Image

തക്കാളി (കഥ:സുധീർ പണിക്കവീട്ടിൽ)

Published on 07 February, 2026
 തക്കാളി (കഥ:സുധീർ പണിക്കവീട്ടിൽ)

പാൽക്കാരൻ വന്ന്  വാതിലിൽ മുട്ടി വിളിച്ചപ്പോഴാണ് ജയൻ കണ്ണുതുറന്നത്. തലവഴി പുതപ്പിട്ട് കിടന്നിട്ടും തണുപ്പിന് ശമനമില്ലായിരുന്നു.  ഡിസംബർ ജനുവരി മാസങ്ങളിൽ വടക്കേ ഇന്ത്യയിലെ ശൈത്യം ദുസ്സഹമാണ്. കിടക്കയിൽനിന്ന് എണീക്കാനുള്ള വൈമനസ്യത്തോടെ അയാൾ സഹമുറിയനെ നോക്കി. സഹമുറിയൻ കൈകൾ കാലിനിടയിൽ തിരുകി നല്ല ഉറക്കം. പാൽക്കാരൻ വീണ്ടും മുട്ടി. എണീക്കാതെ നിവർത്തിയില്ലെന്നു മനസ്സിലാക്കി അടുക്കളയിൽ പോയി പാൽപ്പാത്രമെടുത്ത്  വാതിൽ തുറന്നപ്പോൾ പാൽക്കാരൻ ചെക്കൻ മുന്നിൽ. അവൻ ഭയചകിതനായി ചുറ്റും നോക്കി കൊണ്ട് സാബ് അറിഞ്ഞോ? കവലയിലെ സബ്‌ജിക്കാരി (പച്ചക്കറി വിൽക്കുന്നവർ) അംബഭായിയുടെ മകൾ ബാസന്തിയെ ആരോ കൊന്നിട്ടിരിക്കുന്നു. ചെക്കൻ കരയാൻ തുടങ്ങി.
എപ്പോഴാണ് കൊല്ലപ്പെട്ടത്? എവിടെയാണ് മൃതശരീരം കിടക്കുന്നത് എന്നൊക്കെ ചോദിച്ചപ്പോൾ ചെക്കൻ വീണ്ടും വിങ്ങി വിങ്ങി കരയാൻ തുടങ്ങി. ബാസന്തിബഹൻ എന്റെ ചേച്ചിയെപ്പോലെയായിരുന്നു. ചേച്ചിയുടെ അമ്മക്ക് ഇന്നലെമുതൽ പനിയായിരുന്നത് മൂലം ചേച്ചിയാണ് ഇന്നലെ പച്ചച്ചക്കറി തലയിൽ ചുമന്നു വീടാന്തരം കയറി ഇറങ്ങി വിൽക്കാൻ പോയത്. ചേച്ചിക്ക് കച്ചവടം ഒന്നുമറിയില്ല. ഉച്ച തിരിഞ്ഞപ്പോൾ ഞാനും കണ്ടതാണ്. എന്നോട് പറഞ്ഞു. ഡാ ഒന്നും വിറ്റില്ല. എല്ലാവർക്കും ഞാൻ പറയുന്ന വില കൂടുതലാണെന്ന പരാതി. ആ ഹോട്ടൽക്കാരൻ അമ്മയുടെ കയ്യിൽ നിന്നും വാങ്ങാറുള്ളതാണ്. ഞാൻ കൊണ്ടുചെന്നപ്പോൾ അയാൾക്ക് വില കുറച്ച് കിട്ടണം. എന്താ ചെയ്യാ. പറയുന്ന വിലക്ക് കൊടുക്കണോ? ഞാൻ എന്ത് പറയാനാ.ചേച്ചി അമ്മയോട് ചോദിക്ക് എന്ന് ഞാൻ പറഞ്ഞു. അവൻ കരച്ചിൽ അടക്കാൻ വയ്യാതെ ഉറക്കെ കരയാൻ തുടങ്ങി. മിണ്ടാതിരിക്ക്. നിന്റെ കരച്ചിൽ കേട്ടാൽ നീയാണ് കൊന്നതെന്ന് ആൾക്കാർ തെറ്റിദ്ധരിക്കും. അയ്യോ അങ്ങനെ പറയല്ലേ സാബ്.. ചേച്ചി എന്റെ സ്വന്തം ചേച്ചി തന്നെയായിരുന്നു.
കൊന്നതോ തനിയെ മരിച്ചുപോയതോ? നിനക്ക് എങ്ങനെയറിയാം അവൾ കൊല്ലപ്പെട്ടെന്ന്.

അത് സാബ് ചേച്ചിയുടെ മൃതശരീരം കിടക്കുന്നത് കവലയിലാണ്. ആ പാൻകടകാരന്റെ പിറകിൽ. പകുതി നഗ്നയാണ് സാർ. ഞാൻ ഒന്നേ നോക്കിയുള്ളൂ. കണ്ണൊക്കെ തുറിച്ച് ചുണ്ടൊക്കെ പൊട്ടിപ്പൊളിഞ്ഞു ബ്ലൗസ് മുൻഭാഗം മുഴുവൻ കീറിയിട്ടുണ്ട്. അവരുടെ മുലകൾ പുറത്തുകാണാം. അതിൽ നിന്നും ചോരയൊലിച്ചുണങ്ങിയിട്ടുണ്ട്.
പോലീസുകാരും നാട്ടുകാരും ചുറ്റിലുമുണ്ട്. സാർ, ഞാനും ചേച്ചിയും കൂട്ടായിരുന്നതുകൊണ്ട് പോലീസ് എന്നെയും ചോദ്യം ചെയ്യുമായിരിക്കും. അവൻ കരയാൻ തുടങ്ങി. നീ കരയാതിരിക്കു. ആരെങ്കിലും കൊന്നതിനു നിന്നെ എന്തിനു പോലീസ് ചോദ്യം ചെയ്യണം. ഞങ്ങൾ പാവങ്ങളല്ലേ സാർ. എനിക്ക് ഒരു സംശയമുണ്ട്. ഒരു പക്ഷെ മോട്ടോർ സൈക്കിളിൽ കറങ്ങുന്ന രവി സിംഗ് ഠാക്കൂർ ചിലപ്പോൾ ... അവൻ അർദ്ധോക്തിയിൽ നിർത്തി. 
അയാളാണോ കൊന്നിരിക്കുക. എന്താ നിനക്കെങ്ങനെ തോന്നാൻ?

അത് സാബ്- ചേച്ചി സ്‌കൂളിൽ പോകുമ്പോൾ അയാൾ പുറകിൽ കൂടെ മോട്ടോർ സൈക്കിളിൽ വന്നു ചേച്ചിയോട് അനാവശ്യം പറയുമായിരുന്നു. ചേച്ചിയുടെ അമ്മ കവലയിൽ സബ്ജി വിൽക്കാൻ പോയി കഴിഞ്ഞു ചേച്ചി സ്‌കൂളിലേക്ക് പോകും.  നിന്റെ ചേച്ചി സ്‌കൂളിൽ പഠിക്കാൻ പോയിരുന്നോ? എത്ര വയസ്സായിട്ടുണ്ടാകും?
ചേച്ചിക്ക് പതിമൂന്നു വയസ്സാണ് സാർ. എനിക്ക് പത്തുവയസ്സും. ഞങ്ങൾ അയൽക്കാരാണ്‌. രവി സിങ് അവിടത്തെ ജന്മിയുടെ മകനാണ്. അയാൾ പെൺകുട്ടികളെ പിടിച്ചുകൊണ്ടുപോയി ബലാൽസംഗം ചെയ്യുന്നത് ഒരു അതിശയമല്ല. ചെക്കൻ പറഞ്ഞുകഴിഞ്ഞപ്പോൾ ജയൻ ചിന്തിച്ചു. ബാസന്തി കൊല്ലപ്പെട്ടിരിക്കുന്നു. പാവപ്പെട്ടവരുടെ  ജീവന് വിലയില്ല. പണക്കാർ കാശു കൊടുത്ത് എല്ലാം ഒതുക്കും.
ജയനും ചെക്കനും തമ്മിലുള്ള സംസാരം കേട്ട് സഹമുറിയൻ കണ്ണും തിരുമ്മി വന്നു. ചെക്കൻ പറഞ്ഞതൊക്ക അവനോട് ആവർത്തിച്ചപ്പോൾ അവൻ വളരെ ദുഃഖത്തോടെ എന്റെ ഗുരുവായൂരപ്പാ എന്ന്  വിളിച്ചു. ചെക്കനെപോലെ നിനക്കും അവളുടെ മരണത്തിൽ ദുഃഖമുണ്ടോ? നീ അവളെ അറിയുമോ?  അവൻ കുറ്റബോധത്തോടെ പറഞ്ഞു തുടങ്ങി. ഇന്നലെ വൈകുന്നേരം അവൾ ഇവിടെ വന്നിരുന്നു. വാതിലിൽ മുട്ടുകേട്ട് തുറന്നപ്പോൾ ഒരു കൊട്ടയിൽ  തക്കാളിയുമായി ഒരു സുന്ദരി ഗ്രാമീണ ബാലിക.അവളുടെ തക്കാളികൊട്ടയിൽ നിന്ന് ഒന്നുപോലും വിറ്റിട്ടില്ലായിരുന്നു. അവൾ എന്നോട് കെഞ്ചി ബാബുജി കുറച്ച് തക്കാളി വാങ്ങു. ഒന്നും ഇതുവരെ വിറ്റിട്ടില്ല. എന്റെ അമ്മച്ചി ബീമാർ (അസുഖം) ആയി കിടപ്പാണ്. ബാബുജി, ബാബുജി അവൾ യാചിച്ചുകൊണ്ടിരുന്നു.
ഞാൻ അവളോട് നിൽക്ക് എന്ന് പറഞ്ഞു മുറിയിലേക്ക് വന്നു. അവളുടെ മുഖം പ്രസന്നമായി. കുറച്ചെങ്കിലും തക്കാളി ഞാൻ  വാങ്ങുമെന്ന ശുഭപ്രതീക്ഷയോടെ അവൾ വാതിൽക്കൽ കാത്തു നിന്നു. ഞാൻ മുറിയിൽ പോയി നൂറിന്റെ ഒരു നോട്ടു എടുത്ത് വന്നു അവളോട് പറഞ്ഞു. നീ ഇത് കണ്ടോ ഇത് നിനക്ക് തരാം.  നീ മുറിക്കുള്ളിൽ വന്നാൽ മതി. എന്താണ് കേട്ടതെന്നു വിശ്വസിക്കാത്തപോലെ അവൾ അമ്പരന്നു. ബാബുജി എന്താണ് പറയുന്നത് എന്ന് ചോദിച്ച് വാതിൽക്കൽ നിന്ന് മാറി നിന്നു. ഞാൻ അവളെ മുറിയിലേക്ക് പിടിച്ച് വലിച്ചു. അവൾ കുതറി മാറി.ബാബുജി എത്ര പണം തന്നാലും മാനം വിൽക്കില്ല ബാബുജി. തക്കാളി വാങ്ങിയില്ലെങ്കിൽ വേണ്ട. അവൾ വീട്ടിൽ നിന്നിറങ്ങുമ്പോൾ സന്ധ്യ പരന്നിരുന്നു. ഞാനപ്പോൾ ഒരു മോട്ടോർ സൈക്കിളിന്റെ  ശബ്ദം കേട്ടിരുന്നു.
സഹമുറിയനും പശ്ചാത്താപവിവശനായി. പണത്തിന്റെ പ്രലോഭനമുണ്ടായിട്ടും മാനം കാത്ത പെൺകുട്ടിയെ പക്ഷെ കാലം ചതിച്ചു. അല്ലെങ്കിൽ പ്രകൃതി ചതിച്ചു. ഒരു പക്ഷെ രവി സിംഗ് ഠാക്കൂറിന്റെ ബലിഷ്ഠ കരങ്ങളിൽ ആ കിസലയ യൗവനം പൊടിഞ്ഞുപോയി കാണും. പെൺകുട്ടികളുടെ മാനം ആർക്ക് രക്ഷിക്കാൻ കഴിയുമെന്ന ചോദ്യചിഹ്നവുമായി ജയൻ തന്റെ ജീവിതചര്യകളിലേക്ക് തിരിഞ്ഞു.

ശുഭം
 

Join WhatsApp News
ചെല്ലപ്പനാശാരി 2026-02-07 11:09:41
ഇത്‌ വായിച്ചു ഞാൻ ഹര്ഷപുളകിതനായി . ചെല്ലപ്പനാശാരി
ഇളംതച്ചൻ 2026-02-07 15:23:52
ചെല്ലപ്പനാശാരി ഹര്ഷപുളകിതനായി എന്ന് വായിച്ചപ്പോൾ ഞാനും ഒന്ന് പുളകം കൊള്ളാൻ കഥ വായിച്ചു. തക്കാളിക്കൊക്കെ എന്താ വില.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക