Image

കോട്ടയം ബസേലിയസ് കോളജിന് സ്വയംഭരണ പദവി

Published on 03 February, 2026
കോട്ടയം ബസേലിയസ് കോളജിന്  സ്വയംഭരണ പദവി

കോട്ടയം: അക്ഷര നഗരിയുടെ തിലകക്കുറിയായ കോട്ടയം ബസേലിയസ് കോളജിന് ഓട്ടോണമസ് പദവി ലഭിച്ചു. കോളജുകളുടെ ഗുണനിലവാരം പരിശോധിച്ച് വിവിധ ഗ്രേഡുകൾ നൽകുന്ന നാക്(NAAC) മൂല്യനിർണയത്തിൽ A++ ഗ്രേഡ് നേടിയാണ് ബസേലിയസ് കോളജിന് ഓട്ടോണമസ് പദവി ലഭിച്ചത്.

ഉയർന്ന ഗ്രേഡ് പോയിൻ്റ് നേടി കേരളത്തിലെ ഏറ്റവും മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിലാണ് കോട്ടയം ബസേലിയസ് കോളജ് സ്വയംഭരണ പദവി നേടുന്നത്. കോളജിൻ്റെ വജ്രജൂബിലി ആഘോഷങ്ങൾ സമാപിക്കുമ്പോഴാണ് ഈ അംഗീകാരം ലഭിക്കുന്നത്.

സ്വയംഭരണ പദവി  നേടിയതിനോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ എംഒസി കോളേജുകളുടെ മാനേജർ ഡോ സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത സ്വയംഭരണ പദവി പ്രഖ്യാപനം നടത്തി.

നേട്ടം സ്വന്തമാക്കുന്ന ഓർത്തഡോക്സ് സഭയുടെ കോളജുകളിൽ ആദ്യത്തേത് ആണ് ബസേലിയസ് കോളേജ്.

രാവിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സാന്നിധ്യത്തിൽ ദേവലോകം അരമനയിൽ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ നേതൃത്വത്തിൽ പ്രാർത്ഥനകൾ നടന്നു  . നേട്ടങ്ങളുടെ ആഘോഷങ്ങളുടെ ഭാഗമായി മെഗാ സൂംബാ ഡാൻസ്, കോളജ് ഗാനത്തിന്റെ ആലാപനം, എൻസിസി ബാൻഡ് പ്രകടനം എന്നിവയും ഒരുക്കിയിരുന്നു .

സ്വയം ഭരണ പദവിയിലേക്ക് എത്തുമ്പോൾ കോളജിന് സ്വന്തമായി കോളജ് ഗാനം, എൻസിസി ബാൻഡ്, എന്നിവ ഈ പദവി പ്രഖ്യാപനത്തോടൊപ്പം ലഭിക്കും. എൻസിസി ബാൻഡുള്ള സംസ്ഥാനത്തെ രണ്ടാമത്തെ കോളജ് എന്ന പെരുമയും ബസേലിയസ് കോളജിന് സ്വന്തമായി.

1966 ലാണ് എൻസിസി ആർമി വിഭാഗം യൂണിറ്റ് കോട്ടയം ബസേലിയസ് കോളജിൽ ആരംഭിക്കുന്നത്. അന്നുമുതൽ ഇന്നോളം ദേശീയതലത്തിലും സംസ്ഥാനതലത്തിലും ഒട്ടേറെ അംഗീകാരങ്ങൾ തേടിയെത്തിയിട്ടുണ്ട്. ദേശീയതലത്തിൽ നടക്കുന്ന റിപ്പബ്ലിക് ദിന ക്യാംപുകൾ, ഇന്ത്യൻ ആർമി നടത്തുന്ന തത്‌സൈനിക ക്യാംപുകൾ എന്നിവയിൽ കോളജിൽ നിന്നുള്ള കേഡറ്റുകൾ പങ്കെടുത്തിട്ടുണ്ട്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക