Image

ഇന്ത്യയുടെ സാമ്പത്തികവളർച്ചയ്ക്ക് ഏറ്റവും വലിയ ഭീഷണി മലിനീകരണമാണെന്ന് ഗീതാ ഗോപിനാഥ്

Published on 25 January, 2026
ഇന്ത്യയുടെ സാമ്പത്തികവളർച്ചയ്ക്ക് ഏറ്റവും വലിയ ഭീഷണി മലിനീകരണമാണെന്ന്  ഗീതാ ഗോപിനാഥ്

ദാവോസ് : ഇന്ത്യയുടെ സാമ്പത്തികവളർച്ചയ്ക്ക് ഏറ്റവും വലിയ ഭീഷണികളിലൊന്ന് മലിനീകരണമാണെന്ന് ഹാർവാഡ് സർവകലാശാലാ പ്രൊഫസറും ഐ.എം.എഫ്. മുൻ ചീഫ് ഇക്കോണമിസ്റ്റുമായ ഗീതാ ഗോപിനാഥ് പറഞ്ഞു. ഇതുവരെ ഏർപ്പെടുത്തിയിട്ടുള്ള എല്ലാ തീരുവകളെക്കാളും വലിയ ആഘാതം മലിനീകരണംവഴി ഇന്ത്യക്കുണ്ടാകുമെന്നും അവർ മുന്നറിയിപ്പുനൽകി. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിലായിരുന്നു ഗീതയുടെ പരാമർശം.

2022-ലെ ലോകബാങ്ക് രേഖപ്രകാരം ഓരോവർഷവും 17 ലക്ഷം പേരാണ് മലിനീകരണം കാരണം ഇന്ത്യയിൽ മരിക്കുന്നത്. ഇന്ത്യയിലെ ആകെ മരണങ്ങളുടെ 18 ശതമാനത്തോളം വരും ഇതെന്ന് അവർ പറഞ്ഞു.

“മലിനീകരണത്തിനു നൽകേണ്ട വില പാരിസ്ഥിതികം മാത്രമല്ല. അത് സാമ്പത്തികവളർച്ച, ഉത്പാദനം, പൗരരുടെ ആരോഗ്യം എന്നിവയുമായി ഇഴചേർന്നിരിക്കുന്നു. മലിനീകരണം തൊഴിൽമേഖലയിലെ ഉത്പാദനം കുറയ്ക്കുന്നു, ആരോഗ്യരക്ഷാച്ചെലവ് കൂട്ടുന്നു. മൊത്തത്തിലുള്ള സാമ്പത്തികപ്രവർത്തനങ്ങൾ മന്ദഗതിയിലാക്കുന്നു, ദീർഘകാല വളർച്ചയെ പിന്നാക്കം വലിക്കുന്നു” -അവർ പറഞ്ഞു. ഇന്ത്യയിൽ ബിസിനസു തുടങ്ങാനും ജീവിക്കാനും ആഗ്രഹിക്കുന്ന അന്താരാഷ്ട്ര നിക്ഷേപകൻ പരിസ്ഥിതിയും കണക്കിലെടുക്കുമെന്നും അതിനാൽ മലിനീകരണം തടയുകയെന്നത് ദേശീയ മുൻഗണനയായി എടുക്കണമെന്നും ഗീത പറഞ്ഞു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക