
വാഷിങ്ടണ്‍ | ജനുവരി 26 : ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചതിന്റെ 77-ാം വാര്‍ഷികം അടയാളപ്പെടുത്തിക്കൊണ്ട്, അലാസ്ക, ഒറിഗണ്‍, വാഷിങ്ടണ്‍, നെബ്രാസ്ക, സൗത്ത് ഡക്കോട്ട എന്നിങ്ങനെ അമേരിക്കയിലെ അഞ്ച് സംസ്ഥാനങ്ങള്‍ -2026 ജനുവരി 26-നെ ഔദ്യോഗികമായി 'ഇന്ത്യയുടെ റിപ്പബ്ലിക് ദിനം' ആയി പ്രഖ്യാപിച്ചു. ഇന്ത്യയും ഇന്ത്യന്‍-അമേരിക്കന്‍ സമൂഹവും ഈ സംസ്ഥാനങ്ങളുടെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, സാമ്പത്തിക മേഖലകളില്‍ നല്കിയ സംഭാവനകളെ അംഗീകരിച്ചുകൊണ്ടാണ് ഗവര്‍ണര്‍മാര്‍ പ്രത്യേക പ്രഖ്യാപനങ്ങള്‍ പുറത്തിറക്കിയത്.
ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമാണെന്നും, ജനാധിപത്യം, നവീകരണം, സാമ്പത്തിക വളര്‍ച്ച തുടങ്ങിയ പങ്കിട്ട മൂല്യങ്ങളാണ് ഇന്ത്യ-അമേരിക്ക ബന്ധത്തിന്റെ അടിത്തറയെന്നും ഗവര്‍ണര്‍മാര്‍ ചൂണ്ടിക്കാട്ടി. ലോകത്തിലെ രണ്ട് വലിയ ജനാധിപത്യ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ഇതിലൂടെ ശക്തിപ്പെടുന്നതായും അവര്‍ പറഞ്ഞു.
അലാസ്ക ഗവര്‍ണര്‍ പുറത്തിറക്കിയ പ്രഖ്യാപനത്തില്‍, 2026 ജനുവരി 26 ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനമാണെന്നും, ഇന്ത്യന്‍ ഭരണഘടനയുടെ അംഗീകാരത്തെയും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ ആഘോഷത്തെയും ഈ ദിവസം ഓര്‍മിപ്പിക്കുന്നതായും പറഞ്ഞു. ഇന്ത്യയുമായുള്ള ദ്വൈപക്ഷിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും, അലാസ്കയിലെ ഇന്ത്യന്‍ സമൂഹം സംസ്ഥാനത്തിന്റെ സാംസ്കാരിക വൈവിധ്യത്തിനും വിദ്യാഭ്യാസ മികവിനും സാമ്പത്തിക സജീവതയ്ക്കും നല്കുന്ന സംഭാവനകളെയും പ്രഖ്യാപനം അംഗീകരിച്ചു. വ്യാപാരം, സാങ്കേതികവിദ്യ, കൃഷി, സാംസ്കാരിക ഇടപെടല്‍ തുടങ്ങിയ മേഖലകളില്‍ ഇന്ത്യ-അലാസ്ക പങ്കാളിത്തം വളരുന്നതായും അതില്‍ വ്യക്തമാക്കി.
ഒറിഗണ്‍ ഗവര്‍ണര്‍ പുറത്തിറക്കിയ പ്രഖ്യാപനത്തില്‍, 2026 ജനുവരി 26 ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനമാണെന്നും, ഇന്ത്യയുമായുള്ള ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ പ്രാധാന്യം ആദരിക്കേണ്ടതാണെന്നും പറഞ്ഞു. ഒറിഗണിലെ ഇന്ത്യന്‍ സമൂഹം സംസ്ഥാനത്തിന്റെ സാംസ്കാരിക വൈവിധ്യത്തിനും അക്കാദമിക് നിലവാരത്തിനും സാമ്പത്തിക വളര്‍ച്ചയ്ക്കും വലിയ സംഭാവന നല്‍കുന്നുവെന്നും, വ്യാപാരം, സാങ്കേതികവിദ്യ, കൃഷി, സാംസ്കാരിക സഹകരണം എന്നിവയില്‍ ഇന്ത്യയുമായുള്ള പങ്കാളിത്തം ശക്തമാകുന്നതായും പ്രഖ്യാപനത്തില്‍ പരാമര്‍ശിച്ചു.
വാഷിങ്ടണിലെ ഗവര്‍ണര്‍ ഇന്ത്യയുമായുള്ള സംസ്ഥാനത്തിന്റെ ബന്ധത്തെയും, ശാസ്ത്രം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ബിസിനസ്, കല, സിവിക് ജീവിതം എന്നിവയില്‍ ഇന്ത്യന്‍-അമേരിക്കന്‍ സമൂഹം നല്കിയ സംഭാവനകളെയും ആദരിച്ചുകൊണ്ടാണ് പ്രഖ്യാപനം പുറത്തിറക്കിയത്. ഇന്ത്യയും വാഷിങ്ടണും തമ്മില്‍ വ്യാപാരം, സാങ്കേതികവിദ്യ, ശുദ്ധ ഊര്‍ജം, കൃഷി, സാംസ്കാരിക സഹകരണം തുടങ്ങിയ മേഖലകളില്‍ അര്‍ത്ഥവത്തായ പങ്കാളിത്തം വികസിപ്പിക്കുന്നുവെന്നും, ജനങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാകുന്നതായും പ്രഖ്യാപനത്തില്‍ വ്യക്തമാക്കി. ഇന്ത്യന്‍ ഭരണഘടനയുടെ അംഗീകാരത്തെയും സ്വാതന്ത്ര്യം, നീതി, ജനാധിപത്യ ഭരണം എന്നീ മൂല്യങ്ങളെയും ഈ ദിവസം ഓര്‍മിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. വാഷിങ്ടണ്‍ സംസ്ഥാനവാസികള്‍ ഇന്ത്യയുമായുള്ള സൗഹൃദബന്ധവും ഇന്ത്യന്‍ സമൂഹത്തിന്റെ നേട്ടങ്ങളും അംഗീകരിക്കണമെന്ന് ഗവര്‍ണര്‍ ആഹ്വാനം ചെയ്തു.
നെബ്രാസ്കയിലെ ഇന്ത്യന്‍ സമൂഹം സംസ്ഥാനത്തിന്റെ സാംസ്കാരിക വൈവിധ്യത്തിനും വിദ്യാഭ്യാസ മികവിനും സാമ്പത്തിക സജീവതയ്ക്കും ഗണ്യമായ സംഭാവന നല്‍കുന്നുവെന്നും, ഇന്ത്യയുമായി വ്യാപാരം, സാങ്കേതികവിദ്യ, കൃഷി, സാംസ്കാരിക ഇടപെടല്‍ തുടങ്ങിയ മേഖലകളില്‍ സഹകരണം വളരുന്നതായും നെബ്രാസ്ക ഗവര്‍ണറുടെ പ്രഖ്യാപനത്തില്‍ പറഞ്ഞു.
ഇന്ത്യയുമായുള്ള ബന്ധങ്ങള്‍ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം, സൗത്ത് ഡക്കോട്ടയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സാംസ്കാരികവും സാമ്പത്തികവുമായ സംഭാവനകള്‍, വ്യാപാരം, സാങ്കേതികവിദ്യ, കൃഷി തുടങ്ങിയ മേഖലകളിലെ സഹകരണം വികസിപ്പിക്കല്‍ എന്നിവയാണ് സൗത്ത് ഡക്കോട്ടയില്‍, ഗവര്‍ണര്‍ പുറത്തിറക്കിയ എക്സിക്യൂട്ടീവ് പ്രഖ്യാപനത്തില്‍ ഊന്നിപ്പറഞ്ഞു.
ഇന്ത്യന്‍ ഭരണഘടനയുടെ മൂല്യങ്ങളും ഇന്ത്യന്‍ സമൂഹത്തിന്റെ സംഭാവനകളും അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങള്‍ ഔദ്യോഗികമായി അംഗീകരിക്കുന്ന ഈ പ്രഖ്യാപനങ്ങള്‍, ഇന്ത്യ-അമേരിക്ക ബന്ധങ്ങള്‍ കൂടുതല്‍ ആഴപ്പെടുന്നതിന്റെ പ്രതീകമായി വിലയിരുത്തപ്പെടുന്നു.