
ഒരുറക്കം കൊണ്ട്
അപരാധങ്ങളൊക്കെയും
ഇല്ലാതെയാകുമെങ്കിൽ
ഞാനെന്നേ നിരപരാധിയായേനെ!
ഒരു മരണം കൊണ്ട്
എല്ലാം അവസാനിക്കുമെങ്കിൽ
നിന്റെ ജീവൻ എന്നേ പൊലിഞ്ഞേനെ!
അപൂർണ്ണതയുടെ സൗന്ദര്യം
മുകരുവാൻ ഞാൻ അസമർത്ഥൻ.
സമഗ്രതയുടെ വചനങ്ങൾ പോലും
അൽപ്പാൽമായാണ്
എനിക്ക് കേൾക്കാനാവുക.
പൂർണ്ണതയുടെ പുല്ലാങ്കുഴൽ വിളി
എന്നെ ബധിരനും കുരുടനുമാക്കുന്നു.
നിന്നെ കണ്ടെത്താനുള്ള
വ്യഗ്രതയിൽ സമഗ്രത
കൈമോശം വന്നു പോവുന്നു.
ത്രസിപ്പിക്കുന്ന മാംസത്തിന്റെ ലഹരിയുടെ ശൂന്യത നമുക്കെങ്ങനെ
അന്യോന്യം പകരാനാകും!
നീയും ഞാനും ഒഴിഞ്ഞ
രണ്ട് പാനപാത്രങ്ങൾ.
വിശാലവും ഉജ്ജ്വലവുമായ
തെളിമയിൽ നിനക്കെന്ന പോലെ
എനിക്കും അസ്തിത്വമില്ല.
അസ്ഥിയുണ്ടെങ്കിലല്ലേ
അത് പൊതിയുവാനുള്ള
മാംസത്തിന്റെ ആവശ്യം വരികയുള്ളൂ.
ഞാനുറക്കെപ്പറയാം :
ഈ അനുരാഗം മാംസനിബദ്ധമല്ല!