
ഗ്രാമത്തിലെ പഴയ ക്ഷേത്രവഴിയിലൂടെ ലക്ഷ്മിക്കുട്ടി പതിവുപോലെ വൈകുന്നേരം നടക്കുകയായിരുന്നു. അസ്തമയ സൂര്യന്റെ ചെമ്പൻ നിറം ആകാശത്ത് പതിഞ്ഞുനിൽക്കുമ്പോൾ, കാറ്റിൽ ഉണങ്ങിയ ഇലകളുടെ മണം ഒഴുകി.
ദിവസേന നടക്കുന്ന വഴിയാണിത്. പക്ഷേ ആ ദിവസം മാത്രം അവളുടെ മനസ്സിൽ എന്തോ ഒരു അസ്വസ്ഥത. കാരണമില്ലാത്തൊരു ഭാരമെന്നോണം നെഞ്ചിനുള്ളിൽ കുത്തിനിൽക്കുന്നൊരു വിങ്ങൽ.
അമ്മയുടെ രോഗം, കിട്ടാതെ പോയ ജോലികൾ, ജീവിതം ഒരിടത്ത് നിന്നു നിശ്ചലമായെന്ന തോന്നൽ എല്ലാം ചേർന്ന് അവളെ വളരെയധികം ക്ഷീണിപ്പിച്ചിരുന്നു.
അങ്ങനെ നടക്കുമ്പോഴാണ് വഴിയരികിൽ കിടക്കുന്ന ഒരു ചെറിയ പൂമാല അവളുടെ കണ്ണിൽപ്പെടുന്നത്.
തുളസിയും മുല്ലയും ചേർന്നൊരു ലളിതമായ മാല. പുതിയതാണെന്ന് വ്യക്തമായിരുന്നു; പൂക്കൾ ഇനിയും വാടിയിരുന്നില്ല.
“ആർക്കായിരിക്കും?”
അവൾ ചുറ്റും നോക്കി. ക്ഷേത്രവഴി ശൂന്യം.
അകലെയെവിടെയോ ഒരു കിളിയുടെ ഒറ്റ ശബ്ദം മാത്രം.
മാല അവിടെവെച്ചുതന്നെ പോകണോ, അതോ എടുക്കണോ?
ഒരു നിമിഷം അവൾ മടിച്ചു. എന്നാൽ ഇത് ക്ഷേത്രത്തിനുള്ളതായിരിക്കും എന്നൊരു തോന്നൽ മനസ്സിൽ ഉയർന്നു.
ഒടുവിൽ അവൾ മാല എടുത്ത് ക്ഷേത്രത്തിലേക്ക് നടന്നു. നടയ്ക്കുമുന്നിൽ വെച്ച് തൊഴുത് മടങ്ങി.
അന്നുരാത്രി, നീണ്ട നാളുകൾക്ക് ശേഷം, ലക്ഷ്മിക്കുട്ടിക്ക് ഒരു നല്ല ഉറക്കം ലഭിച്ചു.
സ്വപ്നത്തിൽ അവൾ വീണ്ടും അതേ ക്ഷേത്രവഴിയിലായിരുന്നു. പക്ഷേ എല്ലാം വെളിച്ചം നിറഞ്ഞതുപോലെ.
മുന്നിൽ ഒരു വയോധിക സ്ത്രീ പ്രത്യക്ഷപ്പെട്ടു വെള്ളമുണ്ടും തീക്ഷ്ണമായ കറുത്ത കണ്ണുകളും, മുഖത്ത് ശാന്തമായൊരു പുഞ്ചിരിയും.
“മോളേ…”
ആ ശബ്ദം കേട്ട നിമിഷം തന്നെ ലക്ഷ്മിക്കുട്ടിയുടെ ഉള്ളിൽ ഒരു വിചിത്രമായ സാന്ത്വനം പടർന്നു.
“മാല കണ്ടെത്തിയത് നിന്റെ ഭാഗ്യം. മാലയോഗം വന്നിരിക്കുന്നു.”
“ആരാണമ്മേ നിങ്ങൾ?”
എന്ന് ചോദിക്കാൻ ശ്രമിച്ച അതേ നിമിഷം അവൾ ഉണർന്നു.
പുലർച്ചെ എഴുന്നേറ്റപ്പോൾ അവളുടെ മനസ്സിൽ അസാധാരണമായൊരു സമാധാനം.
ദിവസങ്ങളായി നെഞ്ചിൽ കിടന്നിരുന്ന ഭാരമൊക്കെ എവിടെയോ മറഞ്ഞുപോയതുപോലെ.
അവൾ അമ്മയ്ക്ക് ചായ കൊടുക്കാൻ അടുക്കളയിൽ കയറി.
അമ്മയുടെ മുഖത്ത് ഒരു ചെറിയ ചിരി.
“ഇന്ന് എനിക്ക് കുറച്ചാശ്വാസമുണ്ട്,” അമ്മ പറഞ്ഞു.
ലക്ഷ്മിക്കുട്ടിയുടെ കണ്ണുകൾ നിറഞ്ഞു.
അന്നുതന്നെ ഉച്ചയോടെ പോസ്റ്റ്മാൻ വാതിലിൽ തട്ടിയപ്പോൾ അവൾ പ്രതീക്ഷിക്കാത്തൊരു കത്ത്. വർഷങ്ങളായി അപേക്ഷിച്ചു നടന്ന ജോലി , ഈ പ്രാവശ്യം തിരഞ്ഞെടുത്തു എന്ന ഔദ്യോഗിക അറിയിപ്പ്.
കത്ത് കൈയിൽ പിടിച്ചുനിന്നപ്പോൾ അവളുടെ കൈകൾ വിറച്ചു.
“ദൈവമേ…” അവൾ പതുക്കെ പറഞ്ഞു.
വൈകുന്നേരം ഗ്രാമത്തിലേക്ക് വന്ന ബസിൽ നിന്ന് ഇറങ്ങിയത് ബാല്യസുഹൃത്ത് രാധിക. വർഷങ്ങളായി ബന്ധമില്ലാതിരുന്നവൾ. ഒരു തെറ്റിദ്ധാരണയാണ് ഇടവേള സൃഷ്ടിച്ചതെന്ന് ഇരുവരും അന്ന് തിരിച്ചറിഞ്ഞു.
കണ്ണീരോടൊപ്പം ചിരിയും.
അന്നുരാത്രി ലക്ഷ്മിക്കുട്ടി വീണ്ടും ക്ഷേത്രത്തിൽ പോയി. നടയ്ക്കുമുന്നിൽ ഏറെ നേരം അവൾ മൗനമായി നിന്നു.
വാക്കുകൾ ആവശ്യമില്ലാത്തൊരു നന്ദിയോടെ.....