Image

ബോക്‌സ് ഓഫീസ് ചരിത്രം കുറിച്ച് ‘മെലാനിയ’: ഒരു ദശകത്തിലെ മികച്ച ഡോക്യുമെന്ററി ഓപ്പണിംഗ്

Published on 03 February, 2026
ബോക്‌സ് ഓഫീസ് ചരിത്രം കുറിച്ച് ‘മെലാനിയ’: ഒരു ദശകത്തിലെ മികച്ച ഡോക്യുമെന്ററി ഓപ്പണിംഗ്

ന്യൂയോർക്ക് : അമേരിക്കൻ ഫസ്റ്റ് ലേഡിയെ ആസ്പദമാക്കി ഒരുക്കിയ ഡോക്യുമെന്ററി ചിത്രം 'മെലാനിയ' അമേരിക്കയിലുടനീളം ശ്രദ്ധേയമായ ബോക്‌സ് ഓഫീസ് നേട്ടവുമായാണ് പ്രദർശനം ആരംഭിച്ചത്. വ്യാഴാഴ്ച രാജ്യവ്യാപകമായി ഏകദേശം 1,800 തിയറ്ററുകളിലായി റിലീസ് ചെയ്ത ചിത്രം, കഴിഞ്ഞ ഒരു ദശകത്തിനിടെ ഒരു ഡോക്യുമെന്ററിക്ക് ലഭിച്ച ഏറ്റവും വലിയ ഓപ്പണിംഗ് കളക്ഷനാണ് സ്വന്തമാക്കിയത്. ആദ്യ വാരാന്ത്യത്തിൽ ചിത്രം 7 മില്യൺ ഡോളർ വരുമാനം നേടി, 2024-ൽ പുറത്തിറങ്ങിയ 'ആം ഐ റേസിസ്റ്റ്?' എന്ന ഡോക്യുമെന്ററിയുടെ 5.4 മില്യൺ ഡോളർ ഓപ്പണിംഗ് റെക്കോർഡ് മറികടന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

55 വയസ്സുള്ള മെലാനിയ ട്രംപിനെ കേന്ദ്രീകരിച്ച് ഒരുക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രശസ്ത സംവിധായകൻ ബ്രെറ്റ് റാറ്റ്നർ ആണ്. ആമസോൺ എംജിഎം സ്റ്റുഡിയോസ് നിർമിച്ച ചിത്രം ഏകദേശം 75 മില്യൺ ഡോളർ ചെലവിലാണ് പൂർത്തിയാക്കിയത്. കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന നോൺ-ഫിക്ഷൻ ഫീച്ചർ ചിത്രമായി ഇത് മാറുമെന്ന് വിലയിരുത്തപ്പെടുന്നു. റിലീസിന് പിന്നാലെ മെലാനിയ ട്രംപ് സമൂഹമാധ്യമമായ എക്സിൽ ചിത്രം നേടിയ നേട്ടം പങ്കുവെച്ചതോടൊപ്പം, '10 വർഷത്തിനിടയിലെ ഏറ്റവും വലിയ ഡോക്യുമെന്ററി ഓപ്പണിംഗ്,ലഭിച്ച ചിത്രം' എന്ന കുറിപ്പും പങ്കുവച്ചു. ഇതോടൊപ്പം, ടെക് വ്യവസായ പ്രമുഖൻ എലോൺ മസ്‌ക്  നൽകിയ അഭിനന്ദന സന്ദേശവും അവർ റീപോസ്റ്റ് ചെയ്തു.

കണക്കുകൾ പ്രകാരം, ചിത്രത്തിന്റെ ആദ്യദിന ടിക്കറ്റുകളിൽ 72 ശതമാനവും 55 വയസ്സിന് മുകളിലുള്ള സ്ത്രീകളാണ് വാങ്ങിയത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും വെസ്റ്റ് കോസ്റ്റിനെയും അപേക്ഷിച്ച് മറ്റ് മേഖലകളിൽ നിന്ന് വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. ആദ്യ വാരാന്ത്യത്തിലെ ടിക്കറ്റുകളുടെ 46 ശതമാനവും ആ മേഖലകളിൽ നിന്നായിരുന്നു. അരിസോണ, ഫ്‌ളോറിഡ, ടെക്സാസ് എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വാങ്ങിയ സംസ്ഥാനങ്ങളായി മാറിയത്.

ന്യൂയോർക്ക് സിറ്റി, ലോസ് ആഞ്ചലസ്, വാഷിങ്ടൺ ഡി.സി. തുടങ്ങിയ നഗരങ്ങളിലെ ചില തിയറ്ററുകളിൽ പ്രേക്ഷക സാന്നിധ്യം കുറവാണെന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചുകൊണ്ട് ലിബറൽ വിഭാഗങ്ങൾ ചിത്രത്തെ വിമർശിച്ചെങ്കിലും, രാജ്യവ്യാപകമായ കളക്ഷൻ കണക്കുകൾ ചിത്രം ശക്തമായ മുന്നേറ്റം നടത്തുന്നതായി സൂചിപ്പിക്കുന്നു. പ്രസിഡന്റ് ട്രംപിന്റെ രണ്ടാം സ്ഥാനാരോഹണത്തിന് മുന്നോടിയായ 2025 ജനുവരിയിലെ 20 ദിവസങ്ങളാണ് ചിത്രം പ്രധാനമായും അവതരിപ്പിക്കുന്നത്.

ഹോളിവുഡ് റിപ്പോർട്ടറിന്റെ കണക്കുകൂട്ടലനുസരിച്ച്, ഈ ആഴ്ചത്തെ മൊത്തം ബോക്‌സ് ഓഫീസ് വരുമാനത്തിൽ ചിത്രം മൂന്നാം സ്ഥാനത്തെത്തുമെന്നാണ് പ്രതീക്ഷ. അയൺ ലങ് , സെൻഡ് ഹെല്പ്  എന്നീ ഹൊറർ ചിത്രങ്ങൾക്കാണ് മുൻതൂക്കം.

ചിത്രത്തിന്റെ ആഗോള വിപണനത്തിനായി ആമസോൺ ഏകദേശം 35 മില്യൺ ഡോളർ ചെലവഴിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ഡോക്യുമെന്ററിയെന്ന പദവിയും “മെലാനിയ” സ്വന്തമാക്കി. ലാസ് വെഗാസ് സ്ഫിയറിലെ ഭീമൻ പരസ്യം ഉൾപ്പെടെ വിപുലമായ പ്രചാരണമാണ് ചിത്രത്തിനായി നടത്തിയത്.  മെലാനിയ ട്രംപ് കഴിഞ്ഞ വർഷം ആരംഭിച്ച മ്യൂസ് ഫിലിംസ് എന്ന നിർമാണ കമ്പനിയും ഇതിൽ സഹകരിച്ചിട്ടുണ്ട്. ഇതിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായി മെലാനിയ ട്രംപ് തന്നെയാണ് പ്രവർത്തിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക