
ഏതാണ്ട് പതിനഞ്ച് വർഷം മുമ്പാണ് ഇതുപോലൊരു തീവണ്ടി യാത്രയിൽ ആ പാട്ട് കേൾക്കുന്നത്. ക്ഷീണിച്ച് മെലിഞ്ഞൊട്ടിയ സ്ത്രീയാണ് രണ്ടിലും പാടുന്നവർ.
അന്ന് കോഴിക്കോട് നിന്നും ഡൽഹി JNU വിലേക്കുള്ള യാത്രയായിരുന്നു സന്ദർഭം.
ഇന്ന് എറണാകുളത്തു നിന്നും വീട്ടിലേക്കുള്ള യാത്രയാണ് സന്ദർഭം എന്ന വ്യത്യാസമേയുള്ളൂവെങ്കിലും അന്ന് മോഹങ്ങളുടെ ബഹ്റായിരുന്നു ഉള്ളകം മുഴുവൻ. ബാപ്പ തന്ന പൈസയായിരുന്നു വഴിച്ചിലവിനും കരിവണ്ടി യാത്രക്കുമുണ്ടായിരുന്നത്.
മുമ്പ് സൂഫിയെ കണ്ടതിൽ പിന്നെ അകം പൊരുൾ തേടാനായി പ്രിയപ്പെട്ട മുർഷിദ് എൻ്റെയുള്ളിലെ അനാസാഗറിലുണ്ടായിരുന്ന മലിന ജലം മുഴുവൻ വറ്റിച്ചു. ഇന്ന് മോഹത്തിൻ്റെ ബഹ്‌റിന് ബദലായി സംഗീതം പൊഴിക്കുന്ന ഇലാഹിൻ്റെ ഓടക്കുഴലായി ഭവിക്കാൻ കൊതിക്കുന്ന ഒരു മുളന്തണ്ട് മാത്രമായി ഞാൻ മാറി.
രണ്ട് പാട്ടിൻ്റെ ഉള്ളടക്കവും വിശപ്പും നോവും ഈശ്വരനോടുള്ള നന്ദി പ്രകാശിപ്പിക്കലുമാണ്.
അവർ വിരലിൽ വലിയ സ്പൂൺ പോലുള്ള എന്തിലോ കൊട്ടിപ്പാടി അന്നം തേടുന്നു.
നമ്മുടെ ഉമ്മയെ / അമ്മയെപ്പോലെ ഏതോ ഒരു അമ്മ / ഉമ്മ.
അവരുടെ മുഷിഞ്ഞ സാരിയും ക്ഷീണിച്ച ശരീരവും നമ്മോട് എന്തെല്ലാമോ പറയുന്നുണ്ട്. പ്രകൃതി മുഴുവൻ മനുഷ്യന് ഗ്രഹിക്കാനുള്ള വായിച്ചെടുക്കാനുള്ള പടച്ചോൻ്റെ സന്ദേശങ്ങളാണ്.
ഒരു നേരത്തെ ഭക്ഷണത്തിനും വേണ്ടി പ്രയാസപ്പെടുന്ന മനുഷ്യർ. എങ്കിലും അവർ ജഗദീശ്വരനോട് കൃതജ്ഞതയുള്ളവരാണ്.
സത്യത്തിൽ ഇന്ന് കേട്ട പാട്ടിൻ്റെ ഭാഷയേതാണെന്ന് എനിക്കറിയില്ല. അന്ന് ഡൽഹി യാത്രക്കിടയിൽ കേട്ട പാട്ടിൻ്റെ ഭാഷയുമറിയില്ല. പക്ഷേ അതിൻ്റെ വരികൾ - പാട്ടിൻ്റെ ഉള്ളടക്കം എനിക്ക് ഗ്രഹിക്കാനായിട്ടുണ്ട്. എല്ലാ ഭാഷയുടെ സോഫ്റ്റ്‌വെയറും മനുഷ്യലുണ്ടെന്ന് പറഞ്ഞത് നോം ചോംസ്കിയാണ്.
ആ തലത്തിൽ ആലോചിക്കുമ്പോൾ ഹൃദയം കൊണ്ട് മനുഷ്യൻ പാടുന്നതും പറയുന്നതും ആർക്കും മനസ്സിലാകുമെന്ന് തോന്നുന്നു.
എനിക്ക് എൻ്റെ സർവ്വകാര്യങ്ങളും പൂർത്തീകരിച്ചു തരാൻ എൻ്റെ സർവ്വേശ്വരനുണ്ടെന്ന വിശ്വാസവും ബോധ്യവും വഴി ഭിക്ഷയെടുക്കുന്നവന് ഒരു ഉടമയും സ്നേഹിതനും ഇലാഹുമുണ്ടാകുമ്പോൾ അവൻ സംതൃപ്തനും സ്നേഹിക്കപ്പെടുന്നവനും മനസ്സിൽ കൊണ്ടു നടക്കാൻ ഒരു പ്രണേതാവുള്ളവനുമായി മാറുന്നു - അവൻ്റെ ജീവിതം അർത്ഥപൂർണ്ണമായി മാറുന്നു.
അതേസമയം രണ്ട് ട്രെയിനിലുമുള്ള വിലപിടിപ്പുള്ള വസ്ത്രം ധരിച്ച പുഷ്ടിപ്പുള്ള ശരീരമുള്ള മനുഷ്യർ ഭിക്ഷയെടുക്കുന്ന മനുഷ്യൻ്റെ അത്രപോലും ദേഹത്തെക്കുറിച്ചോ ദേഹിയെകുറിച്ചോ അറിവില്ലാത്തവരായിരിക്കാം; അതിനും പുറമേ ജ്ഞാന വഴിയിൽ ഭിക്ഷക്കാരനേക്കാളും ദരിദ്രനുമായിരിക്കാം.
ഭിക്ഷക്കാരുടെ പ്രത്യേകിച്ച് ഭിക്ഷക്കാരിയുടെ ജീവിതാനുഭവം എന്തെല്ലാം കാര്യങ്ങൾ അവരെ പഠിപ്പിച്ചിട്ടുണ്ടാകാം.
ഉത്തരാധുനിക സമൂഹത്തിലെ കപടനാട്യക്കാരുടെ കൃത്യമായ സ്വഭാവമറിയുന്ന മനുഷ്യരായിരിക്കും അവരെന്നതിൽ ഒട്ടും സന്ദേഹത്തിന് വകയില്ല.
ലോകത്ത് ഉത്തരം കിട്ടാത്ത അനേകം സമസ്യകളിൽ ഒന്നാണ് ഇത്തരം മനുഷ്യരുടെ തൊഴിലും ജീവിതവും.
അവരൊക്കെ സ്വന്തമായി ഒരു മേൽവിലാസമുള്ളവരാണോ എന്നറിയില്ല.
എങ്ങിനെയാണെങ്കിലും മനുഷ്യൻ എന്നതിൻ്റെ നിർവ്വചനത്തിൻ്റെ അനന്തമായ പൊരുളിൽ ഉൾച്ചേരാൻ കഴിയുന്ന ഓരോ ജീവിതങ്ങൾ.