
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഷോട്ട്പുട്ടില്‍ 16.03 മീറ്റര്‍ താണ്ടിയപ്പോള്‍ 16 മീറ്റര്‍ പിന്നിട്ട ആദ്യ ഇന്ത്യക്കാരി എന്ന നേട്ടം കൃഷ്ണ ജയശങ്കര്‍ മേനോനു സ്വന്തമായി. അത് ഇന്ത്യയില്‍ ദേശീയ ഇന്‍ഡോര്‍ റെക്കോര്‍ഡുമായി. ഇപ്പോള്‍, ജനുവരി 31 ന് കൃഷ്ണ വീണ്ടും മികവുകാട്ടി. ഇക്കുറി ഷോട്ട് എത്തിയത് 16.63 മീറ്ററില്‍. യു.എസിലെ അല്‍ബൂക്കെര്‍ക്കില്‍ നടന്ന ന്യൂ മെക്‌സിക്കോ ടീം ഓപ്പണ്‍ 2026 ലാണ് കൃഷ്ണ എന്ന ഇരുപത്തിമൂന്നുകാരി പുതിയ ദൂരം താണ്ടിയത്. ഇവിടെ സ്വര്‍ണ്ണ മെഡല്‍ തന്നെ ലഭിച്ചു.
സീസണിലെ രണ്ടാമത്തെ മത്സരമായിരുന്നു കൃഷ്ണയ്ക്ക് ഇത്. ഇപ്പോള്‍ എന്‍.സി.എ.എ. ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പ് റാങ്കില്‍ പതിനേഴാമത്. ആദ്യ 16 പേര്‍ക്കാണ് ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ അർഹത ലഭിക്കുക. കൃഷ്ണയ്ക്ക് അടുത്ത മീറ്റുകളിൽ ലക്ഷ്യം കൈവരിക്കാന്‍ സാധിച്ചേക്കും. അമേരിക്കയിലെ അന്തര്‍ സര്‍വകലാശാല മീറ്റാണ് എന്‍.സി.എ.എ. കഴിഞ്ഞ വര്‍ഷം കൃഷ്ണ ഈ മീറ്റില്‍ മത്സരിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം കൃഷ്ണ ഷോട്ട്പുട്ടില്‍ 16.03 മീറ്റര്‍ കണ്ടപ്പോള്‍ തകര്‍ന്നത് പൂര്‍ണ റാവു റാണെയുടെ 15.54 മീറ്റര്‍ എന്ന ഇൻഡോർ ദേശീയ റെക്കോർഡ് ആണ്. മഹാരാഷ്ട്രക്കാരി പൂര്‍ണയും യു.എസി.ല്‍ ആണ്. ജോര്‍ദാന്‍ റോഷ് ആണ് യു.എസില്‍ കൃഷ്ണയുടെ പരിശീലകന്‍ ഡിസ്‌ക്‌സ് ത്രോയിലും കൃഷ്ണ പ്രതീക്ഷ ഉയര്‍ത്തുന്നു.
ഇന്ത്യന്‍ ബാസ്‌ക്കറ്റ് ബോള്‍ ടീം നായകരായിരുന്ന ജയശങ്കര്‍ മേനോന്റെയും പ്രസന്നകുമാരിയുടെയും പുത്രിയാണ് കൃഷ്ണ.ചെന്നൈയിലാണ് ഇവർ. കൃഷ്ണയുടെ ചേച്ചി അര്‍ച്ചനയും കോളേജ് തലത്തില്‍ അത്‌ലറ്റായിരുന്നു. ഈ വര്‍ഷം യു.എസി.ലെ പഠനം പൂര്‍ത്തിയാക്കിയാല്‍ ഇന്ത്യയില്‍ ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കാനാണ് കൃഷ്ണയുടെ താല്‍പര്യം. ഈ വര്‍ഷം കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും ഇന്ത്യന്‍ ടീമില്‍ എത്താന്‍ ശ്രമിക്കും. പക്ഷെ, യഥാര്‍ത്ഥ ലക്ഷ്യം 2028 ലെ ലൊസാഞ്ചലസ് ഒളിംപിക്‌സാണ്.
'താമസിയാതെ ഞാന്‍ ഷോട്ട്പുട്ടില്‍ 17 മീറ്റര്‍ കടക്കും. നല്ല ആത്മവിശ്വാസമുണ്ട്.' യു.എസി.ല്‍ നിന്ന് കൃഷ്ണ ജയശങ്കര്‍ മേനോന്‍ പറഞ്ഞു. 17 മീറ്റര്‍ ചരിത്രനേട്ടമാകും. കൃഷ്ണയുടെ ചിട്ടയായ പരിശീലനവും ആത്മവിശ്വാസവും ഒളിംപിക് സ്വപ്‌ന സാക്ഷാല്‍ക്കാരത്തിന് ഇടയാകട്ടെ