Image

സാറാ (നീണ്ട കഥ :-13 : അന്നാ പോൾ)

Published on 03 February, 2026
സാറാ (നീണ്ട കഥ :-13 : അന്നാ പോൾ)

ഇന്നു ഞായറാഴ്ചയാണ്.
സാറാ വൈകിയാണ് ഉണർന്നത്.
പുലർവെട്ടം വീണു തിളങ്ങുന്ന മുറ്റവും തൊടിയും.
മുറ്റം നിറയെ പലതരം ചെടികളുണ്ട്. മനോഹരമായ പൂക്കൾ വിരിഞ്ഞു നിൽക്കുന്നു.

ശോശ അമ്മച്ചിയുടെ ഭർത്താവ് സായിപ്പിന്റെ ബംഗ്ലാവിലെ തോട്ടക്കാരനാണ്. അപ്പച്ചൻ അവിടെ നിന്നും കൊണ്ടുവന്നു നട്ടുപിടിപ്പിച്ച ചെടികളാണ്.
അപ്പച്ചൻ മാസത്തിൽ രണ്ടോ മൂന്നോ തവണ വരും.
വന്നാലും വീട്ടു കാര്യങ്ങളൊന്നും അന്വേഷിക്കില്ല. എപ്പോഴും ചെടികളുടെ കൂടെത്തന്നെ....
സായിപ്പ് , സായിപ്പിന്റെ ഉദ്യാനം , വീട്ടിലെ ചെടികൾ... അതു മാത്രമായിരുന്നു അപ്പച്ചന്റ ലോകം.

അമ്മച്ചിയെ തെല്ലു പേടിയുമുണ്ടായിരുന്നു.
അമ്മച്ചി ആളൊരു രസികത്തിയാണു... ധൈര്യത്തിനും കുറവില്ല.
അമ്മച്ചി അറിയാതെ ഒരു മന്ത്രവാദിയുടെ വീട്ടിൽ പോകുമായിരുന്നു അപ്പച്ചൻ. ക്രിസ്ത്യാനികൾ അങ്ങനെ ചെയ്യുന്നതു പാപമാണ്. ദൈവശിക്ഷയുണ്ടാക്കും എന്നൊക്കെ അമ്മച്ചി പറഞ്ഞു കൊടുക്കും.
പലതവണ പറഞ്ഞിട്ടും കൂട്ടാക്കാത്ത ഭർത്താവിനെ ഒരു ദിവസം  അമ്മച്ചി കൈയ്യോടെ പിടികൂടി. കയ്യിൽക്കരുതിയ കാപ്പി വടികൊണ്ടു് മന്ത്രവാദിയെ അടിച്ചോടിച്ചു. അയാളുടെ ശംഖും മണിയും എടുത്തു പൊന്തക്കാട്ടിലെറിഞ്ഞു. ഒന്നു രണ്ടടി ഭർത്താവിനും കിട്ടിയെന്നാണ് നാട്ടിൽ സംസാരം
അമ്മച്ചിയുടെ ധീരകൃത്യങ്ങൾ അനവധിയുണ്ട്.
വീട്ടിൽ പണിയ്ക്കു ചെല്ലുന്നവരെ കടിക്കുന്ന ഒരു നായ ഉണ്ടായിരുന്നു... നായയുടെ കടിയേറ്റ് കരയുന്ന പാവം പണിയാളരുടെ നിലവിളി കേൾക്കുന്നതു തമ്പുരാനു ഒരു ഹരമായിരുന്നു.
ഒരിയ്ക്കൽ ശോശ അമ്മച്ചിയെ കടിക്കാനായി നായ പാഞ്ഞുവന്നതും അമ്മച്ചി അതിന്റെ ചെവിയ്ക്കു രണ്ടിനും പിടിച്ചു തൂക്കി വട്ടം കറക്കി ഒറ്റയേറ്... നായ നടുവൊടിഞ്ഞു അവിടെക്കിടന്നു... തമ്പുരാന്റെ പണി വേണ്ടാന്നും പറഞ്ഞു തിരികെ വീട്ടിലോട്ടും പോന്നു.

സാറാ മുറ്റത്തെ വിരിഞ്ഞ പൂക്കളും നോക്കി നിൽക്കുകയാണ്.
നീ വേഗം ഒരുങ്ങിയ്ക്കേ കൊച്ചേ... ഇന്ന് ഞായറാഴ്ചയാന്നു മറന്നു പോയോ?
സാറാ തിരിഞ്ഞു നോക്കി.
ചട്ടയും മുണ്ടും ഉടുത്തു അതിനു മുകളിൽ കവണിയും ചുറ്റി അമ്മച്ചി റെഡിയായി നിൽക്കുന്നു.
ശോശ അമ്മച്ചിക്ക് നല്ല ഉയരമുണ്ട് വെളുത്തിട്ടുമാണ്.
കാണാൻ സുന്ദരിയാണ്.
സാറായ്ക്കും അമ്മച്ചിയ്ക്കും ഉയരം കുറവാണ്. നിറവുമില്ല.

ഞായറാഴ്ച രാവിലെ അമ്മച്ചി ഭക്ഷണം കഴിക്കില്ല. ഉപവാസമാണ് ഉച്ചവരെ.
അടുക്കളയിൽ എല്ലാം ഉണ്ടാക്കി വെച്ചിട്ടുണ്ട്
സായിപ്പിന്റെ ബംഗ്ലാവിൽ നിന്ന് അപ്പച്ചൻ കാപ്പിപ്പൊടിയും പാൽപ്പൊടിയും പഞ്ചസാരയും കൊണ്ടുവരും... നാലഞ്ചു ദിവസത്തേയ്ക്കു കാപ്പി കുടി ഉഷാറാണ്.... ജോണും ജോർജും അമ്മച്ചിയുടെ കണ്ണു തെറ്റിയാൽ പാൽപ്പൊടി വാരിത്തിന്നും.
... സാറായ്ക്കു ദേഷ്യം തോന്നുമെങ്കിലും അവൾ ചിരിച്ചു കൊണ്ടു നിൽക്കും.
അമ്മച്ചിയുടെ കയ്യിൽ നിന്നും അടിവാങ്ങാത്ത ഒറ്റ ദിവസം പോലുമില്ല അവർക്ക്... ഹോം വർക്ക് ചെയ്യില്ല വായനയും പകർത്തെഴുത്തും ഒന്നുമില്ല.
പള്ളിക്കൂടത്തിൽ ചെന്നും നല്ല അടി വാങ്ങുന്നുണ്ടാവാം.....
എന്നാലും അവരെ സാറായ്ക്കു ഇഷ്ടമാണ്....

സാറായും അമ്മച്ചിയും പള്ളിയിലെത്തുമ്പോൾ ഒന്നോ രണ്ടോ പേരേ ഉണ്ടായിരുന്നുള്ളു... കുന്നിൻ മുകളിലെ കാറ്റാടി മരങ്ങൾ തണൽ വിരിയ്ക്കുന്ന ആ ദൈവാലയം മിഷണറിമാർ സ്ഥാപിച്ചതാണ്..... കുന്നു കയറി ആൾക്കാർ വന്നു കൊണ്ടിരുന്നു.  അൽപ്പ സമയത്തിനു ശേഷം ആരാധന തുടങ്ങി..

നിലത്തു വിരിച്ച പായകളിലിരുന്നു അവർ ദൈവത്തെ സ്തുതിച്ചു പാടി..
കഷ്ടതകളും പ്രയാസങ്ങളും മറന്ന് ആർത്തു പാടി.
ആരാധന കഴിഞ്ഞപ്പോൾ
ചിലരൊക്കെ വന്നു സാറായെ പരിചയപ്പെട്ടു.
പള്ളിയുടെ ചുറ്റും ചെറിയ വീടുകൾ... ശോശ അമ്മച്ചി ഭൂതകാലത്തിന്റെ ഭാണ്ഡം തുറന്നു.
ക്രിസ്ത്യാനിയായവർക്കൊക്കെ വെച്ചു കൊടുത്ത വീടും ഇത്തിരി സ്ഥലവും... എല്ലാവർക്കുമൊന്നും കിട്ടിയില്ല.. ഏതാനും പേർക്കു മാത്രം... ബാക്കിയുള്ളവരെല്ലാം നനഞ്ഞു ഒലിയ്ക്കുന്ന കൂരകളിൽ മുഴുപ്പട്ടിണിയും അരപ്പട്ടിണിയുമൊക്കെയായി ജീവിക്കുന്നു... അവരുടെ ഓർമ്മകളിലേയ്ക്ക് മല വെള്ളപ്പാച്ചിൽ പോലെ പല സംഭവങ്ങളും ഒഴുകി വന്നു.
നിറവയറോടെ പാടത്തു പണിയെടുത്ത മങ്കപ്പെണ്ണ്
നടു കഴച്ചപ്പം ഇത്തിരി നേരം വരമ്പേലൊന്നു ഇരുന്നു. കണ്ടു നിന്ന തമ്പുരാൻ കാലുമടക്കി ഒറ്റയടി.
വയറ്റിക്കിടന്ന പിള്ള പാതി പുറത്തു വന്നു.
കണ്ണും മിഴിച്ചു ചത്തുമലച്ചു കിടന്ന അവളെക്കണ്ടു പേടിച്ചു വിറച്ചു കരച്ചിലടക്കി നിന്ന പെണ്ണുങ്ങൾ!!
പെറ്റതള്ള നെഞ്ചത്തലച്ചു ആർത്തു കരഞ്ഞു.... ജീവൻ പോയ മകളുടെ ശരീരം കെട്ടിപ്പിടിച്ച് കെടന്നു നിലവിളിച്ച തള്ളേ തമ്പുരാന്റെ പണിക്കാർ വന്നു തൊഴിച്ചു മാറ്റി. തള്ളേം കുഞ്ഞിനേം വരമ്പരികത്തു കുഴിച്ചുമൂടി.

മാസങ്ങളോളം ആ ചേറ്റുകൂന ഉയർന്നു നിന്നു.
കൊയ്ത്തു കഴിഞ്ഞു വെള്ളം കേറ്റിയിട്ടപ്പം ആ മൺകൂന അലിഞ്ഞു പോയി.
അത്രേയുള്ളൂ... രണ്ടു ജീവന്റെ ഓർമ്മ മാഞ്ഞു പോയി.
ശോശ അമ്മച്ചി തൊണ്ടയിടറിക്കൊണ്ടാണ് ഓരോ കഥകളും പറയുന്നതു... 
മാവിൻ തണലിൽ കുട്ടിയെക്കിടത്തിയിട്ടു പണിയ്ക്കിറങ്ങിയവൾ പാലു കൊടുക്കാൻ വന്നപ്പോൾ , ഉറമ്പുകൾ പൊതിഞ്ഞു പ്രാണൻ പോയ കുത്തിനെയുമെടുത്തു പ്രാന്തിയെപ്പോലെ ഓടി നടന്ന സംഭവം കേട്ടതും സാറയ്ക്ക് കരച്ചിൽ വന്നു .
അവളടെ ഉള്ളു പിടഞ്ഞു പോയി.
അവളുടെ അമ്മച്ചി ഇതൊന്നും പറഞ്ഞു കൊടുത്തിട്ടില്ല.
ശോശ അമ്മച്ചി ഭൂത കാലത്തിൽ നിന്നും ഇതുവരെ ഉണർന്നിട്ടില്ല.
വീടെത്തിയതു അവർ അറിഞ്ഞില്ല.
സാറാ  അമ്മച്ചിയോടു പറഞ്ഞു. നമ്മളു വീടെത്തി.
അവർ മറുപടി ഒന്നും പറയാതെ അകത്തേയ്ക്കു കയറി.
രാവിലെ മുതൽ നല്ല വിശപ്പുണ്ടായിരുന്നു
ഇപ്പോൾ വിശപ്പ് കെട്ടുപോയി....
അന്നു രാത്രി സാറായ്ക്കു ഉറങ്ങാനായില്ല.
കണ്ണടയ്ക്കുമ്പോൾ മനസ്സിൽത്തെളിയുന്നു... പാതി പിറന്ന ഒരു ചോരക്കുഞ്ഞ് !!...

തുടരും..

https://www.emalayalee.com/writer/300


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക