
ഓരോ എഴുത്തുകാരനും ഒരു ആദർശ സമൂഹത്തെ വിഭാവനം ചെയ്യുന്നു. ഭൂമിയിൽ ഒരു സ്വർഗ്ഗം എന്നർത്ഥം വരുന്ന “{ഉട്ടോപിയ” (Utopia) എന്ന വാക്ക് ഉണ്ടാക്കിയത് പ്രശസ്ത മാനവികവാദിയായ സർ തോമസ് മോർ ആണ്. അദ്ദേഹം എഴുതിയ പുസ്തകത്തിന്റെ പേരായിരുന്നു "ഉട്ടോപ്യ". എഴുത്തുകാരുടെ സങ്കൽപ്പങ്ങളിൽ അവർ കാണുന്നത് ഭൂമിയിൽ സ്വർഗ്ഗവും ശാന്തിയും ഉൾക്കൊള്ളുന്ന സന്തോഷകരമായ ജീവിതം നയിക്കുന്ന ഒരു സമൂഹത്തെയാണ്. എന്നാൽ പ്രയോഗിക ജീവിതം അങ്ങനെ സുഗമമല്ലാത്തതുകൊണ്ട് ചുറ്റിലും നടക്കുന്ന സംഭവങ്ങൾ അവരെ സംഘർഷഭരിതരാക്കുന്നു. അവർ നോക്കിക്കാണുന്ന ജീവിതങ്ങളെ അവരുടെ ഭാവനയിലൂടെ അവതരിപ്പിച്ച് ജീവിതത്തിന്റെ വ്യത്യസ്‌ത തലങ്ങളെ നമുക്ക് കാണിച്ചുതരാൻ അവർ ശ്രമിക്കുന്നു. കഥാകൃത്തുക്കൾ ജീവിതാനുഭവങ്ങളെയാണ് ആവിഷ്കരിക്കുന്നത്. ചിലരൊക്കെ അത് അങ്ങനെ തന്നെ പകർത്തുമ്പോഴാണ് അതിനു ലേഖനത്തിന്റെയോ പത്ര വാർത്തയുടെയോ ഛായ ലഭിക്കുന്നത്.
പ്രശസ്ത അമേരിക്കൻ മലയാളി എഴുത്തുകാരനായ ശ്രീ ബാബു പാറക്കലിന്റെ രണ്ടാമത്തെ കഥാസമാഹാരമാണ് "റെയിൽ ചക്രങ്ങൾ". ഇതിൽ പതിനെട്ട് കഥകൾ ഉണ്ട്. ശ്രീ പാറക്കലിന്റെ കഥകളുടെ സവിശേഷത അതിലെല്ലാം ഒരു കഥയുണ്ടെന്നാണ്. സങ്കീർണ്ണതയും, ദുരൂഹതയും ദുർഗ്രഹമായ ശൈലിയും ഉപയോഗിച്ച് വായനക്കാരെ രാവണൻ കോട്ടയിലാക്കാൻ തീരെ താല്പര്യമില്ലാത്ത കഥാകൃത്താണ് അദ്ദേഹം. ആധുനിക കഥകൾ എഴുതുന്നവർ അവർ വായിച്ച പുസ്തകങ്ങളിൽ നിന്നുള്ള ആശയം ഉൾക്കൊണ്ട് അവരുടെ ഭാവനകളിലൂടെ അവതരിപ്പിക്കുമ്പോൾ പരന്ന വായനയില്ലാത്ത വായനക്കാരന് കഥകൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടാകുന്നത് സ്വാഭാവികമാണ്. പക്ഷെ പല എഴുത്തുകാരും അത്തരം അറിവുകളെ കരുതിക്കൂട്ടിയെന്നോണം ദുർഗ്രഹമാക്കുമ്പോൾ എത്ര നല്ല വായനക്കാരനും പൊട്ടൻ ആട്ടം കാണാൻ പോയപോലെ കഥകൾക്ക് മുന്നിൽ മിഴിച്ചിരിക്കും. ബാബു പാറക്കൽ അദ്ദേഹത്തിന്റെ കഥകളിൽ അങ്ങനെയുള്ള അഭ്യാസങ്ങൾ കാണിക്കുന്നില്ലെന്നു മാത്രമല്ല കഥകൾ സുഗമമായി വായിച്ച് തീർക്കാനും അവക്കെല്ലാം അനുവാചക മനസ്സുകളിൽ ഒരു സ്പർശനം ഏൽപ്പിക്കാനും കഴിവുണ്ടെന്നാണ്.
നേരത്തെ സൂചിപ്പിച്ച ഒരു ഉട്ടോപ്യൻ ജീവിതം തന്നെ ഭൂമിശാസ്ത്രപരമായ സ്ഥാനം മാറുമ്പോൾ മാറുന്നു. ഒരിടത്ത് നല്ലതെന്നു കരുതുന്നത് മറ്റൊരിടത്ത് സ്വീകാര്യമാകുന്നില്ല. അതുകൊണ്ട് സാഹചര്യങ്ങൾക്കനുസരിച്ച് കാണുന്ന സാമ്പത്തികവും, സാംസ്കാരികവും, സാമൂഹികവുമായ സംഘർഷങ്ങളെപ്പറ്റി കഥാകൃത്ത് ബോധവാനാണ്.
ബാബു പാറക്കലിന്റെ കഥകളിൽ ഭൂമികയായി വർത്തിക്കുന്നത് നൈതികത (കുറ്റബോധം എന്ന കഥ), പാരിസ്ഥിതി പരിഗണന ( മരക്കൊമ്പിൽ ചുവന്ന പൂ) കനിവും അനുതാപവും (ടോട്ടം പോളിംഗ് ദുഃഖം)വിയോഗവും വേദനയും (വിടവാങ്ങൽ) സാംസ്കാരിക സംഘർഷം (ഒരു കൊറോണ അനുഭവം) ആത്മസുഹൃത്ബന്ധങ്ങൾ (റെയിൽ ചക്രങ്ങൾ) ലിംവവിവേചനം(തള്ളിക്കളഞ്ഞ കല്ല്) മലയാളിയുടെ പൊങ്ങച്ചങ്ങൾ (സൗരയൂഥയാത്ര) എന്നിവയാണെന്നു മനസ്സിലാക്കാം.

ഭൂമിക എന്നുദ്ദേശിക്കുന്നത് കഥയിലേക്ക് എഴുത്തുകാരനെ നയിച്ച ഒരാശയം എന്ന നിലക്കാണ്. കഥക്ക് കെട്ടുറപ്പ് നൽകുന്ന ഇതിവൃത്തത്തിന്റെ കേന്ദ്ര ബിന്ദുവാണ് പ്രമേയം. പ്രമേയം കഥാകാരന്റെ മനസ്സിൽ വീണു വളർന്നു ഒരു പൂർണ്ണ കഥാരൂപമാകുകയാണ്. ബാബു പാറക്കൽ അമേരിക്കയിലേക്ക് കുടിയേറിയ എഴുത്തുകാരനാണ്. അതുകൊണ്ട് മിക്ക കഥകളുടെയും പശ്ചാത്തലം അമേരിക്ക തന്നെയാകുന്നുവെന്നത് സ്വാഭാവികം. കഥാകാരന്റെ മനസ്സിൽ ഒരു പ്രമേയം വളർന്നു കഥയായി രൂപപ്പെടുന്ന സാങ്കേതിക മികവോടെ കഥാകൃത്ത് വിനിയോഗം ചെയ്യുന്നതിനാൽ കഥകൾക്ക് സർഗ്ഗ സൗന്ദര്യവും ചാരുതയും ഒഴുക്കും ലഭിക്കുന്നു. കുറ്റബോധം എന്ന കഥയിലെ നായകൻ ഒരിക്കൽ എടുത്ത തീരുമാനം തെറ്റാണെന്നു കണ്ടു ഭാര്യ തിരുത്തിയെങ്കിലും അന്ന് അദ്ദേഹം അതിനോട് പൊരുത്തപെടാതെ നിന്നു. . പിന്നീട് കാലം അദ്ദേഹത്തിന്റെ തെറ്റായ തീരുമാനത്തെ ഓർമ്മിപ്പിക്കുമ്പോൾ അദ്ദേഹം അനുഭവിക്കുന്ന ആത്മനൊമ്പരവും അതേസമയം ഭാര്യയുടെ ബുദ്ധിപൂർവമായ തിരുത്തൽ മൂലം അതിന്റെ പ്രത്യാഘാതങ്ങളിൽ നിന്നും രക്ഷപ്പെട്ടെന്ന ആശ്വാസവും അയാൾ അനുഭവിക്കുന്നത് നമ്മൾക്ക് ബോധ്യമാകുംവിധം അതേസമയം അദ്ദേഹത്തിന്റെ സംഘർഷാവസ്ഥയുടെ വിഷമം നമുക്ക് അനുഭവവേദ്യമാക്കുവിധമാണ് കഥാകൃത്ത് വിവരിക്കുന്നത്. . കഥാകൃത്തിന്റെ മനസ്സിൽ ഉരുത്തിരിഞ്ഞ ഒരു പ്രമേയം ഘട്ടം ഘട്ടമായി വികസിക്കുന്നത് എങ്ങനെ എന്ന് ഈ കഥയിൽ കാണാം.
എഴുത്തുകാർ വികാരജീവികളാണെന്നു പറയുന്നുണ്ടല്ലോ? തന്റെ വീടിന്റെ മേൽക്കൂരയിലെ ഒരു കോണിൽ കൂടു വയ്ക്കുന്ന ഒരു കിളി. കൂട്ടിൽ കിളി മുട്ടയിട്ട് കിളികുഞ്ഞുങ്ങൾ ഉണ്ടാകുമ്പോൾ അത് ഒരു ശല്യമാകുമെന്ന് കരുതി കൂടിനെ തകർത്തു കളയുന്നു കഥയിലെ നായകൻ. എന്നാൽ അദ്ദേഹത്തെ വിസ്മയിപ്പിച്ചുകൊണ്ട് കിളി വീണ്ടും കൂട് നിർമ്മിക്കാൻ ആരംഭിക്കുന്നു. കൂടി തകർക്കപെടുമ്പോൾ അത് നോക്കി വേദനയോടെ ഇരിക്കുന്ന നിസ്സഹായായ കിളിയെ അദ്ദേഹം കാണുന്നുണ്ട്. നാട്ടിലെ ഇച്ചിരി ഭൂമിയിൽ നിന്നും പണക്കാരനായ അയൽവാസി ഒഴിഞ്ഞുപോകാൻ കല്പിക്കുമ്പോൾ ആ മണ്ണ് കെട്ടിപിടിച്ച് സ്വന്തം 'അമ്മ അതിനെ എതിർത്ത രംഗം കഥാകൃത്തിന്റെ മനസ്സിലേക്ക് ഓടി വരുന്നു. അധർമ്മം ചെയ്തുവെന്ന കുറ്റബോധത്തോടെ അയാൾ കിളിക്കായി സ്വയം കൂട് നിർമിച്ച് നൽകിയെങ്കിലും കിളി വന്നില്ല. തന്നെ പെടുത്താനുള്ള തന്ത്രമായിരിക്കുമെന്നു കരുതി കിളി പറന്നുപോയി. ഇത് വളരെ ഹൃദയസ്പർശിയായ കഥയാണ്. ഇങ്ങനെ കഥാകൃത്തിന്റെ മനസ്സിൽ മൊട്ടിടുന്ന പ്രമേയങ്ങളുടെ പരിണാമമാണ് ഈ സമാഹാരത്തിലെ മിക്ക കഥകളും.
