
അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്തിലെ ഒരു പട്ടണമായ, ഡാലസിൽ നിന്നും 85 മൈൽ ദൂരത്തിലുള്ള സ്റ്റേറ്റ് പാർക്ക് ആണ് ഡൈനോസർ വാലി. അവിടെ എത്തിച്ചേർന്നപ്പോൾ വളരെ പുരാതനമായ ഒരുപ്രദേശത്ത് എത്തിച്ചേർന്ന പ്രതീതി. പാലക്‌സി നദി യെന്ന വിളിപ്പേരുള്ള, വേനൽക്കാലത്ത്, ഒരു തോടുപോലെ കാണപ്പെടുന്ന ജലവാഹിനിക്കടിയിലും, ഓരങ്ങളിലുമാണ് ഡൈനോസറുകളുടെ കാൽപാദങ്ങൾ തെളിഞ്ഞു കാണുന്നത്. 1050- 1130 ലക്ഷം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന അക്രോകാന്തോസോറസ്സിന്റെയും, ബ്രോൺടോ സോറസ്സുകളുടെയും കാൽപാദങ്ങ ളാണ് നദീതീരത്തും, അടിത്തട്ടിലും, ഇപ്പോഴും കാണാൻ സാധിക്കുന്ന ത്.
ക്രെറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന രണ്ട് ജീവിവർഗ്ഗങ്ങളാണ് അക്രോകാന്തോസോറസ്സ്, ബ്രോൺടോ സോറസ്സ് എന്നിവ. ഇതിൽ അക്രോകാന്തോസോറസ്സ്, മാംസ ഭുക്കുകളും, ബ്രോൺടോ സോറസ്സ് സസ്യ ബുക്കുകളും ആയിരുന്നു. ഭൂമിയിൽ ഇന്നേവരെ ജീവിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ ജീവികളായിരുന്ന, ബ്രോൺടോ സോറസ്സ് അഥവ സോറോപോസിഡിയോൺ.

75 അടി നീളം, 33 ടൺ ഭാരം, ഒരു ദിവസം ഏതാണ്ട് 250-500 കിലോ ഭക്ഷണം ഒക്കെയായി, ബ്രോൺടോ സോറസ്സ് ഭൂമിയിൽ പ്രകമ്പനം സൃഷ്ടിച്ചുകൊണ്ട്, സഞ്ചരിച്ചു കൊണ്ടിരുന്നു. വടക്കേ അമേരിക്കയിലെ മൊണ്ടാന, ബാജി കാലിഫോർണിയ, ഒക്ലഹോമ, ടെക്സാസ് എന്നീ സ്ഥലങ്ങളിൽ നിന്നും ഈ ജീവിയുടെ ഫോസിലുകൾ ലഭിച്ചിട്ടുണ്ട്. വളരെ നീളം കൂടിയ കഴുത്തുകൾ ഉള്ളതുകൊണ്ട് മരങ്ങളുടെ ഉയരത്തിൽ എത്തി തളിരിലകൾ എത്തിപിടിച്ച് ഭക്ഷിക്കുവാൻ ഇവക്ക് സാധിച്ചിരുന്നു. വെള്ളവും, വളവും ആവശ്യത്തോളം നിലനിന്നിരുന്ന ഭൂപ്രകൃതിയിൽ, സസ്യലതാതികൾ സുലഭമായിരുന്നത് കൊണ്ടാണ് ഇത്രയും വലിയ ജീവികൾ ക്രെറ്റേഷ്യസ് കാലത്ത് ഉടലെടുക്കുവാൻ സാധിച്ചത്.
40 അടി നീളവും 8 ടൺ ഭാരവുമുണ്ടായിരുന്ന അക്രോകാന്തോസോറസ്സ്, ബ്രോൺടോ സോറസ്സുക ളുടെ പേടിസ്വപ്നമായിരുന്നു. തരം കിട്ടുമ്പോൾ ബ്രോൺടോ സോറസ്സുകളെ കൊന്നു തിന്നാൻ, ഈ ഇരപിടിയൻമാർ എപ്പോഴും ശ്രമിച്ചുകൊണ്ടിരുന്നു. ഇക്കാലത്തെ, വനവാസികളായ ആനകളെയും സിംഹങ്ങളെയും താരതമ്യം ചെയ്താൽ ഈ രണ്ട് ജീവിവർഗങ്ങൾ ക്രെറ്റേഷ്യസ് കാലത്ത് എങ്ങനെ ജീവിച്ചിരുന്നു എന്ന് നമ്മൾക്ക് മനസ്സിലാക്കാൻ സാധിക്കും.
ജുറാസ്സിക് പാർക്ക് സിനിമയിലൂടെ നമ്മൾക്ക് പരിചിതമായ ടൈറാനസോറസ് റെക്‌സുകൾ, അക്രോകാന്തോസോറസ്സുകളുടെ പിൻഗാമികളാകുന്നു.

ആയിരം ലക്ഷം വർഷങ്ങൾക്ക് മുമ്പ് ചതുപ്പ് പ്രദേശമായിരുന്ന സമുദ്രതീരത്തുകൂടി ബ്രോൺടോ സോറസ്സുകൾ സഞ്ചരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇവയെ വേട്ടയാടാനായി അക്രോകാന്തോസോറസ്സുകൾ പിന്നാലെ നടന്നിരുന്നു. ചെളിനിറഞ്ഞ പ്രദേശമായ സമുദ്രതീരത്ത്, ഈ രണ്ട് ജീവിവർഗങ്ങളുടെയും കാല്പാടുകൾ ആഴത്തിൽ പതിഞ്ഞു. കാലക്രമേണ ഈ പ്രദേശത്തിൽ ജലസാന്നിധ്യം കുറയുകയും അവിടം പാറയായി രൂപാന്തരം പ്രാപിക്കുകയൂം ചെയ്തു. അതിനുമുകളിൽ വീണ്ടും പാറകൾ രൂപപ്പെട്ടു. ഭൂചലനം, കാലാവസ്ഥ വ്യതിയാനം, കുത്തൊഴുക്ക്, എന്നിവമൂലം മേൽ പാളികൾ മാറ്റപ്പെട്ട പാറകളിൽ, നമ്മളുടെ പൂർവികരുടെ, കാൽപാദങ്ങൾ പതിഞ്ഞ ഫലകങ്ങൾ ഇപ്പോൾ വ്യക്തമാക്കി കാണാൻ സാധിക്കുന്നു.

പാലക്‌സി നദിയിൽ വെള്ളപൊക്കമുണ്ടായതിനുശേഷം, ജോർജ് ആഡംസ് എന്ന കൗമാരപ്രായക്കാരൻ നദീതീരത്തുകൂടെ ചുറ്റിനടന്നപ്പോൾ ആകസ്മികമായിട്ടാണ് 1909ൽ ഡൈനോസറുകളുടെ കാൽപ്പാദങ്ങൾ ആദ്യമായി കണ്ടെത്തിയത്. പിന്നീട് 1928ൽ R T ബേർഡ് എന്ന പാലിയന്റോളജിസ്റ്റ് (ഫോസിൽ പഠന ശാസ്ത്രജ്ഞൻ) കാൽപാദങ്ങൾ, ,ബ്രോൺടോ സോറസ്സ് , അക്രോകാന്തോസോറസ്സുകൾ എന്നിവയുടേതാണെന്ന് സ്ഥിരീകരിക്കുകയു ണ്ടായി.
ടെക്സസിലെ, ഡാലസിൽ നിർമ്മിച്ചിരിക്കുന്ന മിക്ക വീടുകളും, പത്തിരുപതു വർഷങ്ങൾ കൂടുമ്പോൾ ഭൂമിക്കടിയിലേക്ക് ഇരുന്നുപോവുകയും, അതുമൂലം ഫൌണ്ടേഷൻ ബലപ്പെടുത്തുന്ന നിർമ്മാണ പ്രവർത്തികൾ ചെയ്യിക്കേണ്ടതായും വരുന്നു. എന്തുകൊണ്ടാണ് ഇതുസംഭവിക്കുന്നത് എന്നന്വേഷിച്ചപ്പോൾ, മില്ല്യൺ വർഷങ്ങൾക്ക് മുമ്പ് ഈ പ്രദേശം സമുദ്രതീരത്തായിരുന്നതുകൊണ്ടാണ് കെട്ടിടങ്ങൾ താഴുന്നത് എന്നറിയാൻ കഴിഞ്ഞു.
പക്ഷെ, ഡാലസ്സിൽ നിന്നും ഏറ്റവും അടുത്ത കടൽ തീരമായ, ഗാൽവെസ്റ്റൺ സമുദ്രതീരം 280 മൈൽ ദൂരെയാണല്ലോ കാണപ്പെടുന്നത്.

അതെങ്ങനെ സംഭവിച്ചു?
ഇതന്വേഷിച്ചപ്പോൾ മനസ്സിലാക്കാൻ സാധിച്ചത്, ഭൂമിയുടെ ഉപരിതലം, 7 വലിയതും അനേകം ചെറിയതുമായ പ്ലേറ്റുകൾ കൊണ്ടാണ് രൂപപ്പെട്ടിരിക്കുന്നത് എന്നാകുന്നു. "സബ്ഡക്ഷൻ" എന്ന പ്രതിഭാസം മൂലം, ഈ പ്ലേറ്റുകൾ ചിലസ്ഥലങ്ങളിൽ ഒരുവർഷം 10 cm വരേയാണ് സഞ്ചരിക്കുന്നത്. ഭൂമിയിലെ പർവതനിരകൾ രൂപപ്പെടുന്നതും, ഭൂഖണ്ഡങ്ങൾ ഉണ്ടാവുന്നതും, ഇല്ലാതാവുന്നതും എല്ലാം "ടെക്ടോണിക് പ്ലേറ്റ് മൂവ്മെൻറ്" കൊണ്ടാകുന്നു.. ഇതുമൂലം ലക്ഷ കണക്കിന് വർഷങ്ങൾ കൂടുമ്പോൾ, കര, കടലായും, കടൽ കരയായും മാറപ്പെടുന്നു.
ഡൈനോസർ വാലിയിലെ കാല്പാദങ്ങളിൽ എൻറെ കാൽപാദങ്ങൾ വച്ച് താരതമ്യം ചെയ്തപ്പോൾ ആയിരം ലക്ഷം വർഷങ്ങൾ പിന്നോട്ട് സഞ്ചരിച്ച പ്രതീതി. ഭൂമിയിൽ പതിച്ച് പ്രതിഫലിക്കു ന്ന സൂര്യപ്രകാശം, ആയിരം ലക്ഷം വർഷങ്ങൾ സഞ്ചരിച്ച് പ്രപഞ്ചത്തിലെ ഏതെങ്കിലും ഒരു ഗാലക്സിയിലെ ഗ്രഹത്തിൽ എത്തിച്ചേരുന്നുണ്ടാവും. ആ ഗ്രഹത്തിലെ ബുദ്ധിയുള്ള ജീവികൾ ടെലിസ്കോപ്പിലൂടെ നോക്കുമ്പോൾ, അവർക്ക് ഡൈനോസറുകൾ സമുദ്ര തീരത്ത് മേഞ്ഞുനടക്കുന്നതും, ഇരതേടുന്നതുമെല്ലാം നേരിട്ട് കാണുവാനും സാധിക്കുന്നുണ്ടാവും.

മിഴികൾ ആകാശത്തിലേക്കുയർത്തി ഇരുകൈകളും ഉയർത്തി വീശി. അന്യഗ്രഹ ജീവികൾ ആരെങ്കിലും ലക്ഷം വർഷങ്ങൾക്ക് ശേഷം, അല്ലെങ്കിൽ അതിനിപ്പുറം നമ്മളേയും കാണുന്നുണ്ടെങ്കിലോ!