Image

അവകാശവാദങ്ങള്‍ കൊണ്ട് വയറുനിറച്ച അഞ്ചാം ലോക കേരള സഭ; ബാക്കിപത്രത്തില്‍ എന്ത്..? (എ.എസ് ശ്രീകുമാര്‍)

Published on 01 February, 2026
അവകാശവാദങ്ങള്‍ കൊണ്ട് വയറുനിറച്ച അഞ്ചാം ലോക കേരള സഭ; ബാക്കിപത്രത്തില്‍ എന്ത്..? (എ.എസ് ശ്രീകുമാര്‍)

പ്രതീക്ഷിച്ച പോലെ ആഞ്ചാം ലോക കേരള സഭയില്‍ കാര്യമായ അത്ഭുതങ്ങള്‍ ഒന്നും തന്നെ സംഭവിച്ചില്ല. തിരുവനന്തപുരത്ത് ജനുവരി 29 മുതല്‍ 31 വരെ നടന്ന സമ്മേളനത്തില്‍ ഇത്തരത്തിലൊരു സഭ ലോകത്തിന് മാതൃകയാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അവകാശപ്പെട്ടത്. കേരളത്തിന്റെ സമഗ്ര വികസനത്തിന് ക്രിയാത്മക നിര്‍ദ്ദേശങ്ങളും സംഭാവനകളും നല്‍കുന്നതിനും പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഭരണാധികാരികളുടെ സജീവ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിനുമുള്ള ജനാധിപത്യത്തിന്റെ വികസിത പ്ലാറ്റ്‌ഫോമായി 2018-ല്‍ രൂപീകരിക്കപ്പെട്ടതാണല്ലോ ലോക കേരള സഭ. ഇക്കുറി പതിവുപോലെ ആര്‍പ്പുവിളികളുമായി നടത്തിയ സമ്മേളന മഹാമഹം കൊണ്ട് അമേരിക്കന്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എന്ത് നേട്ടമുണ്ടായി എന്ന ചോദ്യം പ്രസക്തമാണ്.

ലോക കേരള സഭയുടെ രൂപീകരണം മുതല്‍ ഇന്നു വരെ സഭയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും ആക്ഷേപങ്ങളും ശക്തമായിത്തന്നെ തുടരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ഇത്തവണയും അത് സംഭവിച്ചു. ലോക കേരള സഭ ധൂര്‍ത്തിന്റെ പര്യായമാണെന്ന് ആക്ഷേപിച്ചു കൊണ്ട് തുടക്കം മുതല്‍ പ്രതിപക്ഷം സഭാ സമ്മേളനങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്ന സാഹചര്യമാണ്  നിലവിലുള്ളത്. പ്രവാസ ലോകത്തെ വൈവിധ്യമാര്‍ന്ന അറിവുകളെ നാടിന്റെ പുരോഗതിക്കായി ക്രോഡീകരിക്കുക എന്നതാണ് ലോക കേരള സഭയുടെ പ്രധാന അജണ്ട എന്നിരിക്കെ, ലോക കേരള സഭ നിലവില്‍ വന്ന ശേഷം പ്രവാസി മലയാളികള്‍ക്കും കേരളത്തിന് പൊതുവേയും എന്തു ഗുണമുണ്ടായി എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചിട്ടില്ല.

വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളും അമേരിക്ക ഉള്‍പ്പെടെ 125 രാജ്യങ്ങളില്‍ നിന്നുള്ളവരടക്കം പ്രവാസികളായ 182 ഡെലിഗേറ്റുകളും പ്രത്യേക ക്ഷണിതാക്കളും സാന്നിധ്യമറിയിച്ച 5-ാം ലോക കേരള സഭ, മലയാളി പ്രവാസികളുടെ പ്രതീക്ഷകളുടെയും നൂതനാശയങ്ങളുടെയും സമ്മേളന വേദിയായി മാറിയെന്നാണ് സര്‍ക്കാര്‍ അവകാശപ്പെട്ടത്. ലോക കേരള സഭ ലോകത്തിന് മാതൃകയെന്നും പലര്‍ക്കും സംശയങ്ങള്‍ ഉണ്ടായിരുന്നു എന്നും അഞ്ചാം സമ്മേളനത്തോടെ സംശയങ്ങള്‍ക്ക് ഉത്തരമായി എന്നാണ് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. ''ആദ്യ ഘട്ടത്തില്‍ ഈ സംരംഭത്തെക്കുറിച്ച് പലര്‍ക്കും സംശയങ്ങള്‍ ഉണ്ടായിരുന്നു. ഇത് ഫലം ചെയ്യുമോ എന്നതടക്കമുള്ള ചോദ്യങ്ങള്‍ പല കോണുകളില്‍ നിന്നും ഉയര്‍ന്നു. എന്നാല്‍ അഞ്ചാം സമ്മേളനത്തില്‍ എത്തിനില്‍ക്കുമ്പോള്‍ ആ സംശയങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടി ലഭിച്ചു കഴിഞ്ഞു...'' എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

ഇതിനിടെ, കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ് കേരള ലോക സഭയെ ''പ്രാഞ്ചിയേട്ടന്മാരുടെ കൂട്ടം...'' എന്നാണ് വിശേഷിപ്പിച്ചത്. എന്നാല്‍ ആ ആക്ഷേപത്തെ മറികടക്കുന്നതിന് പര്യാപ്തമായ പദ്ധതികളോ നയപരിപാടികളോ അഞ്ചാം ലോക കേരള സഭയില്‍ പ്രഖ്യാപിക്കപ്പെട്ടില്ലില്ലെന്നാണ് മനസിലാക്കുന്നത്. വിവിധ മേഖലകളില്‍ പ്രവാസികള്‍ അഭിമുഖീകരിക്കുന്ന ആശങ്കകള്‍ പ്രതിനിധികള്‍ പങ്കുവച്ചുവെന്നാണ് റിപ്പോര്‍ട്ട്.. പ്രവാസി ഭരണ നിര്‍വഹണം മുതല്‍ സാംസ്‌കാരിക കൈമാറ്റം വരെയുമുള്ള മേഖലകളില്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍ ലോക കേരള സഭയോടനുബന്ധിച്ച്    സംഘടിപ്പിച്ച വിഷയാധിഷ്ഠിത ചര്‍ച്ചകളില്‍ ഉയര്‍ന്നുവെന്ന് പറയുന്നു. പ്രവാസി ക്ഷേമ പദ്ധതികള്‍ കൂടുതല്‍ ജനകീയമാക്കുന്നതിനൊപ്പം കേരളത്തിന്റെ വികസനത്തില്‍ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കാനുള്ള വിപുലമായ നിര്‍ദേശങ്ങള്‍ പ്രതിനിധികള്‍ മുന്നോട്ടു വച്ചുവത്രേ. അവകാശവാദങ്ങള്‍കൊണ്ട് വയറുനിറച്ചതല്ലാതെ മുഖ്യമന്ത്രി സൂചിപ്പിച്ച ഉത്തരങ്ങള്‍ എന്താണെന്ന് മനസിലായിട്ടില്ല.

ലോക കേരള സഭ പ്രവാസികള്‍ക്ക് ലഭ്യമാക്കിയ ക്ഷേമ പദ്ധതികള്‍ എന്തൊക്കെയാണെന്നും വ്യക്തമല്ല. നിക്ഷേപം സംബന്ധിച്ച് ഏതൊക്കെ ധാരണാ പത്രങ്ങളിലാണ് ഒപ്പുവച്ചത്. എത്രത്തോളം നിക്ഷേപം കേരളത്തിന് ലഭിച്ചു എന്നും അറിയില്ല.പ്രവാസികളുടെ നീറുന്ന പ്രശ്‌നങ്ങളുടെ നീണ്ട ലിസ്റ്റുതന്നെയുണ്ട് നമ്മുടെ മുന്നില്‍. അമേരിക്കന്‍ മലയാളികള്‍ക്ക് ബാധകമല്ലെങ്കിലും കാലാകാലങ്ങളില്‍ വിസാ നിയമങ്ങളിലെ മാറ്റങ്ങള്‍ മൂലം ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിപ്പോയ ഗള്‍ഫ് മലയാളികളുടെ ജീവിതം വഴിമുട്ടുന്ന ഗുരുതര വിഷയങ്ങള്‍ ചര്‍ച്ചയ്‌ക്കെടുത്തോ..? മോഹ വാഗ്ദാനങ്ങളില്‍ കുടുങ്ങി കേരളത്തില്‍ വ്യവസായം ആരംഭിക്കുകയും താമസിയാതെ കുത്തുപാളയെടുത്ത് ബാങ്ക് ജപ്തി ഭീഷണി നേരിടുന്ന പ്രവാസികഴുളെ കണ്ണീരിനും അറുതി വന്നിട്ടില്ല. ഇങ്ങനെ ആത്മഹത്യയില്‍ അഭയം പ്രാപിച്ചവരുടെ എണ്ണവും കുറവല്ല.

വര്‍ഷങ്ങളായി കേള്‍ക്കുന്നതാണ് പ്രവാസികളുടെ പുനരധിവാസം. പിന്നെ ക്ഷേമ പെന്‍ഷന്‍, പ്രവാസി ഇന്‍ഷുറന്‍സ് തുടങ്ങിയവയുടെ പുരോഗതി എങ്ങനെ. പ്രവാസിയുടെ ആരോഗ്യ പരിരക്ഷ, സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, രാഷ്ട്രീയ ഇടപെടലുകള്‍ മൂലം തൊഴില്‍ മേഖലകളില്‍ സംഭവിക്കുന്ന  ദുരിതങ്ങള്‍, എംബസികളുടെ കാര്യക്ഷമതയില്ലായാമയും വര്‍ധിപ്പിക്കുന്ന ഫീസും തുടങ്ങി നീറുന്ന നൂറ് നൂറ് പ്രശ്‌നങ്ങളിലൂടെയാണ് പ്രവാസി മലയാളികള്‍ ജീവിതം തള്ളി നീക്കുന്നത്. അമേരിക്കന്‍ മലയാളികള്‍ വര്‍ഷങ്ങളായി ഉന്നയിക്കുന്ന ഏറ്റവും വലിയൊരു പ്രശ്‌നമാണ് നാട്ടിലെ അവരുടെ വീടിനും മറ്റ് വസ്തുവകകള്‍ക്കുമുള്ള സുരക്ഷ. ഇക്കാര്യത്തില്‍ ലോക കേരള സഭ അനുകൂലമായ എന്ത് തീരുമാനമാണ് കൈക്കൊണ്ടെതെന്ന് ഇവിടെനിന്നുള്ള പ്രതിനിധികള്‍ വിശദീകരിക്കുമെന്ന് കരുതുന്നു.

ഖജനാവിലെ കോടിക്കണക്കിനു രൂപ ധൂര്‍ത്തടിച്ച അഞ്ച് ലോക കേരളസഭ സമ്മേളനങ്ങള്‍ പ്രവാസികളുടെ കണ്ണില്‍ പൊടിയിടുന്ന ഫലശൂന്യമായ അധികാര ആഭാസം മാത്രമായിരുന്നുവെന്നാണ് ചെറിയാന്‍ ഫിലിപ്പ് അക്ഷേപിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രസംഗം വിളമ്പി പ്രവാസികളുടെ വയറു നിറച്ചതല്ലാതെ പ്രവാസി ക്ഷേമത്തിനുള്ള ലോക കേരള സഭയുടെ പ്രധാന നിര്‍ദ്ദേശങ്ങളൊന്നും നടപ്പാക്കിയിട്ടില്ലെന്ന് ചെറിയാന്‍ ഫിലിപ്പ് കുറ്റപ്പെടുത്തി. ഏതാനും പേര്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചത് കൊട്ടിഘോഷിച്ചെങ്കിലും ഇതുവരെ കാര്യമായ വിദേശ നിക്ഷേപമൊന്നും ഉണ്ടായിട്ടില്ല. സര്‍ക്കാരിലുള്ള വിശ്വാസതകര്‍ച്ചയും ചുവപ്പുകൊടിയോടുള്ള ഭയപ്പാടുമാണ് ഇതിനു കാരണം.

''പ്രവാസികളുടെ പ്രശ്‌നങ്ങള്‍ യഥാസമയം പരിഹരിക്കേണ്ട നോര്‍ക്ക വകുപ്പ് മരണശയ്യയിലാണ്. പ്രവാസികളുടെ പുന:രധിവാസ പദ്ധതി, ക്ഷേമ പെന്‍ഷന്‍, ഇന്‍ഷ്വറന്‍സ് എന്നിവയെല്ലാം സ്തംഭനത്തിലാണ് .ലോക കേരളസഭ സി.പി.എമ്മിന് തിരഞ്ഞെടുപ്പുകളില്‍ പണപ്പിരിവ് നടത്താനുള്ള ഒരു കറവ പശു മാത്രമാണ്. വിദേശങ്ങളിലെ ധനാഢ്യന്മാര്‍ക്കും സി.പി.എം ഘടകങ്ങളുടെ മേധാവികള്‍ക്കുമാണ് ലോക കേരളസഭയില്‍ മുന്‍തൂക്കം. ലോക കേരളസഭ പ്രവാസി മലയാളി സമൂഹത്തിന്റെ പരിച്ഛേദമോ പ്രതിനിധിസഭയോ അല്ല. എല്ലാ ലോക കേരളസഭയിലും കോട്ടും സൂട്ടും ധരിച്ച് എത്തുന്ന ചില സ്ഥിരം മുഖങ്ങള്‍ പിന്‍വാതില്‍ വഴി പ്രവേശിച്ച പ്രാഞ്ചിയേട്ടന്മാരാണ്...'' എന്നാണ് ചെറിയാന്‍ ഫിലിപ്പിന്റെ പരിഹാസം. പതിവ്  ദോഷൈകദൃക്കുകളുടെ വെറുമൊരു പരിഹാസമോ കുറ്റപ്പെടുത്തലോ ആയി ഇതിനെ കാണേണ്ടതില്ല.

Join WhatsApp News
Kerala Citizen 2026-02-01 20:02:41
ഫോട്ടോയിൽ എല്ലാവരും സ്വാഭാവിയിൽ ചാരികിടന്ന് സുഖിക്കുന്നത് കാണാം. പിന്നെ മറ്റു ചെലവുകൾ എത്ര. ടാക്സ് മണി എത്ര ചെലവാക്കി എന്ന് കൃത്യമായി അറിയിക്കുക. അതായത് ഈ ആഭാസത്തിന് എത്ര മുടക്കി എന്ന് അറിയിക്കുക?. ഇത്തരം ആഭാസങ്ങൾ നടത്തുന്ന പാർട്ടിക്കാരെയും, അതിനായി ലോകത്തെമ്പാടും നിന്ന് പങ്കെടുക്കുന്നവരെയും, അവർ എവിടെയെങ്കിലും ഏത് സംഘടനയിൽ പോയി മത്സരിച്ചാലും അവരെ തോൽപ്പിക്കുക തന്നെ വേണം?. കാരണം യാതൊരു ഗുണവും ഇല്ലാത്ത രീതിയിൽ നികുതി ദായകരുടെ പണം ധൂർത്തടിക്കുന്ന ഇത്തരക്കാരെ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കരുത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക