Image

സമാധാനം ( കവിത : ഷലീർ അലി )

Published on 05 February, 2026
 സമാധാനം ( കവിത : ഷലീർ അലി )

ഒന്നും ചെയ്യാനില്ലാതിരിക്കുകയെന്ന അവസ്‌ഥയിലാവുമ്പോഴാണ്

ഓർമ്മകളുടെ നായാട്ടിനിരയാവുന്നത്...

കൂടെയുണ്ടായിരുന്നവരുടെ

തിരക്കുകളിലേക്ക്

തിരഞ്ഞു ചെല്ലുമ്പോഴാണ്

നിരാശയുടെ ചതുപ്പിൽ

കിടന്നുറങ്ങേണ്ടി വരുന്നത്..

ഒന്നും ചെയ്യാനില്ലാതിരിക്കുമ്പോഴാണ്

തനിച്ചാണെന്ന തോന്നലിൽ

ആമയെ പോലെ ഉൾവലിയുന്നത്...

അതേ തോന്നലിന്റെ കൊടുമുടിയിൽ

കയറി നിന്നാണ് നമ്മൾ പകലിരുളുന്നതും...

രാവു പുലരുന്നതും കാണാൻ തുടങ്ങുന്നത്...

ഉറക്കമെന്നാൽ കൺപോളകളിൽ

കനം തൂങ്ങുന്നൊരു തടിപ്പായി മാത്രം അവശേഷിക്കുന്നത്..

അങ്ങനെയങ്ങനെ ഒന്നുമൊന്നും

ചെയ്യാനില്ലാത്ത ഒഴുക്കൻ നിമിഷങ്ങളാണ്

അന്യരായിപ്പോയ പുഴകളുടെ വഴികളിലേക്ക്

വെറുതെയൊഴുകാൻ തള്ളി വിടുന്നത്....

ആകയാൽ..

ഒന്നും ചെയ്യാനില്ലാതിരിക്കുകയെന്ന

മടിപ്പെടലിനെ തോല്പിച്ചു കൊണ്ടേയിരിക്കലാണ്.. സമാധാനം... !

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക