Image

സോദോംഗമോറയിലെ പെണ്‍കുട്ടി (നോവല്‍- ഭാഗം 8 ജോണ്‍ ജെ. പുതുച്ചിറ)

Published on 04 February, 2026
സോദോംഗമോറയിലെ പെണ്‍കുട്ടി (നോവല്‍- ഭാഗം 8 ജോണ്‍ ജെ. പുതുച്ചിറ)

അദ്ധ്യായം-8


ഫിലിപ്പിന് അന്ന് അവധിയായിരുന്നു. അതിനാല്‍ മണിക്കുട്ടനെ അവന്റെ സംരക്ഷണത്തിലാക്കിയിട്ടാണ് ഷേര്‍ളി തലസ്ഥാനനഗരിയിലേയ്ക്കു തിരിച്ചത്.
ഫോണിലൂടെ ഉഷയുമായുള്ള ബന്ധം അഭംഗുരം തുടര്‍ന്നിരുന്നെങ്കിലും നേരിട്ടുകണ്ടിട്ട് ഇപ്പോള്‍ ഒരുവര്‍ഷത്തിലേറെയായിരിക്കുന്നു. അവളുടെ കണ്ണനും ഇപ്പോള്‍ ഒരു ചുണക്കുട്ടനായി മാറിയിട്ടുണ്ടാവും. ഫോണിലൂടെ പറയാനാവാത്ത ഒട്ടു വളരെ കാര്യങ്ങള്‍ നേരിട്ടു പറയാനുണ്ട്. എങ്കിലും വൈകുന്നതിനുമുമ്പ് വീട്ടില്‍ മടങ്ങിയെത്തുകയും വേണം. മണിക്കുട്ടന്‍ ബഹളമുണ്ടാക്കാതിരുന്നാല്‍ ഭാഗ്യം.
മറ്റൊരുദ്ദേശം കൂടിയുണ്ടായിരുന്നു അവളുടെ യാത്രക്ക്. അടുത്തയാഴ്ച മണിക്കുട്ടന്റെ പിറന്നാളാണ്. അതിന് ഉഷയേയും കുട്ടിയേയും ക്ഷണിക്കുകയും വേണം. മണിക്കുട്ടന്റെ ആദ്യത്തെ പിറന്നാള്‍ കേമമായിട്ടുതന്നെ നടത്താനാണു തീരുമാനം.
കണ്ണന്റെ ജന്മദിനം ഇതിനകം കഴിഞ്ഞിട്ടുണ്ടാവണം. അതിന് പ്രത്യേക ആഘോഷങ്ങളും ഒന്നും ഉണ്ടായിരുന്നിരിക്കില്ല. അച്ഛനില്ലാത്ത ആ കുട്ടിയുടെ പിറന്നാളാഘോഷിക്കാന്‍ ആര്‍ക്കാണു താല്പര്യം തോന്നുക? ഒരു കണക്കിനു ആ കുട്ടിയുടെ കാര്യം വളരെ കഷ്ടം തന്നെ.
ഷേര്‍ളി റെയില്‍വേസ്റ്റേഷന്റെ പരിസരത്തുതന്നെയുള്ള ഒരു കടയില്‍ കയറി കണ്ണനുവേണ്ടി ഏതാനും കളിപ്പാട്ടങ്ങള്‍ വാങ്ങി. പിന്നീട് അവയുമായി അവള്‍ ഓട്ടോറിക്ഷാ പിടിച്ച് നേരെ ഉഷയുടെ വീട്ടിലേയ്ക്കുപോയി.
ഉഷ രാവിലെത്തന്നെ പാരലല്‍ കോളേജിലേയ്ക്കു പോയിരുന്നു. സുമതി ആശുപത്രിയിലേയ്ക്കു പോയി. വേലക്കാരി അമ്മിണി കണ്ണനെയും കളിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഡോറില്‍ ആരോ തട്ടുന്നതു കേട്ടത്. കുട്ടിയെ അവിടെ നിറുത്തിയിട്ട് അവള്‍ ചെന്നു വാതില്‍ തുറന്നു.
സുന്ദരിയായ ഒരു യുവതി ചിരിച്ചുകൊണ്ടു നില്‍ക്കുന്നു. അവള്‍ക്ക് ആളെ മനസ്സിലായില്ല.
'ഉഷ എവിടെ?' അവള്‍ തിരക്കി.
'കോളേജില്‍ പോയി ഉടനെ വരും.'
'ഞാന്‍ ഷേര്‍ളീ. ഉഷയുടെ കൂട്ടുകാരിയാണ്.'
'കയറിയിരിക്കൂ.'
അമ്മിണി അവളെ അകത്തേയ്ക്കു നയിച്ചു. ഷേര്‍ളി തന്റെ കൈവശമിരുന്ന കളിപ്പാട്ടങ്ങള്‍ മേശപ്പുറത്തു വച്ചിട്ട് കസേരയില്‍ ഇരിക്കുവാന്‍ ഒരുമ്പെടുകയായിരുന്നു. പെട്ടെന്നാണ് നിലത്തു കളിച്ചുകൊണ്ടിരുന്ന കണ്ണന്‍ അവളുടെ ദൃഷ്ടിയില്‍പ്പെട്ടത്.
'ഈ കുട്ടി?' അവള്‍ ഒരു ഞെട്ടലോടെ തിരക്കി.
'കണ്ണന്‍-ഉഷചേച്ചിയുടെ കുഞ്ഞാണ്.'
മനസ്സില്‍ ഒരു വെള്ളിടിവെട്ടി. അവള്‍ വീണ്ടും കുഞ്ഞിനെത്തന്നെ ഇമപൂട്ടാതെ നോക്കി. ഇതുശരിക്കും തന്റെ മണിക്കുട്ടന്‍ തന്നെ. അതേ കണ്ണുകള്‍. അതേ മൂക്ക്, മുടി, ഭാവങ്ങള്‍ എല്ലാമെല്ലാം അതുതന്നെ! മണിക്കുട്ടനും കണ്ണനും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. ഫിലിപ്പിന്റെ തനി സ്വരൂപമാണ് തന്റെ മണിക്കുട്ടന്‍ എന്ന സത്യവും ഒരു ഞെട്ടലോടെ അവള്‍ ഓര്‍മ്മിച്ചു.
അപ്പോള്‍ അതാണുകഥ! താന്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നു. ഉഷ കണ്ണന്റെ അച്ഛനാരെന്നു വെളിപ്പെടുത്താതിരുന്നതിന്റെ രഹസ്യം ഇപ്പോള്‍ മനസ്സിലായിരിക്കുന്നു. രണ്ടുപേരും കൂടി തന്നെ വഞ്ചിക്കുകയായിരുന്നു.
കോപതാപാദികള്‍ ഷേര്‍ളിയെ വീര്‍പ്പുമുട്ടിച്ചു. അടുത്ത ക്ഷണത്തില്‍ തന്റെ കൈവശമിരുന്ന കളിപ്പാട്ടങ്ങള്‍ വലിച്ചെറിഞ്ഞിട്ട് അവള്‍ പിന്തിരിഞ്ഞു നടന്നു.
നേരെ മുന്നില്‍ ഉഷ! കൊടുത്തു അവളുടെ കരണത്തിനിട്ട് ഒരടി. പിന്നെ ഓടിച്ചെന്ന് ഓട്ടോറിക്ഷയില്‍ കയറി റെയില്‍വേസ്റ്റേഷനിലേയ്ക്കു തിരിച്ചു.
ഉഷ സ്തംഭിച്ചു നിന്നുപോയി. ഒരു നിമിഷത്തിനുള്ളില്‍ നടത്തതെല്ലാം ഒരു സ്വപ്നമോ എന്നവള്‍ ശങ്കിച്ചു.
വീടിനു മുന്നിലെത്തിയപ്പോഴാണ് ഷേര്‍ളി ഇറങ്ങി വരുന്നതു കണ്ടത്. തികച്ചും അപ്രതീക്ഷിതമായ ആഗമനം! സന്തോഷത്തിമിര്‍പ്പാല്‍ ഓടിച്ചെന്ന് അവളെ കെട്ടിപ്പുണരാന്‍ ഒരുമ്പെടുകയായിരുന്നു. അപ്പോഴാണ് ഷേര്‍ളി കൈ നിവര്‍ത്തു കരണത്തിനിട്ട് അടിച്ചത്. ഒരിക്കലും പ്രതീക്ഷിക്കാത്ത അനുഭവം. ഉഷ അമ്പരപ്പോടെ അമ്മിണിയുടെ പക്കലേക്കു ചെന്നു.
അമ്മിണിയും അമ്പരന്നു നില്‍ക്കുകയാണ്.
'അമ്മിണി എന്താണു സംഭവിച്ചത്?' അവള്‍ ഉല്‍ക്കണ്ഠയോടെ തിരക്കി.
'എന്തോ, എനിക്കൊന്നുമറിയില്ല ചേച്ചി. ചേച്ചിയെ അന്വേഷിച്ചാണ് അവര്‍ വന്നത്. ഞാന്‍ കയറിയിരിക്കാന്‍ പറഞ്ഞു. പെട്ടെന്നാണ് കണ്ണനെ അവര്‍ കണ്ടത്. അതോടെ അവര്‍ വല്ലാതായി. കയ്യിലിരുന്ന കടിപ്പാട്ടങ്ങള്‍ വലിച്ചെറിഞ്ഞിട്ട് അവര്‍ തിരിച്ചു നടന്നു. അപ്പോഴാണ് ചേച്ചി വന്നത്. അവര്‍ കോപിക്കാന്‍ കാരണമെന്താണെന്ന് എനിക്കറിയില്ല. അവര്‍ ആരാണു ചേച്ചി?'
ഉഷ ഒന്നും പറഞ്ഞില്ല. അവള്‍ക്ക് ഒന്നും മനസ്സിലായതുമില്ല. ഷേര്‍ളി എന്തിനാണ് ക്ഷോഭിച്ചത്? കണ്ണനെ കണ്ടപ്പോഴാണ് അവള്‍ക്ക് ഭാവമാറ്റം ഉണ്ടായതെന്നു പറയുന്നു. എങ്കില്‍ അതിനുള്ള കാരണം എന്താണ്? ഉഷ ആകെ ചിന്താക്കുഴപ്പത്തിലായി.
പല വഴിക്കും ഏറെനേരം ആലോചിച്ചു. എന്നിട്ടും അവള്‍ക്ക് ഷേര്‍ളി ക്ഷോഭിക്കാനുള്ള കാരണത്തെക്കുറിച്ച് നേരിയ ഊഹംപോലും ലഭിച്ചില്ല. അതേസമയം അവളുടെ ക്ഷോഭത്തിനുപിന്നില്‍ തക്കതായ എന്തോ കാരണമുണ്ട് എന്നതില്‍ അവള്‍ക്ക് സംശയമില്ലാതിരുന്നു.
'ഞാന്‍ ഇപ്പോള്‍ തന്നെ ഷേര്‍ളിയുടെ വീട്ടിലേയ്ക്കുപോവുകയാണ്. നീ കണ്ണനെ നോക്കിക്കൊള്ളണം. ഒരു പക്ഷെ ഞാന്‍ വരാന്‍ വൈകിയേക്കാം. വിവരം സുമതിയോടു കൂടി പറഞ്ഞേക്കുക.'
കണ്ണന് ഒരു ചുംബനം നല്‍കിയിട്ട് അവള്‍ അപ്പോള്‍തന്നെ ബസ്സ്റ്റാന്‍ഡിലേയ്ക്കു തിരിച്ചു. അവിടെ നിന്നും വണ്ടി കയറി ഷേര്‍ളിയുടെ നാട്ടിലേയ്ക്കും.
കുതിച്ചു പായുന്ന തീവണ്ടിയിലിരിക്കുമ്പോള്‍ ഷേര്‍ളിയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പുകയായിരുന്നു. സഹയാത്രിക്കാര്‍ ശ്രദ്ധിക്കാത്തവിധത്തില്‍ അവള്‍ സാരിത്തലപ്പുകൊണ്ട് കണ്ണീരൊപ്പിക്കൊണ്ടിരുന്നു.
കോപവും താപവും അവളുടെ ഹൃദയത്തില്‍ നുരച്ചുയരുകയായിരുന്നു. ഉഷ അവളെ തന്റെ ആത്മമിത്രമായിട്ടാണ് എന്നും കരുതിയിരുന്നത്. ഫിലിപ്പും വിശ്വസ്തനായ ഒരു ഭര്‍ത്താവാണെന്നു കരുതി. എന്നാല്‍ ആ ധാരണ തെറ്റാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു.
ഉഷ ഇത്രയും നാള്‍ തന്റെ കുഞ്ഞിന്റെ അച്ഛനാരാണെന്ന രഹസ്യം മറച്ചുവച്ചതിന്റെ കാര്യവും മറ്റൊന്നല്ല. തന്റെ കുടുംബജീവിതം തകര്‍ക്കേണ്ടെന്നു കരുതി മാത്രം. എങ്കിലും അവരുടെ കള്ളക്കളികളെല്ലാം ദൈവം കണ്ണനിലൂടെ വെളിച്ചത്തു കൊണ്ടുവന്നിരിക്കുന്നു.
കണ്ണന്‍ ഫിലിപ്പിന്റെ കുഞ്ഞാണെന്നതില്‍ ഒരു സംശയവുമില്ല. തന്റെ മണിക്കുട്ടനുമായി അവന് യാതൊരു വ്യത്യാസവുമില്ല. ഫിലിപ്പിന്റെ കൊച്ചുന്നാളിലത്തെ ഫോട്ടോയിലെ രൂപവും അങ്ങനെയൊക്കെത്തന്നെ.
തനിക്ക് ഒരു നേരിയ സംശയത്തിനുപോലും ഇടനല്‍കാതെ എങ്ങനെ ഈ ബന്ധം ഉടലെടുത്തു? ഉഷ പ്രസവിച്ച കണക്കനുസരിച്ചു നോക്കുമ്പോള്‍, തങ്ങളുടെ ഹോസ്റ്റല്‍ ജീവിതകാലത്തുതന്നെ ഈ ബന്ധം നിലനിന്നിരുന്നുവെന്ന് വ്യക്തമാകും. ഏതായാലും ഇരുവരും വളരെ വിദഗ്ദ്ധരായ കളവുകാര്‍ തന്നെ. തങ്ങളെക്കുറിച്ച് ഒരു നേരിയ സംശയം പോലും തന്നില്‍ ഉളവാക്കാതിരിക്കുവാന്‍ അവര്‍ക്കു കഴിഞ്ഞു. എങ്കിലും കണ്ണനിലൂടെ ദൈവം എല്ലാ രഹസ്യവും വെളിച്ചത്തു കൊണ്ടുവന്നു.
ഇത്രയൊക്കെ സംഭവിച്ചിട്ടും ഉഷ വിശുദ്ധ ചമഞ്ഞതാണ് ഏറെ വിചിത്രം. അവളെ ഒരു പുരുഷനും സ്പര്‍ശിച്ചിട്ടു പോലുമില്ലത്രെ. എങ്ങനെ ഗര്‍ഭവതിയായെന്ന് അവള്‍ക്ക് അറിഞ്ഞുകൂടത്രെ! എന്നിട്ട് ഏതോ അത്ഭുതപ്പിറവിയാണ് തന്റെ കുട്ടിയുടേതെന്ന് ആരെയും വിഡ്ഢിയാക്കുന്ന ഭാഷ്യവും.
അരവിന്ദ് ഉപേക്ഷിച്ചശേഷം ഉഷയെ റെയില്‍വേസ്റ്റേഷനില്‍വച്ച് കണ്ടുമുട്ടിയത് കേവലം യാദൃച്ഛികമായിരുന്നില്ലെന്ന് ഷേര്‍ളിക്കുതോന്നി. അത് ഫിലിപ്പുമായുള്ള ഒരു അഡ്ജസ്റ്റമെന്റായിരുന്നിരിക്കണം. തുടര്‍ന്ന് അവള്‍ തന്റെ വീട്ടില്‍ കുറെക്കാലം താമസിച്ചിരുന്നപ്പോഴും. തുടര്‍ന്ന് തലസ്ഥാനനഗരിയില്‍ ഫിലിപ്പ് ജോലി വാങ്ങിക്കൊടുത്തതിനുശേഷവുമെല്ലാം അവര്‍ തമ്മിലുള്ള രഹസ്യബന്ധം തുടര്‍ന്നിരിക്കണം. താന്‍ അപ്പോഴെല്ലാം വിദഗ്ദ്ധമായി - തുടര്‍ച്ചയായി - വഞ്ചിക്കപ്പെട്ടുകൊണ്ടുമിരുന്നു. അവരില്‍ നേരിയ അവിശ്വാസം പോലും തോന്നാതിരുന്ന താന്‍ എന്തൊരു വിഡ്ഢിയായിരുന്നു.
പായുന്ന തീവണ്ടിയില്‍ പുകയുന്ന മനസ്സുമായി ഷേര്‍ളി ഇരുന്നു. വീട്ടിലെത്തിയാലുടന്‍ ഒരു സ്‌ഫോടനം നടക്കും. തന്റെ ഭാവി പരിപാടികള്‍ എന്തെണ് അതിനകം ആലോചിച്ച് തീരുമാനമെടുത്തെ പറ്റൂ.
ഒരു കുഞ്ഞിന്റെ അമ്മയായിപ്പോയി. അല്ലാത്തപക്ഷം താന്‍ ഈ താലിമാല പൊട്ടിച്ച് അയാളുടെ മുഖത്തെറിഞ്ഞേനെ. ആ നിമിഷത്തില്‍ തന്നെ എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുകയും ചെയ്യുമായിരുന്നു. ഇപ്പോള്‍ മണിക്കുട്ടന്റെ ഭാവിയെ ഓര്‍ത്തിട്ടെങ്കിലും തനിക്ക് അത്തരമൊരു തീരുമാനം എടുക്കുവാനാവില്ല.
പിന്നെ?
ഒരു പൊട്ടത്തെറിക്കുശേഷം എല്ലാം വിസ്മരിച്ച് തുടര്‍ന്നും ജീവിക്കുക. അതു മാത്രമേ തന്നെപ്പോലെ അബലയായ ഒരു പെണ്ണിനു സാദ്ധ്യമാകൂ. ഭര്‍ത്താവിന്റെ വഞ്ചനെക്കുറിച്ചോര്‍ത്തു നീറിപ്പുകഞ്ഞ് ജീവിതകാലം മുഴുവന്‍ അയാളോടൊപ്പം തന്നെ കഴിയുക!
ഷേര്‍ളി വീട്ടിലെത്തുമ്പോള്‍ ഫിലിപ്പ് കുഞ്ഞിനെയും കളിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവള്‍ പെട്ടെന്നു തിരിച്ചെത്തിയതു കണ്ടപ്പോള്‍ അവന് ആശ്ചര്യം തോന്നി.
'ഷേര്‍ളി, എന്താണിത്ര വേഗം തിരിച്ചെത്തിയത്? ഉഷയെ കണ്ടില്ലേ?'
'ഇല്ല, നിങ്ങള്‍ തന്നെ അവളെ ചെന്നു കാണു. നിങ്ങളുടെ മറ്റൊരു കുട്ടിയെ കൂടി ജനിപ്പിക്കാന്‍ അവള്‍ കാത്തിരിക്കയാണ്.' അവള്‍ പൊട്ടിത്തെറിച്ചു.
ഫിലിപ്പിന് ആദ്യം ആശ്ചര്യമാണു തോന്നിയത്. പിന്നെ കൗതുകം. ശ്രീമതിയെ എന്തോ തെറ്റിദ്ധാരണ ബാധിച്ചിരിക്കുന്നു.
'ഷേര്‍ളീ എന്താണു നീ പറഞ്ഞത്? എനിക്കു മനസ്സിലായില്ല.' അവന്‍ പറഞ്ഞു.
'ഫിലിപ്പ് നിങ്ങള്‍ എന്നെ ഇനിയും വിഡ്ഢിയാക്കരുത്. ഞാന്‍ നിങ്ങളുടെ ഭാര്യയായിപ്പോയതുകൊണ്ട് എന്നെ എന്നുമെന്നും വഞ്ചിക്കാമെന്നു കരുതരുത്. ദുഷ്ടന്‍.' കോപതാപാദികളാല്‍ അവള്‍ കിതച്ചു.
'നിനക്കെന്തു പറ്റി? നിന്നെ ഞാന്‍ എങ്ങനെ വഞ്ചിച്ചുവെന്നാണു പറയുന്നത്? ഏതായാലും നിന്നെ ആരോ കാര്യമായി തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു.'
'നിങ്ങളുടെ അഭിനയമൊക്കെ നിറുത്തുവാന്‍ സമയമായി. ഉഷയുടെ കുഞ്ഞിന്റെ അച്ഛന്‍ നിങ്ങളാണെന്നതില്‍ എനിക്കിനി ആരുടെ സര്‍ട്ടിഫിക്കറ്റും വേണ്ട. ഞാന്‍ തന്നെ കണ്ടു ബോദ്ധ്യപ്പെട്ടതാണത്. ഉഷയുടെ കുട്ടിയെ കണ്ടപ്പോള്‍ മണിക്കുട്ടനാണെന്ന് ഞാന്‍ ആദ്യം സംശയിച്ചുപോയി. അത്രയ്ക്കു സാമ്യം. നിങ്ങളുടെ ബാല്യകാലത്തെ അതേ രൂപം.'
'ഇപ്പോള്‍ എനിക്കു കുറച്ചൊക്കെ മനസ്സിലായി. മണിക്കുട്ടനോടു സാമ്യമുള്ള ഒരു കുട്ടിയാണ് ഉഷയുടേതും. അതുകൊണ്ടു ഞാന്‍ തന്നെയാണ് അതിന്റെയും അച്ഛനെന്നു സംശയിക്കുന്നു! എടി പമ്പരവിഡ്ഢി അക്കാര്യത്തില്‍ നിനക്കിത്ര സംശയമുണ്ടെങ്കില്‍ ഞങ്ങള്‍ ഇരുവരുടേയും ബ്ലഡ് പരിശോധിച്ചാല്‍ സത്യം വെളിച്ചത്തുവരും. അതിന് നീ ഇത്രമാത്രം വിപ്ലവമൊന്നും ഉണ്ടാക്കേണ്ട കാര്യമില്ല!' ഫിലിപ്പ് ഊറിച്ചിരിച്ചുകൊണ്ടു പറഞ്ഞു.
'ഇനി ഒരു പരിശോധനയുടെയും ആവശ്യമില്ല. അല്ലാതെ തന്നെ എനിക്കെല്ലാം ബോദ്ധ്യപ്പെട്ടു. വഞ്ചകന്‍! നിങ്ങളുടെ പുന്നാരവാക്കുകള്‍ വിശ്വസിച്ച എന്നെ പറഞ്ഞാല്‍ മതി.' ഷേര്‍ളി അപ്പോഴും ഉറഞ്ഞു തുള്ളുകയായിരുന്നു. ''നിങ്ങള്‍ രണ്ടുപേരും കൂടി എന്നെ മഠയിയാക്കുകയായിരുന്നു. വഞ്ചകന്‍! വഞ്ചകി! നിങ്ങള്‍ക്ക് അവളെ ഇത്ര താല്‍പര്യമുണ്ടായിരുന്നെങ്കില്‍ അവളെ തന്നെ വിവാഹം കഴിച്ചു കൂടായിരുന്നോ?''
'ഇപ്പോള്‍ എന്തെങ്കിലും പറഞ്ഞാല്‍ നിന്റെ തലയിലോട്ടു കയറുകയില്ല. നിന്റെ വികാരം തെല്ലു കെട്ടടങ്ങട്ടെ. അപ്പോള്‍ ഞാന്‍ സംസാരിക്കാം.' ഫിലിപ്പിനു സഹികെട്ടു തുടങ്ങി.
അപ്പോഴേയ്ക്കും വീടിനു മുന്നില്‍ ഒരു ഓട്ടോറിക്ഷ വന്നു നിന്നും. അതില്‍ നിന്നും ഒരു യുവതി ഇറങ്ങിവന്നു. അത് ഉഷ ആയിരുന്നു!
(തുടരും)

Read More: https://www.emalayalee.com/writer/304


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക