Image

ശുഭാൻശു ശുക്ലയ്‌ക്ക് അശോക ചക്ര: പ്രശാന്ത് ബാലകൃഷ്‌ണന് കീർത്തിചക്ര; സൈനിക ബഹുമതികൾ പ്രഖ്യാപിച്ചു

Published on 25 January, 2026
 ശുഭാൻശു ശുക്ലയ്‌ക്ക് അശോക ചക്ര: പ്രശാന്ത് ബാലകൃഷ്‌ണന് കീർത്തിചക്ര; സൈനിക ബഹുമതികൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: 77-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള സൈനിക ബഹുമതികൾ രാഷ്‌ട്രപതി ദ്രൗപതി മുർമു പ്രഖ്യാപിച്ചു. ആക്‌സിയം 4 ദൗത്യത്തിന്‍റെ ഭാഗമായി 18 ദിവസം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ ചെലവഴിച്ച ഇന്ത്യൻ ബഹിരാകാശ യാത്രികൻ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻശു ശുക്ലയ്‌ക്ക് അശോക ചക്ര ലഭിച്ചു. രാജ്യത്തെ ഏറ്റവും ഉയർന്ന ഉയർന്ന ധീരതാ ബഹുമതിയാണ് ഇത്. ബഹിരാകാശത്തെത്തിയ രണ്ടാമത്തെ ഇന്ത്യക്കാരനാണ് ശുഭാൻശു ശുക്ല.

ഇന്ത്യൻ വ്യോമസേന യുദ്ധവിമാന പൈലറ്റായ പ്രശാന്ത് ബാലകൃഷ്‌ണൻ ഉൾപ്പെടെ മൂന്ന് പേർക്ക് കീർത്തിചക്ര ലഭിച്ചു. ഇന്ത്യയുടെ ബഹിരാകാശ ഏജൻസിയായ ഐഎസ്‌ആർഒയുടെ ആദ്യ മനുഷ്യ ബഹിരാകാശ യാത്രാ പദ്ധതിയായ ഗഗൻയാൻ ദൗത്യത്തിൽ ശുഭാൻശുവിനൊപ്പം യാത്ര തിരിക്കാനിരിക്കുന്ന നാല് ബഹിരാകാശയാത്രികരിൽ ഒരാളാണ് മലയാളിയായ പ്രശാന്ത്. ഇദ്ദേഹത്തിന് പുറമെ, കരസേന ഉദ്യോഗസ്ഥരായ മേജർ അർഷ്‌ദീപ് സിങ്, നായിബ് സുബേദാർ ദോലേശ്വര്‍ സുബ്ബ എന്നിവർക്കും കീർത്തിചക്ര ലഭിച്ചു.

6 മരണാനന്തര ബഹുമതി ഉൾപ്പെടെ, 70 സേനാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. അശോക ചക്രയ്‌ക്കും കീർത്തിചക്രയ്‌ക്കും പുറമെ ഒരു മരണാനന്തര ബഹുമതി ഉൾപ്പെടെ 13 ശൗര്യ ചക്രങ്ങൾ, ഒരു ബാർ ടു സേന മെഡൽ, അഞ്ച് മരണാനന്തര ബഹുമതി ഉൾപ്പെടെ 44 സൈനിക മെഡലുകൾ, ആറ് നാവികസേന മെഡലുകൾ, രണ്ട് വായു സേന മെഡലുകൾ എന്നിവയാണ് രാഷ്ട്രപതി പ്രഖ്യാപിച്ചത്.

ഇന്ത്യൻ വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്റ്റനാണ് ഉത്തർപ്രദേശ് സ്വദേശിയായ ശുഭാൻശു ശുക്ല.1985 ഒക്ടോബർ 10ന് ലഖ്‌നൗവിലാണ് ജനനം. ഇദ്ദേഹമാണ് ആക്‌സിയം-4 ദൗത്യത്തിലെ പൈലറ്റായി പ്രവർത്തിച്ചത്. ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിലേക്കും അദ്ദേഹത്തെ തെരഞ്ഞെടുത്തിട്ടുണ്ട്. ശുഭാൻശു ശുക്ലയ്‌ക്ക് 2,000 മണിക്കൂറിലധികം വ്യോമമാർഗം സഞ്ചരിച്ച പരിചയസമ്പത്തുണ്ട്. കൂടാതെ നിരവധി വിമാനങ്ങളും അദ്ദേഹം പറത്തിയിട്ടുണ്ട്.

ആക്‌സിയം 4 ദൗത്യത്തിന്‍റെ ഭാഗമായി 18 ദിവസമാണ് അദ്ദേഹം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ തങ്ങിയത്. ഈ സമയം നിരവധി പരീക്ഷണങ്ങൾ  നടത്തിയിട്ടുണ്ട്. ബഹിരാകാശത്തെത്തിയ രണ്ടാമത്തെ ഇന്ത്യക്കാരനാണ് ശുഭാൻശു ശുക്ല.1984ൽ റഷ്യയുടെ സോയൂസ് ബഹിരാകാശ പേടകത്തിൽ ഇന്ത്യക്കാരനായ രാകേഷ് ശർമ്മ നടത്തിയ ബഹിരാകാശ യാത്രയ്ക്ക് നാല് പതിറ്റാണ്ടുകൾക്ക് ശേഷം ബഹിരാകാശത്തേക്ക് യാത്ര ചെയ്‌തത് ഇദ്ദേഹമാണ്. ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരൻ കൂടിയാണ് ശുക്ല.

2027ൽ ഭ്രമണപഥത്തിലെത്താൻ പോകുന്ന ഇന്ത്യയുടെ മനുഷ്യ ബഹിരാകാശ യാത്രാ പദ്ധതിയായ ഗഗൻയാന്  ശുഭാൻശു ബഹിരാകാശ നിലയത്തിൽ നടത്തിയ പരീക്ഷണങ്ങളും അദ്ദേഹത്തിന്‍റെ അനുഭവ സമ്പത്തും നിർണായകമായിരിക്കും. മാത്രമല്ല, ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമെന്ന് സ്വപ്‌നത്തിലേക്കും ശുഭാൻശുവിന്‍റെ അറിവും അനുഭവ സമ്പത്തും പ്രയോജനം ചെയ്യും.

ഐഎസ്ആർഒയുടെ ബഹിരാകാശ ദൗത്യം ഗഗൻയാന്‍റെ ബാക്കപ്പ് ക്രൂ അംഗമാണ് ഗ്രൂപ്പ് ക്യാപ്‌റ്റൻ പ്രശാന്ത് ബാലകൃഷ്‌ണൻ. ഗഗൻയാൻ ദൗത്യത്തിൽ ശുഭാൻശുവിനൊപ്പം പ്രശാന്തും യാത്ര തിരിക്കും. ഇതിനായുള്ള തയ്യാറെടുപ്പിലും പരിശീലനത്തിലും ആണ് അദ്ദേഹം. പാലക്കാട്‌ നെന്മാറ പഴയഗ്രാമം സ്വദേശിയാണ്. നെന്മാറ സ്വദേശി വിളമ്പിൽ ബാലകൃഷ്‌ണന്‍റെയും കൂളങ്ങാട്ട് പ്രമീളയുടെയും മകനാണ്. നടി ലെനയാണ് ഭാര്യ.

സുഖോയ് യുദ്ധ വിമാനം പറത്തുന്ന ഫൈറ്റർ പൈലറ്റായ പ്രശാന്ത് ഗ്രൂപ്പ് ക്യാപ്റ്റൻ കൂടിയാണ്. പാലക്കാട് അകത്തേത്തറ എൻ എസ് എസ് എൻജിനീയറിങ് കോളജ് വിദ്യാർഥിയായിരിക്കെയാണ് പ്രശാന്തിന് നാഷനൽ ഡിഫൻസ് അക്കാദമിയിൽ പ്രവേശനം ലഭിച്ചത്. അക്കാദമിയിലെ പഠനത്തിന് ശേഷം 1999 ലാണ് അദ്ദേഹം കമ്മിഷൻഡ് ഓഫിസറായി വ്യോമസേനയുടെ ഭാഗമായത്. ഇതിനിടെ യുഎസ് എയർ കമാൻഡ് ആൻഡ് സ്‌റ്റാഫ് കോളജിൽനിന്ന് ഒന്നാം റാങ്കോടെ ബിരുദം പൂർത്തിയാക്കി. 1998 ൽ ഹൈദരാബാദ് വ്യോമസേനാ അക്കാദമിയിൽനിന്ന് ‘സ്വോർഡ് ഓഫ് ഓണർ’ സ്വന്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക