
അമേരിക്കന്‍ മലയാളി സമൂഹത്തില്‍ നിന്നുള്‍പ്പെടെയുള്ള കടുത്ത വിമര്‍ശനങ്ങള്‍ക്കും നിരന്തരമായ ആക്ഷപങ്ങള്‍ക്കുമിടെ ലോക കേരള സഭയുടെ അഞ്ചാം സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രവാസി സമൂഹത്തിന്റെ പ്രാധാന്യത്തെയും ലോക കേരള സഭയുടെ പ്രസക്തിയെയും കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചു. നിറഞ്ഞ സന്തോഷവും സംതൃപ്തിയും നല്‍കുന്ന ഒരു സായാഹ്നമാണിതെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി, ലോക കേരള സഭ ഇന്ന് പ്രവാസി മലയാളികളുടെ ആഗോള പൊതുവേദിയായി മാറിയിരിക്കുകയാണെന്ന് വ്യക്തമാക്കി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത മേഖലകളില്‍ ഉന്നത വൈദഗ്ധ്യം തെളിയിച്ച നിരവധി മലയാളി പ്രതിഭകളുണ്ട്. നാടിന്റെ സ്പന്ദനങ്ങള്‍ തൊട്ടറിയുന്നവരും കേരളത്തിന്റെ വികസനത്തില്‍ വികാരാധീനരായി ഇടപെടുന്നവരുമാണ് ഈ പ്രവാസി സഹോദരങ്ങള്‍. എന്നാല്‍, തങ്ങളുടെ വൈദഗ്ധ്യവും അഭിപ്രായങ്ങളും നാടിനായി പങ്കുവെക്കാന്‍ അവര്‍ക്ക് കൃത്യമായൊരു വേദി ഇതിനുമുമ്പ് ഉണ്ടായിരുന്നില്ല. ഈ പ്രതിഭകളുടെ സഹകരണവും സഹായവും എങ്ങനെ നാടിന് പ്രയോജനപ്പെടുത്താം എന്ന ദീര്‍ഘവീക്ഷണത്തോടെയുള്ള ആലോചനയില്‍ നിന്നാണ് 2018-ല്‍ ലോക കേരള സഭ എന്ന ആശയം യാഥാര്‍ത്ഥ്യമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസി സമൂഹത്തിന് രാജ്യത്തോട് വലിയ അനുകമ്പയുണ്ടെന്നും നമ്മുടെ നാടിന്റെ ഭാവി എങ്ങനെ വേണമെന്ന കാര്യത്തില്‍ നിരവധി മികച്ച നിര്‍ദ്ദേശങ്ങള്‍ അവരില്‍ നിന്ന് സഭയിലൂടെ ലഭിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്‍കാലങ്ങളില്‍ പ്രവാസികള്‍ക്ക് തങ്ങളുടെ ആവലാതികളും പരാതികളും ഉന്നയിക്കാന്‍ മതിയായ വേദികളോ മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും നേരില്‍ കാണാനുള്ള അവസരങ്ങളോ ഉണ്ടായിരുന്നില്ല. ലോക കേരള സഭ നിലവില്‍ വന്നതോടെ പരസ്പരമുള്ള അകല്‍ച്ച ഇല്ലാതാകുകയും വിശ്വാസം വര്‍ദ്ധിക്കുകയും ചെയ്തു. പരാതികള്‍ക്ക് പുറമെ നാടിന്റെ വികസനത്തെക്കുറിച്ച് സ്വതന്ത്രമായി അഭിപ്രായങ്ങള്‍ പങ്കുവെക്കാന്‍ പ്രവാസികള്‍ക്ക് ഇന്ന് കഴിയുന്നുണ്ട്. പ്രവാസി സമൂഹത്തെ അധികാരത്തില്‍ പങ്കാളികളാക്കി മാറ്റി എന്നതാണ് ലോക കേരള സഭയുടെ ഏറ്റവും വലിയ മഹത്വമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിലെ എം.എല്‍.എമാരും എം.പിമാരും ഉള്‍പ്പെടുന്ന സഭയിലേക്ക് പ്രവാസികളിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ എത്തുന്ന ഈ സംവിധാനം ലോകത്ത് തന്നെ അപൂര്‍വ്വമാണ്.
അതേസമയം, ലോക കേരള സഭയുടെ രൂപീകരണം മുതല്‍ ഇന്നു വരെ സഭയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും ആക്ഷേപങ്ങളും ശക്തമായിത്തന്നെ തുടരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ലോക കേരള സഭ ധൂര്‍ത്തിന്റെ പര്യായമാണെന്ന് ആക്ഷേപിച്ചു കൊണ്ട് തുടക്കം മുതല്‍ പ്രതിപക്ഷം സഭാ സമ്മേളനങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. പ്രവാസ ലോകത്തെ വൈവിധ്യമാര്‍ന്ന അറിവുകളെ നാടിന്റെ പുരോഗതിക്കായി ക്രോഡീകരിക്കുക എന്നതാണ് ലോക കേരള സഭയുടെ പ്രധാന അജണ്ട എന്നിരിക്കെ, ലോക കേരള സഭ നിലവില്‍ വന്ന ശേഷം പ്രവാസി മലയാളികള്‍ക്കും കേരളത്തിന് പൊതുവേയും എന്തു ഗുണമുണ്ടായി എന്ന ചോദ്യവും അവശേഷിക്കുന്നുണ്ട്. എന്നാല്‍ പ്രവാസികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനൊപ്പം കൃഷി, വ്യവസായം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കാനും അഞ്ചാം സമ്മേളനം വഴി സാധിക്കുമെന്ന് സംഘാടകര്‍ പ്രത്യാശിക്കുന്നു.
ലോക കേരള സഭ നിലവില്‍ വന്ന് 2018, 2020, 2022, 2024 വര്‍ഷങ്ങളില്‍ പ്രധാന സമ്മേളനങ്ങള്‍ കേരള നിയമസഭാ സമുച്ചയത്തില്‍ നടന്നിരുന്നു. ആദ്യ മേഖലാ സമ്മേളനം ദുബായിലും കൂടാതെ 2022 ഒക്‌ടോബറില്‍ യൂറോപ്യന്‍ മേഖലാ സമ്മേളനം ലണ്ടനില്‍ നടക്കുകയും ചെയ്തു. 2023 ജൂണ്‍ 9, 10, 11 തീയതികളില്‍ ന്യൂയോര്‍ക്ക് നഗരമാണ് മറ്റൊരു മേഖലാ സമ്മേളനത്തിന് വേദിയായത്. സൗദി അറേബ്യയിലും മേഖലാ സമ്മേളനം നടക്കുകയുണ്ടായി. ഈ സമ്മേളനങ്ങളിലെല്ലാം ഉയര്‍ന്നു വന്ന നിര്‍ദേശങ്ങള്‍, നടപ്പാക്കിയ പ്രോജക്ടുകള്‍, ഇനി നടപ്പാക്കാന്‍ ഉള്ള പദ്ധതികള്‍, ഇവയുടെ പുരോഗതി, അമേരിക്കന്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശ മലയാളികള്‍ക്കുണ്ടായ നേട്ടങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് കൃത്യവും സത്യവുമായ വിവരങ്ങള്‍ ലഭ്യമല്ല.
അതാണ് വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തുന്നത്. ന്യൂയോര്‍ക്കില്‍ ലോക കേരള സഭയുടെ മേഖലാ സമ്മേളനം നടത്തിയിട്ടും ഇവിടുത്തെ ജനങ്ങളുടെ സംശയങ്ങള്‍ നിലനില്‍ക്കുന്നു. ന്യായമായ സംശയങ്ങള്‍ ദൂരീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ ബാധ്യസ്ഥരാണ്. എന്നാല്‍ എന്തിനും ഏതിനും കുറ്റം മാത്രം കണ്ടുപിടിക്കുന്ന ദോഷൈക ദൃക്കുകളെ അതേ ഗൗരവത്തില്‍ തള്ളിക്കളയുകയും വേണം. അമേരിക്കയില്‍ താമസിക്കുന്ന മലയാളികള്‍ പ്രവാസികള്‍ ആണോ..? കേരളത്തിന്റെ സമഗ്ര വികസനത്തിന് വേണ്ടി ആണോ അതോ, വിദേശത്തു താമസിക്കുകയും തൊഴില്‍ ചെയ്യുകയും ചെയ്യുന്ന മലയാളികളുടെ ഉന്നമനത്തിനു വേണ്ടിയാണോ ഈ സഭ പ്രവര്‍ത്തിക്കുന്നത്..? എന്ത് സഹായവും സേവനവും ആണ് അമേരിക്കയിലെ മലയാളിക്ക് കോക കേരള സഭ ചെയ്തു കൊടുക്കുന്നത്..? ഈ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ ഒരാള്‍ എന്തു ചെയ്യണം, ആരെ സമീപിക്കണം. തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്..? കഴിഞ്ഞ നാല് സമ്മേളനങ്ങളിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ലഭ്യമാണോ..?
ഇങ്ങനെ ലേക കേരള സഭയെക്കുറിച്ച് അതാതു സമ്മേളന കാലയളവില്‍ ചോദ്യങ്ങള്‍ ഉയരുന്നത് സ്വാഭാവികം. ലോക കേരള സഭ ലോകത്തിന് മാതൃകയെന്നും പലര്‍ക്കും സംശയങ്ങള്‍ ഉണ്ടായിരുന്നു എന്നും അഞ്ചാം സമ്മേളനത്തോടെ സംശയങ്ങള്‍ക്ക് ഉത്തരമായി എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ''ആദ്യ ഘട്ടത്തില്‍ ഈ സംരംഭത്തെക്കുറിച്ച് പലര്‍ക്കും സംശയങ്ങള്‍ ഉണ്ടായിരുന്നു. ഇത് ഫലം ചെയ്യുമോ എന്നതടക്കമുള്ള ചോദ്യങ്ങള്‍ പല കോണുകളില്‍ നിന്നും ഉയര്‍ന്നു. എന്നാല്‍ അഞ്ചാം സമ്മേളനത്തില്‍ എത്തിനില്‍ക്കുമ്പോള്‍ ആ സംശയങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടി ലഭിച്ചു കഴിഞ്ഞു...'' എന്നാണ് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കിയത്. എന്നാല്‍ എന്താണ് ആ മറുപടി എന്നാണ് ഇപ്പോഴത്തെ പുതിയ സംശയം.
ലോക കേരള സഭയുടെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ സംഭന്ധിച്ച് അമേരിക്കന്‍ മലയാളികളുടെ സംശയ നിവാരണത്തിന് രണ്ട് വഴികളുണ്ട്. കോടികള്‍ ചെലവിട്ട് കൊട്ടും കുരവയുമായി നടത്തുന്ന ഈ പരിപാടി സംബന്ധിച്ചുള്ള നേട്ടകോട്ടങ്ങള്‍ വിശദീകരിക്കുന്ന ഒരു ധവളപത്രം സര്‍ക്കാര്‍ പുറത്തിറക്കുക. അല്ലെങ്കില്‍ ലോകകേരള സഭയുടെ ഭാഗഭാക്കുകളാകുന്ന അമേരിക്കന്‍ മലയാളി ഡെലിഗേറ്റുകള്‍ സത്യസന്ധമായി കാര്യങ്ങള്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളില്‍ വിശദീകരിക്കുക. ഏതായാലും അഞ്ചാം ലോക കേരള സഭയോടെ കാര്യങ്ങള്‍ക്കൊരു തീരുമാനമാകും. അത് വരുന്ന നിയമസഭാ തിരഞ്ഞടുപ്പില്‍ ആര് കേരളത്തില്‍ വരുമെന്നതിനെ ആശ്രയിച്ചിരിക്കും.