Image

ന്യൂയോർക്ക് നഴ്‌സുമാരുടെ സമരരംഗത്ത് മലയാളികളും (കുര്യൻ പാമ്പാടി)

Published on 02 February, 2026
ന്യൂയോർക്ക്   നഴ്‌സുമാരുടെ  സമരരംഗത്ത് മലയാളികളും (കുര്യൻ  പാമ്പാടി)

ന്യു യോർക്കിലെ പതിനയ്യായിരം നഴ്‍സുമാർ പണിമുടക്കിയിട്ടു ഇത് മൂന്നാം ആഴ്ച. നഗരത്തിന്റെ ചരിത്രത്തിൽ ഇതുപോലൊരു ആശുപത്രി സമരം ഉണ്ടായിട്ടില്ലെന്നു അനുഭവസ്ഥർ പറയുന്നു. 2023 ൽ നടന്ന   സമരം വിജയിച്ചതു വെറും 72 മണിക്കൂർകൊണ്ട്. ജനുവരി 12നു തുടങ്ങിയ പുതിയ പണിമുടക്കു അവനിപ്പിക്കാനുള്ള ചർച്ചകൾ അവസാനമില്ലാതെ  നീളുകയാണ്.

ഇന്ത്യൻ നഴ്‌സസ്  സംഘടന 'ഇനാനി'യുടെ പ്രസിഡന്റ്  ഷൈല റോഷിൻ

സമരം കേരളീയർക്ക് പുത്തരിയല്ലല്ലോ. നഴ്‌സുമാരുടെയും ആശാവർക്കർമാരുടെയും എത്രയോ സമരങ്ങൾ മലയാളികൾ കണ്ടതാണ്. വയലാർ എഴുതിയതു പോലെ ''സമരപുളകങ്ങൾ  തൻ സിന്ദൂരമാലകൾ" അവർ  എത്രയോ  കാലം അണിഞ്ഞിരിക്കുന്നു!

മഞ്ഞും തണുത്ത കാറ്റും കൊണ്ട് വിറങ്ങലിച്ച് നിൽക്കുന്ന ന്യൂ യോർക്ക് സംസ്ഥാനത്തും  ന്യു യോർക്ക് സിറ്റിയിലും നൂറുകണക്കിന് ആളുകൾ ഫ്ലൂ  പിടിച്ച് കിടപ്പിലാണ്. ഒന്നര ലക്ഷത്തോളം പേർ ആശുപത്രിയിലായെന്നാണ് ഒരു കണക്ക്.

സമരനേതാവ് നാൻസി ഹേഗനോടൊപ്പം ന്യുയോർക്ക്  മേയർ മംദാനി

സമരം തുടങ്ങി ഒരാഴ്ച തികഞ്ഞപ്പോൾ കറുത്തവരുടെ പൗരാവകാശപ്രക്ഷോഭണത്തിനിടയിൽ വെടിയേറ്റ് മരിച്ച മട്ടിൽ ലൂഥർ കിങ് ജൂനിയറിന്റെ നാല്പതാം ഓർമദിനത്തിൽ പൗരാവകാശ പ്രക്ഷോഭകനായ റവ. അൽ ഷാർപ്റ്റൻ സമരക്കാരുടെ ഇടയിലെത്തി. "ഇത് വെറുമൊരു തൊഴിൽ തർക്കമല്ല, പൗരാവകാശങ്ങളുടെ പരസ്യമായ ലംഘനമാണ് ,'' എന്നായിരുന്നു അദ്ദേഹത്തിന്റെ ഭാഷ്യം.

മേയർ സൊഹ്‌റാൻ മാംദാനിയും സെനറ്റർ സാൻഡേഴ്‌സും സമരഭടന്മാരെ സന്ദർശിച്ച് പിന്തുണ പ്രഖ്യാപിച്ചു.

മുൻ പ്രസി.ഡോ.അന്ന ജോർജ്, സിറ്റി ഹാൾ  ഹോസ്. സീനി. ഡയറക്ടർ ഡോ.ആനി ജോജ്

മൻഹാറ്റനിലെ മൗണ്ട് സൈനായി, പ്രസ്ബിറ്റേരിയൻ, മോൺറ്റിഫിയോറി എന്നീ പ്രൈവറ്റ് ആശുപതികളുടെ ഏഴു യൂണിറ്റുകളിലെ നഴ്‌സ് മാരാണ് സമരത്തിന്റെ എരിതീയിലേക്കു എടുത്തു ചാടിയത്. സിറ്റി ഉൾക്കൊള്ളുന്ന അഞ്ചു ബറോകളിലെ നഴ്‌സുമാരും സമരത്തിലുണ്ട്.

ന്യു യോർക്ക് സ്റ്റേറ്റ് നഴ്‌സസ് അസോയേഷൻ നയിക്കുന്ന സമരത്തിന്റെ നായകി ഹെയ്റ്റിയിൽ നിന്ന് കുടിയേറിയ നാൻസി ഹോഗൻസ് ആണ്. സമരത്തിൽ ഇന്ത്യക്കാരും മലയാളികളും ഉൾപ്പെടുന്നു.

മുൻ പ്രസിഡന്റും റോക്‌ലാൻഡ് കൗണ്ടി കൗൺസിലറുമായ  ഡോ.ആൻസി പോൾ; അനു ചെമ്പോല

എന്നാൽ "ഞങ്ങൾ സമരത്തിൽ ഇല്ല,''എന്നാണ് 'ഇനാനി' എന്ന ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്ക് പ്രസിഡന്റും തിരുവല്ലാക്കാരിയുമായ  ഷൈല റോഷിൻ പറയുന്നത്. "ഞാനിപ്പോൾ ഡ്രൈവ് ചെയ്യുകയാണ്. ഞങ്ങൾ ഇല്ലാത്ത സമരത്തെപ്പറ്റി എന്തെങ്കിലും പറയുന്നത് അനൗചത്യം ആയിരിയ്ക്കും,'' സുന്ദരമായ അമേരിക്കൻ ഇംഗ്ളീഷിൽ ഷൈല പറഞ്ഞു.

ഷൈലക്കു മുമ്പ് രണ്ടു തവണ പ്രസിഡന്റ് ആയിരുന്ന ഡോ.അന്ന ജോർജ്  നാട്ടിൽ പോയിരിക്കയാണ്. ലോങ്ങ് ഐലൻഡിൽ ഡൊമിനിക്കൻ സിസ്റ്റേഴ്സ് നടത്തുന്ന മോലോയ് സർവകലാശാലയിൽ നിന്ന് നഴ്‌സിംഗിൽ ഡോക്ട്രേറ്റ് എടുത്ത എറണാകുളം സ്വദേശി അന്ന ഇപ്പോൾ അവിടെ അസോഷ്യേറ്റ് പ്രൊഫസർ  ആണ്.

ഇന്ത്യൻ നഴ്സുമാരുടെ സംഘടന ആണെങ്കിലും തുടക്കം മുതലേ മലയാളികളാണ് നേതൃസ്ഥാനത്ത്. നൈന എന്ന നാഷണൽ അസോസിയേഷൻ ഇന്ത്യൻ നഴ്‌സസ് ഓഫ് അമേരിക്ക എന്നായിരുന്നു ആദ്യ പേര്. അതിന്റെ അമരത്ത് സേവനം ചെയ്‌തവരിൽ ഉഷ ജോർജ്, ഡോ. ആൻസി പോൾ, ശോശാമ്മ ആൻഡ്രൂസ് , ഡോ. സോളിമോൾ കുരുവിള തുടങ്ങിയവർ ഉൾപ്പെടുന്നു.

'ഇനിയ' ഭാരവാഹികളുടെ കൂട്ടത്തിൽ പ്രസ്റ്റീജ് മനോജ്, ഗ്രേസ് അലക്‌സാണ്ടർ, ഡോ. ജയ തോമസ്  ആനി ബാബു, ഷൈനി സേവ്യർ എന്നിവരുണ്ട്.  തൃശൂർ സ്വദേശി ആന്റോ പോൾ  ജോയിന്റ് ട്രഷറർ ആണ്. ലോങ്ങ് ഐലൻഡിലെ സെന്റ് ഫ്രാൻസിസ് ഹോസ് പിറ്റലിൽ രണ്ടു പതിറ്റാണ്ടായി ജോലി ചെയ്യുന്നു. സംഘടനയിൽ മുന്നൂറോളം പേർ സജീവമായി രംഗത്തുണ്ടെന്നു പോൾ  പറഞ്ഞു.

മുൻ പ്രസിഡന്റ് ഡോ. ആനി പോൾ രാഷ്ട്രീയത്തിലും പോരാടി ജയിച്ചു. റോക്‌ലൻഡ് കൗണ്ടി ഡിസ്ട്രിക്റ്റ് 14ൽ മെമ്പറായി. കോട്ടയം സ്വദേശി ജയ്മോൻ  ചെമ്പോലയുടെ മകൾ അനു  ചെമ്പോല ആണ് 'ഇനാനി' യുടെ കമ്മ്യൂണിക്കേഷൻ വിഭാഗം അദ്ധ്യക്ഷ.  പ്രവർത്തന മേഖല കമ്മ്യൂണിക്കേഷൻ ആയതുകൊണ്ടാവണം ഫോണിൽ അങ്കിൾ എന്ന സംബോധനയോടെ പ്രതിവദിച്ചു.

നഴ്സിങ്ങിൽ മാസ്റ്റേഴ്സ്  നേടിയ അനു ഡിഎൻപി എന്ന  ഡോക്ടർ ഓഫ് നഴ്‌സിംഗ് പ്രാക്റ്റീസ്‌ പൂർത്തിയാക്കിയ ശേഷം മൻഹാറ്റനിലെ മെമ്മോറിയൽ  സ്ലോവാൻ കെറ്ററിങ് എന്ന ലോക പ്രസിദ്ധ സ്ഥാപനത്തിൽ ഓങ്കോളജി (ക്യാൻസർ) വിഭാഗത്തിൽ ചേരുകയാണ്. നഴ്‌സിംഗ് പ്രാക്ടീഷണർ കോഴ്‌സിൽ അതാണ്‌ സ്പെഷ്യലൈസ് ചെയ്തത്. മനോരമയിൽ എന്റെ കൂടെയുണ്ടായിരുന്ന വർഗീസ് ചെമ്പോല പിതൃ സഹോദര പുത്രനാണ്.

സമരക്കാർക്കു സംഗീത സദ്യ

മുപ്പത്തിനാലു വർഷം  മൗണ്ട്  സൈനായി ഹോസ്പിറ്റലിൽ ആർ. എൻ. (രജിസ്‌റ്റേർഡ് നഴ്സ് )ആയി സേവനം ചെയ്ത മലയാളി ഹെലനെ എനിക്കറിയാം. ഇരുപതു വർഷം മുമ്പ് റിട്ടയർ ചെയ്‌തുന്നു.1972ൽ 14.000 ഡോളറിലായിരുന്നു തുടക്കം.

"ഇപ്പോൾ ന്യുയോർക്കിൽ  ഒരുലക്ഷത്തിലേറെ ഡോളർ  വാർഷിക  ശമ്പളം ലഭിക്കുന്ന നഴ്‌സുമാർ  ആയിരക്കണക്കിന് ഉണ്ടെന്നാണ് 'ഗോതാമിസ്റ്' (ന്യുയോർക്കിന്റെ മറ്റൊരു പേരാണ് ഗോതാം സിറ്റി) എന്ന ദിന പത്രത്തിന്റെ റിപ്പോർട്ടറും മലയാളിയുമായ  അരുൺ വേണുഗോപാൽ പറയുന്നത്.

മീഡിയ സ്റ്റഡീസിൽ മാസ്‌റ്റേഴ്‌സ് എടുത്ത അരുൺ പബ്ലിക് റേഡിയോ നെറ്റ് റ്വർക്കിൽ നഗരജീവിതമുഖങ്ങൾ പരിചയപ്പെടുത്തുന്ന മൈക്രോപോളീസ് പരിപാടിയുടെ അവതാരകൻ കൂടിയാണ്. മാതാപിതാക്കൾ  1978ൽ ഹ്യുസ് റ്റനിലേക്കു കുടിയേറി

പൗരാവകാശ പ്രക്ഷോഭണ നേതാവ് റവ. ഷാർപ്റ്റൻ പിന്തുണ പ്രഖ്യാപിക്കുന്നു

സിറ്റി നേരിട്ട് നടത്തുന്ന ആശുപത്രികളിലും  ഇന്ത്യക്കാരും മലയാളികളും ഉണ്ട്. ഇവയിൽ ക്വീൻസിലെ എലംഹസ്ററ്  ഹോസ്പിറ്റൽ ഒരു വമ്പൻ സ്ഥാപനമാണ്. ഇന്ത്യക്കാരും മലയാളികളും അവിടെ സേവനം ചെയ്യുന്നു. കോവിഡ്  കാലത്ത് ആയിരക്കണക്കിന് മൃതദേഹങ്ങൾ കുമിഞ്ഞു കൂടിയ ആശുപതി എന്ന നിലയിൽ എലംഹസ്ററ് ആഗോള ശ്രദ്ധ നേടിയിരുന്നു.

‘ഇപ്പോഴത്തെ ശമ്പളവും ആനുകൂല്യങ്ങളും പുതുക്കുമ്പോൾ  3.6 ബില്യൺ ഡോളറിന്റെ ഭാരമാണ് ആശുപതികളുടെ മേൽ അടിച്ചേൽപ്പിക്കപ്പെടുക. അത് ഞങ്ങൾക്കു ഒരിക്കലും താങ്ങാൻ ആവില്ല,’ ഗ്രേറ്റർ ന്യു  യോർക്ക് ഹോസ്പിറ്റൽ അസോസിയേഷൻ പ്രസിഡന്റ്‌ കെന്നത്ത്  റാസ്‌കെ പറയുന്നു.  "ബഹുശത കോടികൾ വരുമാനമുള്ള ഇവർക്ക് ഞങ്ങളുടെ ബുദ്ധിമുട്ടു മനസിലാവില്ല," നഴ്‌സുമാർ പ്രതികരിച്ചു.

 നഴ് സ്  സമരം റിപ്പോർട്ട് ചെയ്ത മലയാളി അരുൺ വേണുഗോപാൽ

സമരം നേരിടാൻ 1200 താൽക്കാലിക നഴ്സുമാരെ ആശുപത്രി അധികൃതർ റിക്രൂട്ട് ചെയ്തിട്ടുണ്ട്. ആഴചയിൽ 9000 ഡോളർ വേതനത്തോടെ. അവർക്കു ട്രെയിനിങ് നൽകാൻ വിസമ്മതിച്ചുകൊണ്ടു മരുന്നും ഉപകരണങ്ങളും പൂട്ടിവച്ചു എന്നാരോപിച്ചു മൂന്നു  നഴ്‌സുമാരെ പിരിച്ചു വിടുകയൂം ചെയ്തു.

 

Join WhatsApp News
george mampara 2026-02-02 03:06:46
One well done story Kurian Pampady. Truly a veteran newspaperman. The turn out time from information gathering to story turning out quick. One efficient journalist.
striken 2026-02-02 14:54:57
പത്രാധിപർക്കു, സമകാലികമായി റിപ്പോർട്ട് ചെയ്തിരിക്കുന്ന സമരവാർത്തകളെക്കുറിച്ച് ഒരു ഉത്തരവാദിത്വമുള്ള വായനക്കാരനെന്ന നിലയിൽ ചില ആശങ്കകൾ ആദരപൂർവ്വം അറിയിക്കുകയാണ് ഈ കത്ത്. സമരം നടത്തുന്ന തൊഴിലാളികളുടേയോ ബന്ധപ്പെട്ട യൂണിയൻ പ്രതിനിധികളുടേയോ നേരിട്ടുള്ള അഭിപ്രായങ്ങളോ വിശദീകരണങ്ങളോ ഉൾപ്പെടുത്താതെയാണ് പല വാർത്തകളും പ്രസിദ്ധീകരിക്കപ്പെടുന്നത് എന്നത് ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു. അതിനുപകരം, സമരവുമായി നേരിട്ടൊരു ബന്ധമില്ലാത്ത ചില അസോസിയേഷൻ നേതാക്കളുടെ ഫോട്ടോകളും അഭിപ്രായങ്ങളും ഉൾപ്പെടുത്തി വാർത്തകൾ ദീർഘിപ്പിക്കുന്ന രീതിയാണ് പലപ്പോഴും കാണുന്നത്. ഇതുവഴി സമരത്തിന്റെ യഥാർത്ഥ പശ്ചാത്തലവും ലക്ഷ്യങ്ങളും വായനക്കാരിലേക്ക് കൃത്യമായി എത്തിക്കപ്പെടുന്നില്ല. ഇത്തരം വാർത്തകളിൽ സമരം എന്തുകൊണ്ടാണ് നടത്തുന്നത്, എന്തുകൊണ്ടാണ് അത് നീണ്ടുനിൽക്കുന്നത്, നിലവിലെ പുരോഗതി എന്താണ് തുടങ്ങിയ അടിസ്ഥാനപരവും ആധികാരികവുമായ വിവരങ്ങൾ വ്യക്തതയോടെ അവതരിപ്പിക്കപ്പെടേണ്ടതുണ്ട്. പ്രത്യേകിച്ച്, സമരത്തിന്റെ ഉള്ളടക്കവുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മലയാളി യൂണിയൻ പ്രതിനിധികളുമായി ബന്ധപ്പെടുകയും അവരുടെ നിലപാടുകളും വിശദീകരണങ്ങളും ഉൾപ്പെടുത്തുകയും ചെയ്യാമായിരുന്നു. അങ്ങനെ ചെയ്താൽ വാർത്തകൾ കൂടുതൽ വിശ്വാസ്യതയും സമഗ്രതയും നേടുമായിരുന്നു. അതിനാൽ, ഭാവിയിലെ വാർത്താവിനിമയങ്ങളിൽ ബന്ധപ്പെട്ട യൂണിയൻ പ്രതിനിധികളിൽ നിന്ന് നേരിട്ടുള്ള വിവരങ്ങളും അഭിപ്രായങ്ങളും ഉൾപ്പെടുത്തി, സമരത്തിന്റെ യഥാർത്ഥ സാഹചര്യങ്ങളും പശ്ചാത്തലവും കൃത്യമായി അവതരിപ്പിക്കാൻ നിങ്ങളുടെ മാധ്യമം ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് വായനക്കാരോടുള്ള മാധ്യമങ്ങളുടെ ഉത്തരവാദിത്വം കൂടുതൽ ശക്തിപ്പെടുത്തും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക