
ഭാവന നായികയാകുന്ന ഏറ്റവും പുതിയ ചിത്രം ‘അനോമി’തിയറ്ററുകളിലെത്തിയ പശ്ചാത്തലത്തിൽ, ചിത്രത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വ്യക്തത വരുത്തി നടി രംഗത്ത്. സാറ എന്ന ഫോറൻസിക് അനലിസ്റ്റായി ഭാവന വേഷമിടുന്ന ഈ ചിത്രം പനോരമ സ്റ്റുഡിയോസും ടീ-സീരീസ് ഫിലിംസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. അടുത്തിടെ അന്തരിച്ച കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സി.ജെ. റോയ് ചിത്രത്തിൽ നിന്ന് പിന്മാറിയതാണെന്ന തരത്തിലുള്ള വാർത്തകളോടാണ് താരം ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായ ശേഷമാണ് താൻ നിർമ്മാണ പങ്കാളിയാകാൻ തീരുമാനിച്ചതെന്ന് ഭാവന വ്യക്തമാക്കി. സിനിമയുടെ ക്വാളിറ്റിയിലുള്ള വിശ്വാസമാണ് തന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. സി.ജെ. റോയ് ചിത്രത്തിൽ നിന്ന് പിന്മാറിയതല്ലെന്നും മറിച്ച് സാങ്കേതികമായ കാരണങ്ങളാൽ അദ്ദേഹത്തിന്റെ നിക്ഷേപം തിരികെ നൽകി ഒഴിവാക്കുകയായിരുന്നുവെന്നും ഭാവന പറഞ്ഞു. പനോരമയും ടീ-സീരീസും നിർമ്മാതാക്കളായി എത്തിയപ്പോൾ അവർക്ക് വലിയ ഓഹരി ആവശ്യമായി വന്നതിനാലാണ് ചില ഇൻവെസ്റ്റർമാരെ ബൈഔട്ട് ചെയ്തതെന്ന് താരം എഡിറ്റോറിയൽ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വിവരിച്ചു.