
മോഹൻലാൽ-ശ്രീനിവാസൻ കൂട്ടുകെട്ടിലിറങ്ങിയ എക്കാലത്തെയും വലിയ സൂപ്പർഹിറ്റ് ചിത്രം ‘ഉദയനാണ് താരം’ 21 വർഷങ്ങൾക്ക് ശേഷം വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുന്നു. ഫെബ്രുവരി ആറിന് 4K ദൃശ്യമികവോടെയും ഡോൾബി അറ്റ്‌മോസ് ശബ്ദസംവിധാനത്തോടെയുമാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്. റോഷൻ ആൻഡ്രൂസിന്റെ ആദ്യ സംവിധാന സംരംഭമായ ഈ ചിത്രം സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയാണ് പറഞ്ഞത്. ചിത്രത്തിലെ ‘പറയാതെ അറിയാതെ’ എന്ന ഹിറ്റ് ഗാനം ഇപ്പോൾ 4K മികവിൽ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
സിനിമയുടെ രണ്ടാം വരവിന് ആശംസകളുമായി പ്രിയദർശൻ, സത്യൻ അന്തിക്കാട്, ലാൽ ജോസ് തുടങ്ങിയ പ്രമുഖ സംവിധായകരും കുഞ്ചാക്കോ ബോബൻ, വിനീത് ശ്രീനിവാസൻ തുടങ്ങിയ താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ശ്രീനിവാസന്റെ തിരക്കഥയിൽ സി. കരുണാകരൻ നിർമ്മിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾ ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. ദീപക് ദേവിന്റെ സംഗീതവും വിനീത് ശ്രീനിവാസൻ പാടിയ ‘കരളേ കരളിന്റെ കരളേ’ എന്ന പാട്ടും റീ-റിലീസ് വേളയിൽ വീണ്ടും ചർച്ചയാകുന്നു.
ഹൈ സ്റ്റുഡിയോസ് ആണ് ചിത്രത്തിന്റെ 4K റീമാസ്റ്ററിങ് നിർവഹിച്ചിരിക്കുന്നത്. ന്യൂ സൂര്യ ഫിലിംസിന്റെ ബാനറിൽ എ. കെ സുനിൽ വിതരണത്തിനെത്തിക്കുന്ന ചിത്രത്തിൽ മീന, മുകേഷ്, ജഗതി ശ്രീകുമാർ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്