിരിക്കാം.
ദാമ്പത്യ ബന്ധത്തെക്കുറിച്ചൊക്കെ ജീവചരിത്ര രചയിതാവിന് വിധി പറയാനാവില്ല.
ജീവചരിത്ര രചനയ്ക്കായി സിതാരയ്ക്ക് അയച്ചു കൊടുത്ത ചോദ്യാവലിക്ക് അവർ മറുപടി നൽകിയതായി ശ്രീകുമാർ പറഞ്ഞു. എം.ടി എന്ന എഴുത്തുകാരനോട് ബഹുമാനമുണ്ട് എന്നാൽ അച്ഛനെന്ന നിലയിൽ ബഹുമാനിക്കുന്നില്ല എന്ന് സിതാര നൽകിയ ഉത്തരം ശ്രീകുമാർ പ്രത്യേകം പരാമർശിച്ചു.
എം.ടിയുടെ നായകൻമാരെല്ലാം , ചിന്തിക്കുകയും സംസാരിക്കുകയും ബഹളം വയ്ക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന ഭാര്യമാരെ പ്രതിസ്ഥാനത്ത് നിർത്തി വളരെ നൊസ്റ്റാൾജിക്കായുള്ള കാമുകിമാരെ നിലനിർത്തിക്കൊണ്ട് , ഗ്രാമം ഇഷ്ടപ്പെടുന്ന, അവിടെ ജീവിക്കാൻ ആഗ്രഹിക്കുന്ന നായകൻമാർ. എന്നാൽ നഗരത്തിന്റെ എല്ലാ സുഖ സൗകര്യങ്ങളും ആസ്വദിക്കാനുതകുന്നവളെ അവർ ഭാര്യയാക്കുകയും നഷ്ടസ്മരണയായി കാമുകിയെ നിലനിർത്തുകയും ചെയ്യുന്ന രീതി ആരൂഢത്തിലും അനുബന്ധത്തിലും ആൾക്കൂട്ടത്തിൽ തനിയെയിലും വേറെ ഒരുപാട് എം.ടി സിനിമകളിലും കണ്ടിട്ടുണ്ട്. ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ചയിലെ ഡയലോഗുകളും ശാരദക്കുട്ടി ചൂണ്ടിക്കാട്ടി. ഇതിലെല്ലാം ആവർത്തിക്കപ്പെടുന്ന പുരുഷ രൂപങ്ങളാണുള്ളത്. തുറന്നെടപെടുന്ന ഉദ്യോഗസ്ഥകളായ അല്ലെങ്കിൽ ഇംഗ്ളീഷറിയുന്ന വളരെ ബോൾഡ് ആയ സ്ത്രീകളെ ഭയക്കുന്ന ഒരു പുരുഷനായി വളർത്തിയതിൽ എം.ടിയുടെ ബാല്യ അരക്ഷിതങ്ങൾക്ക് പങ്കുണ്ടാവാം. എം.ടി യുടെ ഈ ഗൗരവപ്രകൃതിയെ കവി വൈലോപ്പിള്ളിയുടെ എഴുത്തുമായി ശാരദക്കുട്ടി സാമ്യപ്പെടുത്തി.
'അമ്മയെപ്പേടിച്ചുഞാൻ
വെറുത്തു സ്ത്രീ വർഗ്ഗത്തെ '
സാവിത്രിയെന്ന കവിതയിൽ വൈലോപ്പിള്ളി എഴുതിയ വരികൾ ശാരദക്കുട്ടി ചൂണ്ടിക്കാട്ടി.
ശ്രീകുമാറിന്റെ എം.ടി.
ജീവചരിത്രം വായിക്കുന്ന ചിലയിടങ്ങളിലെല്ലാം അദ്ദേഹം ഒരു മുതിർന്ന കുട്ടിയായി നിൽക്കുന്ന പോലെ . ആൺകുട്ടികളുടെ ബാല്യകാല അരക്ഷിതത്വമാണിത് പ്രതിഫലിപ്പിക്കുന്നത്.
'ഉറക്കെ ചരിക്കാൻ പോലും ഭയന്നിരുന്ന ഒരു ബാല്യകാലം എനിക്കുണ്ടായിരുന്നു ' എന്ന് പുസ്തകത്തിൽ ഒരിടത്ത് പറയുന്നു.
ചിരിക്കാത്തതെന്തെന്ന ചോദ്യത്തിന് 'എന്റെ അച്ഛനോ അമ്മയോ ഏട്ടൻമാരോ ആരും എന്നോട് ചിരിച്ച് കണ്ടിട്ടില്ല. എന്നോട് ആകെ ചിരിച്ചത് എന്റെ
ഓപ്പുവാണ് ..' എന്നും പറയുന്നുണ്ട് . അരക്ഷിതനായഈ ആൺകുട്ടിയെ ചേർത്തു നിർത്താനാണ് തോന്നുന്നതെന്നും ശാരദക്കുട്ടി പറഞ്ഞു.
'സേതു ഒരാളെ മാത്രമേ സ്നേഹിച്ചുള്ളു ; സേതുവിനെ മാത്രം '
കാലം നോവലിലെ സുമിത്രയുടെ ഈ വാചകത്തിൽ മാത്രമേ സ്ത്രീപക്ഷത്തേയ്ക്ക് ഒന്നു ചായുന്ന എം.ടിയെ കാട്ടിത്തരുന്നുള്ളു.
'വരും; വരാതിരിക്കില്ല ..' എന്നു പറയുന്ന മഞ്ഞിലെ വിമലയുടെ തണുത്തുറഞ്ഞ വീക്ഷണം പോലെയാണ് ബാക്കിയെവിടെയും -
ദേഷ്യപ്പെടുന്ന, കോപം വച്ച് സൂക്ഷിക്കുന്ന എം.ടിക്ക് തന്നോടും അനിഷ്ടമുണ്ടായിരുന്നുവെന്ന് ശാരദക്കുട്ടി പറഞ്ഞു.
സർഗാത്മക എഴുത്തുകാരുടെ അസഹിഷ്ണുത നന്നായറിയാം.
ഒരു നാലുകെട്ടും എം.ടി പൊളിച്ചിട്ടില്ല. തൊഴിൽ ചെയ്ത് ജീവിച്ചിരുന്ന സ്ത്രീയുടെ മകനായി അറിയപ്പെടാൻ അപ്പുണ്ണിയെപ്പോലെ അദ്ദേഹവും ഇഷ്ടപ്പെട്ടിരുന്നില്ല..
ഈ പ്രസ്താവന എം.ടിയുടെ ദേഷ്യം വിളിച്ചു വരുത്തി. കുറെയിടങ്ങളിൽ നിന്നും ശാരദക്കുട്ടിയെന്ന തന്റെ പേര് വെട്ടി നീക്കിയെന്നും അവർ പറഞ്ഞു.
ജീവിച്ചിരുന്നപ്പോൾ എം.ടിയെ ഇങ്ങനെ വിമർശിക്കുന്നതിൽ ഭയമുണ്ടായിരുന്നില്ലേ എന്ന് സദസ്സിൽ നിന്നും ഡോ. കുഞ്ഞമ്മ ജോർജ്ജ് ചോദിച്ചതിന്, 'മേൽപ്പുര ഇല്ലാത്തതിനാൽ തീപ്പുര പേടിയില്ല ' എന്ന പഴഞ്ചൊല്ലുകൊണ്ട് ശാരദക്കുട്ടി മറുപടി പറഞ്ഞു.
അങ്ങനെ പേടിക്കുന്ന നാളിൽ എഴുത്ത് നിർത്തും.
എം.ടിയുടെ പിണക്കവും തുറന്ന് പറച്ചിലും തനിക്ക് അഭിമാനമായിരുന്നുവെന്നും തമ്മിൽ കണ്ടാൽ മിണ്ടാതെ നടക്കുന്ന മറ്റ് എഴുത്തുകാരെക്കാൾ എത്ര ഭേദമായിരുന്നു അദ്ദേഹമെന്നും അവർ തുടർന്നു പറഞ്ഞു.

എം.ടി. മാത്രമല്ല ആദ്യമായിട്ട് ഒരു വിവാഹ ബന്ധം വേർപെടുത്തിയത് , രണ്ടാമതൊരു പ്രേമത്തിലേർപ്പെടുകയും കല്യാണം കഴിക്കുകയും ചെയ്തിട്ടുള്ളത്. ഇതൊക്കെ സാധാരണമായിട്ടുള്ള സംഭവമാണ്. നമുക്കാർക്കും അങ്ങോട്ട് ചുഴിഞ്ഞു നോക്കേണ്ട കാര്യമില്ല. പക്ഷേ വേറൊരു സംഭവമുണ്ട് . പ്രമീള നായരെ ഒരു എഴുത്തുകാരി എന്ന നിലയിൽ മാത്രമാണ് ഞാൻ കാണുന്നത്.
അവരുടെ ആത്മകഥയെ തിരസ്കരിക്കാൻ ശ്രമിച്ചുവെന്ന് പറയുന്ന എം.ടിയിലെ വൈരുധ്യം ശാരദക്കുട്ടി ചൂണ്ടിക്കാട്ടി.
