
എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യത്തില്‍നിന്ന് പിന്മാറി എന്‍എസ്എസ്. ഐക്യം പ്രായോഗികമല്ലെന്ന് ഇന്ന് ചേര്‍ന്ന എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗം വിലയിരുത്തുകയായിരുന്നു. ഐക്യവുമായി മുന്നോട്ടു പോകേണ്ടതില്ലെന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗ തീരുമാനം പത്രക്കുറിപ്പായി എന്‍എസ്എസ് പുറത്തുവിട്ടു.
നേരത്തെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ഐക്യത്തെ സ്വാഗതം ചെയ്തിരുന്നു. ഇന്ന് പെരുന്നയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ എന്നാല്‍ ഐക്യത്തിന് അംഗീകാരമുണ്ടായില്ല. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ കടുത്ത വിയോജിപ്പ് പരിഗണിച്ചാണ് പിന്മാറ്റം.
എന്‍എസ്എസിന്റെ അടിസ്ഥാന മൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കാന്‍ സാധിക്കില്ലെന്നും അതിനാല്‍ ഇപ്പോള്‍ ഒരു ഐക്യം പ്രായോഗികമല്ലെന്നും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
പല കാരണങ്ങളാലും പല തവണ എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം വിജയിക്കാത്ത സാഹചര്യത്തില്‍ വീണ്ടും ഒരു ഐക്യശ്രമം പരാജയമാകുമെന്ന കാര്യം ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളാല്‍ തന്നെ വ്യക്തമാകുന്നു. എന്‍എസ്എസിന്റെ അടിസ്ഥാനമൂല്യങ്ങളില്‍നിന്ന് വ്യതിചലിക്കാനുമാകില്ല. അതിനാല്‍ വീണ്ടും ഒരു ഐക്യം പ്രായോഗികമല്ല. പ്രത്യേകിച്ച് എന്‍എസ്എസിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സമദൂരനിലപാട് ഉള്ളതിനാല്‍. മറ്റെല്ലാ സമുദായങ്ങളോടും എന്നവണ്ണം എസ്എന്‍ഡിപിയോടും സൗഹാര്‍ദത്തില്‍ വര്‍ത്തിക്കാനാണ് എന്‍എസ്എസ് ആഗ്രഹിക്കുന്നത്. എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യവുമായി മുന്നോട്ടു പോകേണ്ടതില്ല എന്ന് ഈ യോഗം തീരുമാനിക്കുന്നു എന്നാണ് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിനു ശേഷമുള്ള പത്രക്കുറിപ്പില്‍ എന്‍എസ്എസ് വ്യക്തമാക്കുന്നത്.