
കാലാവധി തീരാന്‍ രണ്ടുവര്‍ഷത്തിലധികം ബാക്കി നില്‍ക്കെ രാജാരണ്‍ധീര്‍ സിങ് ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യയുടെ പ്രസിഡന്റ് സ്ഥാനം ഇന്ന് ഒഴിയും. അനാരോഗ്യമാണു കാരണം. താഷ്‌കന്റില്‍ നക്കുന്ന ഒ.സി.എ. ജനറല്‍ അസംബ്ലി ഇന്നു പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും. ഖത്തര്‍ ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് ഷെയ്ക്ക് ജൊയാന്‍ ബിന്‍ ഹമദ് അല്‍താനി ആയിരിക്കും പുതിയ സാരഥി. അദ്ദേഹം മാത്രമാണ് മത്സരരംഗത്തുള്ളത്.
ന്യൂഡല്‍ഹിയില്‍ 2024 സെപ്റ്റംബറില്‍ നടന്ന നാല്പത്തിനാലാമത് ജനറല്‍ അംസംബ്ലിയിലാണ് രാജാ രണ്‍ധീര്‍ സിങ് ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യ പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. നാലുവര്‍ഷ കാലാവധി 2028 വരെയുണ്ട്. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം കുറച്ചുനാളായി രണ്‍ധീര്‍ സിങ്ങിന് ചുമതല വഹിക്കുവാന്‍ സാധിച്ചിരുന്നില്ല. നേരത്തെ 2021ല്‍ രണ്‍ധീര്‍ സിങ് താല്‍ക്കാലിക പ്രസിഡന്റായി ചുമതലയേറ്റിരുന്നു.
കുവൈറ്റ് ഷെയ്ക്ക് അഹമ്മദ് അല്‍ ഫഹദ് അല്‍ സബായെ ധാര്‍മികത ലംഘിച്ചെന്ന പേരില്‍ പുറത്താക്കിയപ്പോഴാണ് രണ്‍ധീര്‍ സിങ് താല്‍ക്കാലിക പ്രസിഡന്റായത്. ഷെയ്ക്ക് അഹമ്മദ് അല്‍ ഫഹദ് അല്‍സബായെ പിന്നീട് 15 വര്‍ഷത്തേക്കു സസ്‌പെന്‍ഡ് ചെയ്തിരുന്നു. 2023 ല്‍ ചൈനയിലെ ഹാങ്‌ചോയില്‍ ഏഷ്യന്‍ ഗെയിംസ് നടന്നപ്പോള്‍ രാജാ രണ്‍ധീര്‍ ആയിരുന്നു ഒ.സി.എ. സാരഥി. അന്ന് അദ്ദേഹവും ചൈനീസ് പ്രസിഡന്റ് ഷിജിന്‍ പിങ്ങും ഒരുമിച്ചുള്ള ഫോട്ടോ ചൈനയിലെ പത്രങ്ങള്‍ ഒന്നാം പേജില്‍ കൊടുത്തത് ഓര്‍ക്കുന്നു.

രാജാ രണ്‍ധീര്‍ സിങും, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും
1987 മുതല്‍ 2012 വരെ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷൻ സെക്രട്ടറി ജനറലും 2001 മുതൽ 2014 വരെ രാജ്യാന്തര ഒളിംപിക് കമ്മിറ്റിയില്‍ അംഗവും ആയിരുന്നു. പിന്നീട് ഐ.ഒ.സി. അദ്ദേഹത്തെ ആ ജീവനാന്ത ഓണററി അംഗമാക്കി, ഒ.സി.എ. സാരഥിയായി 17 മാസം മാത്രമാണ് അദ്ദേഹത്തിനു ലഭിച്ചത്. ഈ വര്‍ഷം ജപ്പാനില്‍ ഏഷ്യന്‍ ഗെയിംസ് നടക്കാനിരിക്കെയാണ് രണ്‍ധീര്‍ സിങ്ങ് സ്ഥാനമൊഴിയുന്നത്.
ഇന്ത്യന്‍ സ്‌പോര്‍ട്‌സിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച പട്യാല രാജകുടുംബമാണ് രണ്‍ധീര്‍ സിങ്ങിന്റേത്. പട്യാല മഹാരാജാവ് ഭൂപീന്ദര്‍ സിങ്ങിന്റെ പുത്രന്‍ രാജാ ഭലീന്ദര്‍ സിങ്ങിന്റെ പുത്രനാണ് രാജാ രണ്‍ധീര്‍ സിങ്ങ്. ആറ് ഒളിംപിക്‌സില്‍ ഇന്ത്യന്‍ ടീമില്‍ അംഗമാകുകയും അഞ്ച് ഒളിംപിക്‌സില്‍ പങ്കെടുക്കുകയും ചെയ്ത രാജാ രണ്‍ധീര്‍ സിങ്ങ് ആണ് ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങില്‍ മെഡല്‍ നേടിയ (ട്രാപ് ഷൂട്ടിങ്ങ്) ആദ്യ ഇന്ത്യക്കാരന്‍.

ലേഖകന്‍, രാജാ രണ്‍ധീര്‍ സിങ്ങിനൊപ്പം
1994 ല്‍ ഹിരോഷിമ ഏഷ്യന്‍ ഗെയിംസ് വേളയിലാണ് അദ്ദേഹത്തെ പരിചയപ്പെട്ടത്. ഏറ്റവും ഒടുവില്‍ കണ്ടത് 2023 ല്‍ ഹാങ്‌ചോ ഏഷ്യന്‍ ഗെയിംസില്‍. ഹിരോഷിമയില്‍ ജസ്പാല്‍ റാണ സ്വര്‍ണ്ണം നേടിയപ്പോള്‍ തുള്ളിച്ചാടിയ രാജാ രണ്‍ധീര്‍ സിങ്ങ് അറ്റ്‌ലാന്റ ഒളിംപിക്‌സില്‍ ലിയാന്‍ഡര്‍ പെയ്‌സ് വെങ്കലം നേടിയപ്പോള്‍ എന്നെ കെട്ടിപ്പിടിച്ച് ആഹ്ലാദം പ്രകടിപ്പിച്ചത് ഓര്‍ക്കുന്നു. ഒളിംപിക്‌സ് ആയാലും ഏഷ്യന്‍ ഗെയിംസ് ആയാലും എല്ലാ വേദികളിലും അദ്ദേഹം എത്തിയിരുന്നു.
ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിന് കണ്ടപ്പോള്‍ കേരളത്തിലെ പ്രളയത്തെക്കുറിച്ചു ചോദിച്ചു. എങ്ങനെയെത്തിയെന്നും തിരിക്കി. 2026 വരെ ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യയുടെ എല്ലാ മേളകളുടെയും തലവനായി നിയോഗിക്കപ്പെ ട്ടപ്പോള്‍ അതു സംബന്ധിച്ച പ്രസ്സ് റിലീസ് ബാങ്കോക്കില്‍ നിന്ന് അദ്ദേഹം എനിക്ക് മെയില്‍ ചെയ്തു തന്നു. ഒടുവില്‍ കോവിഡ്മൂലം പല മേളകളും മാറ്റിവയ്ക്കപ്പെട്ടപ്പോള്‍ രാജാരണ്‍ധീര്‍ പറഞ്ഞു. 'നമ്മള്‍ എവിടെയെങ്കിലും കണ്ടുമുട്ടും ". ഒടുവിൽ ഹാങ്‌ചോയില്‍ കണ്ടപ്പോള്‍ ഇക്കാര്യം അദ്ദേഹം ഓര്‍ത്തിരുന്നു.
പട്യാല മഹാരാജാവിന്റെ കൊട്ടാരങ്ങളില്‍ ഒന്നിലാണ് മുന്‍പ് എന്‍.ഐ.എസ്. പ്രവര്‍ത്തിച്ചതും ഇപ്പോള്‍ 'സായ്' പ്രവര്‍ത്തിക്കുന്നതും. എത്രയോ തവണ അവിടെ താമസിച്ചിരിക്കുന്നു. പട്യാലയിലെ 'ഓള്‍ഡ് പാലസില്‍' ഒരിക്കല്‍ ഡിന്നറില്‍ പങ്കെടുക്കാനും ഭാഗ്യമുണ്ടായി. മൂന്നു പെണ്‍മക്കളാണ് രണ്‍ധീര്‍ സിങ്ങിന്. മഹിമ കുമാരി, സുനൈന കുമാരി, രാജേശ്വരി കുമാരി. സുനൈന ഇപ്പോള്‍ ലോണ്‍ ബൗള്‍സ് സംഘടന നിയന്ത്രിക്കുന്നു. രാജേശ്വരി കുമാരി ഒളിപ്യന്‍ ഷൂട്ടര്‍ ആണ്.

ലേഖകന്‍, രാജേശ്വരി കുമാരിക്കും രാജാ രണ്‍ധീര്‍ സിങ്ങിനുമൊപ്പം
മഹിമയെയും സുനൈനയും നേരത്തെ അദ്ദേഹം പരിചയപ്പെടുത്തിയിരുന്നു. ചൈനയില്‍ വച്ച് രാജേശ്വരികുമാരിയെ പരിചയപ്പെടുത്തിക്കൊണ്ടു പറഞ്ഞു. 'വേഗം ഭക്ഷണം കഴിച്ചിട്ടു വരണം. എൻ്റെ ഫ്രണ്ട് ആണ്. നമുക്ക് ഫോട്ടോ എടുക്കേണ്ടതാണ്.' വിരല്‍തുമ്പുവരെ വിനയം. തികഞ്ഞ സ്‌പോര്‍ട്‌സ്മാന്‍. അതാണു രാജാരണ്‍ധീര്‍ സിങ്. സ്‌പോര്‍ട്‌സ് ഭരണരംഗത്തുനിന്ന് അദ്ദേഹം വിരമിക്കുമ്പോള്‍ ഒരു യുഗം അവസാനിക്കുന്നു.
എപ്പോള്‍ വിളിച്ചാലും ഫോണ്‍ എടുക്കുകയോ തിരിച്ചു വിളിക്കുകയോ ചെയ്തിരുന്ന രാജാ രണ്‍ധീര്‍ സിങ് ഏതാനും മാസമായി വാട്‌സാപ് സന്ദേശങ്ങള്‍ക്കു പോലും മറുപടി തന്നിരുന്നില്ല. അദ്ദേഹത്തിന്റെ അനാരോഗ്യം അറിഞ്ഞിരുന്നില്ല. ഏറ്റവും വേഗം രാജാ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു.