
ഈ വർഷത്തെ കാൻസർ പ്രമേയം ആണ്
“വൈരുദ്ധ്യത്തിൽ ഏകത്വം”(United by Unique)
കാൻസർ ഇന്ന് അത്ര ഭയപ്പെടുന്ന രോഗമല്ലെങ്കിലും ഒരാൾക്ക് കാൻസർ ആണെന്ന് സ്ഥിരീകരിക്കപ്പെടുമ്പോൾ തന്നെ ഏവരും ഞെട്ടുന്നു. ഒരു സാധാരണക്കാരന് ഇപ്പോഴും കാൻസറിന് ഫലപ്രദമായ ചികിത്സ തേടാൻ ഭാരിച്ച സാമ്പത്തിക സ്ഥിതി നേരിടേണ്ടി വരുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ് . കാൻസർ വർദ്ധിക്കുന്നതനുസരിച്ച് ചിലവേറിയ മരുന്നുകൾ പൂർണ്ണമായും സൗജന്യമായി ലഭ്യമാക്കാൻ ഗവൺമെന്റിനും കഴിയുന്നില്ല.
ഇന്ത്യയിൽ കേരളത്തിലാണ് ഏറ്റവും കൂടുതൽ കാൻസർ രോഗികൾ റിപ്പോർട്ട് ചെയ്യുന്നതെന്ന് കണക്കുകൾ തെളിയിക്കുന്നു . ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണുന്ന മൂന്ന് കാൻസറുകളാണ് സ്തനാർബുദം, വായിലെ കാൻസർ, ഗർഭാശയ ഗള കാൻസർ എന്നിവ. 2040 ആകുമ്പോഴേക്കും കാൻസർ കേസുകളും മരണനിരക്കും ഉയരുമെന്നാണ് കണക്ക്. ആധുനിക ലോകത്തെ ജീവിത സമ്മർദ്ദങ്ങൾ, വെല്ലുവിളി നിറഞ്ഞ ജീവിത സാഹചര്യങ്ങൾ, ദ്രുതഗതിയിലുള്ള നഗരവൽക്കരണം, ജനസംഖ്യാ വർദ്ധന (വാർദ്ധക്യം) നിഷ്ക്രിയവും അനാരോഗ്യകരവുമായ ജീവിതശൈലി, ഇൻഡോർ, ഔട്ട്ഡോർ വായു മലിനീകരണം മുതലായവ, ലോകമെമ്പാടും ഉയർന്നുവരുന്ന കാൻസർ വർദ്ധനവിന് കാരണമാകുന്നു. ഇത് ഇന്ത്യ ഉൾപ്പെടെയുള്ള ഇടത്തരം മുതൽ താഴ്ന്ന സാമൂഹിക-സാമ്പത്തിക രാജ്യങ്ങളെ പ്രധാനമായും ബാധിക്കുന്നു.പക്ഷെ
മൂന്നിലൊന്ന് ഭാഗം കാൻസറുകളും തടയാൻ പറ്റുന്നവയാണെന്നതാണ് സത്യം.
കാൻസർ കേരളത്തിൽ
കേരളത്തിലാണ് ഏറ്റവും കൂടുതൽ കാൻസർ രോഗികൾ റിപ്പോർട്ട് ചെയ്യുന്നതെന്ന് പറഞ്ഞില്ലൊ
ഇതിന് മറ്റ് വികസിത രാജ്യങ്ങളെ പോലെയുള്ള വിവിധകാരണങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്. അതായത് വൈകിയുള്ള വിവാഹം,വൈകിയ പ്രസവം, കുട്ടികളുടെ എണ്ണക്കുറവ്, ഉയർന്ന സാങ്കേതിക വിദ്യ, ഉയർന്ന സാമ്പത്തിക നില, ഉയർന്ന കാലറിയുള്ള ഭക്ഷണം, ഉയർന്ന മാംസാഹര രീതി, ഉദാസീനമായ ജീവിതരീതി, പൊണ്ണത്തടി, ഉയർന്ന മദ്യപാനം, പുകവലി തുടങ്ങിയവ കാൻസർ വ്യാപനം കൂട്ടുന്ന ഘടകങ്ങളാണ്.
ഇന്ന് ഏത് തരം കാൻസറായാലും അവയെ ചികിത്സിക്കാൻ അത്യാധുനിക സംവിധാനങ്ങൾ നിലവിലുണ്ട്. കാൻസറിന്റെ ആദ്യ ഘട്ടത്തിൽ കണ്ട് പിടിച്ചാൽ പൂർണ്ണമായും ചികിത്സിച്ച് ഭേദമാക്കാൻ പറ്റുന്നതാണെങ്കിലും നിർഭാഗ്യവശാൽ ആദ്യ ഘട്ടം കഴിഞ്ഞാണ് പലരും ചികിത്സ തേടുന്നത്. ശരീരം നൽകുന്ന ചില സിഗ്നലുകൾ അവഗണിക്കുന്നതാണ് ഇതിന് കാരണം. ഏത് ഘട്ടത്തിലെ കാൻസറിന്റെ വളർച്ച യെയും പിടിച്ച് നിർത്തി ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ ഇന്ന് ആധുനിക മരുന്നുകൾ ലഭ്യമാണ്. ഇമ്മ്യൂണൊ തെറാപ്പി കാൻസർ ചികിത്സയിൽ വലിയ പുരോഗതിയാണ് കൈവരിക്കുന്നത്. ഇനി ചികിത്സകളൊന്നും ഇല്ലെങ്കിൽ തന്നെയും രോഗിയെ മരണത്തിനായി വിട്ട് കൊടുക്കുന്നില്ല. പാലിയേറ്റീവ് ടീം ഇത്തരം രോഗികൾക്ക് വേദനമുക്തമായ ഒരു ജീവിതവും അന്തസ്സുറ്റ ജീവിത നിലവാരവും ലഭ്യമാക്കുന്നു. ഇന്ന് ഒരു കാൻസർ രോഗിയും വേദന കടിച്ചമർത്തേണ്ടതായി വരുന്നില്ല. 24 മണിക്കൂറും പ്രവർത്തിക്കുന്ന മോർഫിൻ പോലുള്ള വേദന സംഹാരി കൊണ്ട് രോഗിയെ വേദന മുക്തമാക്കുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും ഒറ്റമൂലിക്കാർ ഏറ്റവും കൂടുതൽ വഴിതെറ്റിക്കുന്നത് കാൻസർ രോഗികളെയാണ്. കാരണം കാൻസറിന്റെ ചികിത്സ കുറച്ച് ക്ഷമയോടെ ചെയ്യേണ്ടതാണ്. ഇവയുടെ ചികിത്സാ സമയം ദൈർഘ്യമേറിയതാണ്. ഒറ്റ മൂലികളും പച്ചില മരുന്നുകളും കാൻസർ സുഖപ്പെടുത്തുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ഇതിൽ പെട്ടു പോയ പല രോഗികളും രോഗം മൂർച്ഛിച്ച് തിരിച്ച് വരാറുണ്ട്. ശാസ്ത്രീയമായ ചികിത്സയോടൊപ്പം മാനസിക പിരിമുറുക്കമില്ലാത്ത അന്തരീക്ഷം, നല്ല ഭക്ഷണം ,ശുചിത്വം , നന്നായി വെള്ളം കുടിക്കുക തുടങ്ങിയ കാര്യങ്ങളും പ്രധാനമാണ്.
കാൻസർ സ്ക്രീനിംഗ് - നേരത്തെ അറിയാനുള്ള മാർഗ്ഗം.
പല കാൻസറുകളും ജീവിത ശൈലി മാറ്റംകൊണ്ട് തടയാൻ പറ്റുന്നതും നേരത്തെ കണ്ടെത്തിയാൽ പൂർണ്ണമായും ചികിത്സിച്ച് ഭേദമാക്കാവുന്നതുമാണ്. പ്രത്യേകിച്ചും സ്തനാർബുദം ,വായ, ഗർഭാശയഗള കാൻസർ, വൻകുടൽ, ശ്വാസകോശം തുടങ്ങിയ കാൻസറുകൾ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തിയാൽ തടയാവുന്നതാണ്.
കാൻസർ നേരത്തേ കണ്ടെത്തുന്നത് വിജയകരമായ ചികിത്സയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് കാൻസർ തിരിച്ചറിയാൻ ആരോഗ്യമുള്ള വ്യക്തികളെ പരിശോധിക്കുന്നതാണ് സ്ക്രീനിംഗ് എന്ന് പറയുന്നത്. കുടുംബത്തിൽ കാൻസർ ചരിത്രമുള്ളവർ നേരത്തെ തന്നെ സ്ക്രീനിങ്ങിന് വിധേയമാകണം. പല കാൻസറിനും പല കാരണങ്ങളാണ്. ഒരാളുടെ കാരണമാകില്ല മറ്റൊരാളുടേത്.
ഒരു സെന്റീമീറ്റർ വലിപ്പമുള്ള മുഴ എക്സെറെയിലൊ അല്ലാതെയൊ നമുക്ക് കാണാനൊ അനുഭവപ്പെടാനൊ കഴിയുമ്പോഴേക്കും അവ പത്ത് മില്യൻ കാൻസർ കോശങ്ങളായി വിഭജിച്ചിട്ടുണ്ടാവും എന്നാണ് കണക്കാക്കുന്നത്. അതുകൊണ്ടാണ് സ്ക്രീനിംഗ് ഇത്ര പ്രാധാന്യമർഹിക്കുന്നത്. സ്തനാനാർബുദം നേരത്തെ കണ്ടെത്താനായി എല്ലാ മാസവും 20 വയസ്സിന് മുകളിലുള്ള എല്ല പെൺകുട്ടികളും സ്വയം സ്തന പരിശോധന പരിശീലിക്കണം. അൾട്രാ സോണൊഗ്രാഫിയും മാമോഗ്രാഫിയും മുഴകൾ പ്രത്യക്ഷപ്പെടുന്നതിന് മുന്പ് തന്നെ സ്തന കോശമാറ്റങ്ങളെ തിരിച്ചറിയാനുള്ള വഴികളാണ്.
40 വയസ്സിന് മുകളിലുള്ള ഏത് ആരോഗ്യമുള്ള സ്ത്രീയും വർഷത്തിലൊരിക്കൽ മാമൊഗ്രാഫി ചെയ്യണം. എന്നാൽ കാൻസറിന്റെ കുടുംബ ചരിത്രമൊ അല്ലെങ്കിൽ വ്യക്തി ചരിത്രമൊ അതുമല്ലെങ്കിൽ ഇടതൂർന്ന അഥവാ നിബിഡമായ സ്തനങ്ങളൊ ഉള്ള വ്യക്തിയാണെങ്കിൽ 40 വയസ്സിന് മുന്പ് തന്നെ വാർഷിക സ്ക്രീനിംഗ് തുടങ്ങണം .
ഗർഭാശയഗള (സെർവിക്കൽ കാൻസർ) കാൻസറിലേക്ക് നയിക്കുന്ന അസാധാരണമായ കോശങ്ങൾ കാൻസറാവാൻ വർഷങ്ങളെടുക്കും. അതുകൊണ്ട് അവ കാൻസറായി മാറുന്നതിന് മുന്പ് തന്നെ കോശങ്ങളുടെ മാറ്റങ്ങൾ കണ്ടെത്താൻ ചില ടെസ്റ്റുകളുണ്ട്. ഹ്യൂമൻ പാപ്പിലോമ വൈറസ്സ് ടെസ്റ്റ് ആണത്. 90%ഗർഭാശയ ഗള കാൻസറുകളും ഈ വൈറസ് കാരണമാണ് ഉണ്ടാവുന്നത്. ഈ വൈറസിന്റെ സാനിധ്യം ഈ ടെസ്റ്റ് വഴി അറിയാം.
എന്നാൽ നിങ്ങൾക്ക് കാൻസർ ഉണ്ടോ എന്ന് ഈ ടെസ്റ്റ് പറയുന്നില്ല. പകരം, നിങ്ങളുടെ സിസ്റ്റത്തിൽ സെർവിക്കൽ കാൻസറിന് കാരണമാകുന്ന ഈ വൈറസ് കണ്ടെത്താനാവും.
കാൻസർ പ്രതിരോധം വാക്സിനിലൂടെ
ഇന്ത്യയിൽ ഗർഭാശയ കാൻസറിനെതിരായ വാക്സിൻ പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്തിട്ടുണ്ട്. വൈകാതെ അവ വിപണിയിൽ എത്തിപൊതുജനങ്ങൾക്ക് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം
കാൻസറിന്റെ മുന്നറിയിപ്പ് സൂചനകൾ
1.ഏതെങ്കിലും മുഴകളൊ തടിപ്പുകളൊ സ്തനങ്ങളിൽ, വൃഷണങ്ങളിൽ, ശരീരത്തിലെ മറ്റേതെങ്കിലും ഭാഗങ്ങളിൽ കണ്ടെത്തിയാൽ……
2.ഏതെങ്കിലും തരത്തിലുള്ള മലബന്ധമൊ മൂത്ര തടസ്സമൊ തുടർച്ചയായി ഉണ്ടായാൽ…
3. ഉണങ്ങാത്ത വ്രണങ്ങൾ
4.അസാധാരണ രക്തസ്രാവം ശരീരത്തിന് ഉള്ളിൽ നിന്നോ ഏതെങ്കിലും ഭാഗത്ത് നിന്നോ ഉണ്ടായാൽ…
5.ദഹനക്കേട്, ഭക്ഷണം ഇറക്കാനുള്ള ബുദ്ധി മുട്ട് എന്നിവ അനുഭവപ്പെട്ടാൽ….
6.ശരീരത്തിലെ മറുകിലൊ അരിമ്പാറയിലൊ നിറവ്യത്യാസമൊ വലിപ്പത്തിലൊ വരുന്ന മാറ്റം ….
7.നിർത്താതെയുള്ള ചുമ രണ്ട് ആഴ്ചയിൽ കൂടുതൽ നീണ്ടു നിന്നാൽ....
8.ശബ്ദത്തിൽ മാറ്റം (Hoarseness of voice) അനുഭവപ്പെട്ടാൽ …
9.അകാരണമായി ശരീര ഭാരം കുറയുകയാണെങ്കിൽ
വിളർച്ചയനുഭവപ്പെടുക (anaemia)...
10.അമിത ക്ഷീണം( കാരണമില്ലാതെ) (fatigue) അനുഭവപ്പെട്ടാൽ
11.വായ, മോണ, നാവ്, കവിളിന്റെ ഉൾഭാഗം എന്നിവിടങ്ങളിൽ വേദനയില്ലാത്ത വെള്ള പാട് കാണുകയാണെങ്കിൽ (പ്രത്രേകിച്ചും പുകയില വലിക്കാരിലും ഗുട്ക, പാൻ പരാഗ് ഉപയോഗിക്കുന്നവരിലും).
കാൻസറിനെ ചെറുത്ത് നിർത്താം.
പല കാൻസറുകളും ജീവിതശൈലി മാറ്റംകൊണ്ട് തടയാൻ പറ്റുന്നതും നേരത്തെ കണ്ടെത്തിയാൽ പൂർണ്ണമായും ചികിത്സിച്ച് ഭേദമാക്കാവുന്നതുമാണ്. പ്രത്യേകിച്ചും സ്തനാർബുദം ,വായ, ഗർഭാശയഗള കാൻസർ, വൻകുടൽ, ശ്വാസകോശം തുടങ്ങിയ കാൻസറുകൾ. ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തിയാൽ തടയാവുന്ന കാൻസറുകളാണിവ.
ആഹാരത്തിൽ ധാരാളം പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്തുക.വറുത്തതും കരിച്ചതും ടിന്ന് ഭക്ഷണവും ഫാസ്റ്റ് ഫുഡും നിയന്ത്രിക്കുക .ഉപ്പ്, പഞ്ചസാര, മൈദ, വെളുത്ത അരി ഇവയുടെ ഉപയോഗം കുറക്കുക.ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാതിരിക്കുക.അമിതമായ കൊഴുപ്പ്, മദ്യം, പുകവലി ഒഴിവാക്കുക. അതിൽ
വ്യായാമം ഏറ്റവും പ്രധാനമാണ് . അനാവശ്യ പിരിമുറുക്കങ്ങളും ഒഴിവാക്കുക.
"ആഹാരം മരുന്നുപോലെ കണക്കാക്കി കഴിക്കണം. അല്ലെങ്കിൽ മരുന്ന് ആഹാരമായി കഴിക്കേണ്ടി വരും." (ഹിപ്പൊക്രേറ്റ്സ്)
ഇപ്പോൾ മിക്കവാറും എല്ലാ ആശുപത്രികളിലും ഗവൺമെന്റ് കാൻസർ ചെക്കപ്പ് സെന്ററുകളിലും സൗജന്യമായി കാൻസർ ചെക്കപ്പുകൾ ചെയ്യുന്നുണ്ട്. നിരവധി സംഘടനകളും കാൻസർ ടീമുകളും ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്. പൊതുജനങ്ങൾ ഇവയുടെ സേവനം ലഭ്യമാക്കുക.
Lt. Col. BK. LALITHA ( Rtd)
Nurse. Oncologist
953 980 9127 ( M)
https://www.facebook.com/share/1MD9zRL4Vw/.