
മലയാള സാഹിത്യത്തിലെ ജനശ്രദ്ധയാർന്ന , മാന്ത്രിക നോവലുകളുടെ എഴുത്തുകാരൻ എന്ന നിലയിൽ പ്രശസ്തി നേടിയ പി. വി. തമ്പി എന്ന പി. വാസുദേവൻ തമ്പി.
'കൃഷ്ണപ്പരുന്ത്'; 'സൂര്യകാലടി' എന്നിവ ഏറെ പ്രസിദ്ധം. ചരിത്രവും ഐതിഹ്യങ്ങളും കല്പിതകഥകളും മാന്ത്രിക - താന്ത്രിക വൃത്തികളും കണ്ണി ചേർത്തുള്ളതാണ് അദ്ദേഹത്തിന്റെ രചനാ രീതി.
ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ട് 1934 ഏപ്രിൽ 28-നു് ജനിച്ചു. പരേതരായ കളരിക്കൽ പി. കൃഷ്ണപിള്ളയും ഭവാനിക്കുട്ടി തങ്കച്ചിയുമായിരുന്നു തമ്പിയുടെ മാതാപിതാക്കൾ. അവരുടെ അഞ്ചുമക്കളിൽ മൂത്തവനായിരുന്നു തമ്പി. അദ്ദേഹം എം.എ., എൽ.എൽ.ബി. ബിരുദങ്ങൾ നേടിയിട്ടുണ്ട്.

ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തും കവിയുമായ ശ്രീകുമാരൻ തമ്പി, പ്രമുഖ അഭിഭാഷകനും എഴുത്തുകാരനുമായ പി.ജി. തമ്പി (പി. ഗോപാലകൃഷ്ണൻ തമ്പി) എന്നിവർ സഹോദരന്മാരാണ്. തുളസി, പ്രസന്നവദനൻ എന്നിവരാണ് മറ്റ് സഹോദരങ്ങൾ. തുളസി എന്ന സഹോദരി നിര്യതയായ വിവരം ഏതാനും മാസങ്ങൾക്കു മുമ്പ് ശ്രീകുമാരൻ തമ്പി സോഷ്യൽ മീഡയയിൽ കുറിച്ചിരുന്നു.
ജീവിക്കാൻ വേണ്ടി ജോലി നേടുകയും എഴുതാൻ വേണ്ടി ജോലി കളയുകയും ചെയ്ത എഴുത്തുകാരനായിരുന്നു പി. വി. തമ്പി. പത്തൊൻപതാം വയസിൽ 'ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനി'യിൽ ജോലി നേടി പി.വി. തമ്പി. അധികം വൈകാതെ വിജയലക്ഷ്മിയെ വിവാഹം ചെയ്തു. അന്ന്, ഒൻപതാം ക്ലാസിൽ പഠിക്കുകയായിരുന്നു വധു. പതിനഞ്ചു വയസു തികഞ്ഞിട്ടില്ല....

വിപുലമായ ഒരു ഗ്രന്ഥശേഖത്തിന്റെ ഉടമയായിരുന്നു പി. വി. തമ്പി. ഓഫിസ് ജോലിയുടെ മടുപ്പ് മാറ്റാനാണ് തമ്പിയുടെ ഉള്ളിലെ എഴുത്തുകാരൻ ഉണർന്നത്. നാൽപതു വയസിനു ശേഷമാണ് ആദ്യ നോവൽ 'ഹോമം' പുറത്തിറങ്ങിയത്. അതിനു വലിയ സ്വീകാര്യത ലഭിച്ചു. ആദ്യനോവലായ 'ഹോമം' 1979-ലെ 'കുങ്കുമം' അവാർഡ് നേടിയതോടെയാണു് നോവലിസ്റ്റ് എന്ന നിലയിൽ ശ്രദ്ധേയനായതു്.
പിന്നീട്, നിരന്തരം എഴുതിക്കൊണ്ടേയിരുന്നു. മകളുടെ പേരിൽ ആരംഭിച്ച സ്വപ്ന പബ്ലിക്കേഷൻസിലൂടെയാണ് 'കൃഷ്ണപ്പരുന്ത്' ആദ്യമായി പുസ്തകരൂപത്തിൽ പുറത്തിറക്കിയത്.
പിൽക്കാലത്തു് ജോലി രാജിവെച്ചു, സാഹിത്യ പ്രവർത്തനത്തിൽ മുഴുകി. മുഖ്യ തൊഴിൽ എഴുത്തും ബാക്കി സമയം വക്കിലും ആയി.

നോവൽ, യാത്രാവിവരണം എന്നീ വിഭാഗങ്ങളിലായി നിരവധി കൃതികൾ രചിച്ചു. കൃഷ്ണപ്പരുന്ത്, സൂര്യകാലടി (2 ഭാഗങ്ങൾ) അവതാരം, കർമ്മബന്ധനം, ആത്മവൃത്തം, ഭ്രാന്തി, അഗ്നിരതി, അക്ഷരപൂജ, ആനന്ദഭൈരവി, കസ്തൂരി, ഹോമം, കർമബന്ധം, ക്രാന്തി, ടിക്കറ്റ് പ്ളീസ്, അഗ്നിരതി, ആനന്ദഭൈരവി തുടങ്ങി എന്നിങ്ങനെ പതിനഞ്ചോളം (ഇരുപതോളം?) നോവലുകൾ. മിക്കതും ജനപ്രിയമായി...
'ഗോർബച്ചേവിന്റെ നാട്ടിൽ പുതിയൊരു സൂര്യോദയം' യാത്രാ വിവരണമാണ്.
'കൃഷ്ണപ്പരുന്ത്' ഹിന്ദി, തമിഴ് ഭാഷകളിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഈ കൃതി 'ശ്രീകൃഷ്ണപ്പരുന്ത്' എന്നപേരിൽ ചലച്ചിത്രമാക്കിയിട്ടുമുണ്ട്. 'അവതാരം' എന്ന നോവലും സിനിമയാക്കാനുള്ള ജോലികളെല്ലാം നടന്നെങ്കിലും പൂർത്തിയായില്ല....
എറെക്കാലം ഹൃദ്രോഗബാധിതനായിരുന്ന അദ്ദേഹം 2006 ജനുവരി 30-നു് രാത്രി, 72-ാം വയസ്സിൽ, ഹരിപ്പാട്ടെ സ്വവസതിയിൽ വച്ചുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു...
_____________
ആർ. ഗോപാലകൃഷ്ണൻ

Muhammed Thattacheri-യുടെ കുറിപ്പ്:
"ചേരസാമ്രാജ്യത്തിന്റെ വളർച്ചയെയും കേരളത്തിന്റെ ഉത്ഭവത്തെയും കുറിച്ചുള്ള ചരിത്രവും ഐതിഹ്യങ്ങളും അതോടൊപ്പം ഭാവനയും കൂടിച്ചേരുന്ന, വലുപ്പത്തിന്റെ കാര്യത്തിൽ അവകാശികളെ പിന്നിലാക്കുന്ന അതിബൃഹത്തായ ഒരു നോവലിന്റെ പണിപ്പുരയിലേക്കാണ് തമ്പി കാലെടുത്തു വെച്ചത്. പിന്നീടുള്ള തമ്പിയുടെ പരിശ്രമങ്ങളെല്ലാം ആ മഹാസംരംഭത്തിന്റെ വിജയത്തിനു വേണ്ടിയായിരുന്നു. വക്കീൽപ്പണിയുടെ തിരക്കുകൾ വലിയ വെല്ലുവിളി ഉയർത്തിയെങ്കിലും അദ്ദേഹം തന്റെ ഗവേഷണയത്നത്തിൽ തന്നെ മുഴുകി. നോവലിന്റെ ആദ്യത്തെ ഏതാനും അധ്യായങ്ങൾ എഴുതി പൂർത്തിയാക്കി. ബാക്കിയുള്ള അധ്യായങ്ങൾ എഴുതാൻ വേണ്ടിയുള്ള കുറിപ്പുകളും തയ്യാറാക്കി വെച്ചു. പക്ഷേ 2006 ജനുവരി 30ന് തന്റെ സ്വപ്നങ്ങളത്രയും ബാക്കിവെച്ച്, ജീവിതത്തിന്റെ പുസ്തകം പാടെ അടച്ചുവെച്ച് തമ്പി കാലയവനികയ്ക്കു പിന്നിൽ മറഞ്ഞു.
"തമ്പിയുടെ മരണശേഷം ഭാര്യ വിജയലക്ഷ്മി മകൾ സ്വപ്നയോടൊപ്പം ഹൈദരാബാദിലേക്ക് താമസം മാറി. ആ സമയത്താണ് ഹരിപ്പാട്ടെ വീട്ടിൽ കള്ളന്മാർ കയറിയത്. കള്ളന്മാർക്കു വേണ്ടതായ വിലപിടിപ്പുള്ളതൊന്നും അവിടെ ഉണ്ടായിരുന്നില്ല. വിലപിടിപ്പുള്ളവയ്ക്കു വേണ്ടിയുള്ള തിരച്ചിലിനിടയിൽ കള്ളന്മാർ കൈയിൽ കിട്ടിയതൊക്കെ നിലത്ത് വാരിയിടുകയും കടലാസുകളൊക്കെ വലിച്ചുകീറുകയും ചെയ്തു. അക്കൂട്ടത്തിൽ തമ്പി എഴുതിത്തുടങ്ങിയ ബൃഹദ്നോവലിന്റെ കൈയെഴുത്തുപ്രതികളും ഉണ്ടായിരുന്നു. വീട് അലങ്കോലമായി എന്നറിഞ്ഞ വിജയലക്ഷ്മി നാട്ടിലേക്ക് പുറപ്പെടുന്നതിനു മുമ്പേ, എല്ലാം വൃത്തിയാക്കാൻ ജോലിക്കാരോട് നിർദ്ദേശിച്ചു. കള്ളന്മാർ കീറിയിട്ട കടലാസുകളുടെ മഹത്ത്വമറിയാൻ ജോലിക്കാർക്കും കഴിയാതെ പോയി. അവർ അവയെല്ലാം തൂത്തുവാരിയെടുത്ത് തീയിട്ടു. അങ്ങനെ ഒരധ്യായം പോലും ആർക്കും വായിക്കാൻ കഴിയാതെ ആ ബൃഹദ്നോവൽ പദ്ധതി ഒരു പിടി ചാരമായി മാറി!"