
സ്റ്റാര്‍ മാജിക് താരവും നടനുമായ ബിനീഷ് ബാസ്റ്റിന്‍ വിവാഹിതനായി. ആറു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് അടൂര്‍ സ്വദേശിനിയായ താരയെ ബിനീഷ് സ്വന്തമാക്കിയത്. കൊച്ചിയിലെ മുണ്ടംവേലി സെന്റ് ലൂയിസ് കത്തോലിക്ക പള്ളിയിലായിരുന്നു വിവാഹച്ചടങ്ങുകള്‍ നടന്നത്. വീട്ടില്‍ വച്ച് ബിനീഷിന്റെ അമ്മയാണ് പ്രാര്‍ത്ഥിച്ച് കൈപിടിച്ച് ഇറക്കിയത്. ബിനീഷിന്റെ വിവാഹത്തില്‍ അമ്മയാണ് ഏറ്റവും കൂടുതല്‍ വൈകാരികമായി പ്രതികരിച്ചത്. അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു തന്റെ കല്യാണം എന്ന് ബിനീഷ് നേരത്തെ പറഞ്ഞിട്ടുണ്ട്.
കല്യാണം കൂടാന്‍ സ്റ്റാര്‍ മാജിക് താരങ്ങളില്‍ പലരും പള്ളിയില്‍ എത്തിയിരുന്നു. ബിഗ് ബോസ് വിന്നറായ അനുമോള്‍, ലക്ഷ്മി നക്ഷത്ര, സ്റ്റാര്‍ മാജിക്കിന്റെ ഡയറക്ടറായിരുന്ന അനൂപ് ജോണ്‍ എന്നിവരൊക്കെ കല്യാണത്തിന് എത്തിയിരുന്നു. ബിനീഷിനെ സ്‌നേഹിക്കുന്ന നിരവധി പേരുടെ സാന്നിധ്യത്തിലായിരുന്നു വിവാഹച്ചടങ്ങുകള്‍ നടന്നത്
അടുത്തിടെയാണ് ബിനീഷ് ബാസ്റ്റിന്‍ താന്‍ പ്രണയത്തിലാണെന്നും വിവാഹിതനാകാന്‍ പോവുകയാണെന്നും വെളിപ്പെടുത്തിയത്. ഇതിന്റെ ഭാഗമായി പ്രതിശ്രുത വധുവുമൊത്ത് ഒരു ഫോട്ടോ ഷൂട്ടും നടത്തിയിരുന്നു. ഈ ഫോട്ടോ ഷൂട്ടിലൂടെയാണ് താരയെ ഫോളോവേഴ്‌സിനു പരിചയപ്പെടുത്തിയത്. കല്യാണവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ എല്ലാം തന്റെ യൂട്യൂബ് വീഡിയോകളിലൂടെ ബിനീഷ് ബാസ്റ്റിന്‍ ഫോളോവേഴ്‌സുമായി പങ്കുവെച്ചിരുന്നു. വിവാഹത്തിനു മുന്നോടിയായി എന്‍ഗേജ്‌മെന്റും മധുരം വയ്പ്പ് ഉള്‍പ്പെടെയുള്ള ചടങ്ങുകളും നടത്തിയിരുന്നു. ഈ ചടങ്ങുകളിലും നിരവധി താരങ്ങള്‍ പങ്കെടുത്തു.
വിവാഹ നിശ്ചയം മുതല്‍ കല്യാണം ക്ഷണിക്കുന്നത് വരെയുള്ള വീഡിയോകള്‍ യൂട്യൂബിലൂടെ ബിനീഷ് പങ്കുവെച്ചിരുന്നു. നിരവധി പേരാണ് ബിനീഷിനും താരയ്ക്കും നേരിട്ടും സമൂഹ മാധ്യമങ്ങളിലൂടെയും ആശംസകള്‍ നേരുന്നത്. ബിനീഷിന്റെയും അമ്മയുടെയും വീഡിയോകള്‍ക്ക് ലക്ഷക്കണക്കിന് ഫോളോവേഴ്‌സാണുള്ളത്. വധുവിനുള്ള സ്വര്‍ണം വരനായ ബിനീഷ് എടുത്തു നല്‍കിയതും വലിയ വാര്‍ത്താ പ്രധാന്യം നല്‍കിയിരുന്നു. കൊച്ചി തോപ്പുംപടിയിലാണ് ബിനീഷ് താമസിക്കുന്നത്.