
ബെനെവെന്തോയിലെ
പുതിയ കൂട്ടുകാരി അമ്മൂമ.
ഞാൻ നൊണ്ണ എന്ന് വിളിക്കും.
എൻ്റെ വിദശമായ നോട്ടം കാരണം കെടപ്പായിരുന്ന നൊണ്ണ
ഇപ്പോ ഊന്നുവടി പോലും വേണ്ടാതെ ഓടി നടപ്പാണ്.
ഇന്നലെ രാത്രി രണ്ട് മണി വരെ നൊണ്ണ ഒരു സാധനം തേടി നടപ്പാരുന്നു.
അവിടെ തപ്പുന്നു, ഇവിടെ തപ്പുന്നു. ബാത്ത്റൂമ് വരെ വിടുന്നില്ല.
കുറേ നേരം ഞാനും പിന്നാലെ നടന്നു. മടുത്തപ്പോ ചോദിച്ചു.
" നൊണ്ണാ ......നീയെന്താ നോക്കുന്നെ?"
പുലിവാലായി.
നോക്കുന്നതെന്താന്ന് നൊണ്ണക്കോർമ്മ ഇല്ല. അതെന്താന്ന് ഞാനപ്പോ പറഞ്ഞ് കൊടുക്കണം.
അതാണോ, ഇതാണോ എന്നൊക്കെ ചോദിച്ചു. അതൊന്നും അല്ല.
അമ്മൂമ വീണ്ടും തപ്പൽ തുടങ്ങി. ഞാൻ പതുക്കെ സ്കൂട്ടായി . മൂടിപ്പൊതച്ച് കെടന്നു.
ഒറങ്ങാൻ പറ്റാത്തോണ്ട് ഫോണില് തോണ്ടി.
കൊറേ കഴിഞ്ഞപ്പോ അമ്മൂമ എൻ്റെടുത്ത് വന്ന് കരയുന്നു. എന്ത് പറഞ്ഞാന്നറിയോ?
"മമ്മാ.... എൻ്റൊരു സാധനം കാണാനില്ല. അതെവിടാന്ന് കണ്ടുപിടിച്ച് താ."
ഏ.......! സമയോചിതമായി ഉയർന്ന ഞാൻ.....
" പൊന്നുമോള് പോയി കെടക്ക്. മമ്മ നാളെ കണ്ടുപിടിച്ച് തരാട്ടാ...." എന്നു പറഞ്ഞ് ആശ്വസിപ്പിച്ച്.
തട്ടി പൊത്തി കെടത്തി ഒറക്കി. അല്ലേലെ എനിക്ക് ഒറക്കെക്കൊറവാ..... ഞാൻ പിന്നെ പുലർച്ചക്കെപ്പഴോ ഒറങ്ങി.
നൊണ്ണ ഇനി ഉച്ചയാവാണ്ട് എണീക്കില്ല. കെടപ്പാരുന്നപ്പോ നൊണ്ണക്ക് ഡിമൻഷ്യ ഉണ്ടാരുന്നില്ല.
ഇപ്പ എണീപ്പിച്ച് കാപ്പിം ഗുളികേം കൊടുത്തു.
നൊണ്ണ ഞെരങ്ങി മൂളി എണീറ്റിരുന്നു.
കാപ്പി കുടിച്ച് കേക്ക് കടിച്ചെറക്കുമ്പോ എന്നെ ഒരു നോട്ടം.
"നീയേതാ..... ഇവിടെ ഇന്നലെ ഒരു കൊച്ചു പെൺകുട്ടി ഉണ്ടാരുന്നല്ലോ? നീയവൾക്ക് കാപ്പി കൊടുത്തോ?"
"നൊണ്ണാ. ആ കൊച്ചു പെൺകുട്ടി ഞാനാ. അല്ലാതെ വേറെ ആരും ഇവിടില്ല. "
നൊണ്ണ പിന്നേം ഒരു കാക്കനോട്ടം.
"ശരിക്കും. അത് നീയാണോ. നീയൊരു ചെറുപ്പക്കാരിയായ അമ്മൂമ തന്നെ. നിൻ്റെ കൊച്ചുമോളെന്ത് പറയുന്നു?"
അത് ശരി. രാവിലെയായപ്പോ ഓർമ്മ തെളിഞ്ഞു.
ചിരിക്കണോ കരയണോ എന്നറിയാത്തൊരു ജീവിതാവസ്ഥയിലൂടെയാണ് ഇപ്പോ ഞാൻ നടന്നുകൊണ്ടിരിക്കുന്നത്.
