Image

വിടുതല്‍ (ചെറുകഥ: ലൈലാ അലക്‌സ്)

Published on 05 February, 2026
വിടുതല്‍ (ചെറുകഥ: ലൈലാ അലക്‌സ്)

ഇന്ന് പെസഹാ പെരുന്നാളിൻറെ ഏഴാം ദിവസം
വിടുതലിൻറെ സന്തോഷത്തിലേക്കുള്ള യാത്രയുടെ ഓർമ്മ...  അടിമത്തത്തിൻറെ കയ്പ്പിൽ നിന്നും, കഷ്ടതയിൽ നിന്നും മോചനം. ഏതു യഹൂദനും സ്വന്തക്കാരോടൊപ്പം ആചരിക്കുന്ന പെരുന്നാൾ....
റൂത് ഓവൻ തുറന്നു റോസ്റ്റ് ചെയ്യാൻ വെച്ചിരുന്ന ആടിൻറെ വാരിയെല്ലുകൾ പുറത്തേക്കു എടുത്ത് പാകം നോക്കി. ഒലിവ് എണ്ണയിൽ ഉപ്പും, കുരുമുളകും, വെളുത്തുള്ളിയും, റോസ്‌മേരിയും, തൈമും ചേർത്ത മിശ്രിതം തേച്ചു പിടിപ്പിച്ച ആട്ടിൻ കാൽ വെന്തു പാകമായിരിക്കുന്നു. നേരത്തെ തന്നെ തയ്യാറാക്കിയ മീൻ    ഫ്രിഡ്‌ ജിൽ തണുക്കുന്നു. മാറ്റ്‌സോയും സാലഡുകളും, ഹോഴ്സ് റാഡിഷും എല്ലാം തയ്യാറായിക്കഴിഞ്ഞു. 
മേശയുടെ നടുവിലെ   സിഡർ പ്ലേറ്റിലെ മുട്ട, ആടിൻറെ കണങ്കാൽ എല്ല്, പിതാമഹന്മാർ ഈജിപ്തിൽ ഫറവോൻറെ അടിമകളായി കഴിഞ്ഞ കാലത്ത്  വിശ്രമമില്ലാതെ അധ്വാനിച്ച ദിനങ്ങളുടെ ഓർമ്മയ്ക്കായുള്ളവ,  അവർ കുടിച്ച കണ്ണുനീരിൻറെ ഉപ്പും അടിമത്തത്തിൻറെ കയ്പ്പും ഓർമിപ്പിക്കാൻ മറോർ.…
വിടുതലിൻറെ പ്രവാചകനായ ഏലീയാവിനായി ഒരു ഗ്ലാസ് നിറയെ വീഞ്ഞ് മേശയുടെ നടുവിൽ സൂക്ഷിച്ചു വെച്ചു.
'ബൂബാ, ഇന്ന് അങ്കിൾ വരുമോ? എല്ലാ വർഷവും നീ അങ്കിൾ വരുമെന്ന് ഞങ്ങളോട് പറയാറില്ലേ?’ റൂത്തിനോട് പേരക്കുട്ടികളിൽ ഒരാൾ ചോദിച്ചു.
‘വരും. ഒരു പെസഹാ നാളിൽ അവൻ വരും. വിരുന്നിനു ശേഷം ഏലീയാവിനെ സ്വീകരിക്കാൻ വാതിൽ തുറക്കുമ്പോൾ അവൻ അവിടെ ഉണ്ടാവും... എൻറെ നാഥാൻ....’
തൻറെ അഞ്ചാമത്തെ മകൻ. മറ്റു സഹോദരങ്ങളുടെ കണ്ണിലെ കരട്. അവനെ മോശമാക്കാൻ കിട്ടുന്ന ഒരു അവസരവും അവർ പാഴാക്കാറില്ല. ഇന്ന് രാവിലെയും കൂടി…
മിഷ്ന പാലിച്ച്‌ നാടിനുവേണ്ടി, യെരൂശലേമിനുവേണ്ടി യുദ്ധത്തിന് പോയവൻ.  ഓരോ പെസഹായ്ക്കും റൂത് കാത്തിരിക്കുന്നത് അവനെയാണ്. 
മറ്റു മക്കൾ എല്ലാം എത്തിയിട്ടുണ്ട്; കുടുംബ സമേതം. വീടിൻറെ അകത്തളങ്ങളിൽ എല്ലാം ഒച്ചയും ബഹളവും. കുട്ടികളുടെ കളിചിരികളും. അവൻ മാത്രം....
'അവൻ കൂടി വന്നിരുന്നെങ്കിൽ....'  റൂത് പറഞ്ഞുപോയി.
അന്യജാതിക്കാരിയെ വിവാഹം കഴിച്ചവൻ... മതാചാരങ്ങൾ ഒന്നും പാലിക്കാത്തവൻ...  ജന്മം നൽകിയ മാതാപിതാക്കൾക്ക് നാണക്കേടുണ്ടാക്കിയവൻ... എന്തിന്, സ്വന്തം പിതാവിൻറെ മരണാനന്തര കർമങ്ങൾക്കു പോലും വരാഞ്ഞവൻ. അവൻറെ പേരിൽ സഹോദരങ്ങൾ ആരോപിക്കുന്ന കുറ്റങ്ങളുടെ പട്ടിക നീണ്ടുപോകുന്നു. 
പക്ഷേ, റൂത്തിനറിയാം നാടിനുവേണ്ടി യുദ്ധത്തിന് പോയവനാണ് അവൻ. അന്ന് ഒരിക്കൽ വന്നതുപോലെ അവൻ ഇനിയും വരും. ചെങ്കടൽ പകുത്ത് ഫറവോൻറെ അടിമത്തത്തിൽ നിന്നും രക്ഷിച്ച് കൊണ്ടുപോകും.  ഓരോ പെസഹായ്ക്കും ഈ സംഭാഷണം നടക്കാറുള്ളതാണ്. പേരക്കുട്ടികൾ അവളോട് ചോദിക്കും: 'ഇന്ന് അങ്കിൾ നാഥാൻ വരുമോ?' 
'നീ നിൻറെ അബ്ബായോടു ചോദിക്കൂ. അവനാണ് നാഥാനെ അവസാനം കണ്ടത്. എന്ന് വരുമെന്നാണ് അവൻ പറഞ്ഞത് എന്ന് ചോദിക്കൂ.'
'അബ്ബായോ? അതെങ്ങനെ? ആബാ ഇതുവരെ പറഞ്ഞിട്ടില്ലല്ലോ...'
‘കടയിൽ പണിചെയ്യുകയായിരുന്ന സായ്‌ദീക്കു ആഹാരവുമായി പോയതായിരുന്നു. മടിയന്മാരായ മൂത്ത സഹോദരന്മാർ വെയിലത്ത് പോകാൻ വിസമ്മതിച്ചപ്പോൾ ഇളയവനായ അവൻ പോയതാണ്...'
'എന്നിട്ട് ...?' 
'അവനെ പട്ടാളക്കാർ പിടിച്ചുകൊണ്ടുപോയി എന്നാണ് പിന്നെ കേട്ടത് ...'
'എന്നിട്ട്?'
റൂത് ഓർമകളിൽ മുഴുകി ഒരു നിമിഷം നിശബ്ദയായി. പിന്നെ പറഞ്ഞു:
'മൂന്നു വർഷങ്ങൾക്ക് ശേഷമാണ് അവൻ വന്നത്. അവനെ തിരിച്ചറിയാൻ കൂടി പ്രയാസപ്പെട്ടു. യുദ്ധത്തിൻറെ ഭീകരതകൾ ആ നീല കണ്ണുകളിൽ തീയായി അപ്പോഴും ജ്വലിക്കുന്നുണ്ടായിരുന്നു. എപ്പോഴും ചിരിച്ചുകൊണ്ടിരുന്ന അവൻ ചിരിക്കാൻ മറന്നു പോയിരുന്നു'. 
‘അവൻ അധികം ഒന്നും സംസാരിച്ചില്ല. എന്നോട് പോലും.  നല്ല ആഹാരം നൽകിയതിനും കിടക്കാൻ വൃത്തിയുള്ള കിടക്ക കൊടുത്തതിനും എപ്പോഴും ദൈവത്തോട് നന്ദി പറഞ്ഞു. എങ്കിലും അവൻറെ മൗനത്തിൽ നിന്ന് മനസ്സിലാവുമായിരുന്നു അവൻ അനുഭവിച്ച ദുരിതങ്ങൾ. അവൻ കണ്ട ഭീകരതകൾ .... ദൂരെ ഇരുന്ന് പറഞ്ഞാൽ അത് ഒരാൾക്കും മനസ്സിലാവില്ല.  അതുകൊണ്ട് ഒന്നും ചോദിച്ച് ഞങ്ങൾ അവനെ ബുദ്ധിമുട്ടിച്ചില്ല’.   
റൂത് നിർത്തി. അവളുടെ പേരക്കുട്ടികൾ അവൾക്കു ചുറ്റും കഥയുടെ ബാക്കി കേൾക്കാൻ കാത് കൂർപ്പിച്ചിരുന്നു.  പ്രതീക്ഷാനിർഭരമായ ആ മുഖങ്ങൾ ഓരോന്നായി മാറി മാറി നോക്കിക്കൊണ്ട് അവൾ ഒന്നും മിണ്ടാതെ കുറെയേറെ നേരം ഇരുന്നു. ആ നിശബ്ദത അസഹനീയമായപ്പോൾ കൂട്ടത്തിലെ ഇളയവൻ അവളുടെ കൈ പിടിച്ചു കുലുക്കി.
'ബൂബ... പിന്നെ എന്തുണ്ടായി എന്ന് പറയ്.'
'കുറെ ദിവസങ്ങൾ അവൻ ഇവിടെ താമസിച്ചു. നിങ്ങളുടെ സായ്‌ദീയോടൊപ്പം കടയിൽ പോയി അദ്ദേഹത്തെ സഹായിച്ചു. വീട്ടിലേക്കുള്ള വകകൾ വാങ്ങിക്കൊണ്ടു വന്നു.
'സായ്‌ദീയോടും എന്നോടും ഒപ്പമാണ് അവൻ സമയം മുഴുവൻ ചെലവഴിച്ചത്. സഹോദരന്മാർ അവനെ അവരുടെ വീടുകളിലേക്ക് ഒരിക്കൽ കൂടിയും ക്ഷണിച്ചില്ല.'
റൂത്തിൻറെ മുഖം ചുവന്നു.
'മുഴുവൻ സമയവും? അതെന്താ സഹോദരങ്ങളുടെ കൂടെ ഒട്ടും സമയം ചെലവഴിക്കാഞ്ഞത്?’ റൂത്തിൻറെ രണ്ടാമത്തെ മകൻറെ മകളായ റൂത്തിൻറെ പേരുകാരി ചോദിച്ചു. 
'അവനോട് അവർക്കെല്ലാം അസൂയ ആയിരുന്നു.... ചെറുപ്പം മുതൽ തന്നെ... തരം കിട്ടുമ്പോഴൊക്കെ അവർ അവനെ ഉപദ്രവിച്ചു. കുട്ടികൾ തമ്മിൽ കളിക്കുമ്പോൾ ഉള്ള അടിപിടി എന്നേ എല്ലാവരും കരുതിയുള്ളൂ. '
ഒന്ന് നിർത്തി, റൂത് തുടർന്നു:
'അവരെക്കാളൊക്കെ സുന്ദരനായിരുന്നു അവൻ. ബുദ്ധിയും ഉണ്ടായിരുന്നു. പഠിപ്പിലേറെ കേമൻ... അവർ അവനെ കൊന്നുകളയുമോ എന്നുപോലും ഞാൻ ഭയന്നിരുന്നു...'
കുട്ടികളുടെ മുഖത്ത് അമ്പരപ്പ് പടർന്നു. 
'ആര്?’ പല കൺഠങ്ങളിൽ നിന്ന് ഒരുമിച്ച് ആ ചോദ്യം ഉയർന്നു. റൂത് ഒന്നും പറയാതെ അകലേക്ക് കണ്ണുകൾ പായിച്ച് ഇരുന്നതേയുള്ളൂ.
‘എൻറെ അബ്ബാ അങ്ങനെ ചെയ്യില്ല', മൂത്ത മകൻറെ ഇളയ കുട്ടി തീർത്തു പറഞ്ഞു.
'പിന്നെ എൻറെ അബ്ബാ കൊല്ലുമെന്നാണോ, അതും സഹോദരനെ? ഒരിക്കലുമില്ല...'  മൂന്നാമത്തെ മകൻറെ മകനും അവൻറെ അച്ഛനെ ന്യായീകരിച്ചു. 
'ഈ ബൂബ ചുമ്മാ പറയുന്നതാ... ബൂബയ്ക്ക് നമ്മുടെ അബ്ബാമാരെ ഇഷ്ടമല്ല. അങ്കിൾ നാഥാനെ മാത്രമേ ഇഷ്ടമുള്ളൂ ... അതിനു പറയുന്നതാ...'
കുട്ടികൾ അവളുടെ അടുത്ത് നിന്നും മാറിപ്പോയി: അവരുടെ അച്ഛന്മാരെ അങ്ങനെ മോശക്കാരാക്കിയത് പിടിക്കാതെ.  
റൂത് അവിടെത്തന്നെ ഇരുന്നു. 
പഴയ കാര്യങ്ങൾ ഒന്നൊന്നായി മനസ്സിൻറെ അഭ്രപാളികളിൽ തെളിഞ്ഞു തുടങ്ങി. അഞ്ച് ആൺമക്കൾ. സുന്ദരന്മാരായ, സമർത്ഥരായ മക്കൾ. കുടുംബത്തെ സ്നേഹിക്കുന്ന, കുടുംബത്തെ പോറ്റാൻ എല്ലുമുറിയെ പണിയാൻ മടിയില്ലാത്ത ഭർത്താവ്… അദ്ദേഹത്തിൻറെ കടയിൽ നിന്ന് കുടുംബം നടത്താൻ വേണ്ടുന്ന വരുമാനമുണ്ടായിരുന്നു. ഇതിൽ കൂടുതൽ എന്താണ് ഒരു സ്ത്രീയ്ക്ക് വേണ്ടത്? ദൈവം അനുഗ്രഹിച്ചവൾ എന്ന് സമുദായം ഒന്നടങ്കം വാഴ്ത്തിയപ്പോൾ ഏറെ അഹങ്കരിച്ചു. 
ഉച്ചയ്ക്ക് കടയിലേക്ക് അബ്ബയ്ക്ക് ആഹാരവുമായി പോകുമ്പോൾ അവൻ പറയുമായിരുന്നു:
'ഇമാ… ഒന്ന് രണ്ടു വർഷം കൂടി കഴിഞ്ഞാൽ പിന്നെ ഞാൻ നടത്തിക്കോളാം കട. അബ്ബയ്ക്ക് പ്രായമായി. വീട്ടിൽ വിശ്രമിക്കട്ടെ....'
അപ്പോഴും ദൂരെ എവിടെയോ നടക്കുന്നുണ്ടായിരുന്ന യുദ്ധം ഈ കൊച്ചു ഗ്രാമത്തിൻറെ സ്വച്ഛതയെ ബാധിച്ചിരുന്നില്ല. പുരുഷന്മാർ ഒത്തുചേരുന്ന സദസ്സുകളിൽ ഒതുങ്ങി നിന്നു യുദ്ധത്തെക്കുറിച്ചുള്ള സംഭാഷണങ്ങൾ. 
നാളുകൾ കഴിയുമ്പോൾ ആ യുദ്ധം അവസാനമില്ലാതെ, നീണ്ടു നീണ്ടു പോകുന്നതും അടുത്തടുത്ത് വരുന്നതും അവർ അറിഞ്ഞു. ആദ്യമൊന്നും അത്  രൂത്തിനെ ബാധിച്ചില്ല: അവൾ സന്തോഷവതിയായി തുടർന്നു. പക്ഷേ, പരിചയത്തിലുള്ള കുടുംബങ്ങളിൽ നിന്നും സൈന്യത്തിലേക്കു പോയ യുവാക്കൾ പലരും തിരിച്ചു വന്നില്ല എന്ന് കണ്ടപ്പോൾ അവൾക്കും ഭയം ബാധിച്ചു തുടങ്ങി. നെഞ്ചുരുകി കരയുന്ന അമ്മമാരുടെ എണ്ണം ദിനം പ്രതി കൂടിക്കൂടി വരുന്നത് റൂത്തിനെ പരിഭ്രാന്തയാക്കി. മുതിർന്ന മക്കളെ കെട്ടിപ്പിടിച്ച് അവൾ കരഞ്ഞു തുടങ്ങി. സൈന്യത്തിൽ ചേരാനുള്ള ഗവൺമെൻറ് അറിയിപ്പ് അവർക്കു വരുന്നത് ഓർത്ത് അവൾക്ക് ഉറങ്ങാൻ കഴിയാതെ ആയി.
റൂത്തിൻറെ ചുണ്ടുകൾ വിറച്ചു.  അവർ തന്നോട് തന്നെ എന്ന വണ്ണം പറഞ്ഞുകൊണ്ടിരുന്നു.
‘എത്ര സന്തോഷത്തോടെ ആണെന്നോ അവൻ പോയത്!  സൈന്യത്തിൽ ചേരാനുള്ള പോക്കാണെന്നു ഞാനും അവൻറെ അബ്ബായും അറിഞ്ഞില്ല. നിങ്ങളുടെ അബ്ബമാർക്കു അറിയാമായിരുന്നു: അവർ ഞങ്ങളോട് പറഞ്ഞില്ല.' 
'എല്ലാ കുടുംബങ്ങളിൽ നിന്നും ഓരോരുത്തർ സൈന്യത്തിലേക്കു പോയപ്പോൾ ഭാര്യമാരും കുട്ടികളും ഉള്ള ജ്യേഷ്ഠ സഹോദരന്മാരെ ഒഴിവാക്കി അവൻ പോയി...'
‘എന്തിനാണ് അവർ അവനെക്കുറിച്ച് വേണ്ടാത്തത് പറയുന്നത് .... യുദ്ധമുഖത്തു പരിചയപ്പെട്ട ജനറലിൻറെ മകളെ കല്യാണം കഴിച്ചെന്ന്‌....  ഇനി ആരും അവനെ തിരഞ്ഞു അങ്ങോട്ട് ചെല്ലേണ്ട എന്ന് അന്വേഷിച്ചുചെന്ന സഹോദരന്മാരോട് പറഞ്ഞെന്ന് ....’
'അവന് ഇമയേ കാണാതെയിരിക്കാൻ ആവില്ല എന്ന് ആരെക്കാളും നന്നായി എനിക്കറിയാം’.
'മതി കളിച്ചത്.   പോയി കൈയും മുഖവും കഴുകി വരൂ. ഡിന്നറിനു സമയമാകുന്നു.' കുട്ടികളുടെ അമ്മമാർ അവരെ വിളിച്ചു.
അകത്തളത്തിൽ വലിയ മേശയ്ക്കു ചുറ്റും ആ കുടുംബം ഒത്തുകൂടി. സ്വാതന്ത്ര്യത്തിൻറെ ഓർമയിൽ വിശാലമായ ഇരിപ്പിടങ്ങളിൽ അവർ ചാരിക്കിടന്ന് വിരുന്ന് കഴിക്കാൻ ഒരുങ്ങി.    
മൂത്തമകൻ മേശയുടെ തലക്കൽ ഗൃഹനാഥൻറെ സ്‌ഥാനത്തിരുന്നു. കത്തിച്ച മെഴുകുതിരിവെട്ടത്തിൽ റൂത് ആ മുഖങ്ങൾ ഓരോന്നും മാറിമാറി നോക്കി.
വീഞ്ഞ് നിറച്ച ആദ്യ കപ്പ് റൂത് കൈനീട്ടി എടുത്തു. മൂത്ത മകൻ ആദ്യ പ്രാർത്ഥന ചൊല്ലാൻ തുടങ്ങി. വിരുന്ന് നീണ്ടു പോയി. വിടുതലിൻറെ ചരിത്രം പ്രാർത്ഥനയായി ഓരോ മനസ്സുകളിലും നിറഞ്ഞു. 
റൂത്തിനു മംഗളം ആശംസിച്ച് മക്കളുടെ കുടുംബങ്ങൾ അവരവരുടെ വീടുകളിലേക്കു മടങ്ങുമ്പോൾ പേരക്കുട്ടികൾ അവരവരുടെ അച്ഛന്മാരോട് പരിഭവിച്ചു: 'അബ്ബാ നിങ്ങൾ എന്താ അങ്കിൾ നാഥാൻ വന്നപ്പോൾ നമ്മുടെ വീട്ടിലേക്ക് ക്ഷണിക്കാഞ്ഞത്? അതുകൊണ്ടല്ലേ ഞങ്ങൾക്ക് കാണാൻ പറ്റാഞ്ഞത്... അതുകൊണ്ടല്ലേ ബൂബയ്ക്ക് നിങ്ങളോട് ഇത്ര ദേക്ഷ്യം!' 
'അത് അവന് വളരെക്കുറച്ചേ ലീവ് ഉണ്ടായിരുന്നുള്ളൂ. അത് ബൂബയോടും സായിദിയോടും ഒപ്പം കഴിച്ചോട്ടെ എന്ന് കരുതി...' സഹോദരന്മാരിൽ ഒരാൾ കുട്ടികൾ എല്ലാവരോടുമായി പറഞ്ഞു.
പേരക്കുട്ടികളിൽ മൂത്തവൻ ഈർഷ്യപ്പെട്ടു: ‘അതിന് അത് അങ്കിൾ നാഥാൻ ആയിരുന്നില്ല. ഏതോ വഴിപോക്കൻ. നിങ്ങൾക്കറിയില്ലേ പെരുന്നാളിന് വരുന്ന വഴിപോക്കരെ നമ്മൾ സ്വീകരിക്കുമെന്ന്?’
അവൻ അവൻറെ അച്ഛനോട് ചോദിച്ചു: 'അബ്ബാ, എത്ര നാൾ നിങ്ങൾക്ക് സത്യം മറെച്ചുവെക്കാൻ കഴിയും? നിങ്ങൾ എന്താണ് ബൂബയോട്  പറയാത്തത്- അങ്കിൾ നാഥാൻ മരിച്ചുപോയി എന്ന സത്യം?'
പൊട്ടി വന്ന വിതുമ്പലടക്കിപ്പിടിച്ച് അച്ഛൻ മറുപടി പറഞ്ഞു:  'ങും...  ബോംബാക്രമണത്തിൽ കത്തിക്കരിഞ്ഞു പോയി അവൻ എന്ന് എങ്ങനെയാണ് ഇമയോട് പറയുന്നത്? ആചാരപ്രകാരമുള്ള ശവസംസ്‌കാരം പോലും നടത്താൻ കഴിഞ്ഞില്ല എന്ന് അറിഞ്ഞാൽ സഹിക്കാൻ കഴിയില്ല ആ പാവത്തിന്.   വേണ്ട... ഇമ കാത്തിരുന്നോട്ടെ… അവൻ എന്നെങ്കിലും വരുമെന്ന പ്രതീക്ഷയിൽ...' 
അപ്പോൾ റൂത് വാതിലുകൾ അടെച്ച് അകത്തു കയറി കിടക്കയിൽ വീണു കരയുകയായിരുന്നു- യുദ്ധത്തിൽ മരണമടഞ്ഞ തൻറെ മകനെയും, അതിലുപരി, ആ ദുഃഖം തന്നെ അറിയിക്കാതെയിരിക്കാൻ അവനെപ്പറ്റി കള്ളക്കഥകൾ മെനെഞ്ഞു തന്നെ സമാധാനിപ്പിക്കാൻ പരിശ്രമിക്കുന്ന മറ്റു മക്കളെയും ഓർത്ത്.  

*സിഡെർ പ്ലേറ്റ്: മേശയുടെ നടുവിൽ ആചാരപ്രകാരമുള്ള ആട്ടിൻ കാൽ, മാറ്റ്സൊ (പുളിപ്പിക്കാത്ത ബ്രെഡ്), മുട്ട, മറോർ (കയ്പുള്ള സസ്യങ്ങൾ), ഹാറോസറ്റ് (ആപ്പിളും,വാൾനട്ടും അരിഞ്ഞു ചുവന്ന വീഞ്ഞിൽകുഴച്ചത്) ഉപ്പ് മുതലായവ  വെക്കുന്ന പ്ലേറ്റ്.  
സായിദി: മുത്തശ്ശൻ 
ബൂബ: മുത്തശ്ശി 
ഇമാ: അമ്മ 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക