Image

അമൃതം ഗമയ : (കവിത: ജയൻ വർഗീസ്)

Published on 07 February, 2026
അമൃതം ഗമയ : (കവിത: ജയൻ വർഗീസ്)

കാൽവരിയിലെ കൽക്കൂമ്പരങ്ങളിൽ

കരച്ചിലിന്റെയും പല്ലുകടിയുടെയും ദീനാരവങ്ങൾ !

മരണ വേദനയുടെ മയക്കങ്ങളിൽ മനുഷ്യാവസ്ഥയുടെ വിലാപങ്ങൾ !


അപരനെ ആക്രമിച്ചു കൊല്ലുന്നതിൽ ആനന്ദം കണ്ടെത്തുന്ന വ്യവസ്ഥിതിയുടെ പടയാളികൾ

അധികാര രാഷ്ട്രീയത്തിന്റെ ആലയാണികൾ

പിടയ്ക്കുന്ന പച്ച മാംസത്തിൽ

അടിച്ചു കയറ്റി ആനന്ദിക്കുന്നു.  

അവരുടെ ആരവങ്ങളിൽ ചോരയും കണ്ണീരും ചാലിച്ച്

കവിതയെഴുതി കാലം ചോദിക്കുന്നു:


ദാനമായി ജീവൻ പേറുന്ന ഭൂമിയുടെ തിരിവെട്ടമേ,

നിനക്ക് കൊളുത്താൻ കഴിയാത്ത വിളക്കണയ്ക്കുവാൻ നീയാര്?

ആര് നിനക്ക് അവകാശം തന്നു ?


കുറുനരികൾ ഉപേക്ഷിച്ചു പോയ അസ്ഥികളും തലയോടുകളും

അഭിശപ്‌ത ദുരന്തത്തിന്റെ ആവലാതികളിൽ അലറി വിളിക്കുമ്പോൾ

താഴ്‌വാരങ്ങളിലെ ഓടത്തിലകളിൽ

ശാന്തതയുടെ കാറ്റിരമ്പുന്നു :

“ ഇവരോട്‌ ക്ഷമിക്കെണമേ ”  


അത് അവനായിരുന്നു !

അധ്വാനിക്കുന്നവരെയും ഭാരം ചുമക്കുന്നവരേയും അന്വേഷിച്ചു നടന്നവൻ !

ചുങ്കം പിരിക്കുന്നവരെയും ശരീരം വിൽക്കുന്നവരെയും കുറവുകളില്ലാതെ ചേർത്തു പിടിച്ചവൻ !


കാലത്തിന്റെ കാൽവരികളിൽ

കരുണയുടെ കാറ്റിരമ്പുമ്പോൾ.

അതുവരെ ആരും കേൾക്കാത്ത അലിവിന്റെ വിപ്ലവ ഗാനം :

“ ഇവരോട് പൊറുക്കേണമേ “


അത് പാറകളെ പിളർക്കുന്നു,  ഭൂമിയെ കുലുക്കുന്നു !

മാനവ ചരിത്രം രണ്ടായി വേർപിരിയുന്നു !

പല്ലിനു പല്ലെന്ന യുദ്ധത്തിൽ നിന്ന്  പാപമില്ലാത്തവൻ കല്ലെറിയട്ടെ എന്ന സമാധാനത്തിലേക്ക് !


പുതിയ യുഗത്തിന്റെ ഉദയോത്സവത്തിൽ

കരുതലിന്റെ പ്രഭാതങ്ങൾ വിരിഞ്ഞിറങ്ങുന്നു !

അത് വെളിച്ചമാണ് :

‘ തമസോമാ ജ്യോതിർഗമയ: ‘

തിന്മയെ ചങ്ങലക്കിടുന്നു !

‘ അസതോമ സദ്ഗമയ ‘

ഇവിടെ ജീവിതവും മരണവും ഒരുപോലെ ആനന്ദ ദായകമാവുന്നു !‌

‘ മൃത്യോമാ അമൃതം ഗമയ : ‘ 

Join WhatsApp News
Sudhir Panikkaveetil 2026-02-07 13:25:22
ആർഷ ഭാരതം മുഴക്കിയ ശബ്ദം :"തമസോമാ ജ്യോതിർഗമയ, അസതോമ സത്ഗമയ, മൃത്യോമ അമൃതം ഗമായ " ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്കും, അസത്യത്തിൽ നിന്നും സത്യത്തിലേക്കും, നിത്യമരണത്തിൽ നിന്നും നിത്യ ജീവനിലേക്കും നടത്തേണമേ എന്നാണ്. പക്ഷെ ഇത് ഹിമാലയം വിട്ടു എവിടേക്കും പോയില്ല ജാതിക്കോമരങ്ങൾ അതിനെ തളച്ചിട്ടു. പിന്നെ കാൽവരിയിൽ അതിന്റെ പ്രതിധ്വനി കേട്ടു whoever lives and believes in me shall never die" (John 11:26) ശ്രീ ജയന്റെ ശക്തമായ തൂലികയിൽ നിന്നും തെറിച്ചു വീഴുന്ന സത്യവചനങ്ങൾ. നന്നായി ശ്രീ ജയൻ വർഗീസ്. ഇനിയും താങ്കളുടെ തൂലിക വെളിച്ചം വിതറട്ടെ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക