Image

അടിപൊളി അമ്മാവൻ (കവിത: ജയൻ വർഗീസ്)

Published on 31 January, 2026
അടിപൊളി അമ്മാവൻ (കവിത: ജയൻ വർഗീസ്)

ആണ്ടെ

ആണ്ടെ !

ആണ്ടെ !

ആണ്ടെ വരുന്നുണ്ടേ

നമ്മുടെ അടിപൊളി യമ്മാവൻ.

ആണവ വാണ പ്പോർമുന പേറിയൊ -

രഭിനവ യമമാവൻ !


ഓടിയൊളിക്കാനിടമില്ലല്ലോ?

ഓടിയൊളിച്ചാൽ ഫലമില്ലല്ലോ?

ആണവ ശിരസ്സിൽ അഗ്നിയൊളിപ്പി - ച്ചോടി  വരുന്നുണ്ടേ !

ആരുടെ നെഞ്ചും കൂടു പിളർക്കാനായ്‌ !.

ഹഹ, ഹഹ, ചാടി വരുന്നുണ്ടേ ?


ആയിര മായിരമാണ്ടുക ളകലേ

ആദിമ തമസ്സിൻ വീഥികളിൽ

വെളിച്ചമായി ജനിച്ചവനിവിടെ വെറുപ്പിൽ മുങ്ങി മരിക്കുന്നു !


നഗ്ന പ്രകൃതിയുടെ മാറിൽ നിന്നുടെ നഗ്നക്കാലടി വയ്ക്കുമ്പോൾ

നിനച്ചു പോയി ‘ മണ്ണിൽ മനുഷ്യൻ ഉടച്ചു വാർക്കും സ്വപ്‌നങ്ങൾ ‘


നിനക്ക് തുണയായ്

നടിച്ചു നിന്നെ

ചതിച്ചു നവ യുഗ സംസ്ക്കാരം അടുത്ത മനുഷ്യനെ

അരിഞ്ഞു വീഴ്ത്തുവ-

തതി ജീവന ശാസ്ത്രം  ?


അതിരുകൾ നിർമ്മിച്ചവിടം കാക്കു -  ന്നടിമ ക്കൂട്ടങ്ങൾ !

അറിഞ്ഞതില്ല വസുന്ധര മാറിൽ

നിറഞ്ഞ പാല് ചുരത്തുമ്പോൾ


വിശാല വിശ്വ പ്രപഞ്ചത്തിൻ

വെളിച്ചമാവാൻ വന്നവനേ ,

നശൂല ശാസ്ത്രം നിനക്ക് നീട്ടിയ

കഠാര കൈവിട്ടകലുക നീ


വലിച്ചെറിയുക നമ്മുടെ ഭൂമിയിൽ

മുളച്ചയാണവ മുകുളങ്ങൾ

നമുക്ക് സ്നേഹ ചാന്തിൽ പണിയാം

നമ്മുടെ മണ്ണിലെ സ്വർഗ്ഗങ്ങൾ !


അടിച്ചു ചാപ്പകൾ നെറ്റികളിൽ വരി - യുടച്ചു പൂട്ടിയ വയലുകളിൽ

കഴുത്തു വെട്ടി അറുത്തു വിൽക്കാൻ

മതത്തിൻ ചെങ്കൊടികൾ


നമുക്കുറങ്ങാൻ പേടി അതിനായ്

പുറത്തു കാക്കുവതമ്മാവൻ!

കിതച്ചു നിൽപ്പൂ നാടൊട്ടുക്കും

കരിച്ചു തള്ളാൻ മനുഷ്യ കുലം !


വളർച്ച മുറ്റിയ സംസ്‌കാരങ്ങൾ പടച്ച ജീവിത വേദികളിൽ

നമുക്ക് ഭീഷണി ഖഡ്ഗം പേറി കുതിച്ചു നിൽക്കും വാണങ്ങൾ !


മഹത്വ മാനവ ചരിത്രമെഴുതിയ

സമത്വ സുന്ദര സംസ്ക്കാരം  

ജനിച്ചു വീഴും  തലമുറകൾക്കായ്

ചമച്ചതാണവ പോർമുനകൾ ? 

Join WhatsApp News
Jayan varghese 2026-01-31 12:55:23
ആണവായുധ ഭീഷണിയുടെ അനിശ്ചിതത്വത്തിനടിയിൽ അടിപൊളിയൻ ജീവിതത്തിന്റെ അര നാഴിക നേരം തള്ളി നീക്കുന്ന ആധുനിക ലോകത്തിലെ മനുഷ്യ വർഗ്ഗത്തിനായി ഈ കവിത സമർപ്പിക്കുന്നു. ജയൻ വർഗീസ്.
GP 2026-01-31 18:52:11
പ്രശസ്ത ശാസ്ത്രജ്ഞനായ ആൽഫ്രഡ് നൊബെൽ ഡയനാമിറ്റ് കണ്ടുപിടിച്ചത്, പാറക്കെട്ടുകളെ പൊട്ടിച്ച് ഗതാഗതത്തിന് ഉപയുക്തമാക്കണമെന്നതിലുപരി മനസ്സിൽ മറ്റൊന്നും ഉള്ളതായി എങ്ങും രേഖപ്പെടുത്തിയതായി കണ്ടിട്ടില്ല . പക്ഷെ അത് മനുഷ്യ രാശിയെ നശിപ്പിക്കാനുള്ള ആയുധമായി തീരുമെന്ന് അദ്ദേഹം ഒരിക്കലും സ്വപ്നം കണ്ടിരുന്നതായും കരുതുന്നില്ല. ആദ്ദേഹം ഡയനാമിറ്റിൽ നിന്നും ഉണ്ടാക്കിയ പണം അത്രയും ഉപയോഗിച്ചാണ് ഭൂമിയിൽ സമാധാനം സൃഷ്ടിക്കുന്നവർക്കും , മനുഷ്യ നന്മക്കായി പ്രവർത്തിക്കുന്നവർക്കും വേണ്ടി നോബൽ സമാധാന സമ്മാനം ഏർപ്പെടുത്തിയത്. എന്നാൽ ഇന്ന് സമാധാനം സ്ഥാപിക്കണമെങ്കിൽ, അത് എത്രമാത്രം മനുഷ്യരെ എത്രയുംവേഗത്തിൽ കൊന്നൊടുക്കിയാലേ കൈവരിക്കാനാവുകയുള്ളു എന്ന അവസ്ഥയിൽ എത്തിയിരിക്കുകയാണ്. ഈ സമീപനത്തെ ഇപ്പോൾ വിളിക്കുന്നത്, " പീസ് ത്രൂ സ്‌ട്രെങ്ങ്ത്' എന്നാണ്. ഇന്നു കൊച്ചു രാജ്യങ്ങൾപ്പോലും ആണ്വായുധങ്ങളുടെ ശേഖരങ്ങളായി മാറിയിട്ടുണ്ട്. നൊബെൽ പ്രൈസ് ഏർപ്പെടുത്തിയതിന്റ പിന്നിലെ ഉദ്ദേശ്യത്തെ കാറ്റിൽ പറത്തിയാണ് ഓരോ നേതാക്കൾ അതിന് വേണ്ടി ഓടുന്നത്. സാങ്കേതികവിദ്യയുടെ വളർച്ചയും, നിർമ്മിതബുദ്ധിയുടെ ആവിർഭാവവും ചെറിയ ചെറിയ ബോംബുകൾ വീട്ടിൽ ഉണ്ടാക്കി അയല്വക്കക്കാരനെതിരെ ഉപയോഗിക്കാൻ പോകുന്ന കാലം വിദൂരമല്ല. അതെ 'മനുഷ്യർ വെറുപ്പിൽ മുങ്ങി മരിക്കുകയാണ്'. "ആയിരമായിരം ആണ്ടുകളകലെ വെളിച്ചമായി ജനിച്ചവനിവിടെ വെറുപ്പിൽ മുങ്ങി മരിക്കുന്നു" മനുഷ്യ ചിന്തകളെ ഉദ്ദീപ്തമാക്കി ഇമലയളിയെ പ്രകാശിപ്പിക്കുന്ന ജയൻ വറുഗീസിന്റെ " അടിപൊളി അമ്മാവന് " അഭിനന്ദനം.
vayanakaaran 2026-02-01 03:57:05
ശ്രീ ജയൻ വർഗീസ് - താങ്കളുടെ കൃതി ഇഷ്ടമായി പക്ഷെ നല്ലതെന്നു പറഞ്ഞാൽ എല്ലാം പുറം ചൊറിയൽ എന്ന് വിവരംകെട്ടവർ വിധിക്കുമ്പോൾ താങ്കളെപ്പോലുള്ള നല്ല എഴുത്തുകാർ പേന മടക്കുക. കൃതി നല്ലതെന്നു പറഞ്ഞു പുറം ചൊറി എന്ന ദുഷ്‌പേര് കേൾപ്പിക്കുന്നില്ല.
Jayan varghese 2026-02-01 18:16:10
കാവ്യാസ്വാദനം പുറം ചൊറിയലല്ല.. നിശ്ചല സ്പടികമായ തടാക ജലത്തിൽ പ്രതിഫലിച്ചു കാണുന്ന നിഴൽചിത്രമാണ് കവിതയെങ്കിൽ കവിക്ക് ( എഴുത്തുകാരന് ) പോലും കണ്ടെത്താനാകാത്ത അജ്ഞാതമായ ആശയങ്ങളുടെ സാളഗ്രാമങ്ങൾ വായനക്കാരന് വേണ്ടി പരിചയപ്പെടുത്തുന്ന മധ്യവർത്തിയാണ് ആസ്വാദകൻ എന്നതിനാൽ എഴുത്തുകാരനും മുകളിലാണ് അയാളുടെ സ്ഥാനം . എഴുത്തുകാരനും പ്രസാധകനും ആസ്വാദകനും ചേർന്നൊരുക്കുന്ന സാംസ്ക്കാരിക സമസ്യകളുടെ പൂരണത്തിലൂടെയാണ് സാമൂഹ്യാവസ്ഥയുടെ സംഘാതങ്ങൾ രൂപപ്പെടുന്നത് എന്നറിയാത്ത സാമൂഹ്യ ദ്രോഹികളാണ് എഴുത്തിനെയും ആസ്വാദകകരെയും പരിഹസിച്ചു കൊണ്ട് സ്വന്തം പോരായ്മകൾ നികത്തിയെടുക്കാൻ വെറുതേ പരിശ്രമിച്ചു പരാജയപ്പെടുന്നത്. ജയൻ വർഗീസ്.
Sudhir Panikkaveetil 2026-02-01 20:01:29
തിന്മയുടെ വിജയം എല്ലാ കാലത്തും പ്രകടമാണ്. ഒരു പരദൂഷണവീരൻ തന്നെക്കാൾ മിടുക്കനായ ഒരാളോടുള്ള അസൂയ മൂത്ത് ഉപയോഗിച്ച ഒരു പദമാണ് "പുറംചൊറിയൽ" പൊതുജനം അത് എടുത്ത് എല്ലായിടത്തും ഉപയോഗിക്കുന്നത് രസകരമാണ്. അതാണ് തിന്മയുടെ വിജയം. ദൈവം പലപ്പോഴും വലിയ മീനിനെ കണ്ട് കണ്ണടക്കുന്നു കൊക്കിനെപ്പോലെ അത്തരം സന്ദർഭങ്ങളിൽ എവിടെയോ മുങ്ങുന്നു പരദൂഷണവീരൻ വിജിഗീഷുവായി വിലസുന്നു. ശ്രീ ജയൻ താങ്കളുടെ കവിത സത്യത്തിന്റെ സ്വരത്തിൽ ഗർജ്ജിക്കുന്നു.
uthuppan 2026-02-01 20:41:26
ഒരു ചെറിയ സാദാ അടിപൊളി കവിതയാണ്. ചൊറിഞ്ഞു പോകാനും ഇടിച്ചു താഴ്ത്താനും ഞാനില്ല. ഇവിടെ കേളപ്പൻ എന്നൊരു വ്യക്തി പല നല്ല കാര്യങ്ങളും നന്നായി പൊളിച്ചടുക്കി എഴുതിയിട്ടുണ്ട്. അത് ഈ പ്രതികരണ കോളത്തിൽ ഉണ്ട്. അത് ദയവായി സമയം കിട്ടുമെങ്കിൽ ഒന്ന് പോയി വായിക്കുക. ഒന്ന് മനസ്സിരുത്തി വായിക്കുക. കവിതയെപ്പറ്റി മാത്രമല്ലാട്ടോ കേളപ്പൻ എഴുതിയിരിക്കുന്നത്. മറ്റു പല കാര്യങ്ങളും അതിൽ അന്തർലീനമാണ്. രജീഷ് നെടുങ്ങാടപ്പള്ളി അത് മനസ്സിലാക്കാതെ മറ്റ് എന്തൊക്കെയോ എഴുതിയിട്ടുണ്ട്. അദ്ദേഹം ആരെയൊക്കെയോ കായികമായി നേരിടാൻ തയ്യാറാണെന്നും പറയുന്നു. ഏതായാലും, കേളപ്പൻ കേൾവിക്കാരുടെ ഒരു അപ്പൻ തന്നെയാണ്. സമീപകാലത്ത് നടക്കുന്ന സംഭവവികാസങ്ങളെ, രാഷ്ട്രീയക്കാരെ, മത നേതാക്കളെ, അമേരിക്കൻ മലയാളി സംഘടനക്കാരെ, സാഹിത്യ സംഘടനക്കാരെ, എല്ലായിപ്പോഴും ചൊറിഞ്ഞു പൊക്കുന്ന വരെ, നാറുന്നതും, വിലയില്ലാത്തതുമായ പൊന്നാടകൾ ചാർത്തുന്നവരെയും ചൊറിഞ്ഞു പോകുന്നവരെയും, മതനിരപേക്ഷതയെ കൊള്ളി വെക്കുന്നവരെയും, സെക്കുലർ വേദിയിൽ വന്ന്, സരസ്വതി ഗാനം പാടുന്നവരെയും, വിശുദ്ധ കന്യാമറിയമേ എന്ന ഗാനം പാടുന്നവരെയും ശ്രീമാൻ കേളപ്പൻ കാര്യകാരണസഹിതം വിമർശിച്ചിട്ടുണ്ട്. അത് ദയവായി ഒന്നു വായിക്കണം. അതിൽ മോശമായി ഞാൻ ഒട്ടും കാണുന്നില്ല. കേരളത്തിൽ പഴയ ഒരു കേളപ്പൻ ഉണ്ടായിരുന്നല്ലോ. അദ്ദേഹത്തിൻറെ പിൻഗാമി വല്ലവരും ആയിരിക്കാം ഇത് എഴുതിയത്. ഏതായാലും പുതിയ തലമുറയുടെ കേളപ്പ ഗുരു ഇനിയും എഴുതുക ശക്തമായി പ്രതികരിക്കുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക