
"എന്റെ ദൈവമേ നിങ്ങളിതുവരെ പുറപ്പെട്ടില്ലേ?" എന്നു ഫോണിൽ ഇന്നസെന്റിനോടു ചോദിക്കുന്ന, 'മാന്നാർ മത്തായി'യിലെ കമ്മിറ്റി പ്രസിഡന്റിന്റെ ചെറുവേഷമായിരിക്കും പുതുതലമുറയ്ക്ക് കടുവാക്കുളം ആന്റണിയെ പരിചയപ്പെടുത്താൻ നല്ലത്.
ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങൾ ചെയ്ത് ആ നടൻ മിക്കതിലും കാഴ്ചക്കാരെ ഏറെ ചിരിപ്പിച്ചു. പ്രത്യേകതയുള്ള മുഖഭാവവും സംഭാഷണ ശൈലിയും അദ്ദേഹത്തെ വേഷങ്ങളിലൂടെ, അനായാസേന പ്രേക്ഷകരിൽ ചിരി വിടർത്താൻ ഉതകി.
.ആലപ്പുഴ കുട്ടനാട്ടിൽ കർഷകരായ തൊമ്മന്റെയും അന്നമ്മയുടെയും എട്ട് മക്കളിൽ ഏറ്റവും ഇളയ മകനായി 1936 നവംബർ 9-ന് കടുവാക്കുളം ആന്റണി ജനിച്ചത്.
ആന്റണിയുടെ രണ്ടാമത്തെ വയസ്സിൽ ഇദ്ദേഹത്തിന്റെ കുടുംബം കോട്ടയം ജില്ലയിലെ കടുവാക്കുളത്തേയ്ക്ക് താമസം മാറ്റി. ഇതുകൊണ്ടാണ് അദ്ദേഹം തന്റെ ജന്മദേശമെന്ന പോലെ പേരിനോടൊപ്പം കടുവാക്കുളം ചേർത്തത്.
ചെറുപ്പത്തിൽ തന്നെ തമാശകൾ പറയുവാനും അഭിനയിച്ചു കാണിക്കുവാനുമുള്ള കഴിവുണ്ടായിരുന്ന ആന്റണിക്ക് അഭിനേതാവാകണം എന്നായിരുന്നു ആഗ്രഹം. അങ്ങനെ നാടകങ്ങളിൽ അഭിനയിക്കാൻ തയ്യാറായി.
മുതിർന്നശേഷം ഒരു സ്വകാര്യ പണമിടപാടു സ്ഥാപനം നടത്തിയിയിരുന്ന ഇദ്ദേഹം ഒപ്പം പല അമച്ച്വർ നാടക സമിതികളിലും അഭിനയിച്ചിരുന്നു. അഭിനയത്തോടായിരുന്നു അദ്ദേഹത്തിന്റെ അടങ്ങാത്ത താല്പര്യം എന്നതുകൊണ്ട്, ബിസിനസ് ഉപേക്ഷിച്ച് അദ്ദേഹം അഭിനയത്തിനിറങ്ങി. എൻ എൻ പിള്ളയോടൊപ്പം വിശ്വകേരളകലാ സമിതി, കോട്ടയം നാഷണൽ തിയ്യറ്റർ എന്നിവയിൽ പ്രവർത്തിച്ചിരുന്നു.
കടുവാക്കുളം ആന്റണിയെ നടൻ ജോസ് പ്രകാശാണ് സിനിമാ ലോകത്തേക്ക് എത്തിച്ചത്.
1961-ൽ ഇറങ്ങിയ, മെറിലാന്റിന്റെ 'ഭക്തകുചേല' ആയിരുന്നു ആന്റണിയുടെ ആദ്യ ചിത്രം. 1968-ൽ 'വിരുതൻ ശങ്കു' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ഹാസ്യതാരമെന്ന നിലയിൽ അംഗീകാരം നേടി. 'സ്നേഹദീപം' (1962), 'ശ്രീരാമ പട്ടാഭിഷേകം' (1962), 'സ്നാപക യോഹന്നാൻ' (1963), 'പുന്നപ്ര വയലാർ' (1968) എന്നീ ചിത്രങ്ങളിൽ അദ്ദേഹം ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവച്ചു. 'കായംകുളം കൊച്ചുണ്ണി' (1966) എന്ന ചിത്രത്തിലെ കടുവാച്ചേരി ബാവ, 'തിരുവാഭരണം' എന്ന ചിത്രത്തിലെ അമിട്ട് ആന്റണി എന്നിവ അദ്ദേഹത്തിന്റെ പ്രധാന വേഷങ്ങളിൽ പെടുന്നു. 'കല്യാണ രാത്രി'യിലെ അറ്റെൻഡർ നാണു, ടാക്സി കാറിലെ വീരഭദ്രൻ, 'തിരുവാഭരണ'ത്തിലെ മുട്ട അന്തോണി, 'പുന്നപ്ര വയലാറി'ലെ ചട്ടം വേലായുധൻ, 'ഇരുട്ടിന്റെ ആത്മാവി'ലെ ജ്യോൽസ്യൻ, 'സത്യവാൻ സാവിത്രി'യിലെ ദത്ത് എന്നിങ്ങനെ ശ്രദ്ധേയങ്ങളായ വേഷങ്ങൾ വേറെയും നിരവധിയുണ്ട്.
ഇദ്ദേഹം തുടർന്ന് മുന്നൂറിലധികം സിനിമകളിൽ അഭിനയിച്ചു..... അക്കാലത്തെ ഒരു പ്രധാന ഹാസ്യ താരങ്ങളിൽ ഒരാളായിരുന്നു കടുവാക്കുളം ആന്റണി. 1960-70 കാലത്തെ, ബ്ലാക്ക് & വൈറ്റ് കാലത്തെ, മിക്കനടന്മാരെയും പോലെ ആന്റണിക്കും, മലയാള സിനിമകളുടെ ഊടുംപാവും അപ്പാടെ മാറിയ1980-കളോടെ അവസരങ്ങൾ കുറഞ്ഞു.
2000-ൽ 'ഉണ്ണിമായ' എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. എങ്കിലും എന്നാൽ, 1995-ൽ ' മാന്നാർ മത്തായി സ്പീക്കിങ്ങിലെ' രണ്ട്സീൻ മാത്രമുള്ള വേഷത്തിലൂടെയാണ് കടുവാക്കുളം ഇന്ന് ഓർക്കപ്പെടുന്നത്.
2001 ഫെബ്രുവരി 4-ന്, 65-ാം വയസ്സിൽ, അന്തരിച്ചു. നടി ബിയാട്രീസ് ആന്റണിയാണ് ഭാര്യ. സോണിയ ആന്റണി, ടോമിദാസ് ആന്റണി എന്നിവരാണ് മക്കൾ.
