
ആദിത്യ ധർ സംവിധാനം ചെയ്ത സ്പൈ ത്രില്ലർ ചിത്രമായ ധുരന്ധറിന്റെ നെറ്റ്ഫ്ളിക്സിലെത്തിയ പതിപ്പിന്റെ വിഡിയോ ക്വാളിറ്റിക്കെതിരെ വിമർശനം. ആഗോള തലത്തിൽ 1300 കോടി രൂപയ്ക്ക് അടുത്ത് ബോക്സ് ഓഫീസ് കളക്ഷൻ നേടിയെടുത്തതിന് ശേഷമാണ് ധുരന്ധർ ഒടിടിയിലെത്തിയത്. എന്നാൽ 56 ദിവസത്തിന് ശേഷം നെറ്റ്ഫ്ളിക്സിലെത്തിയ ചിത്രത്തിന്റെ വിഡിയോ ക്വാളിറ്റി ചോദ്യം ചെയ്യപ്പെടുന്നതിനൊപ്പം സിനിമയുടെ ദൈർഘ്യം ഒടിടി പതിപ്പിൽ കുറഞ്ഞതും ആരാധകരെ നിരാശപ്പെടുത്തി.
ധുരന്ധറിന്റെ ഒടിടി പതിപ്പിന്റെ ദൈർഘ്യം മൂന്ന് മണിക്കൂർ 25 മിനിറ്റാണ്. തീയറ്ററിൽ ഇത് മൂന്ന് മണിക്കൂർ 34 മിനിറ്റ് ആയിരുന്നു. തീയറ്ററിൽ നിന്ന് ഒടിടിയിൽ എത്തിയപ്പോൾ സിനിമയുടെ ദൈർഘ്യം ഒൻപത് മിനിറ്റ് കുറഞ്ഞു.'ബലൂചി'നെക്കുറിച്ചുള്ള പരാമർശങ്ങൾ മ്യൂട്ട് ചെയ്യാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് തിയേറ്ററുകളിൽ സിനിമയുടെ ദൈർഘ്യം 3 മണിക്കൂർ 28 മിനിറ്റായി മാറിയിരുന്നു എന്നാണ് എൻഡിടിവി റിപ്പോർട്ടിൽ പറയുന്നത്.
തിയേറ്റർ പതിപ്പിലെ പുകയില വിരുദ്ധ പരസ്യങ്ങൾ ഒഴിവാക്കിയതിനാൽ നെറ്റ്ഫ്ലിക്സിലെ ദൈർഘ്യം ഇതിലും 4 മിനിറ്റ് കുറവാണ്. ധുരന്ധറിലെ പാട്ടുകളുടെ ഗുണനിലവാരം നെറ്റ്ഫ്ലിക്സിനേക്കാൾ മികച്ചത് യൂട്യൂബിലാണെന്നാണ് പ്രേക്ഷകരുടെ പ്രതികരണങ്ങൾ. 'ധുരന്ധർ' ശരിയായി ആസ്വദിക്കണമെന്നുണ്ടെങ്കിൽ തിയേറ്ററിൽ തന്നെ പോകുക എന്ന കമന്റുകൾ ആണ് ശക്തമാവുന്നത്.
"നെറ്റ്ഫ്ലിക്സിൽ ധുരന്ധറിന്റെ HDR10+ അല്ലെങ്കിൽ ഡോൾബി വിഷൻ ഇല്ല. സ്പെഷ്യൽ ഓഡിയോയോ ഡോൾബി അറ്റ്‌മോസോ ഇല്ല. തിയേറ്റർ പതിപ്പിനെ അപേക്ഷിച്ച് ദൃശ്യങ്ങൾ മങ്ങിയതാണ്. കൂടാതെ 'A' സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നിട്ടും സിനിമയിൽ വലിയ തോതിൽ സെൻസറിങ് നടത്തിയിട്ടുണ്ട്. തിയേറ്റർ പതിപ്പിനേക്കാൾ 9 മിനിറ്റ് രംഗങ്ങൾ വെട്ടിക്കുറച്ചിരിക്കുന്നു," മറ്റൊരു ആരാധകന്റെ വാക്കുകൾ ഇങ്ങനെ.
"എന്തൊരു മോശം കളർ ഗ്രേഡിങ് ആണ് ഇത്. നെറ്റ്ഫ്ലിക്സ് യാതൊരു കോൺട്രാസ്റ്റും ഇല്ല. യൂട്യൂബ് വീഡിയോയ്ക്ക് ഇതിലും നല്ല ശബ്ദവും ദൃശ്യഭംഗിയുമുണ്ട്," ഇങ്ങനെയാണ് മറ്റൊരു പ്രതികരണം. നെറ്റ്ഫ്ലിക്സ് ധുരന്ധർ സിനിമയെ നശിപ്പിച്ചു കളഞ്ഞു എന്നാണ് മറ്റൊരാൾ അഭിപ്രായപ്പെട്ടത്.
2025 ഡിസംബറിൽ റിലീസ് ചെയ്ത സമയത്ത് പാകിസ്ഥാൻ വിരുദ്ധ പ്രമേയം കാരണം 'ധുരന്ധർ' പാകിസ്ഥാനിലും ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിങ്ങനെ പല മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലും നിരോധിച്ചിരുന്നു.