
സ്ത്രീ സ്വാതന്ത്ര്യത്തിന് സമൂഹം നല്‍കിയ വിലങ്ങുകള്‍ക്കെതിരെ സാഹിത്യ കൃതികളിലൂടെ പ്രതികരിച്ച വ്യക്തിയായിരുന്നു ലളിതാംബിക അന്തര്‍ജ്ജനം. സാഹിത്യ രചനയിലൂടെ ഉയരങ്ങള്‍ കീഴടക്കിയ ഈ എഴുത്തുകാരി സാഹിത്യ സംസ്കാരിക മേഖലകളിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശനമില്ലാതിരുന്ന കാലഘട്ടത്തില്‍ സ്ത്രീപക്ഷ ചിന്തകളെ ശക്തിയുക്തം ന്യായീകരിച്ചു.
കേരളാ സാഹിത്യ അക്കാദമിയുടെ ആദ്യ വനിതാ പ്രസിഡണ്ട് ആയിരുന്നു ലളിതാംബിക അന്തർജ്ജനം; ഹ്രസ്വകാലം മാത്രം ആ ചുമതല വഹിച്ച് അവർ ഒഴിഞ്ഞു.
കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് (വിശിഷ്ടാംഗത്വം) നേടിയ രണ്ടാമത്തെ വനിതയും അന്തർജനമാണ്.
39-ാം ചരമവാർഷിക ദിനം: സ്മരണാഞ്ജലികൾ!
മലയാളത്തിലെ ഏറ്റവും ശക്തയായ എഴുത്തുകാരികളില്‍ ഒരാളായിരുന്ന ലളിതാംബികാ അന്തര്‍ജ്ജനം മൂന്നര പതിറ്റാണ്ടുകൾ പിന്നിടുന്നു. ഒരു മുത്തശ്ശിയായിരിക്കേ എഴുതിയ 'അഗ്നിസാക്ഷി' എന്ന ഒറ്റ നോവൽ കൊണ്ട് മലയാള സാഹിത്യ മനസ്സിൽ ലളിതാംബിക അന്തർജ്ജനം ചിരഃപ്രതിഷ്ഠ നേടി.
സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം അനാവശ്യമെന്ന് നമ്പൂതിരി സമുദായം കരുതിയിരുന്ന ഒരു കാലത്ത് സാഹിത്യത്തില്‍ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച ലളിതാംബിക തന്‍റെ രചനകളിലൂടെ സാമൂഹ്യ തിന്‍മകളോടു കലഹിക്കുകയായിരുന്നു.
"ഭാവനാശക്തിക്കു തീ കൊളുത്തുന്ന അനുഭവങ്ങളിൽനിന്ന് നേരിട്ട് ഉയർന്നു വന്നിട്ടുള്ളതാണ് അവരുടെ കഥകൾ മുഴുവനും.
"നാലുകെട്ടുകൾക്കുള്ളിൽ മൂടുപടങ്ങളിലും മറക്കുടകളിലും മൂടി നെടുവീർപ്പിട്ടു കണ്ണുനീർവാർത്തു കഴിഞ്ഞ ആത്തോൽസമൂഹത്തിൻറെ ദുരന്ത കഥകൾക്ക് നാവും നാമവും കൊടുക്കാൻ അവരുടെ ഇടയിൽനിന്നുതന്നെ ഉയർന്നുവന്ന പ്രതിഭാസമാണ് അന്തർജനം."
('തിരഞ്ഞെടുത്ത കഥ'കളുടെ അവതാരികയിൽ നിന്ന്)
സ്ത്രീ വിദ്യാഭ്യാസം വിലക്കിയിരുന്ന കാലത്ത് പോലും മലയാളത്തിനും സംസ്കൃതത്തിനും പുറമെ ഇംഗ്ലീഷിലും അവര്‍ പരിജ്ഞാനം നേടിയിരുന്നു. ചെറുപ്പത്തിലെ തന്നെ ധാരാളം പുസ്തകങ്ങളും ആനുകാലികങ്ങളും വായിച്ചത് തന്‍റെ സാഹിത്യ രചനയിലേക്കുള്ള ചവിട്ടു പടിയായി മാറിയെന്ന് ലളിതാംബികാ അന്തജ്ജനം തന്നെ പറഞ്ഞിരുന്നു.
എഴുത്തിനൊപ്പം തന്നെ സംഗീത വാദ്യോപകരണങ്ങളായ ഹാര്‍മോണിയവും വയലിനും വായിക്കാന്‍ പരിശീലനം നേടിയിരുന്ന ലളിതാംബിക ബഹുമുഖ പ്രതിഭയായിരുന്നു. സ്വന്തം സമുദായത്തിലെ അനാചാരങ്ങളെ മറികടന്ന് സാഹിത്യ അക്കാദമി, സാഹിത്യ ഡയറക്ടര്‍ ബോര്‍ഡ്, പാഠപുസ്തക കമ്മിറ്റി എന്നീ മേഖലകളില്‍ ലളിതാംബിക പ്രവര്‍ത്തിച്ചു.
കൊല്ലം ജില്ലയില്‍ കൊട്ടാരക്കരയിലെ കുന്നിക്കോടിന് സമീപം കോട്ടവട്ടത്ത് തെങ്ങുന്നത്തു മഠത്തിൽ ദാമോദരൻ പോറ്റിയുടെ പുത്രിയായി ജനിച്ചു. (ജനനം: 1909 മാർച്ച് 30). പിതാവ് പ്രജാസഭാ മെമ്പറും പണ്ഡിതനും സമുദായ പരിഷ്കർത്താവും ആയിരുന്നു. മാതാവ് ചെങ്ങാരപ്പള്ളി നങ്ങയ്യ അന്തർജനം. കേരള നിയമസഭാസ്പീക്കറും മന്ത്രിയുമായിരുന്ന ഡി. ദാമോദരൻ പോറ്റി ഉൾപ്പെടെ എട്ടു സഹോദരന്മാരുടെ ഏക സഹോദരിയായിരുന്നു ലളിതാംബിക.
വിദ്യാഭ്യാസം സ്വഗൃഹത്തിൽവച്ചു നടത്തി. മലയാളത്തിന് പുറമെ, ഇംഗ്ലീഷ്, സംസ്കൃതം, ഹിന്ദി എന്നീ ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരുന്നു.
1937-ലാണ് 'ലളിതാഞ്ജലി' എന്ന കവിതാ സമാഹാരത്തോടെ കാവ്യലോകത്ത് രംഗപ്രവേശം ചെയ്തത്. തുടർന്ന് അതേ വർഷം തന്നെ 'അംബികാഞ്ജലി' എന്ന കഥാസമാഹാരവും രചിച്ചു. കഥാരചനയിലായിരുന്നു പിന്നീട് ശ്രദ്ധയൂന്നിയത്; 15 കഥാ സമാഹാരങ്ങളിലായി നൂറിലധികം കഥകൾ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്; 'തിരഞ്ഞെടുത്ത കഥകള്‍' എന്ന സമാഹാരവും.
ലളിതാംബികയുടെ 'അഗ്നിസാക്ഷി' എന്ന ഒറ്റ നോവൽ മാത്രം. മാതൃഭൂമി ആഴ്ചപതിപ്പിലൂടെ ഖണ്ഡശഃ പ്രസിദ്ധീകരണത്തിനു ശേഷമാണിത് പുസ്തകമായത് (1977). മാമ്പള്ളി ഇല്ലത്ത് 'അഗ്നിസാക്ഷി'യായി 'കുടിവയ്ച്ചെ'ത്തിയ തേതിക്കുട്ടിക്കാവിന്റെ കഥയാണ് ഈ നോവൽ.
'അഗ്നിസാക്ഷി' പലഭാഷകളിലേക്കും പരിഭാഷപ്പെടുത്തപ്പെട്ടു. ഇതിന് കേന്ദ്ര-സംസ്ഥാന സാഹിത്യ അക്കാദമി അവാർഡുകളും വയലാർ അവാർഡും ലഭിച്ചിട്ടുണ്ട്.
'അഗ്നിസാക്ഷി' സിനിമ ആയിട്ടുണ്ട്. (സംവിധാനം: ശ്യാമപ്രസാദ്, 1998).
1965-ൽ പുറത്തിറങ്ങിയ 'ശകുന്തള' എന്ന ചലച്ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിർവഹിച്ചത് ഇവരാണ്.
'കുഞ്ഞോമന' എന്ന ബാലസാഹിത്യ കൃതിക്കു 'കല്യാണീ കൃഷ്ണമേനോൻ പ്രൈസും', 1973-ൽ 'സീത മുതൽ സത്യവതി വരെ' എന്ന കൃതിക്ക് നിരൂപണം/ പഠനത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരവും മുൻ സൂചിപ്പിച്ചതു പോലെ 'അഗ്നിസാക്ഷി'ക്ക് 1977-ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരവും ആദ്യത്തെ വയലാർ പുരസ്കാരവും ലഭിച്ചു.
തുടക്കത്തിൽ സൂചിപ്പിച്ചതു പോലെ, കേരളാ സാഹിത്യ അക്കാദമിയുടെ ആദ്യ വനിതാ പ്രസിഡണ്ട് ആയിരുന്നു അന്തർജനം. പ്രസിഡണ്ട് പദവിയിലിരിക്കെ പി.സി. കുട്ടിക്കൃഷൻ (ഉറൂബ്) നിര്യതനായപ്പോൾ, ഉപാധ്യക്ഷയായിരുന്ന അന്തർജനം പ്രസിഡണ്ടാകുകയാണ് ഉണ്ടായത്. 1979 ജൂലൈ 10 മുതൽ ആ വർഷം ഓഗസ്റ്റ് എട്ടു വരെ, ഏകദേശം ഒരു മാസം മാത്രമെ അവർ സ്ഥാനത്തു തുടർന്നുള്ളു. തൃശൂരിൽ അക്കാദമി ആസ്ഥാനത്ത് എത്തി ചേർന്ന് സജീവ പ്രവർത്തനത്തിന് താല്പര്യമില്ലാതിരുന്നതു കൊണ്ട് ആ പദവിയിൽ തുടരാൻ താല്പര്യമില്ലന്ന് സർക്കാരിനെ അറിയിച്ചു എന്നാണ് കേട്ടിട്ടുള്ളത്.

പാലാ രാമപുരത്ത് അമനകര ഇല്ലത്ത് നാരായണൻ നമ്പൂതിരിയായിരുന്നു ഭർത്താവ്. മലയാളത്തിലെ പ്രമുഖ കഥാകൃത്തുക്കളിൽ ഒരാളായിരുന്ന എൻ. മോഹനൻ ഇവരുടെ രണ്ടാമത്തെ പുത്രൻ. കൊച്ചുമക്കളിൽ പലരും എഴുത്തുകാരാണ്.
1987 ഫെബ്രുവരി 6-ന്, 76-ാം വയസ്സിൽ, നിര്യാതയായി.
ലളിതാംബികയുടെ കൃതികൾ:
'അഗ്നിസാക്ഷി' എന്ന ഒറ്റ നോവൽ.
കഥാസമാഹാരങ്ങൾ: 'മൂടു പടത്തില്‍', 'ആദ്യത്തെ കഥകള്‍', 'തകര്‍ന്ന തലമുറ', 'കാലത്തിന്‍റെ ഏടുകള്‍', 'കിളിവാതിലിലൂടെ', 'കൊടുങ്കാറ്റില്‍ നിന്ന്', 'കണ്ണീരിന്‍റെ പുഞ്ചിരി', 'ഇരുപതു വര്‍ഷത്തിനു ശേഷം', 'അഗ്നി പുഷ്പങ്ങള്‍', 'സത്യത്തിന്‍റെ സ്വരം', 'വിശ്വരൂപം', 'ഇഷ്ടദേവത', 'അംബികാഞ്ജലി', 'പവിത്രമോതിരം', 'ധീരേന്ദു മജുംദാരുടെ അമ്മ', 'തിരഞ്ഞെടുത്ത കഥകള്‍' എന്നിവയാണ് കഥാസമാഹാരങ്ങൾ
'ലളിതാഞ്ജലി', 'ഓണക്കാഴ്ച', 'ശരണമഞ്ജരി', 'ഭാവദീപ്തി', 'നിശബ്ദ സംഗീതം', 'ഒരു പൊട്ടിച്ചിരി', 'ആയിരത്തിരി' എന്നീ കവിതകള്‍ക്ക് ഒപ്പം 'പുനര്‍ജ്ജന്‍മം', 'വീര സംഗീതം' എന്നീ നാടകങ്ങളും 'കുഞ്ഞോമന', 'ഗോസാമി പറഞ്ഞ കഥ', 'തേന്‍ തുള്ളികള്‍', 'ഗ്രാമ ബാലിക' എന്നീ ബാലസാഹിത്യവും എഴുതിയിട്ടുണ്ട്. 'സീത മുതല്‍ സാവിത്രി വരെ' എന്ന പഠനവും 'അത്മകഥയ്‌ക്ക് ഒരാമുഖം' എന്നാ ആത്മകഥയും അവരുടെതായിട്ടുണ്ട്.
