Image

ഇന്ത്യ-യു.എസ് സാമ്പത്തിക സഹകരണ പാത തുറന്ന് വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാവുമ്പോള്‍ (എ.എസ് ശ്രീകുമാര്‍)

Published on 03 February, 2026
ഇന്ത്യ-യു.എസ് സാമ്പത്തിക സഹകരണ പാത തുറന്ന് വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാവുമ്പോള്‍ (എ.എസ് ശ്രീകുമാര്‍)

മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനും തീരുവ ഉയര്‍ത്തല്‍ വിവാദങ്ങള്‍ക്കുമൊടുവില്‍ ഇന്ത്യ-അമേരിക്ക വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യത്തിലായിരിക്കുന്നു. പ്രസിഡന്റ് ട്രംപ് തിങ്കളാഴ്ച രാവിലെ 9.30-നാണ് കരാര്‍ യാഥാര്‍ഥ്യമായെന്ന പ്രഖ്യാപനം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ട്രംപ് ഫോണില്‍ സംസാരിച്ചതിന് പിന്നാലെയായിരുന്നു സുപ്രധാനമായ ഈ പ്രഖ്യാപനം. അമേരിക്കയും ഇന്ത്യയും തമ്മില്‍ ഒരു വ്യാപാര കരാര്‍ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നായിരുന്നു ട്രംപ് പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി യു.എസ് ഇന്ത്യക്കെതിരെ ഏര്‍പ്പെടുത്തിയ 25 ശതമാനം പകരം തീരുവ 18 ശതമാനമായി കുറയ്ക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു.

അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ കൂടുതല്‍ വാങ്ങാമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് ട്രംപിന്റെ അവകാശവാദം. 500 ബില്യണ്‍ ഡോളറിലധികം വിലമതിക്കുന്ന അമേരിക്കയുടെ ഊര്‍ജം, സാങ്കേതികവിദ്യ, കാര്‍ഷിക ഉല്‍പന്നങ്ങള്‍, കല്‍ക്കരി തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നതായും ട്രംപ് പറഞ്ഞു. ഇന്ത്യ റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്താമെന്നും പകരം അമേരിക്കയില്‍ നിന്നും വെനസ്വേലയില്‍ നിന്നും കൂടുതല്‍ വാങ്ങാമെന്നും സമ്മതിച്ചുവെന്നും ട്രംപ് അവകാശപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം കേന്ദ്രസര്‍ക്കാര്‍ നടത്തിയിട്ടില്ല.

''എന്റെ സുഹൃത്തുമായി ഫോണില്‍ സംസാരിച്ചു. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള തീരുവ 18 ശതമാനമായി കുറച്ചതില്‍ സന്തോഷമുണ്ട്...'' എന്നാണ് മോദി എക്‌സില്‍ കുറിച്ചത്.  നരേന്ദ്ര മോദിയും ട്രംപും തമ്മിലുള്ള ഊഷ്മളമായ സൗഹൃദമാണ് യു.എസുമായി ഇത്രയും മികച്ചൊരു കരാറിലേക്ക് ഇന്ത്യയെ എത്തിച്ചതെന്നും അയല്‍രാജ്യങ്ങള്‍ക്കോ ഇന്ത്യയുമായി മത്സരിക്കുന്ന മറ്റ് രാജ്യങ്ങള്‍ക്കോ ലഭിച്ചതിനേക്കാള്‍ മികച്ച ആനുകൂല്യങ്ങളാണ് ഈ കരാറിലൂടെ ഇന്ത്യക്ക് ലഭിച്ചിരിക്കുന്നതെന്നും കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പ്രതികരിച്ചു.

എന്നാല്‍ 50,000 കോടി ഡോളറിലധികം വിലമതിക്കുന്ന അമേരിക്കന്‍ ഉത്പന്നങ്ങള്‍ വാങ്ങാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന യു.എസ് പ്രസിഡന്റ്ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.പെട്രോളിയം, പ്രതിരോധം, ഇലക്ട്രോണിക്‌സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, ടെലികോം മേഖലകളിലെ ഉല്‍പന്നങ്ങളും വിമാനങ്ങളും കാര്‍ഷിക മേഖലയിലെ ചില ഉല്‍പന്നങ്ങളും ഇന്ത്യ അമേരിക്കയില്‍നിന്ന് വാങ്ങുമെന്ന് റിപ്പോര്‍ട്ടുണ്ട്. കൂടുതല്‍ മേഖലകളെ ഉള്‍ക്കൊള്ളുന്ന സമഗ്രമായ കരാറിനായുള്ള ചര്‍ച്ചകള്‍ തുടരുമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

അതേസമയം, വ്യാപാര കരാറിന്റെ ഭാഗമായി ഇന്ത്യയിലേക്ക് അമേരിക്കന്‍ കാര്‍ഷിക ഉല്‍പന്നങ്ങള്‍ കൂടുതല്‍ കയറ്റുമതി ചെയ്യുമെന്ന് വ്യക്തമാക്കി യു.എസ് കൃഷി വകുപ്പ് സെക്രട്ടറി ബ്രൂക്ക് റോളില്‍സ് രംഗത്തെത്തി. അമേരിക്കന്‍ ഫാം ഉല്‍പന്നങ്ങള്‍ ഇന്ത്യയുടെ വലിയ വിപണിയിലേക്ക് കൂടുതല്‍ കയറ്റുമതി ചെയ്യുമെന്നും ഇത് അമേരിക്കയുടെ ഗ്രാമീണ മേഖലകള്‍ക്ക് സാമ്പത്തികനേട്ടമുണ്ടാക്കുമെന്നും ബ്രൂക്ക് റോളില്‍സ് എക്‌സില്‍ കുറിച്ചു. 2024-ല്‍, ഇന്ത്യയുമായുള്ള അമേരിക്കയുടെ കാര്‍ഷിക വ്യാപാര കമ്മി 1.3 ബില്യണ്‍ ഡോളറായിരുന്നുവെന്നും ബ്രൂക്ക് റോളില്‍സ് പറഞ്ഞു. ഇന്ത്യയുടെ വളരുന്ന ജനസംഖ്യ അമേരിക്കന്‍ കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് ഒരു പ്രധാന വിപണിയാണ്. പുതിയ കരാര്‍ ഈ കമ്മി കുറയ്ക്കുന്നതിന് വലിയ സംഭാവന നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടി 2024 ഓഗസ്റ്റ് ആദ്യവാരം 25 ശതമാനം തീരുവ ചുമത്തിയ ട്രംപ്, പിന്നീട് ഇത് 50 ശതമാനമായി ഉയര്‍ത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഒട്ടും ഊഷ്മളമായിരുന്നില്ല. എന്നാലിപ്പോള്‍ ഉയര്‍ന്ന ഇറക്കുമതി തീരുവ 50 ശതമാനത്തില്‍ നിന്നും 18 ശതമാനമായി കുറച്ചതോടെ ചൈന, വിയറ്റ് നാം, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കന്‍ വിപണിയില്‍ വലിയ മുന്‍തൂ ക്കം ലഭിക്കും. യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കുമെ ന്ന ധാരണയും ഈ കരാറിന് പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂണിയനുമായി കഴിഞ്ഞ ദിവസം ഒപ്പിട്ട വ്യാപാര കരാറിന് സമാനമായ രീതിയിലായിരിക്കും അമേരിക്കയുമായുള്ള കരാറും മുന്നോട്ട് പോകുക എന്നാണ് വിദഗ്ദ്ധര്‍ കരുതുന്നത്. യൂറോപ്യന്‍ യൂണിയന് നല്‍കിയ ഇളവുകള്‍ അമേരിക്കയ്ക്കും നല്‍കേണ്ടി വരുമെന്നത് സ്വാഭാവികമാണ്.

പുതിയ കരാറിന്റെ ഭാഗമായി യു.എസ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ പൂജ്യം ശതമാനമായി കുറയ്ക്കാന്‍ ഇന്ത്യ സന്നദ്ധത പ്രകടിപ്പിച്ചതായും റിപ്പാര്‍ട്ടുണ്ട്. എന്നാലിത് വന്‍ കോളിളക്കം സൃഷ്ടിക്കാനിടയുണ്ട്. ഓപ്പറേഷന്‍ സിന്ദൂര്‍ അടക്കമുള്ള സംഭവങ്ങളിലെപ്പോലെ ഇക്കുറിയും കേസര്‍ക്കാരിന്റെ നടപടിയെക്കുറിച്ച് വാഷിങ്ടനില്‍ നിന്നാണ് ഇന്ത്യയ്ക്ക് അറിയേണ്ടി വന്നതെന്നാണ് കോണ്‍ഗ്രസ് ആദ്യം പ്രതികരിച്ചത്. കരാര്‍ നടപ്പിലാകുന്നതോടെ യു.എസ് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, ഊര്‍ജ്ജം, സാങ്കേതിക വിദ്യ എന്നിവയ്ക്ക് ഇന്ത്യന്‍ വിപണിയിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കാനാവും.

ഇന്ത്യ-യു.എസ് സാമ്പത്തിക ബന്ധങ്ങളുടെ പാത പുനഃസ്ഥാപിക്കപ്പെട്ടതിലൂടെ പയര്‍വര്‍ഗ്ഗങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍, സംസ്‌കരിച്ച ഭക്ഷണങ്ങള്‍ തുടങ്ങി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ചില്ലറ വില്‍പ്പന വിലയില്‍ കുറവുണ്ടാകാം. ലാപ്‌ടോപ്പുകള്‍, ഗാഡ്‌ജെറ്റുകള്‍, ഇലക്ട്രോണിക്‌സ് തുടങ്ങിയ ഘടകങ്ങളും ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ മത്സരാധിഷ്ഠിതമായി വില കുറഞ്ഞേക്കാം. കയറ്റുമതി രംഗത്ത്, യുഎസിലെ ലാന്‍ഡ്‌ലൈന്‍ ചെലവ് കുറയ്ക്കുന്നതിലൂടെ തുണിത്തരങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയ ഇന്ത്യന്‍ മേഖലകള്‍ക്ക് നേട്ടമുണ്ടാകും. മെച്ചപ്പെട്ട വിപണി ആക്‌സസ്സില്‍ നിന്ന് നേട്ടമുണ്ടാകാന്‍ സാധ്യതയുള്ള കയറ്റുമതിക്കാര്‍ക്കും ഇത് ഗുണം ചെയ്യും.

സ്റ്റീല്‍, കെമിക്കല്‍സ്, എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള വ്യാവസായിക വിഭാഗങ്ങള്‍ക്ക് മികച്ച വിപണി ആക്‌സസും കുറഞ്ഞ വ്യാപാര സംഘര്‍ഷവും ഉണ്ടാകും. പല വിഭാഗങ്ങളും കൂടുതല്‍ താങ്ങാനാവുന്നതിലേക്ക് എത്താന്‍ ഒരുങ്ങുമ്പോള്‍, ചില നിര്‍ണായക വ്യാവസായിക ഉല്‍പ്പന്നങ്ങള്‍ നിലനില്‍ക്കുന്ന തീരുവ ഘടനകള്‍ കാരണം വിലയേറിയതായി തുടരാം. സ്റ്റീല്‍, അലുമിനിയം, ചെമ്പ് എന്നിവ യു.എസ്. സെക്ഷന്‍ 232 തീരുവകള്‍ ഏകദേശം 50 ശതമാനം ആയി തുടരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക