Image

അപകടമുണ്ടായിട്ടും മണിയന്‍ പിള്ള രാജു കാര്‍ നിര്‍ത്താതെ പോയി; പൊലീസിന് ഗുരുതര വീഴ്ച (എ.എസ് ശ്രീകുമാര്‍)

Published on 06 February, 2026
അപകടമുണ്ടായിട്ടും മണിയന്‍ പിള്ള രാജു കാര്‍ നിര്‍ത്താതെ പോയി; പൊലീസിന് ഗുരുതര വീഴ്ച (എ.എസ് ശ്രീകുമാര്‍)



ന്ന് വാര്‍ത്താ ചാനലുകളും മറ്റും സമൃദ്ധമായി ആഘോഷിച്ചത് നടനും നിര്‍മാതാവും അതിലുപരി ഒരു കാന്‍സര്‍ രോഗബാധിതനുമായ മണിയന്‍പിള്ള രാജുവിന്റെ കാര്‍ തിരുവനന്തപുരം നഗരമധ്യത്തില്‍ അപകടത്തില്‍പ്പെട്ട സംഭവമാണ്. ഇന്നലെ രാത്രി 9.30-ന് വഴുതക്കാട് ട്രിവാന്‍ഡ്രം ക്ലബിന് മുന്നില്‍വച്ച് മണിയന്‍ പിള്ള രാജുവിന്റെ വോള്‍വോ കാറും എന്‍ഫീല്‍ഡ് ബുള്ളറ്റും തമ്മില്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ക്ക് സാരമായ പരിക്കേറ്റിരുന്നു. ഇന്ന് രാവിലെ അഥിഭാഷകര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം മ്യൂസിയം പോലീസ് സ്റ്റേഷനില്‍ ഹാജരായ മണിയന്‍പിള്ള രാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി വൈദ്യ പരിശോധനയ്ക്ക് ശേഷം അദ്ദേഹത്തെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയായിരുന്നു. അശ്രദ്ധമായി വാഹനമോടിച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അതേസമയം തന്റെ കാറിലാണ് ബൈക്ക് വന്നിടിച്ചതെന്നും ബൈക്ക് യാത്രക്കാര്‍ അമിത വേഗതയിലായിരുന്നുവെന്നുമാണ് മണിയന്‍പിള്ള രാജുവിന്റെ മൊഴി. ''ഭയം മൂലമാണ് നിര്‍ത്താതെ പോത്. എനിക്ക് ചിക്കന്‍ ഗുനിയയാണ്, അതിന്റെ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. കാറില്‍ ബൈക്ക് വന്നിടിച്ചപ്പോള്‍ പേടിച്ചുപോയി. വീട്ടില്‍ ഭാര്യ തനിച്ചായതിനാലാണ് ഉടന്‍ അവിടേക്ക് പോയത്. എന്നാല്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ ഞാന്‍ സുഹൃത്തുക്കളെ വിളിച്ച് പറഞ്ഞിരുന്നു...'' എന്ന് പറഞ്ഞ മണിയന്‍പിള്ള രാജു, താന്‍ മദ്യപിച്ചിരുന്നു എന്ന ആരോപണം ശക്തമായി നിഷേധിച്ചു. താന്‍ ഒരു ക്യാന്‍സര്‍ സര്‍വൈവര്‍ ആണെന്നും കഴിഞ്ഞ രണ്ട് വര്‍ഷമായി മദ്യം തൊട്ടിട്ടില്ലെന്നും പരുക്കേറ്റ കുട്ടികളെ നേരില്‍ പോയി കാണുമെന്നും താരം വ്യക്തമാക്കി. നിവേദിത് കൃഷ്ണ, സുരജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

താരത്തിന്റെ ന്യായീകരണത്തെ ഒരിക്കലും അംഗീകരിക്കാനാവില്ല. അദ്ദേഹം മനപ്പൂര്‍വം അപകടമുണ്ടാക്കിയതുമല്ല. എന്നാല്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് വലിയ അശ്രദ്ധയുണ്ടായിട്ടുണ്ട്. മാത്രമല്ല, അപകടമുണ്ടായിട്ടും കാറ് നിര്‍ത്താതെ പോയതും മര്യാദകേടാണ്. റോഡപകടങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ ഇടിച്ച വണ്ടി, പരിക്കേറ്റ് വഴിയില്‍ക്കിടക്കുന്നവരെ ശ്രദ്ധിക്കാതെ പോവുന്നതും പോലീസില്‍ വിവരമറിയിച്ച് മെഡിക്കല്‍ ടെസ്റ്റിന് വിധേയനായി താന്‍ മദ്യപിച്ചിരുന്നില്ലെന്ന് തെളിയിക്കാന്‍ അദ്ദേഹം സന്നദ്ധനാവാതിരുന്നതും കുറ്റകരമാണ്. ഇവിടെ പോലീസിന്റെ കൃത്യവിലോപമാണ് ഏറെ വിമര്‍ശിക്കപ്പെടുന്നത്. അപകടത്തിന് പിന്നാലെ നടന്‍ വാഹനം നിര്‍ത്താതെ പോയതായി പരാതി ഉയര്‍ന്നിരുന്നു. പിന്നീട്  മണിയന്‍പിള്ള രാജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അപകടമുണ്ടാക്കിയ കാര്‍ ടെന്നീസ് ക്ലബ്ബിന്റെ പിന്നില്‍ നിന്ന് കണ്ടെത്തുകയും ചെയ്തു.

എന്നാല്‍ പോലീസ് നടപടികളില്‍ ഉണ്ടായത് ഗുരുതര വീഴ്ചയാണ്. അപകടത്തെ തുടര്‍ന്ന് മണിയന്‍പിള്ളയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നില്ല. കൂടാതെ രാത്രി നിര്‍ത്താതെ പോയ വാഹനം കണ്ടെത്താനുള്ള ശ്രമവും പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. മദ്യപിച്ചിട്ടുണ്ടോ എന്ന വൈദ്യപരിശോധന 12 മണിക്കൂര്‍ വൈകിയാണ് പോലീസ് നടത്തിയത്. ഇതോടെ കേസ് അട്ടിമറിക്കാന്‍ പോലീസ് കൂട്ടുനിന്നോ എന്ന ആക്ഷേപമാണ് ഉയരുന്നത്. എട്ട് മണിക്കൂറിന് ശേഷമുള്ള വൈദ്യപരിശോധന കൊണ്ട് കാര്യമില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. വൈദ്യ പരിശേധനാ ഫലം രണ്ടു ദിവസം കഴിഞ്ഞേ ലഭിക്കുകയുള്ളൂ. പോലീസ് വീട്ടില്‍ വന്നു തന്നെ കണ്ടുവെന്നും രോഗിയാണെന്ന് പറഞ്ഞെന്നുമാണ് രാജുവിന്റെ പ്രതികരണം. ഭാര്യ വീട്ടില്‍ ഒറ്റയ്ക്കാണ്. രാത്രി സ്റ്റേഷനില്‍ വരേണ്ടെന്നും ഇന്ന് വന്നാല്‍ മതിയെന്നും പറഞ്ഞാണ്  പോലീസ്  തിരിച്ചു പോയതെന്നും രാജു പറഞ്ഞിരുന്നു. ഇതോടെ കൃത്യസമയത്ത് വൈദ്യ പരിശോധന നടക്കാനുള്ള അവസരം ഇല്ലാതാക്കുകയാണ് പോലീസ് ചെയ്തതെന്നാണ് ആക്ഷേപം.

ഇതിനിടെ പുറത്തുവന്ന അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ മണിയന്‍പിള്ള രാജുവിന്റെ മൊഴിയെ സാധൂകരിക്കുന്നതാണ്. മണിയന്‍പിള്ളയുടെ  കാര്‍ വേഗത കുറച്ച് റോഡിലേക്ക് ഇന്‍ഡിക്കേറ്ററിട്ട് ഇറങ്ങി വരുമ്പോള്‍ അതിവേഗതയില്‍ വലതുഭാഗത്തുനിന്ന് വരുന്ന ബൈക്ക് കാറില്‍ ഇടിക്കുന്നതാണ് സി.സി.ടി.വി ദൃശ്യങ്ങളില്‍ കാണുന്നത്. തെറിച്ചു വീണ യുവാക്കള്‍ റോഡില്‍ എഴുന്നേറ്റ് ഇരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഒരു കാറും രണ്ട് ബൈക്കുകളും കടന്നു പോയതിനു ശേഷമാണ് മണിയന്‍പിള്ള രാജു കാര്‍ സാവധാനം റോഡിലേക്ക് ഇറക്കുന്നത്. വെള്ളയമ്പലത്തു നിന്നും വഴുതക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന യുവാക്കളുടെ ബൈക്കാണ് ഇടിക്കുന്നത്. അപകടത്തില്‍പ്പെട്ട ബൈക്കിനു പിന്നാലെയെത്തിയ സ്‌കൂട്ടര്‍ കാര്‍ കണ്ട് നിര്‍ത്തുന്നതും ദൃശ്യങ്ങളിലുണ്ട്. അപകടം ഉണ്ടായ ശേഷം മണിയന്‍പിള്ള രാജു വാഹനം നിര്‍ത്താതെ പോകുന്നതും മുന്‍വശത്തെ ബമ്പര്‍ പൂര്‍ണമായും ഇളകിക്കിടക്കുന്നതും ദൃശ്യത്തിലുണ്ട്.

അപകടസ്ഥലത്ത് നിന്ന് താരത്തിന്റെ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റും ലോഗോയും പോലീസിന് ലഭിച്ചിരുന്നു. ട്രിവാന്‍ഡ്രം ക്ലബില്‍ നിന്ന് വന്ന കാര്‍ ബൈക്കിലിടിച്ച് നിര്‍ത്താതെ പോവുകയായിരുന്നുവെന്നും നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചതെന്നുമാണ് യുവാക്കള്‍ പറയുന്നത്. ഇടിച്ചിട്ട ശേഷം ബൈക്കിനെ കുറേദൂരം കാര്‍ നിരക്കി പോയിയെന്നും ഇവര്‍ പറയുന്നു. എന്നാല്‍ യുവാക്കളുടെയും മണിയന്‍പിള്ള രാജുവിന്റെയും ഭാഗത്ത് ഒരുപോലെ തെറ്റുണ്ട്. തിരത്തേറിയ റോഡിലേയ്ക്ക് കാറ് ഇറക്കുമ്പോള്‍ സുരക്ഷിതമായ അകലത്തിലാണ് മറ്റ് വാഹനങ്ങള്‍ വരുന്നതെന്ന് അദ്ദേഹം ഉറപ്പാക്കേണ്ടതായിരുന്നു. എന്നാല്‍ നിയന്ത്രിക്കാനാവത്ത വേഗത്തിലല്ല ബൈക്ക് ഓടിച്ചിരുന്നത്. അതിനേക്കാളൊക്കെ അപലപനീയമാണ് പോലീസിന്റെ നടപടിക്രമങ്ങളിലുണ്ടായ ഗുരുതരമായ വീഴ്ച.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതുപോലെ ഇതേ സ്ഥലത്തുണ്ടായ ഒരപകടത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. യുവ ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ ഇടിച്ച് തേജസ് പത്രത്തിന്റെ തിരുവന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം ബഷീര്‍ കൊല്ലപ്പെട്ടത് ഏവരെയും കടുത്ത ദുഖത്തിലാഴ്ത്തിയ സംഭവമായിരുന്നു. അമിതമായി മദ്യപിച്ച് ഒരു പെണ്‍ സുഹൃത്തുമായി അര്‍ധരാത്രിയില്‍ അമിത വേഗത്തില്‍ ശ്രീറാം കാറോടിച്ചതാണ് മാപ്പര്‍ഹിക്കാത്ത ഈ പാതകത്തിന് കാരണമായത്. ചെറുപ്പക്കാരനായ ബഷീറിന്റെ ബന്ധുമിത്രാദികളുടെ കണ്ണീര്‍  തോരാതെ പെയ്യുന്ന സമയത്ത്, ശ്രീറാമിനെ രക്ഷിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്ന വാര്‍ത്തകള്‍ നമ്മെ ഞെട്ടിപ്പിക്കുന്നതായിരുന്നു. എന്നാല്‍ തങ്ങളുടെ മാധ്യമ സുഹൃത്തിനെ കൊലപ്പെടുത്തിയ സംഭവം മാധ്യമങ്ങളും ഏറ്റെടുത്തതോടെ ശ്രീറാം കുടുങ്ങുകയായിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക