Image

സാറാ - 14 : അന്നാ പോൾ

Published on 06 February, 2026
സാറാ - 14 : അന്നാ പോൾ

സാറായുടെ കഥ മഞ്ചാടിക്കരിയുടെ ചരിത്രവും കൂടിയാണ്. 1930 കൾ മുതൽ മഞ്ചാടിക്കരിയിൽ നിന്നും ചുരുക്കം ചില കുട്ടികൾ കൂടി വിദ്യാഭ്യാസത്തിനായി മറ്റിടങ്ങളിലേയ്ക്കു പോയിത്തുടങ്ങി. അപൂർവ്വം കുട്ടികൾക്കു സി.എം.എസ് സ്ഥാപനങ്ങളുടെ ഹോസ്റ്റലുകൾ ലഭിച്ചിരുന്നു. മറ്റുള്ളവർ ബന്ധു വീടുകളിൽ അതിഥിയായി നിന്നുകൊണ്ടു് പഠനം തുടർന്നു.

മഞ്ചാടിക്കരിയിൽ നിന്നും തങ്ങളുടെ രക്ഷിതാക്കൾ അരിയും തേങ്ങയും വാഴക്കുലയും മറ്റും തലച്ചുമടായി ചുമന്ന് ദീർഘ ദൂരം നടന്ന് രക്ഷകർത്താക്കൾ എത്തിച്ചിരുന്നു.

വിദ്യാഭ്യാസത്തിന്റെ ആവശ്യകത അവർ മനസ്സിലാക്കിത്തുടങ്ങിയിരുന്നു.

മനുഷ്യാന്തസ്സ് എന്ന ആശയം മിഷണറിമാർ അവർക്കു പകർന്നു കൊടുത്തു..

തൊഴിലാളിവർഗ പ്രസ്ഥാനങ്ങളും മഞ്ചാടിക്കരിക്കാർ കേട്ടുതുടങ്ങി. പള്ളത്ത് ഈശോ സഖാവ് ആദ്യ കാല കമ്യൂണിസ്റ്റുകാരനായിരുന്നു.

പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മർദ്ദനങ്ങളും ജയിൽവാസവും അനുഭവിച്ച ഈശോ സഖാവിനെ പിൽക്കാലത്ത് പ്രസ്ഥാനവും ചരിത്രവും മറന്നു കളഞ്ഞു.

ഇക്കാലയളവിൽ സി.എം എസ് മിഷണറിമാരുടെ പരിശ്രമഫലമായി ഒരു ഫ്ലോട്ടിംഗ് ആശുപത്രി ഉണ്ടായി.

മരുന്നുകളും മറ്റും നിറച്ച വലിയ വഞ്ചിയും ഡോക്ടറും വരുന്നതും കാത്ത് രോഗികൾ ആറ്റു തീരത്ത് നിൽക്കുമായിരുന്നു... ഒഴുകി നടക്കുന്ന ആശുപത്രികൾ ജനങ്ങൾ ആ വലിയ ആശ്വാസമായിരുന്നു..

കരയിൽ സ്ഥാപിക്കുവാൻ പല വിധ തടസ്സങ്ങളും ഉണ്ടായിരുന്നു.

സ്ക്കൂൾ യാത്ര വളരെ ദുരിതം പിടിച്ചതായിരുന്നു.

ഇടത്തോടുകളും ചാണകളും ചതുപ്പുകളും കുട്ടികൾക്കു വലിയ വെല്ലുവിളി തനെ ആയിരുന്നു.

മഞ്ചാടിക്കരിയെ നടുക്കിയ ഒരു സ്ക്കൂൾ യാത്രയുടെ ഓർമ്മ ഇപ്പോഴും അവിടത്തുകാർ മറന്നിട്ടില്ല. 1945 തുലാം 29 നു വെച്ചൂർ ദേവിവിലാസം സ്ക്കൂളിൽ നിന്ന് പഠനം കഴിഞ്ഞ് മടങ്ങിയ മൂന്നു സ്ക്കൂൾ കുട്ടികളും തുഴച്ചിൽക്കാരനും മറ്റു രണ്ടു യാത്രക്കാരും ഇടിമിന്നലേറ്റു തൽക്ഷണം മരിച്ചു.

അവശേഷിച്ച ഒരു കുട്ടി നടുങ്ങി വിറങ്ങലിച്ചു കുറേ നേരം നിന്ന ശേഷം മൃതശരീരങ്ങൾ വലിച്ചു എടുത്തു വരമ്പിൽക്കിടത്തി. വള്ളം കത്തിക്കരിഞ്ഞുപോയി.

പതിമൂന്നുവയസ്സു പോലുമാകാത്ത ആ കുട്ടി കരഞ്ഞു വിളിച്ചു. നടന്നും നീന്തിയും സന്ധ്യയോടെ വീട്ടിലെത്തി. വിവരങ്ങൾ പറഞ്ഞു.

നാട്ടിൽ കൂട്ടക്കരച്ചിൽ.. പിന്നീട് വള്ളത്തിലെത്തി മൃതദേഹങ്ങൾ വീടുകളിലെത്തിച്ചു... വിദ്യാഭ്യാസത്തിൽ വളരെ പിന്നോക്കം നിന്നവരാണു ഭൂരിഭാഗമെങ്കിലും ഇന്നും ഓർക്കുമ്പോൾ അത്ഭുതം തോന്നുന്ന ചില വ്യക്തിത്തങ്ങളുണ്ട്.

ബ്രിട്ടീഷ് ഭരണകാലത്ത് വ്യോമസേനയിൽ സൈനികനായിരുന്ന മൂലയിൽ ഏബ്രഹാം എന്ന ആൾ രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്തിരുന്നു. അതുപോലെ ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ഠിച്ച വി.ഐ മാത്യു വാവക്കാട്ടിൽ സാറായുടെ കസിൻ സഹോദരനായിരുന്നു. അദ്ദേഹത്തിന്റെ അനുജന്മാരും വി.ഐ ഐസക് വി.ഐ ഡേവിഡ് സംസ്ഥാന സർവ്വീസിലും ഉദ്യോഗം നേടിയവരാണ്. ശമുവേൽ കല്ലേപ്പറമ്പിൽ ആദ്യ അദ്ധ്യാപകനാണ്. മഞ്ചാടിക്കരിയിലെ ശ്റദ്ദേയമായ മറ്റൊരു വ്യക്തിത്വമാണ് എം.എം ആൻഡ്രൂസ്മാമ്പറമ്പിൽ - സി.എസ്.ഐയിലെ ആദ്യ പുരോഹിതനാണ് -- മഞ്ചാടിക്കരിയിൽ നിന്നുള്ള പുരോഹിതൻ

മഞ്ചാടിക്കരിയിലെ ആ കാലത്തെ പരിമിത സാഹചര്യങ്ങളിൽ നിന്നും ഉയർന്നുവന്നത് തികച്ചും അത്ഭുതാവഹമാണ്.

അവരുടെ വിജ്ഞാന ദാഹവും നിശ്ചയദാർഢ്യവും സഹന ശക്തിയും ഒന്നു കൊണ്ടു മാത്രം

പിന്നോട്ടടിക്കുന്ന ഒരു പാടു വെല്ലുവിളികളെ അവർ തരണം ചെയ്തു നേടിയ ജീവിത വിജയങ്ങൾക്ക് ഇന്നും അധികം പിൻതുടർച്ചക്കാരില്ലെന്നു തന്നെ പറയാം... യാത്രാസൗകര്യങ്ങളും ജീവിത നിലവാരങ്ങളും ഉയർന്ന ഈ കാലഘട്ടത്തിലും വിരലിലെണ്ണാവുന്ന വിദ്യാസമ്പന്നരേയുള്ളൂ.... വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ വളരെയധികം പിന്നോക്കാവസ്ഥയിലാണ് ഇന്നും മഞ്ചാടിക്കരിക്കാർ.....

തുടരും…

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക