
"അങ്ങനെ എനിക്കും ഒരു ദിവസം വന്നെടി പെണ്ണേ.."
'തെങ്ങിൻ ചോട്ടിൽ ആർക്കും വേണ്ടാണ്ട് കിടന്ന കൊതുമ്പിന് എവിടന്നാ ഇപ്പൊ ഡിമാൻഡ് ഉണ്ടായേ? അടുക്കളേൽ പെണ്ണുങ്ങളെല്ലാം തന്നെ ഗ്യാസടുപ്പും ഇൻഡക്ഷൻ കുക്കറും ഓവനും വെച്ച് യൂട്യൂബ് കളരിയിലെ പാചകം പയറ്റുന്നു. ഇപ്പൊ അവർ കൈയിലെ നെയിൽ പോളിഷിന് കോട്ടം തട്ടാതെങ്ങനെ പാത്രം കഴുകാമെന്ന് പഠിച്ചു കൊണ്ടിരിക്കുകയാ. ഇനി ഗ്യാസിനും കറന്റിനും ഷോക്കടിക്കുന്ന വിലയായത് കൊണ്ട് വീണ്ടും വിറകടുപ്പിലേക്ക് മടങ്ങി കാണുമോ? എന്നാലും പുകയില്ലാത്ത അടുപ്പൊക്കെ ഔട്ട് ഓഫ് ഫാഷൻ അല്ലേ? ഏതായാലും ഞാൻ സേഫാ. നാളികേരമില്ലാതെ മീൻ കറിയും മോരു കൂട്ടാനും ബീഫ് ഉലത്താനും പറ്റില്ല. അതാണൊരാശ്വാസം.'
തേങ്ങ പെണ്ണ് നെടുവീർപ്പിട്ടു.
"അല്ല കാർന്നോരെ, നിങ്ങളെയിപ്പോ ആര് അന്വേഷിച്ചെന്നാ പറയുന്നേ?ഇനി ആമസോൺകാരെങ്ങാനും നിങ്ങൾക്കും പൊന്നും വിലയിട്ട് വിൽക്കോ?"
"എടീ കുഞ്ഞി പെണ്ണേ, നീയൊക്കെ ഉണ്ടാവുന്നേനും മുന്നേ നിന്റെ അമ്മ പൂക്കളെ പേറുന്ന കാലം മുതൽ ഞാനാ അവളെ കാറ്റത്തും മഴയത്തും കാത്ത് പോന്നേ. നീയെനിക്ക് വിലയിടാറായോടീ? "
"എന്റപ്പൂപ്പാ അതെനിക്കറിയില്ലേ?നിങ്ങളെ എന്തിനേലും ഉപയോഗിക്കുന്നെങ്കിൽ എന്റെ തൊണ്ടും ചിരറ്റേം കൂടി അവർക്ക് കൊടുക്കാലോന്ന് കരുതീട്ടാ."
"നിനക്കിപ്പോ ചന്തേൽ ഇച്ചിരി വെലയുണ്ടെന്ന് കരുതി എല്ലാത്തിനും വെലയിടല്ലേ കുഞ്ഞി പെണ്ണേ."
"എന്റപ്പൂപ്പാ ഞാൻ ജൻസീയാ. നിങ്ങളെ പോലെ പോയ കാലം നല്ല കാലം എന്നും പറഞ്ഞു സങ്കടപ്പെട്ടു നൊസ്റ്റു അടിച്ചു തീർക്കുന്ന നയൻട്ടീസ് കിഡ് അല്ല.നിങ്ങളെ ഇടക്ക് ക്രാഫ്റ്റ് എന്നൊക്കെ പറഞ്ഞു ഓരോരുത്തര് കൊണ്ട് പോയിട്ടെന്തായി?"
"അവർക്കെന്നാടീ.ചെറുപ്പക്കാരെ മാത്രം മതി. കാണാൻ കൊള്ളാവുന്ന ചിലരൊക്കെ അങ്ങനേം കാശുണ്ടാക്കി."
"അപ്പൊ നിങ്ങളെന്തിന്റെ കാര്യാ അപ്പൂപ്പാ പറഞ്ഞേ?"
"എടീ, പൊങ്കാല സീസണല്ലയോ? ഇപ്പൊ വലിപ്പചെറുപ്പമില്ലാതെ എല്ലാ അമ്പലത്തിലും ഉണ്ടല്ലോ ഈ പരിപാടി. അപ്പൊ ഞങ്ങളെ പോലുള്ള കാണാൻ അഴകില്ലാത്ത ഉണങ്ങിയവരെ തപ്പി പെണ്ണുങ്ങൾ വരും. ഞങ്ങളെ കത്തിക്കാൻ എളുപ്പല്ലയോ?അങ്ങനെ ഞാൻ അവസാനിക്കാറായെടി. ഒരടുപ്പിൽ കത്തിയൊടുങ്ങിയീ ജന്മം തീരാൻ പോണു.കുഞ്ഞി കുട്ട്യോളൊക്കെ മാറിയിരുന്നോ. നീയൊന്നും സഹിക്കില്ല ചൂടും പൊകയും."
കുഞ്ഞിപ്പെണ്ണിന്റെ കണ്ണും മോറും വിഷമം കൊണ്ട് ചുവന്നു വീർത്തു. അവൾക്ക് സങ്കടം അടക്കാനായില്ല. നാളികേരകൂനയുടെ ഉച്ചിയിൽ നിന്നവൾ താഴേക്ക് ഒരൊറ്റ ചാട്ടം. കൊതുമ്പപ്പൂപ്പൻ അവളെ പൊതിഞ്ഞു പിടിച്ചു.
"എന്തൊരു സുഖാ അപ്പൂപ്പാ ങ്ങനെ കിടക്കാൻ. "
"അതാ കുറച്ചു പേരിങ്ങോട്ട് വരുന്നെടീ. എനിക്ക് പോവാറായി. നീ വിഷമിക്കാതെ.ജൻ സീ പെണ്ണല്യോടി നീയ്? കെടന്ന് മോങ്ങാതെടീ. ഓരോരുത്തർക്കും ഓരോന്ന് തലേൽ എഴുതീട്ടുണ്ട്. അതേ നടക്കൂ."
അവളെ അരികിലേക്ക് മാറ്റിയിരുത്തി അപ്പൂപ്പൻ ധീര യോദ്ധാവായി നെഞ്ചും വിരിച്ചു നിന്നു.