Image

സാറാ (നീണ്ട കഥ :-11 : അന്നാ പോൾ)

Published on 28 January, 2026
സാറാ (നീണ്ട കഥ :-11 : അന്നാ പോൾ)

മഞ്ചാടിക്കരിക്കാർ കോട്ടയം പട്ടണമെന്നു കേട്ടിട്ടേയുള്ളൂ അധികമാരും കണ്ടിട്ടുണ്ടാവില്ല.

എല്ലാ മാസവും കോട്ടയം ചന്തയിൽ പോയി പലചരക്കുകൾ വാങ്ങുന്ന ഒന്നുരണ്ടു കച്ചവടക്കാരുണ്ട്...വള്ളത്തിൽ പലചരക്കുകളുടെ കച്ചവടം നടത്തുന്നവരുമുണ്ട്.... അധികമാളുകൾക്കും പുറം ലോകവുമായി യാതൊരു ബന്ധവുമില്ല. പത്രങ്ങളോ മാസികകളോ റേഡിയോയോ ഒന്നുമായി യാതൊരു ബന്ധവുമില്ലാത്തവർ.

സാറായും ആദ്യമായി കോട്ടയം പട്ടണത്തിലേയ്ക്കു പോവുകയാണ്. അമ്മച്ചിയുടെ അനുജത്തിയുടെ വീട് കോട്ടയത്തിനടുത്താണെന്നവൾക്കറിയാം.... കുട്ടിക്കാലത്തെപ്പോഴോ പോയിട്ടുണ്ടാവാം ഓർമ്മയില്ല.

മീനച്ചിലാറിൻറെ കൈവഴിയിലൂടെ വള്ളം തുഴഞ്ഞ് അവർ പട്ടണത്തിന്റെ പ്രവേശന കവാടമായ ചുങ്കത്തെത്തി...

കൊച്ചു പെണ്ണും സാറായും അവിടെ ഇറങ്ങി.

വെല്ലിച്ചൻ മടങ്ങിപ്പോകുന്നതും നോക്കി അവൾ വിതുമ്പി.

പ്രഭാതത്തിന്റെ ഇ ളവെയിലേറ്റ് തിളങ്ങുന്ന ചെമ്മൺ പാതയിലൂടെ കൊച്ചുപെണ്ണും സാറായും നടന്നു തുടങ്ങി.

ആദ്യമായ് പട്ടണം കാണുന്ന അമ്പരപ്പ് സാറായുടെ മുഖത്തുണ്ട്.

നിറയെ കുത്തിനിറച്ച് പലചരക്കുകളുമായി ചന്തയിലേയ്ക്കു കാളവണ്ടികൾ പോകുന്നുണ്ടു്. അവയുടെ കഴുത്തിലെ കുടമണി കൾ താളത്തിലാട്ടി ഭാരം വലിച്ചു പോകുന്നു.. പാതയുടെ ഓരം ചേർന്ന് അവർ നടന്നു. സായിപ്പന്മാരുടെ ബംഗ്ലാവുകൾ.. സി.എം.എസ് ബോയ്സ് സ്ക്കൂൾ ആൺകുട്ടികളെ മരപ്പണി പഠിപ്പിക്കുന്ന ഇൻഡസ്ട്രിയൽ സ്ക്കൂൾ ഏതാനും ജൗളിക്കടകൾ ചെറിയ കാപ്പിക്കടകൾ .സി.എം എസ് പ്രസ്സ് . എല്ലാ ക്കാഴ്ചകളും സാറാ അത്ഭുതത്തോടെ നോക്കിക്കൊണ്ടു നടന്നു. ചുരം കടന്നുവരുന്ന ചെട്ടിയാർമാർ തെരുവിന്റെ ഒരു കോണിൽ ഇരുന്ന് കസവു തുണികളും കോറത്തുണികളും വേഷ്ടിയുമൊക്കെ വില്പനയ്ക്കായ് നിരത്തിത്തുടങ്ങി.

നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ചെട്ടിയാന്മാരുടെ ഓർമ്മ മാഞ്ഞിട്ടില്ല: ഇന്നും ആ തെരുവ് ചാലുകുന്നിനു സമീപമുള്ള ആ തെരുവ് ചെട്ടി സ്ട്രീറ്റ് എന്നാണറിയപ്പെടുന്നതു... കോളേജ് റോഡ് എന്ന പുതിയ പേരു അധികമാരും പറയാറില്ല...

1816 ൽ ബ്രിട്ടീഷ് മിഷണറിമാർ പെൺകുട്ടികൾക്കായ് തുടങ്ങിയ ചെറിയ പള്ളിക്കൂടം വളർന്ന് വലുതായി ഇന്നത്തെ സി.എം എസ് കോളേജായി തലയുയർത്തിനിൽക്കുന്നു. -- കേരളത്തിലെ ആദ്യത്തെ കോളേജ്‌ എന്ന പ്രൗഢിയോടെ...

അരമണിക്കൂറോളം നടന്നു കഴിഞ്ഞു...

അതിവിശാലമായ അങ്കണവും ഒരു പാട് ക്ലാസ്സ് മുറികളുമുള്ള , പട്ടണ മധ്യത്തിലെ പ്രശസ്തമായ സെൻറ് ആൻസ് സ്ക്കൂൾ ഫോർ ഗേൾസിന്റെ ഗേറ്റ് കടന്നു സാറാ അമ്മച്ചിയുടെ കൈയ്യും പിടിച്ച് ഓഫീസ് റൂമിലേയ്ക്കു കയറി...

നേരത്തേ വന്നുചേരാഞ്ഞതിനു വഴക്കു പറയുമോ... മടക്കി അയയ്ക്കുമോ?

കൈയ്യിലെ വലിയ പൊതിക്കെട്ട് വരാന്തയിലൊരിടത്തു വെച്ചു.

അമ്പരപ്പോടെ അവർ അകത്തു കയറി.

കണ്ണട വെച്ച് , മുടിയിൽ അവിടവിടെ നര കയറിയ ഒരു പ്രൗഢ വനിതയായിരുന്നു പ്രധാനാധ്യാപിക.

അവരുടെ തിളങ്ങുന്ന കണ്ണുകൾ കണ്ണടയ്ക്കുള്ളിലൂടെ തന്റെ മുന്നിൽ ഭയഭക്തിയോടെ നിൽക്കുന്ന കൊച്ചു പെണ്ണിനേയും സാറായേയും അടിമുടി നോക്കി.

സാറാ സർട്ടിഫിക്കറ്റുകൾ വേഗം മേശപ്പുറത്തു വെച്ചു.

അവർ അതിലൂടെ ഒന്നു കണ്ണോടിച്ച ശേഷം സാറാ യേ ഒന്നു നോക്കി.

"മിടുക്കിയാണല്ലോ".

അവർ പുഞ്ചിരിച്ചു കൊണ്ടു സാറായെ അഭിനന്ദിച്ചു.

അവളുടെ ഭയം നീങ്ങി.

"നേരത്തേ എന്താ വന്നു അഡ്മിഷൻ എടുക്കാഞ്ഞതു?

സാറാ തന്റെ സാഹചര്യങ്ങൾ പറഞ്ഞു.

യാത്രാസൗകര്യങ്ങളില്ലാത്ത വളരെ ദൂരെയുള്ള ഒരു സ്ഥലത്തു നിന്നാണ് വരുന്നതെന്നും താമസിച്ചു പഠിക്കാൻ വീട് തരപ്പെട്ടത് ഇപ്പോഴാണെന്നും , ബോർഡിംഗിൽ നിൽക്കാൻ കഴിവില്ല എന്നുമവൾ പറഞ്ഞു.

"ഇവിടെ എവിടെതാമസിക്കും"...വളരെ സ്നേഹപൂർവ്വമായ പെരുമാറ്റം കണ്ട് കൊച്ചുപെണ്ണ്  പതിവു പോലെ സ്ത്രോത്രം പറഞ്ഞു കൊണ്ടു നിന്നു... ദൈവത്തിനു നന്ദി...

"സാറാ പറഞ്ഞു. "ഇവിടെ അമ്മച്ചീടെ ഒരു സഹോദരിയുടെ വീട്ടിൽ താമസിക്കും..

അവളുടെ വിനയപൂർവ്വമുള്ള സംസാരവും

അവൾ നേടിയ ഉന്നത വിജയവും ടീച്ചർക്കു അവളോടുള മതിപ്പു വർദ്ധിപ്പിച്ചു.

റെജിസ്റ്ററിൽ പേരു ചേർത്തു.

ക്ലാസ്സ് മുറി കാണിച്ചു കൊടുത്തു..

ഗേറ്റ് കടന്ന് കുട്ടികളും രക്ഷകർത്താക്കളും അകത്തേയക്കു വന്നുകൊണ്ടിരുന്നു.

:

. കൊച്ചുപെണ്ണ് പുറത്തേയ്ക്കിറങ്ങി.

സാറാ അമ്മച്ചിയെ നോക്കി. വലിയ പൊതിക്കെട്ടുമായി നിൽക്കുന്ന കൊച്ചു പെണ്ണും മകളെ നോക്കി. നാലു കണ്ണുകൾ നിറഞ്ഞു ഒഴുകി.

കുട്ടികൾ നിശബ്ദരായി ഇരുന്നു... പരസ്പരം നോക്കിയതല്ലാതെ ആരും മിണ്ടുകയോ ചിരിയ്ക്കുകയോ ചെയ്തില്ല.

മഞ്ചാടിക്കരിയിലെ പരിമിതികളിൽ നിന്ന് നഗരത്തിന്റെ വിശാലതയിലും തിരക്കിലും പെട്ടതിന്റെ സംഭ്രമം സാറായുടെ മുഖത്തു പ്രകടമായിരുന്നു.

സാറാ ക്ലാസ്സ് മുറിയാകെ ഒന്നു കണ്ണോടിച്ചു.

വിലകൂടിയ പുടവയും ചട്ടയും കവിണിയും ധരിച്ചവരാണു അധികവും.

അവളേക്കാൾ ഉയരവും നല്ല നിറവുമുള്ള പെൺകുട്ടികളായിരുന്നു അധികവും.

സാറായ്ക്കു തെല്ലും അസ്വസ്ഥത തോന്നിയില്ല.

അവളുടെ മുന്നിൽ ,ചിന്തയിൽ ഒരേ ഒരു ലക്ഷ്യം മാത്രം പഠിച്ചു ജയിക്കുക .. ഉദ്യോഗം നേടുക.

ആദ്യ ദിവസം ഉച്ച വരയേ ഉണ്ടായിരുന്നുള്ളൂ.

ശോശ അമ്മച്ചിയുടെ മക്കൾ ജോർജും ജോണും കൂട്ടിക്കൊണ്ടുപോകുവാൻ വരുമെന്ന് അമ്മച്ചി പറഞ്ഞിരുന്നു.

ഗേറ്റിനരികിൽ അവൾ അവരേയും കാത്തു നിന്നു.

തുടരും.

Read More: https://www.emalayalee.com/writer/300

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക