
ന്യൂയോർക്ക് : ക്വീൻസിൽ പൊലീസ് വെടിവെപ്പിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന മാനസികാരോഗ്യ പ്രശ്നങ്ങളുള്ള യുവാവിനെതിരെ ക്രിമിനൽ കേസ് എടുക്കരുതെന്ന് ആവശ്യപ്പെട്ട് മേയർ സൊഹ്‌റാൻ മാംദാനി രംഗത്തെത്തി. സ്കിസോഫ്രീനിയ ബാധിച്ച 22 വയസ്സുകാരൻ ജബേസ് ചക്രബർത്തിക്ക് വേണ്ടത് മാനസികാരോഗ്യ പരിചരണമാണ്, കുറ്റപത്രമല്ല എന്നാണ് മേയറുടെ നിലപാട്.
സംഭവത്തിൽ ക്വീൻസ് അറ്റോർണീസ് ഓഫിസ് അന്വേഷണം തുടരുകയാണ്. പ്രാഥമികമായി കൊലപാതകശ്രമം എന്ന കുറ്റം ചുമത്താനുള്ള സാധ്യത പരിശോധിക്കുന്നുവെന്ന റിപ്പോർട്ടുകളുണ്ടെങ്കിലും, അന്വേഷണങ്ങളെക്കുറിച്ച് പ്രതികരിക്കില്ലെന്ന് ഡി.എ. ഓഫീസ് അറിയിച്ചു.
ചൊവ്വാഴ്ച മറ്റൊരു വാർത്താസമ്മേളനത്തിൽ സംസാരിച്ച മേയർ മംദാനി, ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജബെസിനെ സന്ദർശിച്ചതായും, കുടുംബത്തെ കണ്ടതായും പറഞ്ഞു. പോലീസിന്റെ ബോഡി ക്യാമറ ദൃശ്യങ്ങൾ കണ്ടതിനു ശേഷമാണ് തന്റെ നിലപാട് കൂടുതൽ വ്യക്തമായതെന്ന് അദ്ദേഹം പറഞ്ഞു.വർഷങ്ങളായി സ്കിസോഫ്രീനിയയുമായി പോരാടുന്ന ഒരാളും, അസഹ്യമായ വേദന അനുഭവിക്കുന്ന ഒരു കുടുംബവുമാണ് കണ്ടതെന്ന് മേയർ പറഞ്ഞു.
ജനുവരി 26-നാണ് സംഭവം. ക്വീൻസ് ബ്രയർവുഡിലെ പാർസൺസ് ബൂളവാർഡിലെ വീട്ടിൽ ഗ്ലാസ് തല്ലി തകർക്കുകയാണെന്ന കുടുംബത്തിന്റെ 911 സന്ദേശത്തെത്തുടർന്ന് ന്യൂയോർക്ക് പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ബോഡി-ക്യാം ദൃശ്യങ്ങൾ പ്രകാരം, ഉദ്യോഗസ്ഥർ അകത്ത് കടന്നതോടെ ജബെസ് വലിയ അടുക്കളക്കത്തി എടുത്ത് അവരുടെ നേരെ നീങ്ങുകയായിരുന്നു. ആയുധം താഴെവെയ്ക്കാൻ ഉദ്യോഗസ്ഥർ ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും, അയാൾ മുന്നോട്ട് നീങ്ങിയതോടെയാണ് വെടി ഉതിർത്തത്.
പൊലീസ് വെടിവെച്ചതിന് പിന്നാലെ, ഉദ്യോഗസ്ഥർ തന്നെ പ്രാഥമിക ചികിത്സ നൽകിയതായും, എൻവൈപിഡി അസിസ്റ്റന്റ് ചീഫ് ക്രിസ് മാക്കിന്റോഷ് പറഞ്ഞു. തുടർന്ന് ജബെസിനെ ആശുപത്രിയിലെത്തിച്ചു. നിലവിൽ നില ഗുരുതരമാണെങ്കിലും ബോധം വീണിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ, ദക്ഷിണേഷ്യൻ കുടിയേറ്റ സമൂഹത്തിന്റെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന ദേശീസ് റൈസിംഗ് അപ്പ് ആൻഡ് മൂവിങ് (ഡ്രം) ജബെസിന്റെ കുടുംബത്തിനായി രംഗത്തെത്തിയിരുന്നു. തങ്ങൾ ആംബുലൻസിനുവേണ്ടിയാണ് 911 വിളിച്ചത് എന്നും മാനസിക സമ്മർദ്ദത്തിലായിരുന്ന മകനെ ചികിത്സിക്കാൻ വേണ്ടിയാണ് സഹായം തേടിയതെന്നും പൊലീസിനെ വിളിച്ചില്ല പക്ഷേ മെഡിക്കൽ റെസ്‌പോണ്ടേഴ്സിന് പകരം എൻവൈപിഡി എത്തി മകനെ തങ്ങളുടെ മുന്നിൽ വെടിവെച്ചു എന്നുമാണ് കുടുംബത്തിന്റെ ആരോപണം.
കുടുംബാംഗങ്ങളുടെ കുടിയേറ്റ സ്റ്റാറ്റസിനെപ്പറ്റിയും ചോദ്യം ചെയ്‌തുവെന്ന ആരോപണവും ഉയർന്നു. എന്നാൽ എൻവൈപിഡി ഇത് നിഷേധിച്ചു. 911 കോളിൽ തന്നെ എമർജൻസി മെഡിക്കൽ സർവീസും പൊലീസും എത്തുമെന്ന് അറിയിച്ചിരുന്നുവെന്നും, വീട്ടിൽ പ്രവേശിക്കാൻ കുടുംബം സമ്മതം നൽകിയതാണെന്നും പൊലീസ് പറഞ്ഞു. ഫോണുകൾ പിടിച്ചെടുത്തത് ക്വീൻസ് ഡി.എ. ഓഫീസ് നിർദേശപ്രകാരമാണെന്നും, കുടിയേറ്റവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിച്ചതിന് ഒരു തെളിവും ഇല്ലെന്നും എൻവൈപിഡി വ്യക്തമാക്കി.
ആദ്യ പ്രതികരണത്തിൽ, സമൂഹസുരക്ഷയ്ക്ക് വേണ്ടി ജീവൻ പണയം വെക്കുന്ന പൊലീസുകാരെ അഭിന്ദിക്കുന്നു എന്നു പറഞ്ഞ മേയർ മംദാനിയുടെ നിലപാട് കുടുംബം കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. എന്നാൽ പിന്നീട് നിലപാട് മാറ്റിയതായാണ് പുതിയ പ്രസ്താവന സൂചിപ്പിക്കുന്നത്.
ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, ഡിപ്പാർട്ട്‌മെന്റ് ഓഫ് കമ്മ്യൂണിറ്റി സേഫ്റ്റി എന്ന പുതിയ വകുപ്പിന്റെ അടിയന്തര ആവശ്യകത വീണ്ടും ഉയർത്തിക്കാട്ടുകയാണ് മേയർ. മാനസികാരോഗ്യ പ്രതിസന്ധികളുള്ള 911 കോളുകളിൽ ബിഹേവിയറൽ ഹെൽത്ത് വിദഗ്ധർ, പിയർ എക്‌സ്‌പർട്സ്, പൊലീസ് എന്നിവരെ ഉൾപ്പെടുത്തി കോ-റെസ്‌പോൺസ് മാതൃക നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഈ വകുപ്പിന്റെ രൂപീകരണത്തിന് നിയമനിർമ്മാണം അവതരിപ്പിച്ചിട്ടുണ്ടെന്നും, അത് വേഗത്തിലാക്കാൻ ശ്രമം തുടരുകയാണെന്നും മേയർ വ്യക്തമാക്കി.
നിലവിൽ നഗരത്തിൽ പ്രവർത്തിക്കുന്ന ബി-ഹേർഡ് (ബിഹേവിയറൽ ഹെൽത്ത് എമെർജൻസി അസിസ്റ്റൻസ് റെസ്പോൺസ് ഡിവിഷൻ) പദ്ധതി 2021 മുതൽ നടപ്പിലുണ്ടെങ്കിലും, ജബെസ് താമസിക്കുന്ന 107-ാം പ്രിസിങ്ക്റ്റിൽ അത് ഇതുവരെ പ്രവർത്തിക്കുന്നില്ല. 35,000-ത്തിലധികം മാനസികാരോഗ്യ 911 കോളുകൾക്ക് പ്രതികരിച്ച ബി-ഹേർഡ് ടീമുകൾ, 43 ശതമാനം കേസുകളിൽ ആശുപത്രിയിലേക്ക് മാറ്റാതെ തന്നെ സ്ഥലത്തുവെച്ച് ചികിത്സ നൽകിയതായി സിറ്റിയിലെ കണക്കുകൾ പറയുന്നു.
ക്വീൻസ് വെടിവെപ്പ് സംഭവം, മാനസികാരോഗ്യ പ്രതിസന്ധികൾ കൈകാര്യം ചെയ്യുന്നതിൽ പൊലീസ്–മെഡിക്കൽ പ്രതികരണങ്ങളുടെ പരിധിയും വഴികളും വീണ്ടും നഗരതലത്തിൽ വലിയ ചർച്ചയ്ക്ക് വഴിയൊരുക്കുകയാണ്.