കഥാപാത്രങ്ങളോട് സഹാനുഭൂതി കാണിക്കുന്ന എഴുത്തുകാരുണ്ട്. ശ്രീ പാറക്കലിന്റെ ചില കഥകൾ അത്തരത്തിലുള്ള രീതി പ്രകടിപ്പിക്കുന്നുണ്ട്, പ്ലാസ്റ്റിക്ക് സ്പൂൺ എന്ന കഥയിലെ പിതാവിന്റെ ആത്മനൊമ്പരങ്ങൾ പകർത്തുമ്പോൾ കഥാകൃത്ത് കഥാപാത്രത്തിന്റെ കൂടെയാണ്. അമേരിക്കൻ മലയാളികൾ അവരുടെ മക്കളെ വളരെ സ്നേഹിച്ചും ലാളിച്ചും വളർത്തുമെങ്കിലും പലരും മാതാപിതാക്കളോട് വഴക്കുകൂടി അകലുന്നതാണ് കാണുന്നത്. ഈ കഥയിലെ പിതാവ് മകനുവേണ്ടി അനവധി ത്യാഗങ്ങൾ സഹിച്ചയാളാണ് പക്ഷെ അവസാനം അയാളെയും മകൻ തള്ളിപ്പറയുന്നു. ഹൃദയവേദനയോട് കടലമ്മയോട് സ്വാന്ത്വനം തേടി കടൽക്കരയിൽ ഇരിക്കുമ്പോൾ കയ്യിൽ നിന്നും തിരകളിലേക്ക് വഴുതിപ്പോയ സ്പൂണിന് വേണ്ടി വാശിപിടിക്കുന്ന ഒരു ബാലനെ കാണുന്നു. പക്ഷെ അവന്റെ അമ്മ അത് അവഗണിച്ച് അവനെ കൂട്ടി മുന്നോട്ട് പോകയാണ്. കുട്ടി ഇടക്കിടെ തിരിഞ്ഞുനോക്കുന്നുണ്ട്. പുത്രവാത്സല്യം അയാളിൽ ഉണർക്കുന്നു. തിരകളിൽ പൊങ്ങി കിടന്ന ആ സ്പൂൺ എത്തിപ്പിടിക്കാൻ അയാൾ ശ്രമിക്കുന്നു. പക്ഷെ അത് തെന്നി തെന്നി പൊയ്ക്കൊണ്ടിരുന്നു. കടലിന്റെ ആഴം അറിയാതെ ആയാലും മുന്നോട്ട്പോയി അവസാനം കടലിന്റെ അഗാധതയിലേക്ക് ആഴ്ന്നുപോകുന്നു. അയാളുടെ ജീവിതവും സ്നേഹശൂന്യമായ ഗർത്തങ്ങളിലേക്ക് വീഴുന്നു എന്നറിയാതെ മുകൽപ്പരപ്പിലെ തിരകളിൽ തത്തികളിക്കുന്ന ജീവിതത്തിന്റെ പുറകെ പോയി അന്ത്യം കൈവരിച്ചപോലെയായി. ഈ കഥയിൽ കഥാകൃത്തും സഹാനുഭൂതിയോടെ കഥ പറയുന്നുതായി നമുക്ക. അനുഭവപ്പെടും.
സ്വന്തം നാടിന്റെ ദുരഭിമാനവും സംസ്കാരവും കൂടെകൊണ്ടുവന്ന ഒരു അധ്യാപകൻ അമേരിക്കയുടെ നിയമങ്ങൾ തെറ്റിച്ച് നിയമപാലകർക്ക് മുന്നിൽ നിസ്സഹായനായി നിന്നപ്പോൾ അദ്ദേഹത്തിന്റെ പൂർവ്വവിദ്യാർഥി അപ്പോഴേക്കും അമേരിക്കയിൽ ഉന്നതപദവി വഹിക്കുന്നയാൾ ഓടിയെത്തുന്ന കഥയിലും കഥാപാത്രത്തിനോടുള്ള സഹാനുഭൂതി കാണാവുന്നതാണ്. സ്വന്തം പിതാവിന്റെ ജീവൻ രക്ഷിച്ചിരുന്ന ശ്വസന സഹായി (വെന്റിലേറ്റർ) വിച്ഛേദിച്ച് അദ്ദേഹത്തെ മരിക്കാൻ അനുവദിച്ച മകന്റെ ഹൃദയ വ്യഥ തുറക്കുന്ന കണ്ണുകൾ എന്ന കഥയിലുണ്ട്. ഈ സത്യം അറിയുന്നത് അയാളും ഡോക്ടറും മാത്രമാണ്. കുടുംബങ്ങൾ സങ്കടപെടുമ്പോഴും അവർക്ക് അവരുടെ പിതാവ് സ്വാഭാവികമായി മരണപ്പെട്ടതല്ലേ എന്ന സമാധാനമുണ്ട് പക്ഷെ സത്യം അറിയുന്ന മകൻ വേദനിക്കുന്നു. . അയാളുടെ അസ്വസ്ഥത, കുറ്റബോധം എല്ലാം കഥാകൃത്ത് വിദഗ്ദ്ധമായ രചനാതന്ത്രത്തിലൂടെ വിവരിച്ചിട്ടുണ്ട്. അയാൾ സത്യം പറയുന്നത് വായനക്കാരോടാണ്. ആൽബേർ കമ്യു പറഞ്ഞിരിക്കുന്നത് കല്പിത കഥയിലൂടെ നമ്മൾ സത്യം തുറന്നു പറയുന്നുവെന്നാണ്.
ഈ സമാഹാരത്തിലെ ഏറ്റവും വലിയ കഥയാണ് " ഇദ് ലിബിലെ ചുവന്ന സൂര്യൻ". ഈ കഥ മതത്തിന്റെ പേരിൽ ഇന്ന് നമുക്ക് ചുറ്റും സംഭവിക്കുന്ന ദയനീയ സംഭവങ്ങളിലേക്കുള്ള ഒരു എത്തിനോട്ടമാണ്. പ്രിയപ്പെട്ടവർ എവിടെയൊക്കെ മരിച്ചുവീഴുമെന്നു നിശ്ചയമില്ലാത്ത അവസ്ഥയുടെ ഭീകരത പരത്തുന്ന കഥ. അനിയന്ത്രിതമായ ധർമ്മരോഷം കഥാകൃത്തിനു ഉണ്ടെന്നു നമുക്ക് തോന്നുമ്പോഴും കയ്യടക്കത്തോടെ നിർവഹിച്ച രചനയാണിത്. ഈ സമാഹാരത്തിലെ പതിനെട്ടു കഥകളും മനുഷ്യരുടെ ദൈനദിനം ജീവിതത്തിലെ സംഭവവികാസങ്ങളുമായി ചേർന്ന് നിൽക്കുന്നു. കഥാകൃത്തിനു അത് നമ്മോട് പറയണമെന്നുണ്ട്. കാരണം ഓരോ കഥകളുടെ സമാപ്തിയും അവയുടെ വികാസവും നമ്മളെ ചിന്തിപ്പിക്കണമെന്നു അദ്ദേഹംആഗ്രഹിക്കുന്നു. ഓരോ കഥകളിലെയും കഥാപാത്രങ്ങളുമായി നമ്മെ അടുപ്പിക്കുന്നു. അവരിൽ പലരെയും നമുക്ക് പരിചയമുണ്ടെങ്കിലും അവർ കടന്നുപോയ അവസ്ഥകൾ അതിനെ അവർ അതിജീവിക്കുകയോ അതിൽ പരാജയപ്പെടുകയോ ചെയ്ത രീതി നമുക്ക് അനുഭവപ്പെടുംവിധമാണ് അവതരിപ്പിച്ചിട്ടുള്ളത്. ഓരോ കഥകളിലും കഥാകൃത്ത് തന്റെ കാഴ്ച്ചപ്പാടും വീക്ഷണവും വ്യക്തമാക്കുന്നു.
ശ്രീ ബാബു പാറക്കലിന് ഭാവുകങ്ങൾ നേരുന്നു.
ശുഭം
N.B (അമേരിക്കൻ മലയാളി വായനക്കാരുടെയും എഴുത്തുകാരുടെയും അറിവിലേക്ക്= ശ്രീകണ്ഠേശ്വരം.പത്മനാഭപിള്ള ശബ്ദതാരാവലിയിൽ വിമർശനം എന്ന പദത്തിന് പര്യാലോചന, വിചാരണ, ചർച്ച, ഗുണദോഷവിചിന്തനം എന്നൊക്കെ അർഥം പറയുന്നു. നിരൂപണം ചെയ്യുക എന്ന അർത്ഥത്തിൽ വിമർശിക്കുക എന്നും പ്രയോഗിക്കാറുണ്ട്. ഇതേ ഗ്രൻഥത്തിൽ നിരൂപണം എന്ന പദത്തിന് വിചാരം, ആലോചന, ഗുണദോഷവിചിന്തനം, നിശ്ചയം, ദർശനം, കാഴ്ച, വിമർശനം (പ്രത്യേകിച്ച് സാഹിത്യാദി കലകളുടെ) എന്നും അർഥം പറയുന്നു. വിമർശനവും നിരൂപണവും തമ്മിൽ വ്യത്യാസമുണ്ടെങ്കിലും സമാനമായ അർത്ഥത്തിലാണ് പൊതുവെ പ്രയോഗിക്കാറുള്ളത്. അറിവും വിദ്യാഭ്യാസവുമില്ലാത്ത അമേരിക്കൻ മലയാളികളാണ് നിരൂപണത്തെ പുറം ചൊറിയൽ എന്ന് പറയുന്നത്. അവരോട് സഹതപിക്കാം.)