
ശീതകാല ഒളിംപിക്സ് ഇന്ന് ഇറ്റലിയിലെ മിലാനില്‍ തുടങ്ങും. 22 വരെ നീളും. 90 രാജ്യങ്ങളില്‍ നിന്നുള്ള 2900 കായികതാരങ്ങള്‍ പങ്കെടുക്കും. മഞ്ഞിലും ഐസിലുമായി നടക്കുന്ന മത്സരങ്ങളില്‍ യു.എസ്. വലിയ കുതിപ്പു പ്രതീക്ഷിക്കുന്നു. 2028 ലെ ലൊസാഞ്ചലസ് ഒളിംപിക്സിനു മുമ്പുള്ള വിന്റര്‍ ഒളിംപിക്സ് എന്ന പ്രാധാന്യം ഇതിനുണ്ട്.
യു.എസ്. വൈസ് പ്രസിഡന്റ് ജെ.സി. വാന്‍സ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് മിലാനില്‍ എത്തിയിട്ടുണ്ട്. യു.എസ്. വനിതാ ഹോക്കി ടീം(ഐസ് ഹോക്കി) ചെച്ചിയയെ തോല്‍പിക്കുന്നത്(5-1) അദ്ദേഹം കണ്ടു. ആദ്യം ദിവസം ഫിഗര്‍ സ്‌കേറ്റിങ്ങും കേളിങ്ങും സ്‌കീയിങ്ങുമൊക്കെ ശ്രദ്ധിക്കപ്പെടുന്ന മത്സര ഇനങ്ങളായുണ്ട്. യു.എസ്. മിക്സ്ഡ് ഡബിള്‍സ് ടീം കേളിങ്ങില്‍ കാനഡയെ നേരിടും.
ഇതിനിടെ 2028 ലെ ലൊസാഞ്ചലസ് ഒളിംപിക്സ് മുന്‍നിര്‍ത്തി യു.എസില്‍ ആറ് പുതിയ സോക്കര്‍ (ഫുട്ബോള്‍) സ്റ്റേഡിയങ്ങള്‍ കൂടി ഒരുങ്ങുകയാണ്. ന്യൂയോര്‍ക്ക്, കൊളംബസ്, നാഷ് വില്ല, സെന്റ് ലൂയിസ്, സാന്‍ ജോസ്, സാന്‍ ഡിയാഗോ എന്നിവിടങ്ങളിലാണ് ഫുട്ബോള്‍ വേദികള്‍. രാജ്യത്ത് കൂടുതല്‍ സ്ഥലങ്ങളില്‍ ഒളിംപിക്സ് ആവേശം എത്തിക്കുകയാണു ലക്ഷ്യം. ഫൈനല്‍ സ്റ്റേജ് പോരാട്ടങ്ങള്‍ ലൊസാഞ്ചലസിലെ റോസ്ബൗള്‍ സ്റ്റേഡിയത്തിലാണു നടക്കുക.
ഈ വര്‍ഷം കാനഡയും മെക്സിക്കോയുമൊത്ത് ലോകകപ്പ് ഫുട്ബോള്‍ നടത്തുവാന്‍ തയ്യാറെടുക്കുന്ന യു.എസി.ന് ഒളിംപിക് ഫുട്ബോള്‍ അര്‍ധ പ്രഫഷണല്‍ ഫുട്ബോള്‍ മേള മാത്രം. പക്ഷേ, ലൊസാഞ്ചലസ് ഒളിംപിക്സ് ചരിത്രമാകുമെന്നാണ് സംഘാടകര്‍ പറയുന്നത്. രാജ്യത്തെ മുഴുവന്‍ ഉണര്‍ത്തുവാന്‍ ലക്ഷ്യമിട്ടുള്ള പരിപാടികള്‍ പ്രതീക്ഷിക്കാം. മിലാനില്‍ ശീതകാല ഒളിംപിക്സ് സമാപിച്ചാല്‍ പിന്നെ ലോകകപ്പ് ആവേശമാകും. അടുത്തത് ഗ്രീഷ്മകാല ഒളിംപിക്സ് തന്നെ. 1932 ലും 84 ലും ഒളിംപിക്സ് നടന്ന ലൊസാഞ്ചലസില്‍ മൂന്നാമതൊരിക്കല്‍ കൂടി മഹാകായികമേള എത്തുന്നു.