Image

പമ്പയുടെ തീരത്ത് വചന വിരുന്ന്; 131-ാം മാരാമണ്‍ കണ്‍വന്‍ഷന് ഇനി ദിനങ്ങള്‍ മാത്രം (എ.എസ് ശ്രീകുമാര്‍)

Published on 04 February, 2026
പമ്പയുടെ തീരത്ത് വചന വിരുന്ന്; 131-ാം മാരാമണ്‍ കണ്‍വന്‍ഷന് ഇനി ദിനങ്ങള്‍ മാത്രം (എ.എസ് ശ്രീകുമാര്‍)

പുഴയിലെ വെള്ളമൊഴിഞ്ഞ് മണല്‍ തെളിയുമ്പോള്‍ നദിയുടെ ഹൃദയത്തില്‍ മനുഷ്യരെത്തും. വചനപ്പൊരുള്‍ തേടുന്ന മനുജന്റെ സംഗമഭൂമി. അതാണ് ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സംഗമമായ മാരാമണ്‍ കണ്‍വന്‍ഷന് അരങ്ങൊരുക്കുന്ന പമ്പാനദിയുടെ അതിവിശാലമായ തീരം. ചരിത്രപ്രസിദ്ധമായ കണ്‍വെന്‍ഷന്റെ 131-ാം മഹായോഗത്തിന്  തുടക്കം കുറിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. 2026 ഫെബ്രുവരി 8 മുതല്‍ 15 വരെയാണ് പമ്പാ മണല്‍പ്പുറത്ത് പ്രത്യേകം തയ്യാറാക്കുന്ന പന്തലില്‍ ഇത്തവണത്തെ കണ്‍വന്‍ഷന്‍ നടക്കുന്നതെന്ന് മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗസംഘം  നേരത്തെ തന്നെ അറിയിച്ചിരുന്നു. 8-ാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് മാര്‍ത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.

പ്രൊഫ. ഡോ. ക്ലിയോഫസ് ജെ ലാറു (യു.എസ്.എ), റവ. മോളോ വില്‍സണ്‍ മെസവാന്‍ഡിലേ (സൗത്ത് ആഫ്രിക്ക), ബിഷപ്പ് ഡോ. പോള്‍ സ്വരൂപ് (ന്യൂഡല്‍ഹി) എന്നിവര്‍ വിവിധ ദിവസങ്ങളില്‍ വചനപ്രഘോഷണം നടത്തും. കുടുംബവേദി, സാമൂഹ്യ തിന്മകള്‍ക്കെതിരെയുള്ള യോഗം, യുവവേദി, മിഷനറി സമ്മേളനം എന്നിവ പന്തലില്‍ ക്രമീകരിച്ചിട്ടുണ്ട്. ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ മുഖ്യ സന്ദേശം നല്‍കും. മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പായുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമാപന സമ്മേളനത്തോടെ ഫെബ്രുവരി 15-ന് കണ്‍വെന്‍ഷന്‍ അവസാനിക്കും.

കണ്‍വന്‍ഷന്റെ ഒരു സവിശേഷത മണല്‍പ്പുറത്ത് തയ്യാറാക്കുന്ന പന്തലാണ്. ഒരു ലക്ഷത്തിലധികം പേര്‍ക്ക് ഇരിക്കാവുന്ന പന്തലിന്റെ ഓലമേയല്‍ ജനുവരി 29-ന് തന്നെ തുടങ്ങിയിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ ഓലപ്പന്തലാണിത്. ഹരിത നിയമാവലി പാലിച്ച് പാരിസ്ഥിതിക സൗഹൃദം നില നിര്‍ത്തിയാണ് ഓലപ്പന്തല്‍ നിര്‍മ്മിച്ചിരിക്കുന്നത്. മാരാമണ്‍ പരിസരത്തുള്ള എല്ലാ മാര്‍ത്തോമ്മാ ഇടവകകളിലേയും ജനങ്ങള്‍ ഒരാഴ്ച്ച മുന്‍പു തന്നെ പന്തല്‍കെട്ടുവാനുള്ള ഓല, മുള തുടങ്ങിയ സാമഗ്രികളുമായി പമ്പാതീരത്തെത്തി പന്തല്‍ നിര്‍മ്മാണത്തിനു സഹായിച്ചിരുന്നു. ഏകദേശം 1,50,000 പേര്‍ക്ക് ഒരേ സമയം ഇരിക്കുവാന്‍ സൗകര്യമുള്ള പന്തലാണ് നിര്‍മ്മിച്ചിരിക്കുന്നത്. വലിയ പന്തലിനടുത്തായി കൊച്ചുകുട്ടികളുമായി വരുന്ന സ്ത്രീകള്‍ക്കായി കുട്ടിപന്തലുമുണ്ട്.

ഇതിനിടെ വിശ്വാസപ്പടകിലേറി പമ്പയാറ്റിലൂടെ നടത്തിയ പരിസ്ഥിതി സൗഹൃദ സന്ദേശയാത്ര ശ്രദ്ധേയമായി. പ്രകൃതിക്കു കാവലാവുക എന്ന സന്ദേശവുമായായിരുന്നു മാരാമണ്‍ കണ്‍വന്‍ഷനു മുന്നോടിയായി നടത്തിയ പരിസ്ഥിതി സൗഹൃദ ജലയാത്ര. ജനുവരി 31-ന് അയിരൂര്‍ ചെറുകോല്‍പുഴയില്‍ നിന്നും കല്ലിശേരി കടവില്‍ മാളികയില്‍ നിന്നും ആരംഭിച്ച ജലയാത്രയില്‍ വിവിധ പള്ളികളില്‍ നിന്നായി നൂറുകണക്കിന് വിശ്വാസികള്‍ വള്ളങ്ങളില്‍ എത്തി. പാരമ്പര്യ വേഷത്തില്‍ ചട്ടയും മുണ്ടും ധരിച്ച സ്ത്രീകളും പഴയ കാല കണ്‍വന്‍ഷന്‍ യോഗങ്ങളെയും യാത്രകളെയും അനുസ്മരിപ്പിച്ച് ചൂട്ടുകറ്റയും റാന്തല്‍ വിളക്കുകളുമായി പുരുഷന്‍മാരും യാത്രയുടെ ഭാഗമായി.

മാരാമണ്‍ കണ്‍വെന്‍ഷനിലെ സജീവ സാന്നിദ്ധ്യമായിരുന്ന ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണകള്‍ സാന്ദ്രമാകുന്നതായിരിക്കും കണ്‍വന്‍ഷന്‍ ദിനങ്ങള്‍. 2021 മെയ് 5-ാം തീയതിയായിരുന്നു അദ്ദേഹം വിടചൊല്ലിയത്. എല്ലാ വര്‍ഷവും തിരുമേനി മാരാമണ്‍ കണ്‍വെന്‍ഷനില്‍ നടത്തിയിരുന്ന പ്രസംഗങ്ങള്‍ ഏറെ ജനശ്രദ്ധയാകര്‍ഷിച്ചവയാണ്. മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ മിഷനറി പ്രസ്ഥാനമായ സുവിശേഷ പ്രസംഗ സംഘമാണ് കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നതും ആതിഥേയത്വം നല്‍കുന്നതും. 1888 സെപ്റ്റംബര്‍ 5-ന് കല്ലിശ്ശേരി കടവില്‍ മാളികയില്‍ സമാരംഭിച്ച മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘം ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ മിഷനറി പ്രസ്ഥാനമാണ്. മാര്‍ത്തോമ്മാ സഭയിലെ നവീകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി രൂപപ്പെട്ട ഈ കൂട്ടായ്മ, പമ്പാതീരത്ത് പന്തലൊരുക്കി ലക്ഷക്കണക്കിന് വിശ്വാസികളെയാണ് ആകര്‍ഷിക്കുന്നത്.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ മാര്‍ത്തോമ്മാ സഭയില്‍ നടന്ന നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കണ്‍വന്‍ഷന്‍ തുടങ്ങിയത്. 1895-ല്‍ (ചില രേഖകളില്‍ 1896) പമ്പാനദിക്കരയില്‍ ആദ്യമായി കണ്‍വന്‍ഷന്‍ നടന്നു. സുവിശേഷ പ്രസംഗം, ബൈബിള്‍ പഠനം, ആത്മീയ നവീകരണം എന്നിവയാണ് മാരാമണ്‍ കണ്‍വന്‍ഷന്റെ പ്രധാന ലക്ഷ്യങ്ങള്‍. ചെറിയ തോതില്‍ തുടങ്ങിയ കണ്‍വന്‍ഷന്‍ ഇന്ന് ലോകപ്രശസ്തമായ ഒന്നായി വളര്‍ന്നു. പ്രഭാത പ്രാര്‍ത്ഥന, ബൈബിള്‍ ക്ലാസുകള്‍, വൈകുന്നേരങ്ങളിലെ സുവിശേഷ യോഗങ്ങള്‍ എന്നിവയും കണ്‍വന്‍ഷന്റെ ദൈനംദിന പരിപാടികളിലുള്‍പ്പെടുന്നു. വിവിധ സഭകളില്‍ നിന്നുള്ള ആളുകള്‍ ആഴ്ചകളോളം നീളുന്ന ഈ ആത്മീയ സംഗമത്തില്‍ പങ്കെടുക്കുന്നു. 1995-ല്‍ ഈ കണ്‍വന്‍ഷന്‍ 100 വര്‍ഷം പൂര്‍ത്തിയാക്കി. അതിന്റെ സ്മരണയ്ക്കായി പ്രത്യേക തപാല്‍ കവര്‍ പുറത്തിറക്കിയിരുന്നു. 

Join WhatsApp News
Sunil 2026-02-04 16:21:31
Hello Bishop, even before the foundation of the universe,[ Ephesians 1:4-6], God predestined my fate. God decided, even before He created this world, whether I will have room in His Paradise or I will have to settle in the Hades. Then why on earth these conventions and all the beatings with the words ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക