
പത്രമാധ്യമങ്ങളിൽ ഈയിടെയായി വർത്തകളേക്കാൾ കൂടുതൽ പടങ്ങളല്ലേ എന്നൊരു ശങ്ക ചിലപ്പോഴൊക്കെ തോന്നാറുണ്ട്. പണ്ടൊക്കെ വലിയവലിയ ആളുകളുടെ കൊച്ചുകൊച്ചു പടങ്ങൾ മാത്രം വന്നുകൊണ്ടിരുന്നത് അന്ന് ഇന്നത്തെപ്പോലെ പടമെടുക്കാനും പത്രത്തിൽ കൊടുക്കാനുമായുള്ള ബുദ്ധി മുട്ടുകൊണ്ടായിരിന്നിരിക്കാം. ഇന്നിപ്പോൾ കംപ്യൂട്ടറിന്റെ മുന്നിലിരുന്ന് സ്വന്തം ചിത്രമെടുത്ത് എത്തിക്കേണ്ടിടത്ത് നിമിഷങ്ങൾക്കുള്ളിൽ എത്തിക്കാം. പടം കൊടുക്കാനാണെങ്കിൽ നിരവധി സന്ദർഭങ്ങൾ ജീവിതത്തിൽ പ്രതിദിനം ഉണ്ടാകുന്നുമുണ്ട്. കയ്യിൽ ദ്രവ്യം വേണമെന്ന വസ്തുത വേറെ കാര്യം. പടങ്ങളുടെ തലക്കെട്ടായി കാണുന്നത് പരീക്ഷയിൽ വിജയം പ്രതീക്ഷിച്ചില്ലെന്നു തോന്നുമാറ് അതിന്റെ വിളംബരം, ഒരു സ്ത്രീയുമായി ഇരുപത്തിയഞ്ച് വർഷം ജീവിതം പൂർത്തിയാക്കിയ അത്ഭുതവാർത്ത, സമൂഹത്തിൽ വരിച്ച നേട്ടങ്ങൾ, സംഘടനാനേതൃത്വപദവികൾ, പിന്നെ മരണവൃത്താന്തങ്ങൾ. വിവാഹവാർഷികത്തിന്റെ പടത്തിനു താഴെ പത്രക്കാർക്ക് ഇപ്രകാരം കുറിക്കാവുന്നതാണ്. ഇരുപത്തിയഞ്ച് വർഷം ദാമ്പത്യജീവിതം പൂർത്തിയാക്കിയവർ, രഹസ്യം, ഞങ്ങളുടെ പ്രസിദ്ധീകരണം! വായിക്കുക, വരിക്കാരാവുക.
അങ്ങനെ ധാരാളം പടങ്ങൾ ഇറങ്ങിക്കൊണ്ടിരുന്ന കാലത്ത്, പ്രശസ്തനാകാൻ താൽപ്പര്യമില്ലാത്ത ഒരാൾ (അയാളെ വ്യക്തി എന്ന് വിളിക്കുക) തനിക്ക് ആരാധകരുടെ ശല്യമില്ലല്ലോ എന്നാലോചിച്ച് സന്തോഷിച്ചുവരികയായിരുന്നു. എന്നാൽ, ഒരു ദിവസം വഴിയിൽ വച്ച് ഒരാൾ അദ്ദേഹത്തെ എതിരേറ്റു. അയാൾ അമേരിക്കൻ സ്റ്റെയിലിൽ പച്ചമലയാളത്തിൽ പറഞ്ഞു. "കണ്ടുമുട്ടിയതിൽ സന്തോഷം, പടം പത്രത്തിൽ കണ്ടു നന്നായിട്ടുണ്ട്,"
വ്യക്തി- എന്റെ പടമോ? ഞാൻ പടമെടുക്കാറില്ല . ആർക്കും കൊടുക്കാറുമില്ല.
ആൾ: ഈയ്യിടെ ഒരു മലയാളപത്രത്തിൽ താങ്കളുടെ പടം കണ്ടല്ലോ?
വ്യക്തി: എന്റെ പടം പത്രത്തിൽ വരാൻ ഞാൻ ഒരു വിശേഷാൽ പ്രതിയൊന്നുമല്ലല്ലോ?
ആൾ: (ചൂണ്ടുവിരൽ താടിയിൽ ഫിറ്റുചെയ്തു ശിരസ്സുയർത്തി നോക്കി - വ്യക്തിക്ക് നല്ല ഉയരമുണ്ടായിരുന്നു). ഓ ഓർമ്മിക്കുന്നു ഏതോ ഒരു ചരമകോളത്തിലോ മറ്റോ ആണെന്ന് തോന്നുന്നു.
വ്യക്തി: (ഞെട്ടലോടെ, സിനിമയിൽ ഇന്നസെന്റ് ചോദിക്കുമ്പോലെ) ചരമകോളത്തിലോ?? എന്നിട്ട് ആത്മസംയമനം പാലിച്ച് ചരമം എന്ന് പറഞ്ഞാൽ താങ്കൾക്ക് അർത്ഥം അറിയുമോ?
ആൾ: എന്തോന്ന് അർത്ഥം ? സുഹൃത്തുക്കൾ സിഗരറ്റ് വലിക്കുമ്പോൾ ഞാൻ അവരിൽ നിന്ന് ഓരോന്ന് ഓസാറുണ്ട്. അവർ ചോദിക്കും, എന്താഹേ,പലമാതിരി സിഗരറ്റ് വലിക്കാൻ അസുഖം തോന്നുന്നില്ലേ? ഞാൻ പറയും, എന്തായാലും പുക പോണം. അത്ര തന്നെ അതുപോലെ പത്രം കണ്ടാൽ ഒന്ന് മറിച്ചുനോക്കും. തലക്കെട്ട് വായിക്കും. അതിന്റെ അർത്ഥവും അനർത്ഥവുമൊക്കെ ആലോചിക്കാൻ എവിടെ നേരം?
വ്യക്തി: എന്നാലറിയുക, ചരമം എന്നു പറഞ്ഞാൽ മരണം എന്നർത്ഥം. ചരമകോളത്തിൽ താൻ കണ്ട പടം മരിച്ചുപോയ ആരുടെയോ ആണ്.
എന്റമ്മോ! എന്നു വിളിച്ച് ഭയവിഹ്വലനായി ആൾ ഓടിമറഞ്ഞു. പ്രേതത്തിനെ മുന്നിൽ കണ്ടു എന്ന ധാരണയിൽ, തിരിഞ്ഞുനോക്കാതെ അയാൾ ഓടി.
(ആധാരം: അമേരിക്കൻ മലയാളികൾ പ്രസിദ്ധീകരണങ്ങൾ കണ്ടാൽ പൂർണ്ണമായി വായിക്കുകയോ അഥവാ, വായിച്ചാൽത്തന്നെ ഒന്നും മുഴുവനായി മനസ്സിലാക്കുകയോ ചെയ്യുന്നില്ല എന്ന് ശ്രുതി.)