
ട്വന്റി 20 ലോക കപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ ഇന്ന് യു.എസി.നെ നേരിടുമ്പോള്‍ യു.എസ്. ടീമില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ ജനിച്ചവരോ ഇന്ത്യന്‍ വംശജരോ ആണ്. മുംബൈ വാങ്കഡേ സ്‌റ്റേഡിയത്തില്‍ ആണു മത്സരം. ഗ്രീന്‍ കാര്‍ഡുകാരും ആധാര്‍കാര്‍ഡുകാരും തമ്മിലാണു മത്സരം എന്ന് യു.എസ്. വാര്‍ത്താ ഏജന്‍സി ഐ.എ.എന്‍.എസ്. തമാശ രൂപേണ മത്സരത്തെ വിശേഷിപ്പിച്ചു.
യു.എസ്. ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ മോനക് പട്ടേല്‍ ഗുജറാത്തുകാരനാണ്. 2019 ലാണ്. യു.എസ്. ടീമില്‍ എത്തിയത്. ഇടംകൈയ്യന്‍ പേസര്‍ സൗരഭ് നേത്രവല്‍ക്കര്‍ മഹാരാഷ്ട്ര സ്വദേശിയാണ്. ഇന്ത്യന്‍ അണ്ടര്‍ 19 ടീമിലും രഞ്ജിയില്‍ മുംബൈക്കും കളിച്ച താരം. 2015ല്‍ യു.എസില്‍ എത്തി. 2019 മുതല്‍ ടീമില്‍. സ്പിന്നര്‍ ഹര്‍മീത് സിന്ദ്, ബാറ്റര്‍മാരായ ശുഭം രജ്ഞനെ, ജസ്ദീപ് സിങ്, സഞ്ജയ് കൃഷ്ണമൂര്‍ത്തി, മിലിന്‍ഡ് കുമാര്‍, സായ്‌തേജ- എന്നിവരാണ് ഇന്ത്യയില്‍ വേരുകളുള്ള മറ്റു താരങ്ങള്‍.
വിവിധ ടീമുകളിലായി നാല്പതിലേറെ ഇന്ത്യന്‍ വംശജരുണ്ട്. കാനഡ ടീമിലാണ് ഏറ്റവും കൂടുതല്‍. 11 പേര്‍. ഒമാന്‍, യു.എ.ഇ. ടീമുകളില്‍ ഏഴുപേര്‍ വീതമുണ്ട്. ഇറ്റലി, കാനഡ, ഒമാന്‍ ടീമുകളുടെ നായകരും ഇന്ത്യന്‍ വംശജരാണ്.
ബംഗ്ലാദേശ് ടീമിനെ ലോകകപ്പില്‍ നിന്ന് ഐ.സി.സി. പുറത്താക്കുകയും ബംഗ്ലാദേശിന് പിന്തുണയുമായി ഇന്ത്യക്കെതിരായ മത്സരങ്ങള്‍ ബഹിഷ്‌കരിക്കാന്‍ പാക്കിസ്ഥാന്‍ തീരുമാനിക്കുകയും ചെയ്‌തെങ്കിലും പാക്കിസ്ഥാനില്‍ ജനിച്ച, മറ്റു ടീമുകളിലെ താരങ്ങള്‍ക്കെല്ലാം വീസ ഉറപ്പാക്കാന്‍ ബി.സി.സി.ഐ. ശ്രദ്ധിച്ചിരുന്നു.
യു.എസ്. ടീമില്‍ അലിഖാനും ഷായല്‍ ജഹാംഗീറും പാക്കിസ്ഥാനില്‍ ജനിച്ചവരായുണ്ട്.
കളിക്കാരും ഒഫീഷ്യല്‍മാരുമായി 42 പേര്‍ക്കാണ് വിവിധ ടീമുകളിലായി പാക്കിസ്ഥാനില്‍ വേരുകളുള്ളത്. കാനഡയുടെ ടീമിലെ സ്റ്റാഫ് അംഗം ഷാ സലീം സ്ഫാറിനും വീസ കിട്ടി. ഇംഗ്ലണ്ട് ടീമില്‍ പാക്കിസ്ഥാനില്‍ ബന്ധങ്ങളുള്ള മൂന്നു പേരുണ്ട്.
ബംഗ്ലാദേശ് ഇന്ത്യയില്‍ കളിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. ഫിക്‌സ്ചര്‍ എല്ലാം ക്രമീകരിച്ചതിനാല്‍ ബംഗ്ലാദേശിന്റെ മത്സരം കൂടി ശ്രീലങ്കയില്‍ നടത്താന്‍ സാധിക്കില്ലെന്ന് ഐ.സി.സി., നിലപാട് എടുക്കുകയായിരുന്നു. തുടര്‍ന്ന് ബംഗ്ലാദേശിനെ പുറത്താക്കി പകരം സ്‌കോട്‌ലന്‍ഡിനെ ഉള്‍പ്പെടുത്തി. പാക്കിസ്ഥാന്റെ മത്സരങ്ങള്‍ നേരത്തെ തന്നെ ശ്രീലങ്കയില്‍ ക്രമീകരിച്ചിരുന്നു. എന്നാല്‍ ശ്രീലങ്കയില്‍ ആയാലും ഇന്ത്യക്കെതിരെ കളിക്കില്ലെന്നാണ് പാക്കിസ്ഥാന്റെ ഇപ്പോഴത്തെ നിലപാട്.
ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന് വന്‍ സാമ്പത്തിക നഷ്ടമാണ് ഉണ്ടാവുക. പാക്കിസ്ഥാനും ടിവി സംപ്രേഷണം ഏറ്റെടുത്തവര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടിവരും. ഈ തുക കുറച്ചിട്ടേ ഐ.സി.സി. പാക്കിസ്ഥാനു പ്രതിഫലം നല്‍കൂ എന്നാണ് അറിയുന്നത്. ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടത്തിനു കാത്തിരുന്നവര്‍ നിരാശരായി എന്നു മാത്രം. ഏഷ്യാ കപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും യു.എ.ഇ.യില്‍ ഏറ്റുമുട്ടിയിരുന്നു. അണ്ടര്‍ 19 ലോകകപ്പിലും ഇരുരാജ്യങ്ങളും മുഖാമുഖം വന്നിരുന്നു.