റോസി തോമസിന്റെ 'ഇവൻ എന്റെ പ്രിയ സി.ജെ.' എന്ന ആത്മകഥയെ നട്ടെല്ലുള്ള ആത്മകഥ എന്നും തന്റെ സ്വകാര്യ ആഹ്ളാദം എന്ന് വിശേഷിപ്പിക്കുകയും അത് വായിച്ച് താൻ രോമാഞ്ചം കൊള്ളുകയും ചെയ്തിട്ടുണ്ട് എന്നും പറയുന്ന എം.ടി. , പ്രമീള നായരുടെ ആത്മകഥയെ തിരസ്കൃതവും തമസ്കൃതവും ആക്കിയതിനു പിന്നിൽ ഏതെങ്കിലും silent conspiracy നടന്നിട്ടുണ്ടോ, അതിൽ എം ടി യുടെ റോൾ എന്താണ് എന്നുമാണറിയേണ്ടത്. അല്ലാതെ അവരുടെ ദാമ്പത്യ രഹസ്യങ്ങളല്ല.
മികച്ച എഴുത്തുകാരിയായിരുന്ന പ്രമീള നായർ എങ്ങനെ ഇരുളിലാക്കപ്പെട്ടു എന്നതിന് ഉത്തരം തേടുകയാണ്
ദീദി ദാമോദരന്റെ 'ബാഷ്പീകൃതയുടെ ആറാം വിരൽ'
എന്ന പുസ്തകം.
ഇതിനുള്ള ഉത്തരം എം.ടിയിൽ നിന്നും കിട്ടില്ല. സുഹൃത്തുക്കളോടും സമകാലീനരോടും തിരക്കി അത് കണ്ടുപിടിക്കുകയാണ് പുസ്തകം ലക്ഷ്യം വെക്കുന്നത്.
'ഗദ്യമെഴുതുന്ന ചങ്ങമ്പുഴ ' എന്ന് മലയാളികളുടെ ജനപ്രീതി പട്ടം കിട്ടിയ എം.ടി, ചങ്ങമ്പുഴയെക്കാൾ ബഹുരൂപിയും ബഹുമുഖപ്രതിഭയും തന്നെയാണ്. എന്നാൽ
എം.ടി പറയുന്നത് മാത്രമല്ലല്ലോ എം.ടി യുടെ ജീവചരിത്രം . ശാരദക്കുട്ടി തുടർന്നു .
ദാമ്പത്യ ബന്ധത്തിൽ തന്നെ, എഴുത്തുകാരിയെന്നതിലുപരി
ഏറ്റവുമടുപ്പമുള്ള, ഒരുപാട് അറ്റാച്ച്മെന്റുള്ളഭാര്യയും ഭർത്താവും പിന്നീട് എന്തെങ്കിലും കാര്യത്തിന് അകന്നതിനു ശേഷം ഏറ്റം അകൽച്ചയിലേക്കും വെറുപ്പിലേക്കും പോകുന്നത് സ്വാഭാവികമാണ്. പ്രമീള നായരും എം.ടി യുമൊക്കെ മനുഷ്യ കുലത്തിൽ പെടുന്നവരല്ലേ ..?
പ്രമീളയുടെ തണലിൽ വളർന്ന് സാഹിത്യത്തിൽ പടർന്നു പന്തലിച്ച എം.ടി എന്നൊക്കെയുള്ള അസംബന്ധ പ്രസ്താവനകൾ അപഹാസ്യമാണ്..
കെ. ശ്രീകുമാർ അഭിപ്രായപ്പെട്ടു.
എം.ടി. മരിച്ചിട്ട് ഒരു വർഷമാകുന്നു എന്നും ആദ്യ ഭാര്യയുടെ അടുത്തേക്ക് അദ്ദേഹം പോയി എന്നും വിചാരിക്കാം എന്ന് ഡോ. ശ്രീകുമാർ സംഭാഷണം പൂർത്തിയാക്കി.
മലയാളിയുടെ വായനാ ശീലങ്ങളിൽ നിറഞ്ഞു നിൽക്കുന്നതാണ് എം.ടി. സാഹിത്യം .
എന്നാലത് മറ്റെന്തും പോലെ അപ്രതിരോധ്യവും അചഞ്ചലവുമെന്ന് പറയാനാവില്ല.
പുഴകൾക്ക് പുതിയ കൈവഴികളുണ്ടാവും.
കാലത്തിന്റെ തേരോട്ടങ്ങളിൽ പുതു ശൈലികൾ പിറവിയെടുക്കും..
മാറ്റങ്ങൾ തുടർന്നുകൊണ്ടേയിരിക്കും..
എന്നാലും,
മനുഷ്യത്വത്തിന്റെ പുഴയോരങ്ങളിൽ കാറ്റിന്റെ തലോടലും മണ്ണിന്റെ നനവുമേറ്റ് പുതു മുകുളങ്ങൾ വിടർന്ന് മഹാവൃക്ഷങ്ങളാവും. അതിന്റെ തണലുകളിൽ മനുഷ്യ ജീവിതം പച്ചപിടിക്കും.
പഴംകഥകൾക്ക് പുതുഭാഷ്യങ്ങളുണ്ടാവും.
കഥയിത് തുടർന്നേ മതിയാവൂ.

ശാരദക്കുട്ടിയും ആൻസി സാജനും