
ആഗോള വിപണിയിൽ രണ്ട് ദിവസങ്ങളായി തുടർന്ന ഇടിവിന് വിരാമമിട്ട് സ്വർണ്ണവും വെള്ളിയും ചൊവ്വാഴ്ച വൻ തിരിച്ചുവരവ് നടത്തി. കനത്ത ഇടിവിന് പിന്നാലെ നിക്ഷേപകർ കുറഞ്ഞ വിലയിൽ സ്വർണ്ണവും വെള്ളിയും വൻതോതിൽ വാങ്ങിക്കൂട്ടിയതോടെയാണ് വിപണി തിരിച്ചുയർന്നത്.
കൂടിയും കുറഞ്ഞും ചാഞ്ചാടി നിൽക്കുകയാണ് നിലവിൽ സ്വർണവില . വില കുറഞ്ഞതിനാൽ ഇനി സ്വര്‍ണം വാങ്ങിയേക്കാം എന്ന് കരുതിയാല്‍ ഉടനടി വില കയറുന്നതാണ് സ്വര്‍ണവിപണിയിൽ നിലവിലെ സ്ഥിതി . കേരളത്തിൽ ഇന്നലെ മാത്രം നാല് തവണയാണ് സ്വര്‍ണവിലയില്‍ മാറ്റം സംഭവിച്ചത്. രണ്ട് തവണ വില കുറയുകയും രണ്ട് തവണ കൂടുകയും ചെയ്തു.
നിലവിൽ അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില 5.5% വർധിച്ച് ഔൺസിന് $4,921.42 എന്ന നിലവാരത്തിലെത്തി. തിങ്കളാഴ്ച സ്വർണ്ണം $4,403.24 എന്ന താഴ്ന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. എന്നാൽ 2008 നവംബറിന് ശേഷമുള്ള ഏറ്റവും വലിയ ഒറ്റദിവസത്തെ കുതിച്ചുചാട്ടത്തിനാണ് വിപണി ഇന്ന് സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയ $5,594.82 ആണ് സ്വർണ്ണത്തിന്റെ ഇതുവരെയുള്ള ചരിത്രപരമായ ഉയർന്ന വില.
വെള്ളി വിലയിലും വർധന
വെള്ളി വിലയിൽ 9.2% വർധനവാണുണ്ടായത്. നിലവിൽ ഔൺസിന് $86.7 എന്ന നിലയിലാണ് വെള്ളിയുടെ വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ച രേഖപ്പെടുത്തിയ 27 ശതമാനത്തിന്റെ റെക്കോർഡ് ഇടിവിനും തിങ്കളാഴ്ചത്തെ 6 ശതമാനം വീഴ്ചയ്ക്കും ശേഷമുള്ള ശക്തമായ തിരിച്ചുവരവാണിത്.
കെവിൻ വാർഷിനെ പുതിയ ഫെഡറൽ റിസർവ് ചെയർമാനായി നാമനിർദ്ദേശം ചെയ്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടി വിപണിയിൽ അസ്ഥിരതയ്ക്ക് വഴിയൊരുക്കി.
അമേരിക്കയിൽ ഭാഗികമായി തുടരുന്ന ഗവൺമെന്റ് ഷട്ട്ഡൗൺ കാരണം ജനുവരിയിലെ തൊഴിൽ റിപ്പോർട്ടുകൾ പുറത്തുവിടുന്നത് വൈകുമെന്ന് ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു. ഇത് വിപണിയിലെ അനിശ്ചിതത്വം വർധിപ്പിക്കുകയും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ്ണത്തിലേക്ക് നിക്ഷേപകരെ ആകർഷിക്കുകയും ചെയ്തു.
വിപണിയിലെ ഈ മുന്നേറ്റം ഇനിയും തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. സ്വർണ്ണവില ഉടൻ തന്നെ $5,000 കടന്നേക്കുമെന്ന് സാക്സോ ബാങ്കിലെ കമ്മോഡിറ്റി സ്ട്രാറ്റജി വിഭാഗം മേധാവി ഒലെ ഹാൻസെൻ പ്രവചിക്കുന്നു. വെള്ളിയുടെ വില $90.58 കടന്ന് $96.52 വരെ എത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.