
എന്‍.എസ്.എസ്-എസ്.എന്‍.ഡി.പി നായരീഴവ സഖ്യം, ആര്‍ക്കുവേണ്ടി..? എത്ര നാളത്തേയ്ക്ക്..? എന്ന ചോദ്യങ്ങള്‍ക്ക് പെട്ടെന്ന് തന്നെ ഉത്തരം കിട്ടി. പ്രതീക്ഷിച്ച പോലെ പെരുന്നയിലെ നായര്‍ പോപ്പ് ജി സുകുമാരന്‍ നായരും കണിച്ചുകുളങ്ങരയിലെ ഈഴവ ഗുരു വെള്ളാപ്പള്ളി നടേശനും ഐക്യപ്പെടില്ല. ഐക്യത്തിനുവേണ്ടി മുട്ടി നിന്ന സുകുമാരന്‍ നായര്‍ ഇപ്പോള്‍ പറയുന്നത് ഇക്കാര്യം പറഞ്ഞ് ഇനി ആരും പെരുന്നയിലേയ്ക്ക് വരേണ്ട എന്നാണ്. എന്‍.എസ്.എസ്-എസ്.എന്‍.ഡി.പി ഐക്യം യാഥാര്‍ഥ്യമാക്കുമെന്നും ഇത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ജനുവരി 21-ന് കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തിലാണ് സുകുമാരന്‍ നായര്‍ ആവേശത്തോടെ പറഞ്ഞത്. 1976-ലും 2005-ലും 2012-ലും നടന്ന ഐക്യശ്രമങ്ങള്‍ പരാജയപ്പെട്ട ചരിത്രമുണ്ടെങ്കിലും പഴയ പിഴവുകള്‍ തിരുത്തി മുന്നോട്ടുപോകാനായിരുന്നു തീരുമാനം.
നായാടി മുതല്‍ നമ്പൂരി വരെയുള്ളവരുടെ വിശാല ഹിന്ദു ഐക്യം സ്വപ്നം കണ്ടതും ഇരുസമുദായ സംഘടനകളും യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് ആഹ്വാനം ചെയ്തതും വെള്ളാപ്പള്ളി നടേശനാണ്. അത് ശിരസാ വഹിച്ച സുകുമാരന്‍ നായര്‍ക്ക് ഇപ്പോള്‍ എന്ത് വെളിപാടാണ് ഉണ്ടായത്..? സംഗതി വേറൊന്നുമല്ല. പെരുത്ത കൊതിക്കെറുവ് തന്നെയാണ്. വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍ ലഭിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് സുകുമാരന്‍ നായര്‍ വാക്ക് മാറ്റിയത്. എസ്.എന്‍.ഡി.പി യോഗത്തിന് രാഷ്ട്രീയ ദിശാബോധം പകരുന്ന വെള്ളാപ്പള്ളി നടേശന് യോഗത്തിന്റെയും എസ്.എന്‍ ട്രസ്റ്റിയും ജനറല്‍ സെക്രട്ടറി പദവിയില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴാണ് പത്മഭൂഷണ്‍ ബഹുമതിക്ക് അര്ഹനായതെങ്കില് സുകുമാരന്‍ നായരുടെ കൈയില്‍ ഭൂഷണ് പോയിട്ട് ഒരു പിണ്ണാക്കുമില്ല.
വാസ്തവത്തില്‍ നായരീഴവ സഖ്യത്തിന് സുകുമാരന്‍ നായര്‍ക്കും ടിയാന്റെ കുഴലൂത്തുകാര്‍ക്കും മാത്രമേ താത്പര്യമുണ്ടായിരുന്നുള്ളൂ. വെള്ളാപ്പള്ളി നടേശന് പറയുന്നിടത്ത് ഈഴവസമൂഹം മുഴുവന്‍ അനുസരണയോടെ നില്ക്കുമെങ്കില് സുകുമാരന്‍ നാരരെ അനുസരിക്കാന്‍ കൂട്ടാക്കാത്തവരാണ് എന്‍.എസ്.എസിലെ 99 ശതമാനം ആള്‍ക്കാരും എന്നത് പരസ്യമായ രഹസ്യമാണ്. അതിതുകൊണ്ടാണ് പണ്ട് പലവട്ടം പൊട്ടിപ്പാളീസായ പുതിയ ഐക്യ ശ്രമത്തെ എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് നിഷ്കരുണം തള്ളിക്കളഞ്ഞത്. പക്ഷേ സുകുമാരന്‍ നായര്‍ പറയുന്നത് വെള്ളാപ്പള്ളി നടേശന്റെ ഐക്യ നീക്കങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയം ഉണ്ടെന്നാണ്.
ഇങ്ങനെയൊരു ദുരുദ്ദേശ്യം ഇക്കാര്യത്തിലുണ്ടെന്ന് നമ്പൂരി മുതല്‍ നായാടി വരെയുള്ള കൊച്ചു പിള്ളേര്‍ക്കു വരെ അറിയാമായിരുന്നിട്ടും പാവം സുകുമാര്‍ നായര്‍ക്ക് പിടികിട്ടാഞ്ഞതാണ് കഷ്ടം. കാരണം കടുത്ത നിഷ്കളങ്കനാണല്ലോ അദ്ദേഹം. പക്ഷേ, വെള്ളാപ്പള്ളിക്ക് രാഷ്ട്രീയമുണ്ട്. അത് തുറന്ന പുസ്തകവുമാണ്. വെള്ളാപ്പള്ളിയുടെ മകന് തുഷാര്‍ വെള്ളാപ്പള്ളിയെയാണ് നായരീഴവ ഐക്യം സംബന്ധിച്ച് പെരുന്നയിലെത്തി സുകുമാരന്‍ നായരുമായി ചര്‍ച്ച നടത്താന്‍ അച്ഛന് വെള്ളാപ്പള്ളി നിയോഗിച്ചിരുന്നത്. ഐക്യദൂതനായി തുഷാര്‍ വെള്ളാപ്പള്ളിയെ നിയോഗിച്ചതിന് പിന്നിലുള്ള ചേതോവികാരം രാഷ്ട്രീയം തന്നെയാണ്. തുഷാര്‍ ഇക്കാര്യം പറഞ്ഞ് എന്‍.എസ്.എസിന്റെ പടി കയറേണ്ടെന്ന് സുകുമാരന്‍ നായര്‍ വ്യക്തമാക്കിയ സ്ഥിതിക്ക് ഇനി അതുണ്ടാവില്ല.
തനിക്ക് രാഷ്ട്രീയമില്ലെന്ന് പച്ചയ്ക്ക് കള്ളം പറയുന്ന സുകുമാര്‍ നായരുടെ ഇഷ്ട നേതാവാണ് ഇപ്പോള്‍ രമേശ് ചെന്നിത്തല. ഇടയ്ക്ക് ഇരുവരും വെടിക്കെട്ട് ഉടക്കിലായിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന് അടുത്ത മുഖ്യമന്ത്രിയാവുമെന്ന് പറയപ്പെട്ടതോടെ അദ്ദേഹത്തെ തേച്ചൊട്ടിക്കാന്‍ സുകുമാരന്‍ നായര്‍ പഴയ പിണക്കങ്ങളെല്ലാം മറന്ന് രമേശിനെ കൂട്ടുപിടിച്ചതില്‍ അത്ഭുതമില്ല. വെള്ളാപ്പള്ളിയും രമേശും തമ്മില്‍ കടുത്ത ശത്രുത ഇല്ലെങ്കിലും രണ്ടു പേരും രണ്ടു വഴിക്കാണ്. ഇപ്പോള്‍ രമേശിനെ മുഖ്യമന്ത്രിയാക്കാനാണ് പെരുന്ന ആചാര്യന്റെ പ്ലാന്‍. ''എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം...'' എന്ന സിനിമാ ഡയലോഗ് ഇത്തരുണത്തില്‍ സ്മരിക്കാം.
മാത്രമല്ല, ഐക്യ ചര്‍ച്ചയ്ക്ക് നിയോഗിക്കപ്പെട്ട എസ്.എന്‍.ഡി.പി നിയോഗിച്ച തുഷാര്‍ വെള്ളാപ്പള്ളിയുടെ ബി.ഡി.ജെ.എസ് എന്‍.ഡി.എയുടെ പ്രധാന ഘടകകക്ഷിയാണ്. പ്രമുഖനായ ഒരു ഈഴവന് നായരുടെ അടുത്തേയ്ക്ക് ചര്‍ച്ചയ്ക്ക് വരുന്നത് സുകു നായരുടെ പ്രമാണിത്തത്തിന് കുറച്ചിലായെങ്കിലോ..? അഢ്യത്വം മൂട്ടില് നിന്ന് പറിഞ്ഞ് താഴെ വീണാലോ..? കേരളത്തിലെ ജാതി സമവാക്യങ്ങളില്‍ ഉന്നത കുലജാതരാണല്ലോ ഇദ്ദേഹവും കൂട്ടരും. സുരേഷ് ഗോപിയായിരുന്നേല് പിന്നെയും കുഴപ്പമില്ലായിരുന്നു. അദ്ദേഹം സ്വയം വാഴ്ത്തുന്നത് താന്‍ ഉന്നതകുല ജാതന് എന്നാണല്ലോ.
എതായാലും, ഏറെ കൊട്ടിഘോഷിച്ചു വന്ന എസ്.എന്‍.ഡി.പി യോഗവുമായുള്ള ഐക്യനീക്കങ്ങളില്‍ നിന്ന് എന്‍.എസ്.എസ് ഔദ്യോഗികമായി പിന്മാറിയതിന് ഡയറക്ടര്‍ ബോര്‍ഡ് പറയുന്ന കാരണം, നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇത്തരമൊരു ഐക്യം പ്രായോഗികമല്ലെന്നാണ്. ഐക്യശ്രമങ്ങളുമായി മുന്നോട്ടുപോയാല്‍ അത് പരാജയപ്പെടാന്‍ സാധ്യതയുണ്ടെന്നും ഡയറക്ടര്‍ ബോര്‍ഡ് യോഗം നിരീക്ഷിച്ചു. അങ്ങനെ, പതിനാറ് വര്‍ഷത്തിന് ശേഷം പ്രഖ്യാപിച്ച സാമുദായിക ഐക്യനീക്കം 9 ദിവസത്തിനുള്ളില്‍ തകര്‍ന്ന് തരിപ്പണമായി. ജനുവരി 18-നാണ് കേരളമാകെ ഐക്യകാഹളും മുഴങ്ങിക്കേട്ടത്. 26-ന് ഈ കുട്ടകളി പൊളിയുന്നത് അതിനേക്കാള്‍ ഉച്ചത്തില്‍ കേള്‍ക്കുകയും ചെയ്തു.