Image

മുംബൈയിൽ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ - ഇന്‍ഡിഗോ വിമാനങ്ങൾ തമ്മിൽ കൂട്ടിമുട്ടി ; അന്വേഷണം ആരംഭിച്ച് ഡിജിസിഎ

Published on 04 February, 2026
മുംബൈയിൽ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ - ഇന്‍ഡിഗോ വിമാനങ്ങൾ തമ്മിൽ കൂട്ടിമുട്ടി ; അന്വേഷണം ആരംഭിച്ച് ഡിജിസിഎ

ചൊവ്വാഴ്ച രാത്രി മുംബൈയിലെ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ വിമാനവും ഇന്‍ഡിഗോ വിമാനവും തമ്മില്‍ ചെറിയ രീതിയില്‍ കൂട്ടിയിടിച്ചു. റണ്‍വേയ്ക്ക് സമീപമുള്ള ടാക്‌സിവേയില്‍ വെച്ചാണ് സംഭവം നടന്നത്.

മുംബൈയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെടാന്‍ തയ്യാറെടുക്കുകയായിരുന്ന എയര്‍ ഇന്ത്യ വിമാനവും (AI 2732), ഹൈദരാബാദില്‍ നിന്ന് ലാന്‍ഡ് ചെയ്ത ശേഷം പാര്‍ക്കിംഗ് ബേയിലേക്ക് നീങ്ങുകയായിരുന്ന ഇന്‍ഡിഗോ വിമാനവുമാണ് (6E 791) അപകടത്തില്‍പ്പെട്ടത്.

രണ്ട് വിമാനങ്ങളുടെയും ചിറകുകളുടെ അഗ്രഭാഗങ്ങള്‍ (Wing tips) തമ്മില്‍ ഉരസുകയായിരുന്നു. അപകടസമയത്ത് രണ്ട് വിമാനങ്ങളിലും യാത്രക്കാരുണ്ടായിരുന്നു. എന്നാല്‍ ആര്‍ക്കും പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അപകടത്തിന് പിന്നാലെ എല്ലാ യാത്രക്കാരെയും വിമാനത്തില്‍ നിന്നും സുരക്ഷിതമായി പുറത്തിറക്കി.

എയര്‍ ഇന്ത്യ വക്താവ് അറിയിച്ചതനുസരിച്ച്, ഫെബ്രുവരി 3-ന് കോയമ്പത്തൂരിലേക്ക് പോകേണ്ടിയിരുന്ന വിമാനം ടാക്‌സിവേയില്‍ കാത്തുനില്‍ക്കുന്നതിനിടെയാണ് മറ്റൊരു വിമാനവുമായി സമ്പര്‍ക്കമുണ്ടായത്. ഇതിനെത്തുടര്‍ന്ന് വിമാനത്തിന്റെ ചിറകിന് കേടുപാടുകള്‍ സംഭവിച്ചു. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ വിമാനം സാങ്കേതിക പരിശോധനകള്‍ക്കായി മാറ്റിയിരിക്കുകയാണ്. യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ ബദല്‍ ക്രമീകരണങ്ങള്‍ ചെയ്തതായും അധികൃതര്‍ അറിയിച്ചു.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും സുരക്ഷയ്ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സും പ്രസ്താവനയില്‍ വ്യക്തമാക്കി.

ഡിജിസിഎ (DGCA) അന്വേഷണം

അപകടത്തെക്കുറിച്ച് വിവരം ലഭിച്ച ഉടന്‍ തന്നെ ഏവിയേഷന്‍ റെഗുലേറ്ററായ ഡിജിസിഎയുടെ മുംബൈ ഡിവിഷന്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

‘എയര്‍ ഇന്ത്യ വിമാനം പുറപ്പെടാനായി ടാക്‌സിവേയിലൂടെ നീങ്ങുമ്പോഴും ഇന്‍ഡിഗോ വിമാനം ലാന്‍ഡിംഗിന് ശേഷം പാര്‍ക്കിംഗിലേക്ക് നീങ്ങുമ്പോഴുമാണ് വിമാനങ്ങളുടെ ചിറകുകള്‍ തമ്മില്‍ തട്ടിയത്. രണ്ട് വിമാനങ്ങളും പരിശോധനയ്ക്കായി തിരികെ ബേയിലേക്ക് മാറ്റിയിട്ടുണ്ട്,’ എന്ന് ഡിജിസിഎയുടെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക