Image

സാറാ (നീണ്ട കഥ :-12 : അന്നാ പോൾ)

Published on 31 January, 2026
സാറാ (നീണ്ട കഥ :-12 : അന്നാ പോൾ)

നട്ടുച്ചയുടെ വെയിലറിയാതെ സാറാ ജോർജിനും ജോണിനുമൊപ്പം പാതയുടെ ഓരം ചേർന്ന് നടന്നു.
പൊടി പറത്തിക്കൊണ്ടു് ഇടയ്ക്കിടെ കാളവണ്ടികൾ അവരേക്കടന്നുപോയി. തെങ്ങിൻ തോപ്പുകളുടേയും മാന്തോപ്പുകളുടേയും സുഖദമായ ശീതളഛായ നുകർന്ന് അവർ നടന്നു. പ്രധാന നിരത്തിൽ നിന്നും ഇടവഴിയിലേയ്ക്കിറങ്ങുമ്പോൾ ഉച്ച നേരമായിട്ടും നല്ല തണുപ്പു തോന്നി. ഇലഞ്ഞിപ്പൂക്കൾ വീണു കിടക്കുന്ന ഇടവഴി സാറായ്ക്കു ഒത്തിരി ഇഷ്ടമായി.

മരത്തണലുകളിൽ ഇരുന്ന് നെല്ലിക്കയും മാങ്ങയും നാരങ്ങയും കപ്പയും വിൽക്കുന്ന ഒരു സ്ത്രീയെക്കണ്ടു.... പ്രായമേറെയുള്ള ഒരു വല്യമ്മച്ചി:: അവരുടെ ജീവിത പ്രാരാബ്ധങ്ങൾ മുഖത്തു തെളിഞ്ഞു കാണാം.

സാറാ അവരോടു അരയണയ്ക്കു നെല്ലിക്കാ വാങ്ങിച്ചു .

പണ്ടു രാജവാഴ്ചക്കാലത്തു രാജാക്കന്മാരുടെ പല്ലക്കുകളും കുതിരവണ്ടികളും സഞ്ചരിച്ചതു കൊണ്ടാണോ ഈ വഴികളെ രാജവീഥി എന്നു വിളിച്ചിരുന്നത്?
സാറാ ഓരോ കാഴ്ചകളും കണ്ടും ചിന്തിച്ചും അവർക്കൊപ്പം നടന്നു.

ചുമടുതാങ്ങികളിൽ ചുമടിറക്കി വെച്ച് വഴിയരികിലെ കിണറ്റിൽ നിന്നും വെള്ളം കോരിക്കുടിക്കുന്ന ക്ഷീണിതരായ യാത്രക്കാരെക്കണ്ടപ്പോൾ തന്റെ നാട്ടിലെ പണിയെടുത്തു തളർന്നു വരുന്ന അമ്മച്ചിയേം കൂട്ടുകാരേം ഓർമ്മ വന്നു.
പാവം അമ്മച്ചി വീട്ടിലെ പ്പോൾ എത്തിയോ?
അപ്പൻ മദ്യപിച്ചു വന്നു വഴക്കുണ്ടാക്കുമോ?
സാറായ്ക്കു കരച്ചിൽ വന്നു.
..
നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന വയലുകൾ ഇവിടേയുമുണ്ടായിരുന്നു.
എന്നാലും തന്റെ നാട്ടിലെ യത്രയില്ല എന്നു സാറായ്ക്കു തോന്നി... 
സാറാ ചോദിച്ചു ( ഇനിയും ഒത്തിരി നടക്കണോ?
ജോർജും ജോണും അകലേയ്ക്കു വിരൽ ചൂണ്ടി..
ദാ... ആക്കാണുന്നതാ വീട്.

വീടിന്റെ മുന്നിലുള്ള ഇടവഴിയിൽ ശോശ അമ്മച്ചി അവരേയും കാത്തുനിൽപ്പുണ്ടായിരുന്നു.

അവർ സാറായെ കെട്ടിപ്പിടിച്ചു.

മുഖത്തേയ്ക്കു നോക്കി പറഞ്ഞു കൊച്ചു പെണ്ണു അമ്മാമ്മേ പറിച്ചു വെച്ചതു പോലെ.....
നിന്നെ ഞാൻ തീരെക്കുഞ്ഞിലേ കണ്ടതാ....
ജോർജും ജോണും അടുക്കളയിലേയ്ക്കോടി.
സാറായ്ക്കും നല്ല വിശപ്പുണ്ടായിരുന്നു.

ശോശ അമ്മച്ചി വിളമ്പി ക്കൊടുക്കുന്നതിനിടയിൽ ഓരോ കഥകളുടെ കെട്ടഴിച്ചു തുടങ്ങി.
കൊച്ചുപെണ്ണും ഞാനും ഒരേ ചോരയാ
ചേട്ടാനിയൻ മക്കൾ... എന്നാലും ഞങ്ങൾ ഒരമ്മ പെറ്റ പോലെയാ ജീവിച്ചതു.
.. കൊച്ചു മേലുകീഴു നോക്കി ജീവിക്കണം... ഇല വന്നു മുള്ളേ വീണാലും മുള്ളു വന്നു ഇലേ വീണാലും ഇലയ്ക്കാ കേട്.
ഞാൻ പറഞ്ഞതു കൊച്ചിനു മനസ്സിലായോ? പെണ്ണുങ്ങളു സൂക്ഷിച്ചു ജീവിയ്ക്കണമെന്ന്...
ആരോടും അടുപ്പത്തിനൊന്നും പോകണ്ട
അമ്മച്ചിയുടെ ഉപദേശങ്ങൾ സാറായ്ക്കു വിഷമം തോന്നിച്ചു ... എങ്കിലും അവൾ ഒന്നും പറഞ്ഞില്ല..
കഞ്ഞികുടി കഴിഞ്ഞതും ജോർജും ജോണും പുറത്തേയ്ക്കോടി...കളിയ്ക്കാൻ.

അവരെ നോക്കി അമ്മച്ചി പറഞ്ഞു    അവനൊന്നും പഠിയ്ക്കണമെന്നില്ല കൊച്ചേ.
ഞാൻ ഉന്തിത്തള്ളി വിടുന്നതാ.

ചെറിയൊരു വീട്. രണ്ടു മുറികൾ അടുക്കള വരാന്ത... ചെങ്കല്ലുകെട്ടി ചെത്തി ത്തേയ്ക്കാത്ത വീട്... സാറാ അമ്മച്ചിയ്ക്കൊപ്പം പറമ്പിലേയ്ക്കിറങ്ങി. കപ്പയും ചേമ്പും ചേനയും വാഴയുമെല്ലാം സമൃദ്ധമായി വളർന്നു നിൽക്കുന്നു.
അവർ ഒരു മുറം നിറയെ ചീരയും പയറുമെല്ലാം പറിച്ചു.
അത്താഴത്തിനു കറിവെക്കണം.

വീടിന്റെ സമീപത്തെ ഇടവഴിയിലൂടെ ഉറയ്ക്കാത്ത ചുവടുകളോടെ, നാവു കുഴഞ്ഞു പാട്ടും പാടി ഒരാൾ പോകുന്നു.
നിന്റപ്പൻ ഇപ്പോഴും കള്ളുകുടിച്ചു വഴക്കുണ്ടാക്കുമോ അമ്മച്ചിയെ തല്ലുമോ..

ങ്ങും.. സാറാ ഒന്നു മൂളുക മാത്രം ചെയ്തു.

അമ്മച്ചീ ഞാൻ കുളിയ്ക്കാൻ പൊക്കോട്ടേ?

കൊച്ചു കിണറ്റിന്നു വെള്ളം കോരുവോ? അമ്മച്ചി കോരിത്തരാം...
കുളി കഴിഞ്ഞു കൊച്ചു പഠിച്ചോ

അവളുടെ അപ്പൻ ഉണ്ടാക്കി വെക്കുന്ന നാണക്കേടോർത്തപ്പോൾ അവൾക്കു ദേഷ്യവും സങ്കടവും വന്നു...

പകൽ മായുകയാണ്.
അന്നാദ്യമായി സാറാ മറ്റൊരു വീട്ടിൽ
അപ്പനും അമ്മച്ചിയുമില്ലാതെ അന്തിയുറങ്ങാൻ പോവുകയാണു.

മഞ്ചാടിക്കരിയിലെ തന്റെ നാട്ടിലെ മനോഹരമായ സായംസന്ധ്യകൾ അവളുടെ മനസ്സിലേയ്ക്കു ഓടി വന്നു.
അന്തിച്ചോപ്പിൽ തിളങ്ങുന്നപുഴ... കാറ്റിലാടുന്ന തെങ്ങോല കൾ.. കൂടണയാൻ പറന്നു പോകുന്ന പക്ഷിക്കൂട്ടങ്ങൾ... മേച്ചിൽ നിർത്തി തനിയെ കൂട്ടിലേയ്ക്കു നടന്നു വരുന്ന ശാന്തനയും കണ്ണമ്മയും...
ഓർമ്മകൾ വേദനിപ്പിച്ചു കൊണ്ട് പിന്നെയും പിന്നെയും കടന്നുവരുന്നു.

ശോശ അമ്മച്ചി കിടന്നയുടനേ ഉറങ്ങിപ്പോയി...
പകലത്തെ അദ്ധ്വാനഭാരം:
അവൾ ശോശയമ്മച്ചിയ്ക്കരികിൽ ഉറക്കം കാത്തു കിടന്നു.

തുടരും..

Read More: https://www.emalayalee.com/writer/300

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക