Image

സെലിബ്രിറ്റി മാധ്യമ ലേലത്തില്‍ ബിഗ് ടി.വിയിലേയ്ക്ക് വന്‍ ഒഴുക്ക്; പ്രമുഖ ചാനലുകളുടെ മുഖം നഷ്ടമാവുന്നു (എ.എസ് ശ്രീകുമാര്‍)

Published on 05 February, 2026
സെലിബ്രിറ്റി മാധ്യമ ലേലത്തില്‍ ബിഗ് ടി.വിയിലേയ്ക്ക് വന്‍ ഒഴുക്ക്; പ്രമുഖ ചാനലുകളുടെ മുഖം നഷ്ടമാവുന്നു (എ.എസ് ശ്രീകുമാര്‍)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടീമുകളിലേയ്ക്കുള്ള താരലേലം അനേക കോടികളുടേതാണ്. കള്ളിക്കളത്തിലെ ആവേശോജ്വലമായ ആ ലേലം ഇപ്പോള്‍ മാധ്യമ രംഗത്തേയ്ക്കും കടന്നിരിക്കുന്നു. കേരളത്തില്‍ ഉടന്‍ സംപ്രേക്ഷണം ആരംഭിക്കാന്‍ പോകുന്ന ചാനല്‍ ഭീമനായ 'ബിഗ് ടി.വി' പ്രമുഖ ചാനലുകളില്‍ നിന്ന് മോഹവില കൊടുത്ത് പേരെടുത്ത മാധ്യമ പ്രവര്‍ത്തകരെ റാഞ്ചിക്കൊണ്ടു പോകുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ചു നാളുകളായി വാര്‍ത്തകളില്‍ കൗതുകമുളവാക്കുന്നത്. റിപ്പോര്‍ട്ടര്‍ ടി.വിയുടെ മുഖമായിരുന്ന കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സുജയാ പാര്‍വതി രാജിവച്ച് ബിഗ് ടി.വിയില്‍ ചേക്കേറിയത് പത്ത് ലക്ഷം രൂപ പ്രതിമാസ ശമ്പളത്തിലാണ്. റിപ്പോര്‍ട്ടറില്‍ 3.5 ലക്ഷം രൂപ ശമ്പളമുണ്ടായിരുന്ന സുജയയെ കനത്ത ശമ്പളത്തിന് പുറമെ ചാനലിന്റെ ചീഫ് എഡിറ്റര്‍ സാഥാനവും കൊടുത്താണ് ബിഗ് ടി.വി വിലയ്‌ക്കെടുത്തത്. ഇതോടെ മലയാള ന്യൂസ് ചാനല്‍ ചരിത്രത്തിലെ ആദ്യ ചീഫ് എഡിറ്ററാവുകയാണ് സുജയ.

റിപ്പോര്‍ട്ടര്‍ ടി.വി, എഷ്യാനെറ്റ് ന്യൂസ്, 24 ന്യൂസ് അടക്കം എല്ലാ പ്രമുഖ ചാനലുകളില്‍ നിന്നും മുന്‍നിര മാധ്യമ പ്രവര്‍ത്തകരെ ചൂണ്ടാന്‍ ഇതിനകം ബിഗ് ടി.വിക്ക് സാധിച്ചിട്ടുണ്ട്. 24-ലെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എസ് വിജയകുമാറിന്റെ അപ്രതീക്ഷിതമായ ചാട്ടം അവര്‍ക്കും തിരിച്ചടിയായി. ഏഷ്യാനെറ്റ് ന്യൂസിലെ കൊച്ചി ബ്യൂറോ ചീഫ് ആയിരുന്ന ജോഷി കുര്യനും ബിഗ് ടി.വിയിലെത്തിയിട്ടുണ്ട്. എന്നാല്‍ അവിടെ മൂപ്പിളമ തര്‍ക്കം രൂപപ്പെട്ടതോടെ വിജയകുമാറിനും ജോഷിക്കും ഒരുപോലെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സ്ഥാനം നല്‍കി രായ്ക്ക്‌രാമാനം  പ്രശ്‌നം സോള്‍വ് ചെയ്തു. പ്രമുഖ വാര്‍ത്താ അവതാരകന്‍ വേണു ബാലകൃഷ്ണന്‍ മീഡിയാ വണ്ണില്‍ നിന്നാണ് ബിഗ് ടി.വിയിലെത്തിയത്. വേണു ബാലകൃഷ്ണനെ ചാനലിന്റെ ന്യൂസ് ഡയറക്ടര്‍ പദവിയില്‍ പ്രതിഷ്ഠിച്ചു.

നേരത്തെ റിപ്പോര്‍ട്ടര്‍ ടി.വിയിലെ ഡിജിറ്റല്‍ ഹെഡ് സ്ഥാനം രാജി വെച്ച ഉണ്ണി ബാലകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് എഡിറ്റര്‍ ആയി ചുമതല ഏറ്റെടുത്തിരുന്നു. ഉണ്ണി ബാലകൃഷ്ണന്റെ ഒഴിവിലേക്ക് ഡിജിറ്റല്‍ ഹെഡ് ആയി ജിമ്മി ജെയിംസ് എത്തി. റിപ്പോര്‍ട്ടറിലെ മീറ്റ് ദ എഡിറ്റേഴ്സ് പരിപാടിയില്‍ അടക്കം തിളങ്ങി നില്‍ക്കവേ ജിമ്മി തന്‍ സ്ഥാനം രാജിവച്ച് മീഡിയാ വണ്ണിലെത്തിയിട്ടുണ്ട്. സീനിയര്‍ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ ആയി ന്യൂസ് 18 കേരളം വിട്ട അപര്‍ണ കുറുപ്പും ന്യൂസ് മലയാളം 24 x 7 വിട്ട ലക്ഷ്മി പദ്മ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ ആയും ബിഗ് ടി.വിയിലുണ്ടാകും. മീഡിയാ വണ്‍ ചാനലില്‍ നിന്ന് അജിംസ് ബിഗ് ടിവിയിലേക്ക് എത്തിയേക്കുമെന്ന് സൂചന ഉണ്ടായിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടര്‍ ടി.വിയിലേക്ക് ആയിരിക്കും അജിംസ് എത്താന്‍ സാധ്യത. അതേസമയം റിപ്പോര്‍ട്ടര്‍ ടിവിയുടെ ടെക്‌നിക്കല്‍, സെയില്‍സ് അടക്കമുളള വിഭാഗങ്ങളില്‍ നിന്നും നിരവധി പേര്‍ ബിഗ് ടി.വിയിലേക്ക് ചേക്കേറിയിട്ടുണ്ട്.

അതേസമയം, ഏറ്റവും കൂടുതല്‍ പേര്‍ കളംവിട്ടത് 24 ന്യൂസില്‍ നിന്നാണ്. എന്നാല്‍ 24-ലും ഫ്‌ളവേഴ്‌സിലും ഒരുപോലെ കഠിനാധ്വാനം ചെയ്യുന്ന ശ്രീകണ്ഠന്‍ നായര്‍ പ്രശ്‌നം തരണം ചെയ്യാനുള്ള ശ്രമത്തിലാണ്. അതില്‍ അദ്ദേഹം വിജയിക്കുന്ന കാഴ്ചയാണ്. കാരണം ചാനലുകളുടെ പതിവ് രീതികളില്‍ കാലാനുസൃതമായ പൊളിച്ചെഴുത്ത് നടത്തി വിജയിച്ച വ്യക്തിയാണ് ശ്രീകണ്ഠന്‍ നായര്‍. എഷ്യാനെറ്റിലെ വിഖ്യാതമായ 'നമ്മള്‍ തമ്മില്‍' എന്ന ശ്രീകണ്ഠന്‍നായര്‍ ഷോ ഇപ്പോള്‍ 24-ല്‍ 'തമ്മില്‍ തമ്മില്‍' എന്ന പേരില്‍ അദ്ദേഹം അവതരിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. സുജയ പാര്‍വതി പോയതിന്റെ ക്ഷീണം റിപ്പോര്‍ട്ടര്‍ ടി.വി തീര്‍ത്തത് മാതൃഭൂമിയുടെ മുഖമായിരുന്ന മാതു സജിയെ തങ്ങളുടെ കൂടാരത്തിലെത്തിച്ചുകൊണ്ടാണ്. ബിഗ് ടി.വി 5 ലക്ഷം രൂപയാണ് മാതുവിന് ഓഫര്‍ ചെയ്തത്. അതിനുമേലായിരിക്കും റിപ്പോര്‍ട്ടറിന്റെ വാഗ്ദാനം.

വലിയ തോതില്‍ ശമ്പളം വര്‍ധിപ്പിച്ചുകൊണ്ടാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ ബിഗ് ടി.വിയിലേയ്ക്കുള്ള തങ്ങളുടെ ജേര്‍ണലിസ്റ്റുകളുടെ ഒഴുക്ക് തടഞ്ഞത്. ഇതിനിടെ ശമ്പളപ്പോരില്‍ മലയാള മാധ്യമ രംഗത്തെ ഗര്‍ജിക്കുന്ന സിംഹമായ 24-ലെ ഹാശ്മി താജ് ഇബ്രബാമിനെയും ബിഗ് ടി.വി നോട്ടമിട്ടിട്ടുണ്ട്.   അങ്ങനെ മലയാള ചാനല്‍ വാര്‍ത്താ മാധ്യമരംഗത്ത് ചൂടുളള ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ് അനില്‍ അയിരൂരിന്റെ നേതൃത്വത്തില്‍ വരുന്ന ബിഗ് ടിവി. ലോഞ്ചിംഗിന് അതിവേഗത്തില്‍ തയ്യാറെടുക്കുന്ന ബിഗ് ടി.വി ഈ മാസം അവസാനത്തോടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നത് കൊണ്ട് തന്നെ പുതിയ ചാനലിന്റെ രാഷ്ട്രീയം എന്തായിരിക്കുമെന്നുളള ചര്‍ച്ച സോഷ്യല്‍ മീഡിയയിലും നടക്കുന്നു. ബിഗ് ടി.വിയെ നയിക്കുന്ന അനില്‍ അയിരൂര്‍ ആരാണെന്ന ചോദ്യവും പലരും ഉന്നയിക്കുന്നു.

ഫ്‌ളവേഴ്‌സ് ടി.വി, 24 ന്യൂസ്, റിപ്പോര്‍ട്ടര്‍ ടി.വി, സീ കേരളം അടക്കമുളള ചാനലുകളെ വന്‍ വിജയത്തിലേക്ക് എത്തിക്കാന്‍ പ്രവര്‍ത്തിച്ച ബുദ്ധികേന്ദ്രമാണ് ആണ്  ബ്രോഡ്കാസ്റ്റിംഗ് വിദഗ്ദ്ധനായ അനില്‍ അയിരൂര്‍. ഏഷ്യാനെറ്റിലൂടെയാണ് അനില്‍ തന്റെ കരിയറിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് ഫ്‌ളവേഴ്‌സ് ടി.വി, 24 ന്യൂസ് എന്നീ ചാനലുകളെ ഹിറ്റാക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചു. എതിരാളികളില്ലാതെ നിന്ന ഏഷ്യാനെറ്റ് ന്യൂസിന് വെല്ലുവിളിക്കാവുന്ന തരത്തിലേക്ക് റിപ്പോര്‍ട്ടര്‍ ടി.വിയെ വളര്‍ത്താനും സാങ്കേതികത്തികവുള്ള അനില്‍ അയിരൂര്‍ എന്ന മീഡിയാ സ്റ്റ്ട്രാറ്റജിസ്റ്റിന് കഴിഞ്ഞിട്ടുണ്ട്.

മലയാള ടെലിവിഷന്‍ ബ്രോഡ്കാസ്റ്റിംഗ് രംഗത്തെ കിംഗ് മേക്കറായാണ് അനില്‍ അയിരൂര്‍ അറിയപ്പെടുന്നത്. കാരണം, ഏഷ്യാനെറ്റ് പ്ലസ്, മഴവില്‍ മനോരമ, ഫ്‌ളവേഴ്‌സ് ടിവി, 24 ന്യൂസ്, റിപ്പോര്‍ട്ടര്‍ ടി.വി, സീ കേരളം തുടങ്ങിയ ചാനലുകളെയെല്ലാം ഒന്നാം നിരയിലെത്തിച്ച ബുദ്ധികേന്ദ്രമാണ് അനില്‍ അയിരൂര്‍. ഓഗ്മെന്റഡ്, വെര്‍ച്വല്‍ റിയാലിറ്റി സാങ്കേതിക വിദ്യകള്‍ കേരളത്തിലെ മീഡിയകള്‍ക്ക് പരിചയപ്പെടുത്തി ടെലിവിഷന്‍ വ്യവസായത്തിന്റെ സാങ്കേതിക സംസ്‌കാരം മാറ്റിയെഴുതി ചരിത്രത്തില്‍ സ്ഥാനം പിടിച്ച വ്യക്തിയാണ് അനില്‍ അയിരൂര്‍.

തെലങ്കാന മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രേവന്ത് റെഡ്ഡിയും കുടുംബവുമാണ് ബിഗ് ടിവിക്ക് വേണ്ടി ഫണ്ടിറക്കുന്നത്. ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അനില്‍ അയിരൂരിന് ചാനലിന്റെ ഉടമസ്ഥാവകാശം കൂടി ഉണ്ടായിരിക്കും. ജീവനക്കാര്‍ക്ക് കമ്പനി ഷെയര്‍ വാഗ്ദാനം ചെയ്യുന്ന ഒരു പുതിയ വിപ്ലവ മാതൃകയാണ് ബിഗ് ടിവി മുന്നോട്ടുവെക്കുന്നത്. തെലുങ്കില്‍ സജീവമായ ബിഗ് ടി.വി ശൃംഖലയുടെ മലയാളം പതിപ്പാണിത്. പക്ഷപാതരഹിതമായ വാര്‍ത്താശേഖരണം, മനുഷ്യാവകാശ സംരക്ഷണം, മാധ്യമ സ്വാതന്ത്ര്യം എന്നിവയില്‍ ഊന്നിയാണത്രേ ചാനല്‍ പ്രവര്‍ത്തിക്കുക. അത്യാധുനിക ഉപകരണങ്ങളും സാങ്കേതിക വിദ്യയും ഉപയോഗിച്ച് വസ്തുനിഷ്ഠമായ വാര്‍ത്താ റിപ്പോര്‍ട്ടുകള്‍, നിഷ്പക്ഷ വിശകലനം, അര്‍ത്ഥവത്തായ ഉള്ളടക്കം എന്നിവ ബിഗ് ടി.വി തെലുങ്കില്‍ അവതരിപ്പിക്കുന്നുണ്ട്.

ഇന്നത്തെ (ഫെബ്രുവരി 5) ബാര്‍ക്ക് റേറ്റിങ് അനുസരിച്ച് 96 പോയിന്റുമായി ഏഷ്യാനെറ്റ് ന്യൂസാണ് ഒന്നാം സാഥാനത്ത്. 81 പോയിന്റോടെ റിപ്പോര്‍ട്ടര്‍ 2-ാം സ്ഥാനത്തുണ്ട്. 24 ചാനല്‍ 10 പെയിന്റ് കൂട്ടി നിലമെച്ചപ്പെടുത്തി മൂന്നാമതാണ്. മനോരമ ന്യൂസ് (38), ന്യൂസ് മലയാളം 24 x 7 (30), മാതൃഭൂമി (30), ജനം (26), കൈരളി (19) എന്നിങ്ങനെയാണ് ഇതര ചാനലുകളുടെ സ്ഥാനവും പോയിന്റും. റേറ്റിംഗിന് വേണ്ടി ചാനലുകള്‍ അക്ഷരാര്‍ത്ഥത്തില്‍ പരസ്പരം യുദ്ധം ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. ബിഗ് ടി.വിയുടെ വരവിലൂടെ ചാനലുകള്‍ തമ്മിലുള്ള വമ്പന്‍ കിടമത്സരത്തിനും റേറ്റിംഗ് സമവാക്യങ്ങളിലെ വലിയ അട്ടിമറിക്കുമുള്ള സാധ്യതയാണ് കേരളത്തിലെ മലയാള മാധ്യമ ലോകം പ്രതീക്ഷിക്കുന്നത്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക