Image

ലതാജി ആ വരികൾ പാടുന്നത് നമുക്ക് വേണ്ടി മാത്രമെന്ന് തോന്നും : രവിമേനോൻ

Published on 06 February, 2026
ലതാജി ആ വരികൾ പാടുന്നത് നമുക്ക് വേണ്ടി മാത്രമെന്ന് തോന്നും : രവിമേനോൻ

മുംബൈയിലെ ശിവാജി പാർക്കിൽ ലതാജിയുടെ ഭൗതികശരീരത്തെ അഗ്നിജ്വാലകൾ പൊതിയുമ്പോൾ പശ്ചാത്തലത്തിൽ ആ പാട്ടുണ്ടായിരുന്നു.... അശരീരി പോലെ:

"നാം ഗും ജായേഗാ ചെഹരാ യേ ബദൽ ജായേഗാ

മേരി ആവാസ് ഹി പെഹചാൻ ഹേ ഗർ യാദ് രഹേ...''

"പേരും മുഖവും ഓർമ്മയിൽ നിന്ന് മാഞ്ഞുപോയാലും ശബ്ദത്തിലൂടെ നിങ്ങൾക്കെന്നെ തിരിച്ചറിയാം, ഓർക്കാനിഷ്ടമുണ്ടെങ്കിൽ'' എന്ന് ഗുൽസാർ എഴുതിയത് കിനാര (1977) യിൽ ഹേമമാലിനി അവതരിപ്പിച്ച ആർതി സന്യാൽ എന്ന കഥാപാത്രത്തിന് വേണ്ടിയാകാം. പക്ഷേ കാലം ലതാ മങ്കേഷ്കറുടെ ആത്മഗീതമാക്കി മാറ്റിയെടുത്തു ആ വരികളെ; വിരഹികളായ കാമുകീകാമുകരുടേയും.

ശരിക്കും കണ്ണ് നിറഞ്ഞുപോയി ലതാജിയുടെ അന്ത്യയാത്രയുടെ പശ്ചാത്തലത്തിൽ ആ പാട്ട് കേട്ടപ്പോൾ. എൺപതു വർഷം ഇന്ത്യക്കാർ ഹൃദയത്തിൽ കൊണ്ടുനടന്ന ശബ്ദത്തെ ഇതിലും മനോഹരമായി അടയാളപ്പെടുത്താനാകുമോ മറ്റൊരു കവിതയ്ക്ക്? തലമുറകളുടെ യാത്രാമൊഴി. സ്കൂൾ ജീവിതകാലത്ത് മൈസൂരുവിലേക്കുള്ള ഒരു പഠനയാത്രക്കിടെ ടൂറിസ്റ്റ് ബസ്സിലെ സ്പീക്കറിലൂടെ ആദ്യമായി ആ ഗാനം കാതിൽ വന്നുവീണ നിമിഷങ്ങളാണ് ഓർമ്മവന്നത്. ഹിന്ദി ഭാഷയിൽ വലിയ പിടിപാടില്ല അന്ന്. എങ്കിലും ആവാസ് എന്ന പദവും ആ പദത്തിന് ലതയും ഭുപീന്ദറും മാറിമാറി നൽകിയ ഭാവസ്പർശവും ആദ്യ കേൾവിയിലേ മനസ്സിനെ തൊട്ടു. ഇന്നും ആ "ആവാസി"ന് പകരം വെക്കാൻ മറ്റൊരു ആവാസ് ഇല്ല ഹിന്ദി സിനിമാസംഗീതത്തിൽ എന്ന് തോന്നാറുണ്ട്.

"വഖ്ത് കെ സിതം ക്യാ ഹസീ നഹി, ആജ് ഹേ യഹാം കൽ കഹീ നഹി, വക്ത് സേ പരേ അഗർ മിൽ ഗയേ കഹി, മേരി ആവാസ് ഹി പെഹചാൻ ഹേ ഗർ യാദ് രഹേ...'' കാലാതീതമായ ഏതോ ഭൂമികയിൽ വെച്ച് ഇനിയും നമ്മൾ കണ്ടുമുട്ടിയേക്കാം, അപ്പോഴും താൻ തിരിച്ചറിയപ്പെടുക ഈ ശബ്ദത്തിലൂടെയാവുമെന്ന് വീണ്ടും വീണ്ടും നമ്മുടെ കാതുകളിൽ മന്ത്രിക്കുന്നു ലതാജി.

ശരിയല്ലേ? നമുക്കോരോരുത്തർക്കും തോന്നും ലതാജി ആ വരികൾ പാടുന്നത് നമുക്ക് വേണ്ടി മാത്രമാണെന്ന്. ഗുൽസാറിന്റെ കവിതയും രാഹുൽ ദേവ് ബർമ്മന്റെ സംഗീതവും ചേർന്ന് സൃഷ്ടിക്കുന്ന ഇന്ദ്രജാലം. എഴുതിയ പാട്ട് ലതാജിയെ ഏൽപ്പിക്കുമ്പോൾ തമാശ കലർത്തി ഗുൽസാർ പറഞ്ഞത്രേ: "ആർക്കെങ്കിലും ഓട്ടോഗ്രാഫ് നൽകേണ്ടി വരുമ്പോൾ ധൈര്യമായി ഈ വരികൾ കുറിച്ചുകൊടുക്കാം." കാലത്തിന്റെ ഓട്ടോഗ്രാഫിൽ എന്നെന്നേക്കുമായി പതിഞ്ഞുപോയിരിക്കുന്നു ആ പാട്ട്.

മധ്യപ്രദേശിലെ വിഖ്യാത വിനോദസഞ്ചാരകേന്ദ്രമായ മാണ്ഡുവിലെ ചരിത്രമുറങ്ങുന്ന കോട്ടയുടെ പശ്ചാത്തലത്തിൽ ചിത്രീകരിക്കാൻ ഉദ്ദേശിച്ചുകൊണ്ട് ഗുൽസാർ എഴുതിയ പാട്ടാണ് "നാം ഗും ജായേഗാ''. ഐതിഹ്യങ്ങളിലെ ഇടയകന്യകയായ രൂപ് മതിയും മാണ്ഡു രാജാവ് ബാജ് ബഹാദുറും തമ്മിലുള്ള ദുരന്ത പ്രണയത്തിന്റെ പ്രതീകമായി നിലകൊള്ളുന്ന കോട്ടകൊത്തളങ്ങൾ കവിത കലർന്ന വിരഹഗാനത്തിന് അനുയോജ്യമായ പശ്ചാത്തലമൊരുക്കും എന്ന് വിശ്വസിച്ചു ഗുൽസാർ. ഹേമമാലിനിയുടെ ആർതി സന്യാലും ജിതേന്ദ്രയുടെ ഇന്ദറും ലതയുടെയും ഭുപീന്ദറിന്റെയും ശബ്ദങ്ങളിൽ ഒരുമിച്ചൊന്നായി ഒഴുകുമ്പോൾ ഏത് കാമുകീകാമുക ഹൃദയങ്ങളാണ് തരളമാകാതിരിക്കുക?

സ്വാഭാവികാഭിനയത്തിന് പേരുകേട്ടവരല്ല ജിതേന്ദ്രയും ഹേമമാലിനിയും. ഒരാൾ ബോളിവുഡിലെ ജംപിംഗ് ജാക്ക്. മറ്റേയാൾ ഗ്ളാമർ വേഷങ്ങളിൽ തിളങ്ങാറുള്ള സ്വപ്നസുന്ദരി. "കിനാര"യിലൂടെ ഇരുവരുടേയും വേറിട്ട മുഖങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ അനാവരണം ചെയ്യാനാണ് സംവിധായകൻ ഗുൽസാർ ശ്രമിച്ചത്. അടുത്ത സുഹൃത്ത് കൂടിയായ ജിതേന്ദ്രക്ക് നേരത്തെ "പരിചയ്" എന്ന ചിത്രത്തിലും വ്യത്യസ്തമായ ഒരു വേഷം നൽകിയിരുന്നു ഗുൽസാർ. "കിനാര"യിൽ നർത്തകിയുടെ റോളാണ് ഹേമമാലിനിക്ക്. ആ വർഷത്തെ മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡിന് ഹേമയുടെ ആർതി സന്യാൽ നാമനിർദ്ദേശം ചെയ്യപ്പെട്ടെങ്കിലും "സ്വാമി"യിലെ ശബാന ആസ്മിക്ക് മുന്നിൽ അടിയറവ് പറയാനായിരുന്നു യോഗം.

അധികം യുഗ്മഗാനങ്ങൾ പടിയിട്ടില്ല ലതാജിയും ഭുപിന്ദറും. പക്ഷേ പാടിയ പാട്ടുകളെല്ലാം പവൻ മാർക്ക്. ലതാജിക്ക് ആദ്യത്തെ ദേശീയ അവാർഡ് നേടിക്കൊടുത്ത "ബീത്തി നാ ബിതായേ രേനാ'' (പരിചയ്), "മൗസ''മിലെ ദിൽ ഡൂണ്ട്താ ഹേ (ഡ്യുയറ്റ് വേർഷൻ) എന്നിവ ഉദാഹരണങ്ങൾ. എങ്കിലും "നാം ഗും ജായേഗാ''യുടെ ചാരുത ഒന്നുവേറെ.

പകൽ സന്ധ്യക്ക് വഴിമാറുമ്പോൾ, രാത്രി ഏറെ അകലെയല്ല എന്നറിയുന്നു നാം -- "ദിൻ ഡലേ ജഹാം, രാത് പാസ് ഹോ, സിന്ദഗി കി ലോവ് ഊഞ്ഛീ കർ ചലോ, യാദ് ആയേ ഗർ കഭീ, ജീ ഉദാസ് ഹോ... '' ജീവിതത്തിലെ വെളിച്ചം കൊണ്ട് വേണം വരാൻ പോകുന്ന ഇരുളിനെ നിഷ്പ്രഭമാക്കാൻ. വേദനയുളവാക്കുന്ന കാര്യങ്ങൾ എന്തിനോർക്കണം?

ആർ ഡി ബർമ്മൻ ആദ്യം പോയി, ലതയും ഭുപിയും പിറകെ യാത്രയായി. ഗുൽസാർ മാത്രമുണ്ട് നമുക്കൊപ്പം; കേട്ട് മതിവരാത്ത കുറെ പാട്ടുകളും.

കടപ്പാട് : മാതൃഭൂമി ഓൺലൈൻ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക