Image

ഓട്ടോണമസ് പദവി ലഭിച്ച ബസേലിയസ് കോളജിന് ആശംസകളുമായി വി ബസേലിയൻ നോർത്ത് അമേരിക്ക

Published on 04 February, 2026
ഓട്ടോണമസ് പദവി ലഭിച്ച ബസേലിയസ് കോളജിന് ആശംസകളുമായി വി ബസേലിയൻ നോർത്ത് അമേരിക്ക

ന്യു യോർക്ക് : അക്ഷര നഗരിയുടെ തിലകക്കുറിയായ കോട്ടയം ബസേലിയസ് കോളജിന് ഓട്ടോണമസ് പദവി ലഭിച്ചത്തിൽ പൂർവ വിദ്യാർത്ഥി സംഘടന 'വി ബസേലിയൻ' നോർത്ത് അമേരിക്കൻ യൂണിറ്റ് ആഹ്ലാദം പ്രകടിപ്പിച്ചു.

ചുരുങ്ങിയ കാലം കൊണ്ട് ഈ ബഹുമതി നേടാനായത് കോളജിന്റെ നാനാവിധമായ മികവ് കൊണ്ടാണെന്ന് സംഘടന  ചൂണ്ടിക്കാട്ടി. കോളജ് കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രസിഡന്റ് എബ്രഹാം ഇട്ടി, ജനറൽ സെക്രട്ടറി ഷാജി വർഗീസ്, ട്രഷറർ ജാൻസി ആലുങ്കൽ, രക്ഷാധികാരി കുരുവിള ചെറിയാൻ എന്നിവർ ആശംസിച്ചു.

കോളജുകളുടെ ഗുണനിലവാരം പരിശോധിച്ച് വിവിധ ഗ്രേഡുകൾ നൽകുന്ന നാക് (NAAC) മൂല്യനിർണയത്തിൽ A++ ഗ്രേഡ് നേടിയാണ് ബസേലിയസ് കോളജിന് ഓട്ടോണമസ് പദവി ലഭിച്ചത്.

ഉയർന്ന ഗ്രേഡ് പോയിൻ്റ് നേടി കേരളത്തിലെ ഏറ്റവും മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിലാണ് കോട്ടയം ബസേലിയസ് കോളജ് സ്വയംഭരണ പദവി നേടുന്നത്.  

 2026 അഡ്മിഷൻ മുതൽ ഓട്ടോണമസ്  കോളജുകളുടെ നിയമമനുസരിച്ചാണ് പ്രവേശനവും പരീക്ഷകളും.    വജ്രജൂബിലി ആഘോഷനിറവിലെത്തിയ കലാലയത്തിൻ്റെ മികവിൻ്റെ അംഗീകാരമായി യൂണിവേഴ്സിറ്റി ഗ്രാന്റ്സ്  കമ്മിഷൻ്റെ  സ്വയംഭരണ പദവിയെ കണക്കാക്കാം.

1964 ൽ പരിശുദ്ധ ബസേലിയോസ് ദ്വിതീയൻ കാതോലിക്കാബാവയുടെ നാമധേയത്തിലാണ് ബസേലിയസ് കോളജ് സ്ഥാപിതമായത്. ആ പിതാവിൻ്റെ  'ദീർഘവീക്ഷണവും നിശ്ചയദാർഢ്യവും സ്വപ്നവുമാണ് ബസേലിയസ് കോളജിന്റെ പിറവിയ്ക്കുപിന്നിൽ. 1964 ലെ ജൂലൈ മാസത്തിൽ 16 അധ്യാപകരും 500 ൽ താഴെ വിദ്യാർത്ഥികളുമായി കോട്ടയം പട്ടണത്തിന്റെ ഹൃദയഭാഗത്ത് ആരംഭിച്ച ഈ കലാലയത്തിൽ ബിരുദ ബിരുദാനന്തര ഗവേഷണ വിഭാഗങ്ങളിലായി ഇപ്പോൾ ആയിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. എൺപതിലധികം അധ്യാപകരും മുപ്പതോളം അനധ്യാപകരും സേവനം അനുഷ്ഠിക്കുന്നു. 12 ഓണേഴ്സ് ബിരുദകോഴ്സുകളും ബിരുദാനന്തരബിരുദ വിഭാഗത്തിൽ 7 കോഴ്സുകളും ഉണ്ട്. ഇംഗ്ലിഷ്, ഇക്കണോമിക്സ്, ഫിസിക്സ്, കെമിസ്ട്രി, കൊമേഴ്സ് വിഭാഗങ്ങളിലായി അഞ്ച് ഗവേഷണവിഭാഗങ്ങളും ഉണ്ട്.

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കോളജുകളിൽ ആദ്യ സ്വയംഭരണപദവി ലഭിക്കുന്ന കോളജ് എന്ന പ്രത്യേകത ബസേലിയസിന് ഉണ്ട്. സ്വയംഭരണ പദവി പ്രഖ്യാപനത്തിന്റെ ഭാഗമായി ഫെബ്രു 3 ന് രാവിലെ 9.30ന് വിദ്യാർത്ഥികളും അധ്യാപകരും അടങ്ങുന്ന സംഘം ദേവലോകം അരമനയിൽ എത്തുകയും ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ മുഖ്യകാർമ്മികത്തിൽ   പ്രാർത്ഥനയിൽ പങ്കെടുക്കുകയും ചെയ്തു. പ ബാവാ തിരുമേനി കത്തിച്ചു നൽകിയ ദീപശിഖ കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. ബിജു തോമസ് ഏറ്റുവാങ്ങി. തുറന്ന വാഹനത്തിൽ മറ്റ് വാഹനങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി കോളജ് ക്യാംപസിൽ എത്തിച്ചേർന്നു. കോളജിന്റെ നാമഹേതുകനായ പരിശുദ്ധ ബസേലിയോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ ഛായാചിത്രത്തിന് മുന്നിലെ വിളക്കിലേക്ക് അഗ്‌നി പകർന്നതോടെ സ്വയംഭരണ പദവി പ്രഖ്യാപനത്തിന് നാന്ദി കുറിച്ചു.  തുടർന് 150-ൽ അധികം കുട്ടികൾ പങ്കെടുത്ത  മെഗാ സൂംബാ ഡാൻസ്, 40 പേരടങ്ങിയ ഗായകസംഘത്തിന്റെ നേതൃത്വത്തിൽ കോളജിന്റെ പുതിയ ആന്തത്തിന്റെ ആലാപനം, എൻസിസിയുടെ ബാൻഡ് പ്രകടനം എന്നിവയും നടന്നു.

ഉച്ചയ്ക്ക് 1.15ന് കോളജ് ഓഡിറ്റോറിയത്തിൽ   ഓട്ടോണമി സമ്മേളനമായ 'നോവ'യിൽ എംഒസി കോളജുകളുടെ മാനേജർ ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പൊലീത്ത സ്വയംഭരണപദവി പ്രഖ്യാപനം നടത്തി. പൂർവവിദ്യാർത്ഥിയും ഹൈക്കോടതി റിട്ട. ജഡ്ജിയുമായ വി.ജി. അരുൺ മുഖ്യാതിഥിയായിരുന്നു.  എം.ജി.സർവകലാശാല വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദ് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. കോളജ് ലോഗോയുടെ പ്രകാശനം സർവകലാശാല സിൻഡിക്കേറ്റ് അംഗം അഡ്വ. റെജി സക്കറിയ നിർവഹിച്ചു. തുടർന്ന് ദേവിദാസും സംഘവും ചേർന്നുള്ള    മ്യൂസിക് ബാൻഡിന്റെ അവതരണവും നടന്നു.

നൂറുശതമാനം കരുതലോടെ ബസേലിയസ്.

അടുത്ത അധ്യയനവർഷം മുതൽ കോളജിൽ ബിരുദപ്രവേശനം നേടുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും കരുതൽ എന്ന പേരിൽ സ്‌കോളർഷിപ്പ് നൽകും. സർക്കാർ-സർക്കാരിതര സ്‌കോളർഷിപ്പുകൾ കൂടാതെയാണ് ഈ പദ്ധതി. കോളജ് മാനേജിമെന്റിന്റേയും പൂർവവിദ്യാർത്ഥികളുടെയും മറ്റിതിരസംഘടനകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

കോളജിന് സ്വന്തമായി കോളജ് ആന്തം.

സ്വയംഭരണപദവിയിലേക്ക് ഉയർത്തുന്ന കോളജിന് സ്വന്തമായി കോളജ് ആന്തം. 'അക്ഷരനഗരിക്ക് അക്ഷയമാകും അക്ഷരാലയമിത് രക്ഷാലയം'.... എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികൾ രചിച്ചത് എഴുത്തുകാരനും മലയാളവിഭാഗം അധ്യാപകനുമായ ഡോ. നിബുലാൽ വെട്ടൂരാണ്. വെരി.റവ.ഫാ. എം.പി. ജോർജ്ജ് കോറെപ്പിസ്‌കോപ്പ സംഗീതം നൽകി. ഫാ  ജിബി കെ പോളിൻ്റെ നേതൃത്വത്തിലുള്ള ഗായക സംഘം ആലപിച്ചു.

എൻസിസി ബാൻഡ്  

കോളജിൽ 1966ൽ ആണ് എൻസിസി ആർമി വിഭാഗം യൂണിറ്റ് ആരംഭിക്കുന്നത്. മികച്ച എൻസിസി യൂണിറ്റിനും അസോസിയേറ്റ് എൻസിസി ഓഫിസർമാർക്കുമുള്ള പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ കോളജുകളിലെ 2  എൻസിസി യൂണിറ്റുകളിൽ മാത്രമേ ബാൻഡ് ടീം ഉള്ളു. അതിലൊന്നാണ് ബസേസിയസ് കോളജിലെ എൻസിസി ബാൻഡ് ടീം. ഏറെ നാളത്തെ  പരിശ്രമഫലമായിട്ടാണ് 45 പേരടങ്ങുന്ന ബാൻഡ് ടീം സജ്ജമായിരിക്കുന്നത്. മികച്ച എൻസിസി യൂണിറ്റിന് എം.ജി. സർവകലാശാല നൽകുന്ന 2024-25 വർഷത്തെ മേജർ ബിപിൻ റാവത്ത് അവാർഡ് ബസേലിയസ് കോളജ് എൻസിസി യൂണിറ്റിനാണ്. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ പൊലീസ് പരേഡ് മൈതാനത്ത് നടന്ന പരേഡിൽ ബാൻഡ് ടീം പ്രകടനം നടത്തിയിരുന്നു.
ദേശീയ പുരസ്ക്കാരങ്ങൾ നേടിയ എൻ എസ് എസ് യൂണിറ്റ് , ലോകമെങ്ങുള്ള പൂർവ്വവിദ്യാർത്ഥികളെ ഒന്നിപ്പിക്കുന്ന വി ബസേലിയൻ പൂർവ്വ വിദ്യാർത്ഥി സമാജം , പൂർവ്വ അധ്യാപകരുടെ കൂട്ടായ്മയായ FORT, എം ജി ഒ സി എസ് എം യൂണിറ്റ് എന്നിവയും കോളജിൻ്റെ യശസ്സുയർത്തുന്നു. കോളജിന് സ്വന്തമായി മെൻസ്  ഹോസ്റ്റലും  വിമൻസ് ഹോസ്റ്റലും ജിംനേഷ്യവും കോളജ് കാൻ്റീനും ഉണ്ട്.

തൊഴിലധിഷ്ഠിത ന്യൂജനറേഷൻ കോഴ്‌സുകൾ വരും.

സ്വയംഭരണ പദവി നേടിയതോടെ  നിലവിലുള്ള കോഴ്‌സുകൾക്ക് പുറമേ  ധാരാളം തൊഴിൽ സാധ്യതയുള്ള ന്യൂജനറേഷൻ കോഴ്‌സുകൾ ആരംഭിക്കും. അതിനുള്ള കരിക്കുലം ഫ്രയിം വർക്കുകൾ ആരംഭിച്ചതായി  പ്രിൻസിപ്പൽ പ്രൊഫ. ഡോ. ബിജു തോമസ്,  വൈസ് പ്രിൻസിപ്പൽ പ്രഫ. ഡോ. പി. ജ്യോതിമോൾ, കോളജ് ബർസാർ ഡോ. ആനി ചെറിയാൻ എന്നിവർ അറിയിച്ചു.


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക